2013 ജനുവരി 29, ചൊവ്വാഴ്ച

"മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ"

ജനുവരി പത്ത്‌, പതിനൊന്നു തീയ്യതികളില്‍ ഷാര്‍ജ അല്‍ മരിഫ സ്കൂളില്‍ മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന നോവല്‍ ക്യാമ്പിലെ വിഷയം "മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ" - (ഒരു പഠനം രണ്ടാം ഭാഗം) 

നവ മാധ്യമങ്ങളുടെ വരവോടു കൂടി വായന മരിക്കുന്നു അല്ലെങ്കില്‍ വായന കുറയുന്നു എന്നുള്ള പരാതികള്ക്ക് ഒരടിസ്ഥാനവുമില്ല എന്ന് സമീപകാല യാഥാര്ത്യങ്ങള്‍ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം ഗ്രന്ഥശാലകളും യൂനിവേര്സിറ്റി കരിക്കുലവും ഒക്കെ വായനയെ ഇപ്പോഴും പിടിച്ചു നിര്ത്തുന്നു എന്ന യാഥാര്ത്ഥ്യം നാം കാണാതിരുന്നു കൂടാ.

നാലായിരത്തിലധികം പേജുള്ള “അവകാശികള്‍’ പോലുള്ള നോവലുകള്‍ വായിക്കാന്‍ ഇഷ്ട്പ്പെടുന്നതിനേക്കാള്‍ പുതിയ തലമുറ ഇഷ്ടപ്പെടുന്നത് നോവലിന്റെ ചെറു രൂപമായ ‘നോവലൈറ്റ്‌കള്‍’ വായിക്കാന്‍ തന്നെയാണ് എന്നത് ഒരു വാസ്തവമാണ്. ജീവിതഗന്ധിയായ പ്രമേയം ഉള്ക്കൊള്ളുന്ന നോവലുകള്‍ എന്നും സ്വീകരിക്കപ്പെടും എന്നുള്ളതിന്റെ തെളിവാണ് സമീപകാലത്ത് പ്രവാസികളുടെ ജീവിതാനുഭവങ്ങള്‍ ഉള്ക്കൊള്ളുന്ന ബെന്യാമിന്റെ “ആടുജീവിതം’ ഇത്രയേറെ സ്വീകരിക്കപ്പെടാന്‍ ഇടയായത്.

ഇനി നമുക്ക് നോവല്‍ സാഹിത്യത്തിലെ ആദ്യകാല കൃതികളിലെക്ക് ഒന്നെത്തിനോക്കാം.

നോവൽ
ശീർഷകം രചയിതാവ്‌ പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ

1 ഫൂൽമോണി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ Rev. Joseph Peet 1858 തർജ്ജമ കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ
മൂല കൃതി - ബംഗാളി ഭാഷയിലുള്ള ഫൂൽമോണി ഓ കരുണർ ബിബരൺ (1852, രചയിതാവ്‌: Mrs.Catherine Hanna Mullens) എന്ന നോവലിന്റെ ആംഗലേയ പരിഭാഷ: The History of Phulmoni and Karuna(1853) ആംഗലേയവിവർത്തനം: Mrs.Catherine Hanna Mullens
2 ഘാതകവധം <അജ്ഞാതകർത്താവ്> 1877 തർജ്ജമ കൂടുതൽ വിവരങ്ങൾ
കേരളീയ പശ്ചാത്തലമുള്ള ഇതിവൃത്തവുമായി മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ. ആംഗലേയ ഭാഷയിൽ മൂലസൃഷ്ടിയായ ഒരു നോവൽകൃതിയിൽ നിന്നും മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത നോവൽ.
മൂല കൃതി - The Slayer Slain’’ (ആംഗലേയം, 1864-1866) രചന: Mrs. Frances Richard Collins & Rev. Richard Collins
3 പത്മിനിയും കരുണയും <അജ്ഞാതകർത്താവ്> 1884 തർജ്ജമ കൂടുതൽ വിവരങ്ങൾ

4 കുന്ദലത
അപ്പു നെടുങ്ങാടി
1887 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിൽ ഒരു മൂലകൃതിയായി സൃഷ്ടിച്ച് പ്രകാശിപ്പിച്ച നോവൽ
മലബാറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
കേരളത്തിലെ ചുറ്റുപാടില്ലാത്ത ആദ്യത്തെ മലയാളനോവൽ.
5 ഇന്ദുലേഖ
O. ചന്തുമേനോൻ
1889 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ സാമൂഹ്യനോവൽ
കേരളത്തിലെ പശ്ചാത്തലവും മലയാളീകഥാപാത്രങ്ങളും അടങ്ങിയ ആദ്യത്തെ മലയാളനോവൽ.
6 ഇന്ദുമതീസ്വയംവരം പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
7 മീനാക്ഷി C. ചാത്തുനായർ 1890 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
8 മാർ‍ത്താണ്ഡവർ‍മ്മ
C. V. രാമൻ പിള്ള
1891 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. ഒരു ത്രിഗ്രന്ഥപരമ്പരയിലെ അംഗമായ ആദ്യത്തെ മലയാളനോവൽ. തിരുവിതാംകൂറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചരിത്രനോവലും ഭാരതത്തിലെ ഇരുപത്തിയഞ്ചാമത്തെ ചരിത്രനോവലും കൂടിയായ കൃതി.
പുല്ലിംഗനാമത്തോടെ പ്രകാശിതമായ ആദ്യത്തെ മലയാളനോവൽ.
9 സരസ്വതീവിജയം
പോത്തേരി കുഞ്ഞമ്പു 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
10 പരിഷ്ക്കാരപ്പാതി കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
11 പറങ്ങോടീപരിണയം കിഴക്കേപ്പാട്ടു രാമൻ മേനോൻ 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ പരിഹാസനോവൽ
12 ശാരദ
O. ചന്തുമേനോൻ
1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
ആദ്യമായി ഒരു ത്രിഗ്രന്ഥപരമ്പരയിലെ ഭാഗമാകും എന്ന് പരാമർശിക്കപ്പെട്ട മലയാള നോവൽ.
13 ലക്ഷ്മീകേശവം കോമാട്ടിൽ പാഡുമേനോൻ 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
14 നാലുപേരിലൊരുത്തൻ C. അന്തപ്പായി 1893 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
15 ചന്ദ്രഹാസൻ P. കൃഷ്ണൻ മേനോൻ
T. K. കൃഷ്ണൻ മേനോൻ
C. ഗോവിന്ദൻ എളേടം 1893 തർജ്ജമ കൂടുതൽ വിവരങ്ങൾ
16 അൿബർ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1894 തർജ്ജമ കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രകാശിപ്പിച്ച ചരിത്രനോവൽ.
മൂല കൃതി - Dutch ഭാഷയിലെAkbar (1872, രചയിതാവ്‌: Dr. P.A.S van Limburg Brouwer) എന്ന കൃതിയുടെ ആംഗലേയ തർജ്ജമ Akbar(1879) ആംഗലേയ വിവർത്തനം: M. M
17 കല്യാണി <അജ്ഞാതകർത്താവ്> 1896 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
വിദ്യാവിനോദിനിആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു.
18 സുകുമാരി Joseph മൂളിയിൽ 1897 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
19 സഗുണ Joseph മൂളിയിൽ 1898-1899 തർജ്ജമ കൂടുതൽ വിവരങ്ങൾ
മൂല കൃതി - സഗുണ(ആംഗലേയം, 1896) രചയിതാവ്‌: കൃപൈ സത്യനാദൻ അമ്മാൾ
20 കമല C. കൃഷ്ണൻ നായർ 1899 തർജ്ജമ കൂടുതൽ വിവരങ്ങൾ
മൂല കൃതി - കമല(ആംഗലേയം, 1896) രചയിതാവ്‌: കൃപൈ സത്യനാദൻ അമ്മാൾ

ഇത്രയുമാണ് 1899 വരെയുള്ള നോവലുകള്‍. മറ്റുള്ളവയിലെക്ക് പിന്നീട് നമുക്ക്‌ പതുക്കെ കടക്കാം....

നോവലും നോവലിസ്റ്റും :

അപ്പു നെടുങ്ങാടി

മലയാള സാഹിത്യത്തിൽ നോവൽ വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി.

കോഴിക്കോട് മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ മാനവിക്രമൻ തമ്പുരാന്റെയും മകനായി 1860 ഒക്ടോബർ 11-നു് ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.

മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം.

സാമൂഹിക-സാഹിത്യപ്രവർത്തനങ്ങൾ
അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എജുക്കേഷൻ ഓഫ് വിമൻ) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു. കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ.

1887-ൽ ഇംഗ്ലീഷ് നോവൽ രീതിയിൽ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തിൽ ശാശ്വതപദവി നേടിക്കൊടുത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു. പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന് അന്തരിച്ചു.

മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ പറയുന്നു. റൊമാൻസ് എന്ന കഥാ‍ശാഖയിൽപ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങൾക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാൻസുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങൾ, പശ്ചാത്തലം, വർണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാംറൊമാൻസിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയിൽ പരാമർശിക്കുന്നത്. ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലർത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിർജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാൻസിനോട് ബന്ധിപ്പിക്കുന്നു. ഷേക്സ്പിയറുടെ സിംബലിൻ നാടകത്തോടും വാൾട്ടർ സ്കോട്ടിന്റെ ഐവാൻ‌ഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം പ്രകടമാണ്. കുന്ദലതയുടെ ആത്മഗതം ഐവാൻ‌‌ഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവർണ്ണനയോട് ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്.

കുന്ദലത യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയിൽ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ കേരളപത്രികയിൽ കുന്ദലതയെ പ്രശംസിച്ച് എഴുതുകയുണ്ടായി. തുടർന്ന് നിരവധി പേരുടെ പ്രശംസകൾ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയിൽ സി.പി. അച്യുതമേനോൻ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരു-കൊച്ചി മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ കുന്ദലത പാഠപുസ്തകമായി.
കടപ്പാട്: മലയാളം വിക്കിപീഡിയ

തുടരും.......

“മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ”


ജനുവരി പത്ത്‌, പതിനൊന്നു തീയ്യതികളില്‍ ഷാര്‍ജ അല്‍ മരിഫ സ്കൂളില്‍ മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന നോവല്‍ ക്യാമ്പിലെ വിഷയം "മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ" - (ഒരു പഠനം
ഒന്നാം ഭാഗം)

“മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ നമുക്ക് യഥാര്ത്ഥത്തില്‍ അധികമൊന്നും പറയാനില്ല എന്നുള്ളതാണ് വാസ്തവം. കാരണം മലയാളത്തില്‍ നോവല്‍ ശാഖ ആരംഭിക്കുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത”യാണ് ആദ്യത്തെ മലയാളം നോവല്‍. എന്നാല്‍ ആദ്യത്തെ ലക്ഷണമൊത്ത മലയാളം നോവലായി കണക്കാക്കുന്നത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യാണ്. ഇത് രണ്ടും പ്രസിദ്ധീകരിച്ചത്‌ യഥാക്രമം 1887,1889 എന്നീ വര്ഷങ്ങളിലാണ്. എന്നാല്‍ ഇതിനു മുന്നേ മൂന്നു വിവര്ത്തന നോവലുകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു അവ ഫൂൽമോണി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1858),ഘാതകവധം (1877) പത്മിനിയും കരുണയും (1884) എന്നിവയാണ്. എന്നാല്‍ ഇവ വിവര്ത്തന നോവലുകളായത് കാരണം ഇതിനെ മലയാള നോവല്‍ സാഹിത്യശാഖയില്‍ പെടുത്തിയിട്ടില്ല.

ചുരുക്കത്തില്‍ 1887 മുതല്‍ 2012 വരെയുള്ള നോവലുകളാണ് “മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തില്‍ നമുക്ക് പ്രതിപാദിക്കാനുള്ളത്. ഒന്നുകൂടി വളരെ കൃത്യമായി പറഞ്ഞാല്‍ നമുക്ക് പറയാനുള്ളത് 125 വര്ഷത്തെ മലയാള നോവല്‍ സാഹിത്യ ചരിത്രമാണ് എന്ന് ചുരുക്കം.

നോവലിന്റെ ചരിത്രം നമുക്ക് നാല് കാലഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ് ആദ്യകാല നോവലുകള്‍, ആധുനിക നോവലുകള്‍, അത്യന്താധുനിക നോവലുകള്‍ അഥവാ ഉത്തരാധുനിക നോവലുകള്‍ പിന്നെ ബഹുസ്വര നോവലുകള്‍ ഈ ക്രമത്തില്‍. ഇങ്ങനെ പരിശോധിക്കുമ്പോള്‍ തന്നെ ഇതിനിടയില്‍ വിവിധ സാഹിത്യ ശാഖകള്‍ ഇഴപിരിഞ്ഞു കിടക്കുന്നതു കൂടി നമ്മള്‍ പരിഗണിക്കണം. അതില്‍ രാഷ്ട്രീയ വിമര്ശ നങ്ങള്‍ ഉള്ക്കൊ്ള്ളുന്ന രാഷ്ട്രീയ നോവലുകള്‍, ചരിത്രപരമായ കാര്യങ്ങള്‍ ഉള്ച്ചേര്ന്ന് ചരിത്ര നോവലുകള്‍, സാമൂഹ്യപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സാമൂഹ്യ നോവലുകള്‍, കുറ്റാന്വേഷണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപസര്പ്പക നോവലുകള്‍ അഥവാ ഡിറ്റക്ടീവ് നോവലുകള്‍, കാല്പ്പനിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന കാല്പ്പ്നിക നോവലുകള്‍, മറ്റു ഭാഷകളില്‍ നിന്ന് വിവര്ത്തനം ചെയ്യപ്പെട്ട വിവര്ത്തക നോവലുകള്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെമിനിസ്റ്റ് നോവലുകള്‍ (പെണ്ണെഴുത്ത്), ദളിതരുടെയും ആദിവാസികളുടെയും സ്വത്വ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ദളിത്‌ നോവലുകള്‍, പ്രവാസികളുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രവാസനോവലുകള്‍ ഇങ്ങിനെ ഈ ലിസ്റ്റ് തുടരാവുന്നതാണ്.... നോവലിന്റെ കാലഘട്ടങ്ങളുടെ ചരിത്രം പറയുമ്പോള്‍ അതില്‍ ഈ വിഷയങ്ങള്‍ കൂടി ഉള്പ്പെടുമെന്ന് ഓര്മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്.

ഇനി സാഹിത്യപുരസ്ക്കരങ്ങളെക്കുറിച്ച് കൂടി ഒരേകദേശ ധാരണ നമുക്കുന്ടായിരിക്കുന്നത് നല്ലതായിരിക്കും കാരണം മിക്കവാറും നോവലുകള്‍ അതിന്റെ എത്ര പതിപ്പുകള്‍ വീണ്ടും ഇറക്കി, അതിനു ഏതൊക്കെ അവാര്ഡുകള്‍ ലഭിച്ചു അതിനെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നൊക്കെ നോക്കിയാണ് ആളുകള്‍ കൂടുതല്‍ വാങ്ങുന്നതും വായിക്കുന്നതും. അത് കൊണ്ട് നമുക്ക്‌ അതിലേക്കു കൂടി ഒരു ഓട്ടപ്രദക്ഷിണം നടത്താം...

സാഹിത്യപുരസ്കാരങ്ങൾ
പുരസ്കാരത്തിന്റെ പേര് സവിശേഷതകൾ പുരസ്കാരത്തുക പുരസ്കാരദാതാവ്
എഴുത്തച്ഛൻ പുരസ്കാരം
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി നൽകുന്ന പുരസ്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.
കേരള സർക്കാർ

വള്ളത്തോൾ പുരസ്കാരം
പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 1,11,111 രൂപ വള്ളത്തോൾ സാഹിത്യസമിതി

ഓടക്കുഴൽ പുരസ്കാരം
ജ്ഞാനപീഠം നേടിയ പ്രസിദ്ധ കവി ജി. ശങ്കരക്കുറുപ്പ്ഏർപ്പെടുത്തിയ പുരസ്കാരം. മലയാളത്തിലെ ഏറ്റവും നല്ല സാഹിത്യകൃതിക്ക് നൽകുന്നു. 25,000 രൂപ ഗുരുവായൂരപ്പൻ ട്രസ്റ്റ്

വയലാർ പുരസ്കാരം
25,000
ആശാൻ പുരസ്കാരം
25,000
മുട്ടത്തുവർക്കി സ്മാരക പുരസ്കാരം
33,333
ലളിതാംബികാ അന്തർജന പുരസ്കാരം
30,000
പദ്മപ്രഭാ പുരസ്കാരം
55,000
എൻ.വി. പുരസ്കാരം
25,025
വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
പ്രശസ്ത മലയാള കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 10,001 10,001
10,001 വൈലോപ്പിള്ളി സ്മാരക സമിതി

പി.കുഞ്ഞിരാമൻ നായർ സ്മാരക പുരസ്കാരം
ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം


ഇത് കൂടാതെ മറ്റനേകം അവാര്ഡു്കളും പുരസ്ക്കാരങ്ങളും നിലവിലുണ്ട്. വിസ്താരഭയത്താല്‍ അവ ഇവിടെ പരാമര്ശിക്കുന്നില്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ്, കേരള സാഹിത്യ അക്കാദമി അവാര്ഡ്, അബുദാബി ശക്തി അവാര്ഡ്, മുതലായവ ഇത്തരത്തില്പ്പെട്ടതാണ്. പുരസ്ക്കാരങ്ങളില്‍ പ്രധാനം ജ്ഞാനപീഠം
തന്നെ.

ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു .ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത്

ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .

മലയാളികളായ അവാർഡ് ജേതാക്കൾ
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്‌[2]. അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)[2], തകഴി ശിവശങ്കരപ്പിള്ള (1984)[2], എം.ടി. വാസുദേവൻ നായർ (1995)[2], ഒ.എൻ.വി. കുറുപ്പ് (2007) എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.

തുടരും........
 —

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും തീയ്യ സമുദായവും

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം അറിയാത്തവര്‍ ആരുമുണ്ടാകില്ല. അത്ര പ്രശസ്തമാണ് ഈ ക്ഷേത്രം. എന്നാല്‍ ഇത് യഥാര്ത്ഥത്തില്‍ ഒരു ക്ഷേത്രമല്ല മടപ്പുരയാണ്. ആ മടപ്പുരയിലെ മടയന്‍ ആണ് ഇതിന്റെ മുഴുവന്‍ ചുമതല. തീയ്യ സമുദായത്തില്പ്പെട്ട മടയനാണ് മരുമക്കത്തായ സമ്പ്രദായ പ്രകാരം ഇതിന്റെ ചുമതല. മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത സൌജന്യമായ ചായ സല്ക്കാരവും (ചായയും അരിങ്ങാടും), ഭക്ഷണവും താമസ സൌകര്യവും മടപ്പുരയില്‍ വരുന്ന അതിഥികളെ മടയന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. എന്നാല്‍ കാലക്രമേണ ഇതിന്റെ പ്രശസ്തി ഉച്ചസ്ഥായിയില്‍ എത്തിയതോടു കൂടി വരുമാനം വര്ദ്ധിക്കുകയും ഇത് സര്ക്കാരിന്റെ ശ്രദ്ദയില്‍ പ്പെടുകയും ചെയ്തു. അങ്ങനെ ഇത് ഇപ്പോള്‍ മലബാര്‍ ദേവസ്വത്തിന്റെ നിയന്ത്രണത്തോടു കൂടിയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നത്.

നാനാജാതിമതസ്ഥര്ക്കും ഇവിടെ ദര്‍ശനം ലഭിക്കും. വഴിപാടുകള്‍ കഴിക്കാം. എല്ലാ ദിവസവും മുത്തപ്പന്‍ കെട്ടിയാടുന്നുണ്ട്. ഇതാണ് പറശ്ശിനി മടപ്പുരയുടെ പ്രത്യേകത. മുത്തപ്പന്‍ കെട്ടിയാടുന്നത് വണ്ണാന്‍ സമുദായവും വാദ്യം മലയ സമുദായത്തില്‍ പെട്ടവരും ആണ് മടപ്പുര നടത്തുന്നത് തീയ്യ സമുദായവും ആണ്. മുത്തപ്പന്റെ നിവേദ്യം കള്ളും ഉണക്കമീനും ആണ്. മുത്തപ്പനെ "കമ്മ്യൂണിസ്റ്റ്‌ ദൈവം" എന്നും വിളിക്കാറുണ്ട്. ഇതിനു കാരണം നാനാ ജാതി മതസ്ഥര്ക്ക് ദര്ശനം നല്കു്ന്നു അവരെ മടപ്പുരയില്‍ അതിഥികളായി സല്‍ക്കരിക്കുന്നു എന്നുള്ളത് കാരണമാണ്. താല്പര്യമുള്ള പറശ്ശിനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം കൃത്യമായി നല്‍കുന്നുണ്ട്.

പറശ്ശിനിക്കടവിന്റെ സമഗ്രമായ വികസനത്തിന് ഈ മടപ്പുര വഹിച്ച പങ്കു ജനമനസ്സുകള്ക്കൊ പ്പം ചരിത്രത്തിലും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ന് തീര്ത്ഥടനകെന്ദ്രം എന്ന നിലയിലും ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലും പറശ്ശിനിക്കടവ് പ്രസിദ്ധമായിക്കഴിഞ്ഞു. പോസ്റ്റ്‌ ഓഫീസ്‌, റോഡു, സ്കൂള്, ബോട്ട് സര്‍വീസ്‌ തുടങ്ങി എല്ലാ മേഖലയിലും മടപ്പുര തങ്ങളുടെ കയ്യൊപ്പ് പതിപ്പിചിരുന്ന്നു. തുടക്കം മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഈ മടപ്പുരക്ക് ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്കാര്‍ ഒളിവില്‍ കഴിയുന്ന സമയത്ത്‌ വേണ്ട സഹായവും നല്കി്യിട്ടുണ്ട്.

ബഹുഭൂരിപക്ഷം വരുന്ന തീയ്യ സമുദായത്തില്പ്പെട്ട പാവപ്പെട്ടവരായിരുന്നു ആദ്യകാലത്ത് ഇവിടെ ഉള്ളവരില്‍ ഭൂരിപക്ഷവും. ഇപ്പോഴും തീയ്യ സമുദായക്കാര്ക്ക് തന്നെയാണ് ഇവിടെ ഭൂരിപക്ഷം .എങ്കിലും മറ്റു ജാതിയിലുള്ളവരും ഇവിടെ പേരിനുണ്ട്. അവരില്‍ പലരുടെയും പേരിന്റെ കൂടെ ജാതിയുടെ വാല്‍ ഒരു പക്ഷെ നിങ്ങള്ക്ക് ‌ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇപ്പോള്‍ അതിനു മാറ്റം വന്നിട്ടുണ്ട്. ഫേയ്സ്ബുക്കില്‍ വരുന്ന ഇത്തരക്കാരായ പലരും തങ്ങളുടെ പേരിന്റെ ഒടുവില്‍ ജാതികൂടി ചേര്ക്കു ന്നത് അഭിമാനമായി കണക്കാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെയുള്ള തീയ്യരില്‍ ഭൂരിഭാഗവും സാമാന്യം നല്ല വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഭേദപ്പെട്ടനിലയില്‍ ഉള്ളവരും ആണ്. മറ്റു പ്രദേശങ്ങളിലെ തീയ്യരെ പ്പോലെ നിറത്തിലൂടെ ഇവരെ തിരിച്ചറിയാന്‍ കഴിയില്ല. കാരണം മിക്കവരെയും കണ്ടാല്‍ ഉയര്ന്നി ജാതിക്കാരാണെന്നെ തോന്നൂ നിറം കൊണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായതിനാല്‍ ജാതി സംഘടനകള്ക്ക് ‌ ഇത് വരെ ഇവിടെ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എസ്. എന്‍. ഡി.പി.യുടെ ശാഖ ഇത് വരെ ആന്തൂര്‍ വില്ലേജില്‍ നിലവില്‍ വന്നിട്ടില്ല. അത് ഇനിയും ഉടനെയൊന്നും വരുമെന്നും തോന്നുന്നില്ല. എന്നാല്‍ പ്രവാസികളില്‍ ചിലര്‍ അവരുടെ താമസ സ്ഥലങ്ങളില്‍ ജാതി മത ശക്തികളുടെ സ്വാധീനത്തില്‍ അകപ്പെട്ടു അത്തരക്കാരുമായി സഹകരിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തുടക്കത്തിലെ നുള്ളിക്കളയെണ്ടതാണ്. ഇല്ലെങ്കില്‍ ഇത്തരം വിഷചിന്തകളുമായി അവര്‍ നാട്ടില്‍ വരുമ്പോള്‍ അത് നാട്ടിലെ പൊതുജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അത്തരക്കാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുറെയും കടമ കൂടിയാണ്.

നോവലിസ്റ്റ് സുഭാഷ്‌ ചന്ദ്രന്‍ - ഒരു പരിചയപ്പെടുത്തല്‍

1972 ല്‍ ഏറണാകുളം ജില്ലയില്‍ ആലുവക്കടുത്ത് കടുങ്ങല്ലോരില്‍ ജനനം. സെന്റ്‌ ആല്‍ബര്‍ട്ട്സ് കോളേജ്‌, മഹാരാജാസ്‌ കോളേജ്‌, ഭാരതീയ വിദ്യാഭവന്‍, ലോ കോളേജ്‌ ഇവിടങ്ങളില്‍ വിദ്യാഭ്യാസകാലം പിന്നിട്ട സുഭാഷ്‌ ചന്ദ്രന്‍ ഏറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് സ്കോളര്ഷി‌പ്പോടെ മലയാളസാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ബിരുദാനന്തരബിരുദം പൂര്ത്തികയാക്കി. തുടര്ന്ന് ‍ ലോ കോളേജിലും പഠനം തുടര്ന്നു. മാതൃഭൂമിയില്‍ പ്രൂഫു റീഡര്‍ ജോലി വേണ്ടെന്നു വെച്ച സുഭാഷ്‌ ആകാശവാണിയില്‍ അനൌണ്സര്‍ ആയി ജോലി ചെയ്തിരുന്നു. ഒപ്പം പാരലല്‍ കോളേജില്‍ ലക്ചറര്‍ ആയി ജോലി നോക്കുകയും ചെയ്തു. ഇപ്പോള്‍ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ ചീഫ് സബ് എഡിറ്റര്‍ ആയി ജോലി നോക്കുന്നു. 

1994 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ്‌ വിദ്യാര്ത്ഥികള്ക്കാ്യി നടത്തിയ ചെറുകഥാ മല്‍സരത്തില്‍ പങ്കെടുത്ത സുഭാഷ്‌ തന്റെ “ഘടികാരങ്ങള്‍ നിലക്കുന്ന സമയം” എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം നേടി. പിന്നീട് ഇതേ പേരില്‍ സുഭാഷ്‌ ചന്ദ്രന്‍ തന്റെ ചെറു പ്രായത്തില്‍ തന്നെ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കുകയും അതിനു കേരള സാഹിത്യ അക്കാദമി അവാര്ഡ് ‌ ലഭിക്കുകയും ചെയ്തു.

പ്രധാന കഥാ സമാഹാരങ്ങള്‍ ഇവയാണ് : ഘടികാരങ്ങള്‍ നിലക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പ്പം, കാണുന്ന നേരത്ത്‌, മധ്യേയിങ്ങനെ. ഗുപ്തം ഒരു തിരക്കഥ, സന്മാര്ഗം (സിനിമയാക്കുന്നു). യേശുദാസിനെ ആസ്പദമാക്കി എഴുതിയ “ദാസ്‌ ക്യാപ്പിറ്റല്‍” ശ്രദ്ധേയമായ ഒരു രചനയാണ്.

പ്രധാന നോവല്‍ : മനുഷ്യന് ഒരു ആമുഖം. 2011 ലെ ഓടക്കുഴല്‍ അവാര്ഡ് ‌, 2011 ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് എന്നിവ ഈ നോവലിന് ലഭിച്ചു. ആനുകാലികങ്ങളില്‍ രചനകള്‍ നടത്താറുണ്ട്.

മറ്റു പുരസ്കാരങ്ങള്‍ ഇവയാണ്; ഇ.പി.സുഷമ എന്ഡോണവ്മെന്റ്, അങ്കണം പുരസ്ക്കാരം, എസ്.ബി.ടി. സാഹിത്യ അവാര്ഡ്, അബുദാബി ശക്തി പുരസ്കാരം, വി.പി.ശിവകുമാര്‍ -കേളി അവാര്ഡ്, കാലടി ശ്രീ ശങ്കര കോളേജിലെ ജൂബിലി അവാര്ഡ്. ധനം എന്ന മാഗസിന്‍ കേരളത്തിലെ പത്ത്‌ വ്യക്തിതങ്ങളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ഇന്ത്യ ടുഡെ മലയാളത്തിലെ ഇരുപതു യുവടാലന്റുകളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ദ വീക്ക്‌ ഇന്ത്യയിലെ അമ്പത് യുവടാലന്റുകളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ടൈംസ് ഒഫ് ഇന്ത്യ യങ്ങ് ഇന്ത്യന്‍ റൈറ്റരെ തിരെഞ്ഞെടുക്കുന്ന സമയത്ത്‌ മലയാളത്തില്‍ നിന്ന് സുഭാഷ്‌ ചന്ദ്രന്‍ മാത്രമേ ആ ലിസ്റ്റില്‍ ഇടം നേടിയുള്ളൂ എന്നത് പ്രത്യകം ശ്രദ്ധിക്കപ്പെട്ടു. കോണ്ഫെഡറേഷന്‍ ഒഫ് തമിഴ്നാട്ത മലയാളി അസോസിയേഷനുകളുടെ യുവ എഴുത്തുകാര്ക്കു ള്ള അവാര്‍ഡിന് അര്‍ഹനായി.

സുഭാഷ്‌ ചന്ദ്രന്റെ “വധക്രമം” എന്ന കഥയെ ആസ്പദമാക്കി പൂന ഫിലിം ഇന്സ്റിറ്റ്യൂട്ട് ഉണ്ടാക്കിയ ഡോക്യമെന്ററി ബ്രസീലില്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പരാമര്ശത്തിനു അര്ഹമായി. “പറുദീസ നഷ്ടം” എന്ന കഥയെ ആസ്പദമാക്കി എടുത്ത മലയാളം സിനിമ ‘ലാപ്‌ടോപ്പ്’ ശ്രദ്ദേയമാണ്. സുഭാഷ്‌ ചന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു ജോര്ജ് ‌ കിത്തു സംവിധാനം നിര്‍വഹിച്ച “ആകസ്മികം” എന്ന സിനിമ നാളെ പ്രദര്ശനത്തിനെത്തുകയാണ്. ശ്വേതാമേനോന്‍, സിദ്ദിക്ക്, ജഗതി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. നാലപതുവയസ്സുകാരിയായ ശേതയുടെ ഗര്‍ഭവും പ്രസവവും ആണ് കഥയിലെ പ്രമേയങ്ങളില്‍ ഒന്ന്. പിന്നെ കൗമാരക്കാരുടെ കാമവും അതിന്റെ ആകസ്മികമായ പാപവും.

കുടുംബം: ഭാര്യ ജയശ്രീ മക്കള്‍: സേതു പാര്വയതി, സേതു ലക്ഷ്മി. താമസം: ഭൂമി, മയ്യനാട് പി.ഓ.കോഴിക്കോട് -8

നോവലിസ്റ്റ് എന്‍.എസ്. മാധവന്‍ - ഒരു പരിചയപ്പെടുത്തല്‍


കഥാകാരന്‍, നോവലിസ്റ്റ്, നാടകകൃത്ത്‌, ഫുട്ബോള്‍ കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധനായ ശ്രീ എന്‍. എസ്. മാധവന്‍ 1948 ല്‍ പോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. ശ്രീ രാമ വര്മ. ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം തുടര്ന്നു ഏറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും കേരള യൂനിവേര്സിറ്റിയില്‍ നിന്ന് തിരുവന്തപുരത്ത് താമസിച്ചു കൊണ്ട് ബിരുദാനന്തരബിരുദവും നേടി.

തിരുവനന്തപുരത്ത് താമസിച്ചു ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന സമയത്താണ് 1970 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാ മല്സരത്തില്‍ പങ്കെടുത്ത് കൊണ്ട് തന്റെ “ശിശു’ എന്ന കഥക്ക് ഒന്നാം സമ്മാനം നേടിയത്.

തുടര്ന്ന് ‍ 1975 ല്‍ മാധവന്‍ ഐ.എ. എസിന് ചേരുകയും ബീഹാര്‍ കേഡറില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. തുടര്ന്നു നീണ്ടകാലം ഉദ്യോഗജീവിതം നയിച്ചു. 1988 ല്‍ കേരളത്തിലേക്ക് തിരിച്ചു വരുന്നത് വരെ മലയാള ഭാഷയുമായി ഒരകല്ച്ച ഇത്തരത്തില്‍ ഉണ്ടാവാനിടയായി. എന്നാല്‍ കേവലം രണ്ടു വര്ഷം കൊണ്ടുതന്നെ 1990 ല്‍ അദ്ദേഹം ഹിഗ്വിറ്റ (Higuita) എന്ന കഥയിലൂടെ ശക്തമായ ഒരു തിരിച്ചു വരവു നടത്തി. 1990 ലെ ഫിഫ വേള്ഡ് കപ്പില്‍ കൊളംബിയയുടെ ഗോള്കീപ്പര്‍ ആയിരുന്ന ഹിഗ്വിറ്റ. ഫാദര്‍ ഗീവര്‍ഗീസ് ആണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം. എന്നാല്‍ ഇതിനിടയില്‍ 1983 ല്‍ മാധവന്‍ അത് വരെ എഴുതി പ്രസിദ്ധീകരിച്ച കഥകളുടെ ഒരു സമാഹാരം “ചൂളൈമേടിലെ ശവങ്ങള്‍” എന്ന പേരില്‍ മാധവന്റെ സുഹൃത്തുക്കള്‍ ചേര്ന്ന് മരിച്ചു പോയ ഒരു എഴുത്തുകാരന്റെ സ്മരണാര്ത്ഥം പ്രസിദ്ധീകരിച്ചിരുന്നു.

ഹിഗ്വിറ്റക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്ന്നു ള്ള സംഭവങ്ങളെ ആസ്പദമാക്കി മാധവന്റെ “വന്മരങ്ങള്‍ വീഴുമ്പോള്‍” പുറത്ത്‌ വന്നു. ഇതു ശശികുമാര്‍ “കായ തരന്‍” എന്ന പേരില്‍ ഹിന്ദി സിനിമയാക്കുകയുണ്ടായി. കേരളത്തില്‍ വന്ന ശേഷം മാധവന്റെ അഞ്ചു കഥാസമാഹാരങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. “ചൂളൈമേടിലെ ശവങ്ങള്‍”, ഹിഗ്വിറ്റ, തിരുത്ത്‌, പര്യായ കഥകള്‍, നിലവിളി എന്നിവ പ്രസിദ്ധമായ കഥാസമാഹാരങ്ങലാണ്. 2006 ല്‍ എഴുതിയ “രണ്ടു നടനങ്ങള്‍” എന്ന നാടകവും മാധവന്റെതായുണ്ട്.

2010 ല്‍ പദ്മ പ്രഭാ സാഹിത്യ അവാര്ടഡിനു അര്ഹനായി. മോമെന്റോയും 55,000 രൂപയുമായിരുന്നു അവാര്ഡ്.

മാധവന്റെ ആദ്യ നോവല്‍ “ലന്തന്ബുത്തേരിയിലെ ലുത്തിനിയകള്‍” പുറത്തിറങ്ങുന്നത് 2003 ലാണ്. ഇതിന്റെ നിരവധി പതിപ്പുകള്‍ പിന്നീട് പുറത്തിറങ്ങി. ഒപ്പം 2010 ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങുകയുണ്ടായി. രാജേഷ്‌ രാജ മോഹന്‍ വിവര്ത്തനം ചെയ്ത ഈ നോവല്‍ 2011ല്‍ ഹിന്ദു ലിറ്ററി പ്രൈസിന് ഷോര്ട്ട് ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. നോവല്‍ പതിനാറാം നൂറ്റാണ്ടില്‍ പോര്ച്ചു ഗീസ് കോളനിയായിരുന്ന സമയത്ത്‌ കേരളത്തിലെ (പാവപ്പെട്ട താഴ്ന്ന ജാതിയില്‍ നിന്ന് മതം മാറി ലത്തീന്‍ കത്തോലിക്കരായവരുടെ പിന്‍ തലമുറയുടെ കഥയാണ് പറയുന്നത്. ജെസ്സിക്കയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. 1951 മുതല്‍ 1967 വരെയുള്ള കേരളത്തിന്റെ ഒരു ചിത്രം ഇതില്‍ വരച്ചിട്ടിട്ടുണ്ട്. ജെസ്സിക്കയുടെ ആദ്യത്തെ പതിനാറു വര്ഷത്തെ കഥ പറയുന്നിടത്താണിത് കാണാന്‍ കഴിയുന്നത്. 1992 ലാണ് മാധവന്‍ ഈ നോവല്‍ എഴുതാന്‍ വേണ്ടി പോര്ട്ട് ‌ കൊച്ചിയില്‍ വീണ്ടും ചെല്ലുന്നത്. നീണ്ട ആറു വര്‍ഷങ്ങള്‍ എടുത്തു ഈ നോവലിന്റെ ഘടന തയ്യാറാക്കാന്‍ മാത്രം അതിനു ശേഷം വീണ്ടും രണ്ടു വര്ഷം എടുത്ത്‌ അതിന്റെ മിനുക്ക് പണികള്‍ നടത്താന്‍ എന്നിട്ടും തൃപ്തിയാവാഞ്ഞു പോര്‍ട്ട് കൊച്ചിയില്‍ മുറി വാടകക്ക് എടുത്ത്‌ അവിടെ താമസിച്ചു അവസാനത്തെ മിനുക്കു പണിയും നടത്തിയാണ് ഇത് 2003 ല്‍ പുറത്തിറക്കുന്നത്. മറ്റെവിടെയും വായിച്ചിട്ടില്ലാത്ത കൊച്ചിയുടെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ ഈ നോവലില്‍ നിന്ന് ഒരു പാടു നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയും


നോവലിലെ കഥാപാത്രമായ എഡ്വിന്‍ എണ്പതു പേരടങ്ങുന്ന അതിഥികള്ക്കായി ബിരിയാണി പാകം ചെയ്യുന്ന ഭാഗം അതിന്റെ ചെരുവയടക്കം (മെനു) മാധവന്‍ മനോഹരമായി അവതരിപ്പിക്കുന്ന്ട്. പലരും ഈ നോവല്‍ വായിച്ച ശേഷം ഇത് പരീക്ഷിക്കുകയുണ്ടായി. ബിരിയാണി മാധവന് എന്നും ഒരു ദൌര്ബല്യമായിരുന്നു അത് അദ്ദേഹത്തിന്റെ നോവലിലും കടന്നു കൂടിയത് സ്വാഭാവികം. തലശേരിയിലെ പാരീസ്‌ ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യമായി ഒരു ബിരിയാണി മാധവന്‍ കഴിച്ചത്. പിന്നീട് അവിടുത്തെ നിത്യസന്ദര്ശ്കനായി മാറി. അങ്ങിനെയിരിക്കെ ഒരു സ്ത്രീ ഇതിനെക്കാള്‍ രുചിയുള്ള ദംബിരിയാണി എന്റെയടുത്ത് ഉണ്ട് എന്ന് പറഞ്ഞു മാധവനെ കൊതിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും മാധവനെ വിളിച്ചു തന്റെ ദം ബിരിയാണി ആ സ്ത്രീ നല്കിയതുമില്ല പിന്നീടവരെ മാധവന്‍ കണ്ടതുമില്ല. തുടര്ന്ന് ‍ മാധവന്‍ ദം ബിരിയാണിയുടെ പിറകിലായി. അങ്ങിനെ സ്വന്തമായി ദം ബിരിയാണി ഉണ്ടാക്കാനും അത് സുഹൃത്തുക്കളെ തീറ്റിക്കാനും മാധവന്‍ സമയം കണ്ടെത്തി. ഈ ബിരിയാണി പ്രേമം തന്റെ നോവലിലും മാധവന്‍ മനോഹരമായി വരചിട്ടു.

കുടുംബം:
ന്യൂഡല്ഹിപയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഔട്ട്ലുക്ക് മാഗസിന്‍ എഡിറ്റര്‍ ഷീല റെഡ്ഡിയാണ് ഭാര്യ. ബ്ലോഗ്ഗറും രണ്ടു ഇംഗ്ലീഷ്‌ നോവലുകളുടെ ഉടമയുമായ മീനാക്ഷി റെഡ്ഡി മാധവനാണ് മകള്‍.
 

ഒടുവില്‍ ഈജിപ്തില്‍ അത് തന്നെ സംഭവിച്ചു...

മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്നു ഭരണമാറ്റം ഉണ്ടായ ഈജിപ്തില്‍ പുരോഗമനശക്തികള്‍ ഭയപ്പെട്ടത് തന്നെ ഒടുവില്‍ സംഭവിച്ചു. 

ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് ഹിത പരിശോധനയില്‍ 63.8 ശതമാനം പേര്‍ ഭരണഘടനയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. ഇസ്‌ലാമിക ശരീയത്താണ് പുതിയ ഭരണഘടനയ്ക്ക് അടിസ്ഥാനം. ഇതോടെ ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം തിരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന ഭരണഘടനാ നിര്‍മാണസഭയാണ് ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കിയത്. ഭരണഘടന നിലവില്‍വന്ന് മൂന്നു മാസത്തിനകം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു നടത്തണം. അതുവരെ അധികാരം പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കായിരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് മുര്‍സിയെ എതിര്‍ക്കുന്ന ഇടതുപക്ഷക്കാരും പുരോഗമന വാദികളും ക്രിസ്ത്യന്‍ വിഭാഗക്കാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടലിന് വഴിവയ്ക്കുന്നതാണ് പുതിയ ഭരണഘടനയെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥകള്‍ പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.

ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മാണ സഭയാണ് ഇസ്‌ലാമിക തത്ത്വങ്ങളിലൂന്നിയ ഭരണഘടന ഉണ്ടാക്കിയത്. ഡിസംബര്‍ 15 നും 22 നും ഇടയ്ക്കായിരുന്നു ഹിതപരിശോധന.

ഇനി ഈജിപ്തിന്റെ നാളുകള്‍ അശാന്തിയുടെതായിരിക്കും. മത ന്യൂനപക്ഷങ്ങല്ക്കെതിരെയുള്ള വേട്ടയാടല് ഒരു തുടര്‍ കഥയാകും. ശരീയത്ത് എല്ലാ മതക്കാര്‍ക്കും ബാധകമാക്കാന്‍ പോയാല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങള്‍ വേറെയും.

ചുരുക്കത്തില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗുണഫലം അനുഭവിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍ ആണ് എന്ന് ചുരുക്കം. ഇനി മറ്റൊരു മുല്ലപ്പൂ വിപ്ലവം ഉണ്ടായാലേ ഇതിനൊരു അറുതി വരൂ...

അണയില്ല ഈ തീജ്വാല ....


സോണിയയും ഷീല ദീക്ഷിതും ഭരിക്കുന്ന ദല്‍ഹി സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത ഇടമായി മാറിയിട്ട് നാളുകളേറെയായി. അതിന്റെ ഭീകരമുഖമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

ഇത്തരം ഒരു സംഭവം നടന്നിട്ട് അതിനെതിരെ നടപടി എടുക്കുന്നതിനു പകരം അലംഭാവം കാണിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഉയരുക സ്വാഭാവികം മാത്രം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിയും പ്രത്യേകം ആഹ്വാനം ചെയ്യാതെ തന്നെ ഇന്നലെ വിദ്യാര്‍ത്ഥികളും യുവാക്കളും രാഷ്ട്രപതിഭവന് മുന്നില്‍ ഒത്തു ചേര്‍ന്ന് ശക്തമായി പ്രതിഷേധിച്ചത്.

ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തിയിട്ടും പിരിഞ്ഞു പോയവര്‍ വീണ്ടും സംഘടിച്ചു സമരം തുടര്‍ന്നത് എന്തിന്റെ സൂചനയാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം സര്‍ക്കാരിനു ഉണ്ടായില്ല. ഉണ്ടായിരുന്നുവെങ്കില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ തന്നെ രാജിവേക്കെണ്ടാതായിരുന്നു. ഇത്രയും നാണം കേട്ട ഒരു സംഭവം നടന്നിട്ട് ഭരണത്തില്‍ കടിച്ചു തൂങ്ങി കിടക്കാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

നിരോധനാജ്ഞയും മെട്രോ സ്റ്റേഷനുകള്‍ അടച്ചു പൂട്ടുകയും ചെയ്താല്‍ ഒന്നും ദല്‍ഹിയിലെ ജനങ്ങളെ ഭരണ സിരാകേന്ദ്രത്തിലേക്ക് വരുന്നത് തടയാന്‍ കഴിയില്ല എന്ന സാമാന്യ ബോധം പോലും നഷ്ടപെട്ട നപുംസകങ്ങള്‍ ആണ് നമ്മെ ഭരിക്കുന്നത് എന്ന് കാണുമ്പോള്‍ സ്വയം ലജ്ജ തോന്നുന്നു. ഇവരുടെ ഭരണത്തിനു കീഴില്‍ ഇതിനെതിരെ ശക്തിയായി പ്രതികരിക്കുകയല്ലാതെ മറ്റു പോംവഴിയില്ല. ഇന്ന് ക്രിക്കറ്റ് താരം സച്ചിന്റെ പ്രസ്താവനയിലൂടെ മാധ്യമ ശ്രദ്ധയും യുവാക്കളുടെ ശ്രദ്ധയും വഴി തിരിച്ചു വിടാന്‍ നടത്തിയ കുടില ബുദ്ധി എന്തായാലും വിജയിക്കാന്‍ പോവുന്നില്ല. വലതു പക്ഷ മാധ്യമങ്ങളേക്കാള്‍ ശക്തമായ നവ മാധ്യമങ്ങള്‍ ഇന്ന് യുവാക്കളുടെ കയ്യില്‍ ഉണ്ട്. അവര്‍ അതിനു മുന്നില്‍ അടയിരിക്കുകയല്ല, വേണ്ടി വന്നാല്‍ തെരുവിലിറങ്ങാനും സര്‍ക്കാരിനെതിരെ സമരം നയിക്കാനും കഴിയുന്നവരാണ് എന്നത് നിങ്ങള്‍ മറക്കേണ്ട.

സി.പി.എം. നെ പോലുള്ള പാര്‍ട്ടികളും ഈ സമരത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ളതും അവര്‍ ഇന്നടക്കം ദല്‍ഹിയില്‍ സമരമുഖത്ത്‌ അതിശക്തമായ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു കഴിഞു എന്നുള്ളതും വരാനിരിക്കുന്ന ദിവസങ്ങള്‍ ഈ സമരം ഏതു വഴിക്ക് നീങ്ങുമെന്നതിന്റെ സൂചനയായി നിങ്ങള്‍ക്ക്‌ എടുക്കാം. ലാത്തിച്ചാര്‍ജ്, ജലപീരങ്കി, വെടിവെപ്പ്‌ ഇവ ഉപയോഗിച്ച് ഇനി നിങ്ങള്‍ക്ക്‌ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.... മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും നിരോധനാജ്ഞ പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചു കള്ളകെസുകള്‍ എടുത്തും വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് വാര്‍ത്താ തമസ്ക്കരണവും, വഴിവിട്ട മാധ്യമ പ്രവര്‍ത്തനവും നടത്തിയാലും ഒന്നും തകര്‍ക്കാന്‍ പറ്റാത്തതാണ്താ ഈ ജനരോഷം.

അതിനു ഒരു സംഘടിത രൂപം കൈവരുന്നത് എന്തായാലും നിങ്ങക്ക് ഗുണം ചെയ്യില്ല അത് ഉറപ്പ്‌ തന്നെ. പ്രത്യേകിച്ച് ദല്‍ഹിയില്‍ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പ് കൂടി പരിഗണിക്കുമ്പോള്‍. അത് കൊണ്ടു തന്നെ ഈ സമരത്തെ നിങ്ങള്‍ ഏതു വിധേയനെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒക്കെ അറിയാം.

നിങ്ങള്‍ ഏതൊക്കെ രൂപത്തില്‍ ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അന്തിമവിജയം ജനങ്ങളുടെത് തന്നെയായിരിക്കും എന്നുള്ളതില്‍ ഒരു സംശയവുമില്ല തന്നെ... അതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും. അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ക്ക് മുട്ട്മടക്കുക തന്നെ ചെയ്യേണ്ടി വരും.