2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 20

തെയ്യപ്പെരുമ - 20

തെയ്യത്തിന്റെ ഉത്ഭവം
പ്രകൃതി പ്രതിഭാസങ്ങളെ ഭയ ഭക്തിപൂര്‍വ്വം കണ്ടതില്‍ നിന്നുമാണ്‌ അവയെ പ്രീതിപ്പെടുത്താനായി ഭക്ത്യാരാധനയോടെ തെയ്യം കെട്ടിയാടുവാന്‍ തുടങ്ങിയത്. അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന, പരേതരോടുള്ള ആരാധന എന്നിവയാണ് ഇതില്‍ പ്രധാനമായി കണ്ടുവരുന്നത്‌. എന്നാല്‍ പില്‍ക്കാലത്ത് തങ്ങളെ അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെയുള്ള അധസ്ഥിത വര്‍ഗത്തിന്റെ രോഷ പ്രകടനവും തെയ്യങ്ങളിലൂടെ നമുക്ക് കാണാവുന്നതാണ്. ഈ അനുഷ്ഠാനങ്ങളൊക്കെയും കാവുകളും വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരുന്നു ആദ്യകാലത്ത്.
ആര്യാധിനിവേശം വന്നപ്പോള്‍ സര്‍വ ജനങ്ങളും തങ്ങളുടെ കീഴിലാണെന്ന ബ്രാഹ്മണ മേധാവിത്വ ചിന്ത ഈ രംഗത്തും അവര്‍ പ്രകടമാക്കിയതിന്റെ ഫലമായി തെയ്യത്തിലും ബ്രാഹമണ ബന്ധം ഉണ്ടാക്കുവാന്‍ അവര്‍ തുനിഞ്ഞതിന്റെ ഫലമാണ് വൈഷ്ണവാരാധനയും മറ്റും തെയ്യങ്ങളില്‍ ഉണ്ടായത്. അമ്മ ദൈവങ്ങളില്‍ ദുര്‍ഗാ ബന്ധവും ഈ രൂപത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തതാണ്.
തെയ്യങ്ങളെ പൊതുവേ അമ്മ ദൈവങ്ങള്‍, യുദ്ധ ദേവതകള്‍, രോഗ ദേവതകള്‍, മരക്കല ദേവതകള്‍, നാഗ ദേവതകള്‍, മൃഗ ദേവതകള്‍, ഭൂത-യക്ഷി ദേവതകള്‍, വനമൂര്‍ത്തി ദേവതകള്‍, നായാട്ടു ദേവതകള്‍, ഉര്‍വര ദേവതകള്‍, മന്ത്ര മൂര്‍ത്തികള്‍, വൈഷ്ണവ മൂര്‍ത്തികള്‍, പരേതാത്മാക്കള്‍ എന്നിങ്ങനെ തരം തിരിക്കാം. ഇതിലൊന്നും പെടാത്ത മറ്റ് ദേവ സങ്കല്പങ്ങള്‍ കൂടി ഉണ്ട്. അവയെക്കുറിച്ച് പിന്നാലെ പറയുന്നതാണ്.
അമ്മ ദൈവങ്ങള്‍:
ചരിത്രാതീത കാലം മുതലേ മാതൃദേവതാ പൂജ നില നിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ദ്രാവിഡ വിഭാഗക്കാരാണ് മാതൃ ദേവതകളെ ആരാധിച്ചിരുന്നവര്‍. പില്‍ക്കാലത്ത് ആര്യന്‍മാരും മാതൃ പൂജ ആരംഭിച്ചു. ഈ വിത്യാസങ്ങള്‍ തെയ്യങ്ങളിലും കാണാം. കാളിയും കാളിയുടെ സങ്കല്‍പ്പ ഭേദങ്ങളുമായി ഒട്ടനവധി ദേവതകള്‍ തെയ്യാട്ടത്തില്‍ രംഗത്ത് വരുന്നു.
മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്‌. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ജനിച്ച ഈ തായി ദാരികാന്തകിയാണ്. തായിപ്പര ദേവതക്ക് അനേകം പകര്ച്ചകളുണ്ട്. ഭഗവതി, കാളിചാമുണ്ഡി, ഈശ്വരി എന്നീ പേരുകളിലാണ് മിക്ക അമ്മദൈവങ്ങളും അറിയപ്പെടുന്നത്. ഇതിനു പുറമേ അച്ചി എന്നും പോതി എന്നും കൂടി അറിയപ്പെടുന്നുണ്ട്.
കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്‌ ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്‍മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ചാമുണ്ഡി. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്ത ചാമുണ്ഡിയെന്നും രക്തേശ്വരിയെന്നും വിളിക്കുന്നത്‌. ചണ്ട മുണ്ടന്‍മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടര്‍ന്ന്‍ ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണത്രേ പാതാളമൂര്‍ത്തി എന്നും മടയില്‍ ചാമുണ്ഡി എന്നും വിളിക്കുന്നത്‌.
യുദ്ധ ദേവതകള്‍:
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുര കുലാന്തകിമാരാണെന്നത് പോലെ തന്നെ ഭൂമിയിലുള്ള പല വഴക്കുകളിലും പങ്കെടുത്തവരാണ് എന്നാണു വിശ്വാസം. അങ്കകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീ ദേവതകളും ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടയ്ക്കൊരു മകന്‍, പട വീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷ ദേവതകളും ഇങ്ങിനെ പടകളില്‍ പങ്കെടുത്തവരാണത്രെ!!
രോഗ ദേവതകള്‍ :
പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു. രോഗം വിതയ്ക്കുന്നവരാണ് ചീറുമ്പമാര്‍ (മൂത്ത ഭഗവതിയും ഇളയ ഭഗവതിയും). പരമേശ്വരന്റെ നേത്രത്തില്‍ നിന്ന് പൊട്ടിമുളച്ചവരാണത്രേ ഇവര്‍. ചീറുമ്പ മൂത്തവളും ഇളയവളും ആദ്യം വസൂരി രോഗം വിതച്ചത് തമ്മപ്പന് (ശിവന്) തന്നെയായിരുന്നു. ആയിരമായിരം കോഴിത്തലയും ആനത്തലയും കൊത്തി രക്തം കുടിച്ചിട്ടും ദാഹം തീരാത്ത മൂര്‍ത്തികളെ ശിവന്‍ ഭൂമിയിലേക്കയച്ചു. ചീറുമ്പക്ക് കെട്ടികോലമില്ല. കാവിന്‍മുറ്റത്ത് കളം വരച്ചു പാട്ടുത്സവം നടത്തുകയാണ് പതിവ്.
ഇവ കൂടാതെ രോഗം വിതക്കുന്ന ദേവതകളാണ് ദന്ധ ദേവന്‍, വസൂരിമാല എന്നിവ. ഇവരെയൊക്കെ ഭൂമിയില്‍ യഥാവിധി പ്രീതിപ്പെടുത്തി കാവുകളില്‍ പ്രതിഷ്ഠയും പൂജയും നല്‍കി. എന്നാല്‍ പുതിയ ഭഗവതി അത്തരം രോഗങ്ങളെ ഇല്ലാതാക്കുന്ന ദേവതയാണ്. അത് പോലെ തന്നെ കണ്ടാകര്‍ണന്‍ ചീറുമ്പ ചെറു മനുഷ്യര്‍ക്ക് കുരിപ്പ് വാരി വിതച്ചപ്പോള്‍ അതെല്ലാം തടകിയൊഴുക്കി കളയുന്നത് കണ്ടാകര്‍ണ്ണനാണ്. മഹേശ്വരന്റെ മേനി മൂടിയ തൃക്കുരിപ്പ് തടകിയൊഴുക്കിയത് കണ്ടാകര്‍ണ്ണനായിരുന്നു. ഈ ദേവന്‍ ശിവന്റെ കണ്ടത്തില്‍ പിറന്നു കര്‍ണ്ണത്തിലൂടെ പുറത്ത് വന്നതാണ്. വസൂരി രോഗത്തിനു കാരണമായ മറ്റൊരു ദേവതയാണ് മുകളില്‍ പറഞ്ഞ വസൂരിമാല. ദാരികാസുരന്റെ ഭാര്യയായ മനോദരിയാണത്രേ ഈ ദുര്‍ദേവത. ശിവനില്‍ നിന്ന് ലഭിച്ച വിയര്‍പ്പ് മുത്തുകള്‍ തന്റെ ഭര്‍തൃഘാതകിയായ കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോള്‍ കാളിക്ക് മേലാസകലം കുരിപ്പ് വന്നു. കോപാകുലയായ കാളി മനോദരിയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദന്ധ ദാസിയാക്കി മാറ്റുകയും ചെയ്തുവത്രേ.
ഭയാനകമായ വിധത്തില്‍ മേലാസകലം ചൊറിഞ്ഞു വീര്‍ത്ത് ചൂട് ഉണ്ടാക്കുന്ന ഒരു രോഗകാരണിയാണ് കുഞ്ഞുങ്ങളെ പിടികൂടുന്ന ദേവത കൂടിയായ തൂവക്കാളി എന്നാ തൂവക്കാരി. തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗ ദേവതകളുണ്ടത്രെ!!.
മരക്കല ദേവതകള്‍:
ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, ശ്രീശൂല കുട്ടാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ മരക്കല ദേവതമാരാണ്.
നാഗ ദേവതകള്‍:
നാഗകണ്ടന്‍, നാഗ കന്നി നാഗക്കാമന്‍ അഥവാ കുറുന്തിനിക്കാമന്‍ തുടങ്ങി ഏതാനും നാഗ തെയ്യങ്ങള്‍ ഉണ്ട്.
മൃഗ ദേവതകള്‍:
മൃഗ ദൈവങ്ങളില്‍ പുലി ദൈവങ്ങള്‍ക്കാണ് പ്രാമുഖ്യം. പാര്‍വതീ പരമേശ്വരന്‍മാരുടെയും അവരുടെ സന്തതികളുടെയും സങ്കല്‍പ്പത്തിലുള്ളതാണ് ഈ പുലി തെയ്യങ്ങള്‍. പുലിക്കണ്ടന്‍ തെയ്യം ശിവനും, പുലിയൂര്‍ കാളി പാര്‍വതിയുമാണ്. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരുകണ്ണന്‍, പുലിക്കരിങ്കാളി എന്നീ ഐവര്‍ പുലിക്കിടാങ്ങളായ ദേവതകള്‍ അവരുടെ സന്തതികളാണ്. ഈ പുലിദൈവങ്ങളോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കരിന്തിരി നായര്‍.
ആശാരിമാരുടെ ആരാധനാമൂര്‍ത്തിയാണ് ബാലി തെയ്യം. ഹനുമാന്‍ സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന തെയ്യമാണ്‌ ബപ്പിരിയന്‍ അഥവാ ബപ്പൂരാന്‍. മാവിലര്‍ കെട്ടിയാടുന്ന വരാഹ സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ മനിപ്പനതെയ്യം. പഞ്ചുരുളിയും ഇതേ വിഭാഗത്തില്‍ പെടുന്നു.
ഉറഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ.
ഭൂത ദേവതകള്‍:
തെയ്യാട്ട രംഗത്തെ ഭൂതാരാധന തെയ്യങ്ങളാണ് വെളുത്ത ഭൂതം, കരിംപൂതം, ചുവന്ന ഭൂതം എന്നീ തെയ്യങ്ങള്‍. ഇവയൊക്കെ ശിവാംശ ഭൂതങ്ങളാണ്. എന്നാല്‍ ദുര്മൃതിയടഞ്ഞ പ്രേത പിശാചുക്കളില്‍ ചിലതും ഭൂതമെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങു ഭൂതം, കാളര്‍ ഭൂതം, വട്ടിപ്പൂതം എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.
യക്ഷി ദേവതകള്‍:
യക്ഷി എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണില്ലെങ്കിലും പുരാസങ്കല്‍പ്പ പ്രകാരം ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷി സങ്കല്‍പ്പത്തിലുള്ളവയാണ്. ഉദാഹരണം വണ്ണാന്‍മാര്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ടി. തോറ്റം പാട്ടില്‍ പറയുന്നത് പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവത എന്നാണു. വേലന്‍മാര്‍ കെട്ടിയാടുന്ന പുള്ളിചാമുണ്ഡി ഇതേ സങ്കല്‍പ്പത്തിലുള്ളതാണ്. കരിഞ്ചാമുണ്ടിയുടെ കൂട്ടുകാരിയായ പുള്ളി ഭഗവതിയും യക്ഷി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌.
കാമന്‍, ഗന്ധര്‍വന്‍ എന്നീ സങ്കല്‍പ്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.
വനമൂര്‍ത്തികള്‍ :
മേലേതലച്ചില്‍, പൂതാടി ദൈവം, പൂവിള്ളി, ഇളവില്ലി, വലപ്പിലവന്‍ എന്നീ തെയ്യങ്ങള്‍ വന ദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടന്‍, പുള്ളിപ്പുളോന്‍ എന്നീ ദേവതകള്‍ കാവേരി മലയില്‍ നിന്ന് ഇറങ്ങി വന്നവരാണെന്നു വിശ്വസിക്കുന്നു. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീ ദേവതകളും വന ദേവതാസങ്കല്‍പ്പമുള്ള തെയ്യങ്ങളാണ്‌.
നായാട്ടു ദേവതകള്‍:
മുത്തപ്പന്‍ തെയ്യം ഒരു നായാട്ടു ദേവതയാണ്. വേലന്‍മാര്‍ കെട്ടിയാടുന്ന അയ്യപ്പന്‍ തെയ്യം മറ്റൊരു നായാട്ടു ദേവതയാണ്. മാവിലര്‍ കെട്ടിയാടുന്ന വീരഭദ്രന്‍, വീരമ്പിനാര്‍ എന്നീ തെയ്യങ്ങള്‍ക്കും നായാട്ടു ധര്മ്മമുണ്ട്. വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, തെക്കന്‍ കരിയാത്തന്‍, വേടന്‍ തെയ്യം, അയ്യന്‍ തെയ്യം, എമ്പെറ്റു ദൈവം, മലപ്പിലാന്‍, നരിത്തെയ്യം എന്നിവയെല്ലാം നായാട്ടു കര്‍മ്മവുമായി ബന്ധപ്പെട്ട തെയ്യങ്ങളാണ്‌. മനുഷ്യര്‍ നായാടി നടന്ന കാലത്തെ അനുസ്മരിക്കുന്ന ദൈവങ്ങളാണ് ഇവയൊക്കെ എന്ന് പൊതുവേ പറയാവുന്നതാണ്.
ഉര്‍വര ദേവതകള്‍:
കാര്‍ഷിക സംസ്ക്കാരവുമായി ബന്ധപ്പെട്ട ദേവതകളെയാണ് ഉര്‍വര ദേവതകള്‍ എന്ന് പറയുന്നത്. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിതെയ്യങ്ങള്‍) ഗോദാവരി (കോതാമൂരി) എന്നിവയാണ് ഉര്‍വര ദേവതകള്‍. വണ്ണാന്‍മാരുടെ കാലിച്ചേകോന്‍ പശുപാലകനും പുലയരുടെ കാലിച്ചേകോന്‍ കൈലാസത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്ന ദേവതയുമാണത്രെ. ഇത് കൂടാതെ കുറത്തി, തൊറക്കാരത്തി, കലിയന്‍, കലിച്ചി, കര്‍ക്കിടോത്തി, കൊടുവാളന്‍, വീരമ്പി, വേടന്‍, കാലന്‍, ഗളിഞ്ചന്‍, മറുത, കന്നി, ഓണത്താര്‍, ഓണേശ്വരന്‍ തുടങ്ങിയ തെയ്യങ്ങളും കാര്‍ഷിക സംസ്ക്കാരത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന തെയ്യങ്ങളാണ്‌.
ധാന്യാരാധന, പുഷ്പാരാധന, ഫലാരാധന തുടങ്ങി അനേകം കാര്‍ഷിക വിഭവങ്ങളുമായി തെയ്യാട്ടം ബന്ധപ്പെട്ടിരിക്കുന്നു. അരിയെറിഞ്ഞു സ്തുതിക്കുകയും, അരിയെറിഞ്ഞു എതിരെല്‍ക്കുകയും, അരിയിട്ട് വാഴിക്കുകയും അരി കൊടുത്തനുഗ്രഹിക്കുകയും ചെയ്യുന്ന തെയ്യങ്ങള്‍ക്ക് അരി ഒരു പ്രധാനപ്പെട്ട അനുഷ്ഠാന വസ്തു തന്നെയാണ്. തെയ്യത്തിനു വെക്കുന്ന മുതൃച്ചയില്‍ അരിയോടൊപ്പം നെല്ലുമുണ്ടാകും. മുത്തപ്പന്‍ തെയ്യത്തിന് വന്‍പയര്‍ പൊങ്ങിച്ചതും തേങ്ങാപ്പൂളും ഉണക്ക മത്സ്യവുമാണ്‌ നിവേദ്യം. വൈരജാതനും കാരണോന്‍ തെയ്യത്തിനും നെയ്യപ്പവും കുറത്തി തെയ്യത്തിനു ഉണക്കലരിചോറും ദോശയും കോഴിക്കറിയുമാണ്‌ നിവേദ്യം, വിഷ്ണുമൂര്‍ത്തിക്ക് അവിലും മലരും തേങ്ങാപ്പൂളും പഴം നുറുക്കും ശര്‍ക്കരയും കലര്‍ത്തിയാണ് പാരണ നല്‍കുക.
ഇത് പോലെ അടക്ക, വെത്തില, ഇളനീര്‍, തേങ്ങ എന്നിവ തെയ്യാട്ടത്ത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്‍ഷിക വിഭവങ്ങളാണ്. തെയ്യക്കാരന് അടയാളം കൊടുക്കുന്നത് മുതല്‍ കോള് കയ്യെല്‍ക്കും വരെ ഇവയുടെ സാന്നിധ്യം കാണാം. കാവിന്റെ മുന്നില്‍ കോലം വെറ്റില തൂവിയും നാളികേരം ഉരുട്ടിയും ശകുനം (ലക്ഷണം) നോക്കാറുണ്ടത്രേ. 
ഇത് കൂടാതെ കോഴി, അരിപ്പൊടി, കരിപ്പൊടി, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, തെങ്ങിന്‍ പൂക്കുല, കവുങ്ങിന്‍ പൂക്കുല, കുരുത്തോല, വാഴയില, പുളിമരം, പാല മരം, ചെമ്പകം, കമുകിന്‍ പാള, കമുകിന്‍ തടി, മുരിക്കുമരം, ഉരല്‍, ഉലക്ക, വാഴപ്പോള, ചകിരി, തിരിശ്ശീല, വൈക്കോല്‍, പ്ലാവിറക്, കോടിമുണ്ട്, ഞെരിവിന്‍ കോല്‍, നിച്ചിത്തുപ്പ്, മുളയില്ലി, പ്ലാവില, കാഞ്ഞിരത്തില, കരിമ്പ്, മുന്തിരി, കല്‍ക്കണ്ടം എന്നിവയെല്ലാം ഓരോ തെയ്യങ്ങള്‍ക്ക് ഒരുക്കേണ്ടവയാണ്.
സമൃദ്ധമായ വിളവു ലഭിക്കാന്‍ പൂര്‍വികന്മാര്‍ ഓരോ ദേവതയെ സങ്കല്‍പ്പിച്ച് ആരാധിച്ചിരുന്നു. വയല്‍ദേവതയായ കുറത്തിയമ്മയെ തന്റെ വെറ്റിലകൃഷി കാക്കുന്ന ഭരമെല്‍പ്പിച്ച ഭക്തനായിരുന്നുവത്രേ മണിയറചന്തു. നേര്‍ പെങ്ങള്‍ ഉണ്ണങ്ങ വിലക്ക് ലംഘിച്ച് വെറ്റില നുള്ളിയതിനു കുറത്തിയമ്മ അവളുടെ ഉയിരെടുത്ത് ദൈവക്കോലമാക്കിയത്രെ. ആ തെയ്യമാണ്‌ വേലന്‍മാര്‍ കെട്ടിയാടുന്ന മണിയറ ഉണ്ണങ്ങ. കന്നുകാലികളെ പരിപാലിക്കാന്‍ കാലിച്ചേകോന്‍ തെയ്യവും പുനം കൃഷി നോക്കാന്‍ കൊടുവാളന്‍ തെയ്യവും സദാ ജാഗരൂകരായി ഉണ്ട്. തെയ്യത്തിനുള്ള ഉണക്കലരിയുണ്ടാക്കാന്‍ നെല്ലുകുത്തുന്നതിനിടയില്‍ അപമൃത്യു നേടിയ മുസ്ലിം വനിതയാണ്‌ നേത്യാരമ്മ തെയ്യം. തൊടിയിലെ പ്ലാവില്‍ നിന്ന് കാരണവരുടെ സമ്മതം ചോദിക്കാതെ ചക്കയിട്ടതിനു ജീവന്‍ കൊടുക്കേണ്ടി വന്ന അന്തര്‍ജ്ജനത്തിന്റെ കഥയാണ് മനയില്‍പ്പോതി യുടേത്.

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ