2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 11

തെയ്യപ്പെരുമ - 11

കളിയാട്ടവും പെരുങ്കളിയാട്ടവും
മിക്ക കാവുകളിലും തെയ്യങ്ങള്‍ വര്‍ഷാവര്‍ഷം കെട്ടിയാടുകയാണ് പതിവ്. ഇതിനു കാല്‍കളിയാട്ടം എന്നാണു പറയുക എങ്കിലും ആളുകള്‍ പൊതുവേ കളിയാട്ടം എന്ന് ഇതിനെയും പറയുന്നു. എന്നാല്‍ രണ്ടു മുതല്‍ നാല് വര്ഷം വരെയുള്ള ഇടവേളകളില്‍ തെയ്യം കെട്ടിയാടുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍  കളിയാട്ടം എന്ന് പറയുന്നത്. അഞ്ചോ അതിലധികമോ വര്ഷം കൂടി നടത്തുന്ന തെയ്യം കെട്ടലിനെ പെരുങ്കളിയാട്ടം എന്ന് പറയുന്നു.
തോറ്റം  അഥവാ സ്തോത്രം (സ്തുതി)
കേരളത്തിൽ തെയ്യത്തിനു പുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റം പാട്ടുകൾ പാടാറുണ്ടെങ്കിലും തെയ്യം പുറപ്പെടുന്നതിനു മുമ്പായി തലേ ദിവസം തോറ്റത്തിനും വെള്ളാട്ടത്തിനുമായി ദേവനെയോ  ദേവിയെയോ സ്തുതിച്ചുകൊണ്ട് ആരംഭിച്ച് ദൈവ ചരിത്രവും മറ്റും വിശദമായി പറയുന്നവണ്ണാന്‍, മലയന്‍, അഞ്ഞൂറാന്‍, മുന്നൂറ്റാന്‍ തുടങ്ങിയ തെയ്യം കെട്ടിയാടുന്ന സമുദായക്കാരുടെ വംശീയമായ ഒരനുഷ്ടാന പാട്ടാണ് തോറ്റം പാട്ട്.  തോറ്റം എന്നതിന് സങ്കല്‍പ്പിച്ചുണ്ടാക്കുക, പ്രത്യക്ഷപ്പെടുത്തുക എന്നും അര്‍ത്ഥമുണ്ടെന്ന്  സി.എം.സ്. ചന്തേരയും, ഡോ. രാഘവന്‍ പയ്യനാടും പറയുന്നു.   ഓരോ ഗ്രാമീണനും മനസ്സിലാകും വിധത്തില്‍ അന്നത്തെ നാട്ടുഭാഷാ പദങ്ങള്‍ കൊണ്ട് സ്തുതിമാല തീര്‍ത്തവയാണ് തെയ്യത്തോറ്റങ്ങള്‍ എന്ന് പൊതുവേ പറയാം. അറിവും അക്ഷരവും നേടിയ അന്നത്തെ നാട്ടുകവികള്‍ പാടിവെച്ച പാട്ടുകളാണ് രചയിതാവ് ആരെന്നു പോലും അറിയാതെ കാവുകളില്‍ ഇന്നും ഭക്ത്യാരാധനയോടെ പാടുന്നത്.  സ്തുതിയോടോപ്പം ദൈവത്തിന്റെ ഉല്‍പ്പത്തി ചരിത്രം, അത്ഭുതകരമായ പ്രവൃത്തികള്‍, ഭൂമിയിലേക്ക് വരാനുള്ള കാരണങ്ങള്‍ വന്നിറങ്ങി കുടികൊണ്ട നാടുകള്‍ ഫലശ്രുതി എന്നിവയൊക്കെ സവിസ്തരം പ്രതിപാദിക്കുന്നവയാണ് തോറ്റം പാട്ടുകള്‍.
ദേവി സങ്കല്‍പ്പത്തിലുള്ള തെയ്യക്കോലങ്ങള്‍ക്കും വീരമൃത്യു വരിച്ച തെയ്യക്കോലങ്ങള്‍ക്കും പൊതുവേ നൃത്തം ചെയ്യുന്ന തോറ്റങ്ങള്‍ ഉണ്ടാകും. അല്ലാതെയുള്ള മറ്റ് തെയ്യങ്ങള്‍ക്ക്  പ്രധാന കോലക്കാരന്‍ തോറ്റം പാടുകയും ശേഷം വെള്ളാട്ടരൂപം കെട്ടിയാടുകയുമാണ് ചെയ്യുക.
തോറ്റത്തില്‍ തന്നെ രണ്ടു തരം തോറ്റങ്ങള്‍ ഉണ്ട്. ഉച്ച തോറ്റവും അന്തി തോറ്റവും.  ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണെങ്കിലും പൊതുവേ ഈ സമയനിഷ്ഠ പാലിച്ചു കാണുന്നില്ല. തോറ്റത്തിനു അധികം ചമയങ്ങള്‍ ഉണ്ടാകില്ല. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ  ചെയ്യുന്നത്.  കക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചതോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാല്‍ അന്തിത്തോറ്റങ്ങള്‍ മിക്കതും ഉറഞ്ഞു തുള്ളാറുണ്ട്. ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ.  തോറ്റം പുറപ്പെടാത്ത തെയ്യങ്ങള്‍ക്കും തിറകള്‍ക്കും തല്‍സ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ് പുറപ്പെടുക. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർ‌വ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ.
തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌.
തോറ്റത്തെക്കുറിച്ചുള്ള മറ്റൊരഭിപ്രായം നോക്കുക: തെയ്യങ്ങൾക്കും,തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും,ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും,പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുകയും ചെയ്യും. അതാണ്‌ തോറ്റം. 
തോറ്റം പാട്ടുകളുടെ കാലം ഏതെന്നു കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും പതിമ്മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ആദ്യകാല മണിപ്രവാള കൃതികളില്‍ ഉപയോഗിച്ച് കാണുന്ന വടക്കന്‍ ഭാഷയും പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് കരുതുന്ന രാമചരിതത്തിലെ ഭാഷയും നോക്കുമ്പോള്‍ തെയ്യത്തിന്റെ തോറ്റം പതിമ്മൂന്നാം നൂറ്റാണ്ടു മുതല്‍ ആരംഭിച്ചു എന്ന് നമുക്കുറപ്പിച്ചു പറയാം.  ഇത് പറയുമ്പോള്‍ തന്നെ പറയേണ്ട മറ്റൊരു കാര്യം തെയ്യങ്ങളുടെ തോറ്റങ്ങള്‍ എല്ലാം ഒരേ കാലത്ത് തന്നെ ഉണ്ടായവയല്ല. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെയും വിഷ്ണുമൂര്‍ത്തിയുടെയും തോറ്റങ്ങള്‍ ഇതിനുദാഹരണമാണ് ഇവ തമ്മിലുള്ള അന്തരം നൂറ്റാണ്ടുകളുടെതാണ്.
തെയ്യാട്ടം ഉണ്ടായതിനു ശേഷമാണ് തോറ്റം പാട്ടുണ്ടായത് എന്ന് വിശ്വസിക്കാവുന്നതാണ്. ഉദാഹരണത്തിന് വൈരജാതന്‍ തെയ്യത്തിന്റെയും മടയില്‍ ചാമുണ്ഡി തെയ്യത്തിന്റെയും തോറ്റം പാട്ടുകള്‍ തെയ്യാട്ടം തുടങ്ങി വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് ഉണ്ടാക്കിയത്. പയ്യന്നൂരിലെ ആനിടില്‍ എഴുത്തച്ചന്‍ ആണ് ഈ തോറ്റങ്ങള്‍ ഉണ്ടാക്കിയതെന്നും അത് 1774 മുതല്‍ 1824  വരെയുള്ള കാലത്തിനിടക്കാണെന്നും പറയപ്പെടുന്നു.  മുച്ചിലോട്ട് ഭഗവതിയുടെ ആറ്റവും തോറ്റവുമുണ്ടാക്കി തെയ്യത്തിനു രൂപകല്‍പന ചെയ്തത് മണക്കാടന്‍ ഗുരിക്കള്‍ ആണെന്ന് പറയപ്പെടുന്നു.  പ്രശസ്തമായ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പച്ച മലയാള ഭാഷയില്‍ രചിച്ചത് കൂര്‍മ്മല്‍ എഴുത്തച്ചനാണ്. (വിശദമായി വഴിയെ അദ്ദേഹത്തെക്കുറിച്ച് പറയുന്നുണ്ട്). പില്‍ക്കാലത്ത് ഈ സ്തുതിയെ  ഒന്ന് കൂടി വിപുലീകരിച്ചത് കയ്യൂര്‍ തൊണ്ടച്ചനെന്നു മലയക്കുലമാകെ ആരാധിക്കുന്ന മലയ തെയ്യക്കാരനാണത്രേ.

തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്.  കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലക്ക് കെട്ടുകയും ചെയ്യും.  അരയിൽ ചുവപ്പ് പട്ട് ചുറ്റും.കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന്‌ മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു.പറിച്ച് കൂട്ടി തൊഴുക എന്നണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണ്‌ കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല്‌ ‌ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റം കെട്ടിയാടുന്ന കോലക്കാരനും, കൂടെയുള്ളവരും കൂടി പാടുന്ന പാട്ടാണ്  തോറ്റം പാട്ട്.തോറ്റം പാട്ട്പാടുന്ന വേഷം തോറ്റവും,തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ട് തോറ്റം പാട്ടുമാണ്‌
എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും,സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ ഭാഗങ്ങളുണ്ട്. വരവിളിത്തോറ്റം,സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാമത്രേ.
വരവിളി,പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ