2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 13

തെയ്യപ്പെരുമ - 13

മുന്‍പ്‌ സ്ഥാനവും സ്വരൂപാചാരവും:
തെയ്യാട്ടത്തിനൊടുവില്‍ തെയ്യം ഉരിയാടുന്ന താളാത്മകമായ ഗദ്യ കവിതയാണ് മുന്‍പ് സ്ഥാനം. ദേവതയുടെ ഭൂലോകത്തെക്കുള്ള വരവ്, നിര്‍വഹിച്ച വിശേഷ കൃത്യങ്ങള്‍, വന്നു ചേര്‍ന്ന് കുടികൊണ്ട കാവുകള്‍, പ്രീതിയോടെ സ്വീകരിച്ച ഭക്തന്മാര്‍ എന്നീ കാര്യങ്ങള്‍ പൂര്‍വ്വാപരക്രമത്തോടെ ചൊല്ലിയറിയിക്കുന്നതിനെയാണ് മുന്‍പ് സ്ഥാനം എന്ന് പറയുന്നത്. കാവിനു മുന്നില്‍ ഉലാത്തി കൊണ്ടാണ് തെയ്യം ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. ഈ സമയത്ത് വാദ്യഘോഷങ്ങളോ ആരവങ്ങളോ ഉണ്ടാകില്ല. കാവിലെ സ്ഥാനികരെല്ലാം ഭക്ത്യാദരപൂര്‍വം കാതോര്‍ത്ത് നില്‍ക്കുന്ന സമയമാണിത്. ഇത് പോലെ നാട് വാഴുന്നവരുടെ ചരിത്രം പരാമര്‍ശിക്കുന്ന ഭാഗമാണ് സ്വരൂപാചാരം. വേട്ടയ്ക്കൊരു മകന്‍, മുച്ചിലോട്ട് ഭഗവതി, ഊര്പ്പഴശ്ശി, വൈരജാതന്‍ തുടങ്ങിയ തെയ്യങ്ങള്‍ ഇങ്ങേന്‍ സ്വരൂപാചാരം പറയുന്ന തെയ്യങ്ങളാണ്‌.
തോറ്റം പാട്ടുകളിലെ മറ്റൊരു ഘടകമാണ് സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍ അടങ്ങുന്ന അഞ്ചടി. ഉദ്ദിഷ്ട ദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാ സൂചനകളോ രൂപ വര്‍ണ്ണനകളോ അടങ്ങുന്നവയാണ് അഞ്ചടി തോറ്റങ്ങള്‍.
തോറ്റം പാട്ടില്‍ വ്യാപകമായി നടന്ന ആര്യവല്‍ക്കരണത്തിനുദാഹരണമാണ് ഗണപതി തോറ്റങ്ങള്‍. വിഘ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഗണപതിക്ക് തേങ്ങ ഉടക്കുന്നത് പോലെയും, ഗണപതി ഹോമം നടത്തുന്നത് പോലെയും ഒരാചാരമായി മാറ്റിയ തോറ്റമാണിത്. മലയ വിഭാഗത്തിന്റെ തോറ്റത്തില്‍ ആണ് ഇത് കണ്ടു വരുന്നത്. ഇത് പോലെ ബാല സുഗ്രീവ യുദ്ധമുള്ള തോറ്റ വര്‍ണ്ണനകളും ലഭ്യമാണ്.
കറ്റ ചെഞ്ചിട മുടി
കരകണ്ടര് മകന്‍ പിള്ളെ
ഒറ്റക്കൊമ്പുടയവനേ
ഒമാനയാം ഗാനപതിയേ,
കാരെള്ളും പുതിയവില്‍തേങ്ങ
കരിമ്പും തേനിളന്നീരാലെ
കൈയാലെടുത്തുടനെ 
വായാലെയമൃത് ചെയ്യാനേ 
എന്ന് തുടങ്ങുന്ന പാട്ടു ചില തെയ്യങ്ങള്‍ക്ക് ഗണപതി തോറ്റമായി പാടി കേള്‍പ്പിക്കാറുണ്ട്.
രണദേവതകളും പട വീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്ത് ഉള്ളതിനാല്‍ യുദ്ധ വര്‍ണ്ണനകള്‍ തോറ്റം പാട്ടുകളില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ ബാലി-സുഗ്രീവ യുദ്ധത്തിലെ തോറ്റം പാട്ട് നോക്കൂ. ആര്യവല്‍ക്കരണത്തിന് മറ്റൊരുദാഹരണമായി ഇതിനെയും കാണാം.
അടികളാലെയടികള്‍ കെട്ടി
മുടിപിടിച്ചഴിക്കയും
മാര്‍വിടത്തില്‍മല്ലു കൊണ്ടു
കുത്തിയങ്ങു കീറിയും
ചോരയാറു പോലെയങ്ങു
മാര്‍വിടെ യൊലിക്കയും
കൈ തളര്‍ന്നു മെയ് കുഴഞ്ഞു
പോര്‍ പറഞ്ഞങ്ങടുക്കയും
തള്ളിയുന്തിയിട്ടു ബാലി
സുഗ്രീവന്റെ മാറതില്‍
തുള്ളി വീണമര്‍ന്നു ബാലി
കണ്ടു രാമനപ്പോഴേ
മാക്കപ്പോതി (ഭഗവതി) തോറ്റം, കതിവന്നൂര്‍ വീരന്‍ തോറ്റം, ബാലി തോറ്റം തുടങ്ങിയവയില്‍ കരുണ രസ പ്രദാനമായ ഭാഗങ്ങള്‍ ശ്രദ്ധേയമാണ്‌. പൊതുവേ സാമാന്യ ജനങ്ങളില്‍ ഭക്തിയും വിശ്വാസവും വളര്‍ത്താന്‍ തെയ്യാട്ടത്തിലൂടെ സാധിക്കുന്നുണ്ട്. തോറ്റം പാട്ടുകള്‍ അതില്‍ നിര്‍ണ്ണായക പങ്കും വഹിക്കുന്നു. ഉദാഹരണമായി:
പുലി മുതുകേറി പുലിവാല്‍ പിടിച്ചുടന്‍
പ്രത്യക്ഷമാകിയ പരദേവത തൊഴാം
എള്ളിലെ എണ്ണ പോല്‍ പാലിലെ വെണ്ണ പോല്‍
എല്ലാടവും നിറഞ്ഞകമായി നില്‍പ്പവന്‍
വന്ദിചവര്‍ക്കു വരത്തെ കൊടുപ്പവന്‍
നിന്ദിച്ചവരെ നിറം കെടുത്തീടുവോന്‍
പുരാവൃത്തം : തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ,മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ,ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും,പാൽക്കടലിൽ നിന്നും,വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ,ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ,തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു.
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ്‌ ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഉദാഹരണമാണ്‌.
പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും മന്ദപ്പന്‍ എന്ന കതിവന്നൂര്‍ വീരന്റെ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്
തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. അത്യുത്തരകേരളത്തിലെ വ്യവഹാര ഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻ തോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും,ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും ,ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്‌.
ഇനി തോറ്റങ്ങളില്‍ ഉപയോഗിച്ച ഭാഷകള്‍ നോക്കാം. സാധാരണക്കാരന് പോലും മനസ്സിലാകുന്ന രൂപത്തില്‍ രക്തചാമുണ്ഡിയെക്കുറിച്ച് വര്‍ണ്ണിച്ചത് നോക്കൂ:
കത്തും കനക സമാന്വിതമായൊരു
പുത്തന്‍ നല്ല കിരീടം ചാര്‍ത്തി
മെത്തു മതിന്നുടെ പുറമേ നല്ലൊരു
വ്യക്തമതായ പുറത്തട്ടതിനുടെ
ചുറ്റും പീലികള്‍ കെട്ടി മുറുക്കി
പട്ടുകള്‍ പലതരമായ നിറത്തൊടു
ദൃഷ്ടിക്കമൃതം കാണുന്തോറും 
ശശധരശകല സഹസ്രം ചുറ്റും
സരസതരം നല്ലൂരഗന്‍മാത്രം
..............................................
തെളിവോടു ചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും
പകലവനൊരു പതിനായിരമൊന്നി
ച്ചുദയം ചെയ്തതുപോലെ ശോഭ
ഇനി മടയില്‍ ചാമുണ്ഡിയുടെ രൂപ വര്‍ണ്ണന നടത്തിയതെങ്ങിനെയെന്നു നോക്കാം.
ചെന്താമര മലര്‍ കര്‍ണികയുലര്‍ന്നപോല്‍
മൂന്നയുലര്‍ന്നെഴുന്നുള്ള പൊന്‍ പൂക്കുല
മിന്നി മിന്നി പ്രഭാ മണ്ഡലമതിന്നുടെ 
വഹ്നികള്‍ മൂന്നായുയര്‍ന്ന കണക്കിനെ
വൃത്ത വിസ്താരമായ് തെളു തേളെ വിളങ്ങിനെ
ചിത്രരത്നമണിയും പ്രഭാമണ്ഡലെ
.........................................................
കന്നെഴുത്തും കുറിയും കുനുചില്ലിയും 
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളില്‍
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ
ഇനി വയനാട്ടുകുലവന്‍ തെയ്യത്തിന്റെ തോറ്റം പാട്ടില്‍ ശിവന്‍ മധു നുകര്‍ന്ന്‍ ശിവഭ്രാന്താടി അത് കണ്ടു പാര്‍വതി ഭയന്നോടിയ രംഗം ചിത്രീകരിച്ചിരിക്കുന്നത് നോക്കാം.
വേട രൂപം ധരിച്ചുള്ള കൈലാസ നാഥന്‍
വേട്ടയ്ക്കായെഴുന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധുപൊഴിയും വാസുലോകം പോഴിയുന്നല്ലോ
അത് കണ്ടു പരമശിവന്‍ അടുത്ത് ചെന്നു
മധു കുടിച്ചു മതത്ത വിലാസം ശിവഭ്രാന്താടി
അത് കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര
നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ
പ്പഴമല്ലോ നീങ്കടെ തേവന് പൂജ !
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താരു-
പ്പൂവല്ലേ നീങ്കടെ തേവന് മാല!
നാങ്കളെ തോണി കടന്നില്ലേ നീങ്കള്‍ 
നാങ്കളെ തേങ്ങയുടച്ചില്ലേ നീങ്കള്‍
ചന്ദനം ചാര്‍ത്തി നടപ്പുണ്ട് ചോവ്വരു
ചെറുമണിഞ്ഞ് നടപ്പുണ്ട് നാങ്കള്‍, 
വെറ്റില തിന്ന് നടപ്പുണ്ട് ചൊവ്വര്
അല്ലിക്ക തിന്നു നടപ്പുണ്ട് നാങ്കള്‍
ആനപ്പുറത്തേറി ചൊവ്വര് വരുവന്‍
പെരിയോന്റെ കോയിക്കലെല്ലാരും ചെല്ലുമ്പം 
അവിടേക്ക് നീന്കളും നാങ്കളുമോപ്പമല്ലേ?
എന്ന പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം വരികൾ വളരെ പ്രശസ്തമാണു്. 
ഇതിന്റെ യഥാര്‍ത്ഥ രൂപം ഇങ്ങിനെയാണ്‌:
തിരിതിരി തിരി തിരി തിരി തിരി പുലയാ...
വഴി തിരി തിരി തിരിതിരി പുലയാ..
തിരിതിരി തിരീയെന്നു തിരിവാള്‍ പറഞ്ഞാല്
തിരിവാനും പാരം വെനയുണ്ടെനക്ക്
അങ്ങേല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴി തിരിയേണ്ടു..
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വര്
തോണിക്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറെ
നാന്‍ തന്ന തേങ്ങ ഒടച്ചില്ലേ നീങ്കള്
തേങ്ങക്കകത്ത് നീര് കണ്ടില്ലേ ചോവ്വറെ..
നാങ്കളെ കുപ്പയില്‍ നട്ടോരു തൃത്താ-
പ്പൂവല്ലോ നീങ്കളെ തേവന്നു മാല..
നീങ്കളെക്കൊത്ത്യാലും ചോര്യല്ലേ ചൊവ്വറെ
നാങ്കളെ കൊത്ത്യാലും ചോരേല്ലേ ചൊവ്വറെ
പിന്നന്താ ചൊവ്വറെ കുലം പിശക്ക്ന്ന്
തീണ്ടിക്കൊണ്ടല്ലേ കകുലം പിശക്ക്ന്ന്
എല്ലെല്ലാകോയില്‍ കുലം പിശക്കൂലും
മാപ്പിളക്കോയില്‍ കുലം പിശകേണ്ട..
പെരിയോന്റെ കോയിക്കലെല്ലാരും പോയാല്‍
അവിടേക്ക്‌ നീന്കളും നാങ്കളുമൊക്കും
കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള അജാനൂര്‍ പടിഞ്ഞാറെക്കരയിലെ (അതിഞ്ഞാലിലെ) കൂർമൻ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ അർത്ഥഭംഗിയുള്ള വരികൾ പലതും കൂട്ടി ചേർത്തത് എന്നു വിശ്വസിക്കപ്പെടുന്നു 
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. പടിഞ്ഞാറെക്കരയിലെ ഒരു പ്രമുഖ നായര്‍ തറവാട്ട് കുടുംബമാണ് കൂര്‍മ്മല്‍. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേര് എന്താണെന്ന് കണ്ടുപിടിക്കാന്‍ മതിയായ തെളിവുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ലത്രേ. എഴുത്തച്ഛന്റെ ഭൌതിക ശരീരം അടക്കം ചെയ്ത അജാനൂര്‍ പടിഞ്ഞാറെക്കരയിലെ സമാധിക്കാവ് തീയ്യ സമുദായക്കാരായ പൂരക്കളി പണിക്കര്‍മാരുടെ ഒരു പ്രധാന തീര്ത്ഥാടനകേന്ദ്രമാണ്. അടോട്ടെ പണിക്കര്‍വീട് തറവാട്ടിലെ പൂരക്കളി പണിക്കര്മാര്‍ പൂരക്കളിക്ക് പോകുമ്പോള്‍ ഈ കാവില്‍ പോയി മൌനാനുവാദം ചോദിക്കുന്ന സമ്പ്രദായം ഇന്നും നില നില്‍ക്കുന്നുണ്ടത്രെ. പടിഞ്ഞാറെക്കരയില്‍ അദ്ദേഹം സ്ഥാപിച്ച എഴുത്ത്കൂട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കൂടി പ്രവര്‍ത്തിച്ചിരുന്നുവത്രേ.

ജാതീയതയുടെ പേര് പറഞ്ഞു തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ബഹുഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാര്‍ ജാതി വൈകൃതത്തെയും അയിത്താചാരങ്ങളെയും ചോദ്യം ചെയ്യുന്നവയാണ് തോറ്റം പാട്ട്. വടക്കന്‍ കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് ആക്കം കൂട്ടാന്‍ ഈ തോറ്റം പാട്ടുകള്‍ക്കായി. നൂറ്റാണ്ടുകളായി സമൂഹ മനസ്സില്‍ ഖനീഭവിച്ച അമര്‍ഷത്തിന്റെ അഗ്നിജ്വാലകള്‍ തന്നെയാണ് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലൂടെ പുറത്തു വന്നത്. ജാതി മത ഭേദമെന്യേ എല്ലാ വീടുകളിലും കെട്ടിയാടുന്ന തെയ്യമാണ്‌ പൊട്ടന്‍ തെയ്യം. ജാതി മേധാവിത്വം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ സമൂഹ മനസാക്ഷിയുടെ മുന്നില്‍ വിപ്ലവകരമായ ഒട്ടേറെ ചോദ്യങ്ങള്‍ എറിഞ്ഞു കൊടുക്കുക തന്നെയാണ് ഈ തോറ്റം പാട്ടിലൂടെ എഴുത്തച്ഛന്‍ ചെയ്തത്. 
(
തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ