2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 16

തെയ്യച്ചരിത്രം 16

മൃഗ ദേവതകള്‍:
മൃഗ ദൈവങ്ങളില്‍ പുലി ദൈവങ്ങള്‍ക്കാണ് പ്രാമുഖ്യം. പാര്‍വതീ പരമേശ്വരന്‍മാരുടെയും അവരുടെ സന്തതികളുടെയും സങ്കല്‍പ്പത്തിലുള്ളതാണ് ഈ പുലി തെയ്യങ്ങള്‍. പുലിക്കണ്ടന്‍ തെയ്യം ശിവനും, പുള്ളികരിങ്കാളി പാര്‍വതിയുമാണ്. (പുലിയൂര്‍ കാളി പുള്ളികരിങ്കാളിയുടെ മകള്‍ ആണെന്നാണ്‌ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ പാര്‍വതിയുടെ മകളായതു കൊണ്ട് ചിലര്‍ ഈ തെയ്യത്തെ പാര്‍വതിയായും കണക്കാക്കുന്നുണ്ട്). യഥാര്‍ത്ഥത്തില്‍ പുലിക്കണ്ടനും പുള്ളികരിങ്കാളിക്കും (ശിവനും പാര്‍വതിക്കും) ഉണ്ടായ മക്കളാണ് ഐവര്‍ പുലിതെയ്യങ്ങള്‍. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരുകണ്ണന്‍ എന്നീ ഐവര്‍ പുലിക്കിടാങ്ങളായ ദേവതകള്‍ അവരുടെ സന്തതികളാണ്. പുലിയൂര്‍ കാളി ഏക പെണ്‍പുലിയായ മകളും. ഇവിടെ അഞ്ചു ആണ്‍ പുലി തെയ്യങ്ങളും ഒരു പെണ്‍പുലി തെയ്യവുമാണ് ഉള്ളത്. (എന്നാല്‍ ഇത് ശരിയല്ലെന്നും ഇതില്‍ നാല് പേര്‍ ആണ്‍ പുലി തെയ്യങ്ങളും പുലിയൂര്‍ കാളി പെണ്‍പുലി തെയ്യവുമാണ് എന്നാണു പരക്കെയുള്ള വിശ്വാസം അങ്ങിനെയാണ് ഐവര്‍ പുലി തെയ്യങ്ങള്‍ എന്ന് ഇവര്‍ അറിയപ്പെടുന്നത്). ഈ പുലിദൈവങ്ങളോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കരിന്തിരി നായര്‍.
ഹനുമാന്‍ സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന തെയ്യമാണ്‌ ബപ്പിരിയന്‍ അഥവാ ബപ്പൂരാന്‍. മാവിലര്‍ കെട്ടിയാടുന്ന വരാഹ സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ മനിപ്പനതെയ്യം. പഞ്ചുരുളിയും ഇതേ വിഭാഗത്തില്‍ പെടുന്നു. ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ.
പുലികണ്ടനും, പുള്ളികരിങ്കാളിയും കരിന്തിരി നായരും:
ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു. (എന്നാല്‍ നാല് ആണ്‍മക്കളും പുലിയൂര്‍ കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്).
പുലിയൂര്‍ കാളിയെക്കുറിച്ച് മറ്റൊരു കഥയുള്ളത് ഇങ്ങിനെയാണ്‌:
ഒരു പെണ്‍കുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളികരിങ്കാളി ശ്രീകൃഷ്ണനെ ജപിച്ചു കിടക്കുകയും സ്വപ്നത്തില്‍ കണ്ണന്‍ അവരോടു നിങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചാല്‍ നിങ്ങള്‍ അവള്‍ക്ക് എന്ത് നല്‍കുമെന്ന് ചോദിച്ചുവെന്നും അതിനു എന്റെ എല്ലാ അധികാരങ്ങളും അവകാശങ്ങളും നല്‍കുമെന്ന് പുള്ളികരിങ്കാളി മറുപടി നല്‍കിയത്രെ. ഇങ്ങിനെയുണ്ടായ മകളാണ് പുലിയൂര്‍ കാളി. ഇതൊന്നു പരീക്ഷിക്കണമെന്ന് കരുതിയ ഭഗവാന്‍ തന്നെ ഗര്‍ഭസ്ഥശിശുവായി അവതരിച്ചുവെന്നും അങ്ങിനെ ഗര്‍ഭിണിയായ പുള്ളികരിങ്കാളി വിശപ്പ്‌ സഹിക്ക വയ്യാതെ തളര്‍ന്നത് കണ്ടു പുലിമക്കളെല്ലാം ചേര്‍ന്ന് പശുക്കളെ തേടി പുറപ്പെടുകയും കുറുമ്പ്രാന്തിരി വാണവരുടെ തൊഴുത്ത് തകര്‍ത്ത് പശുക്കളെ കൊന്നു കാക്കും കരളും അവത്തിറച്ചിയും പുള്ളികരിങ്കാളിക്ക് കൊണ്ടുക്കൊടുത്തുവത്രേ. ഈ കഥയ്ക്ക് വേണ്ടത്ര വിശ്വാസ്യതയില്ല.
പശുക്കളെ കൊന്ന പുലികളെ വക വരുത്താന്‍ വാണവര്‍ വില്ലാളി വീരനായ കരിന്തിരി കണ്ണന്‍ നായരെ ചുമതലപ്പെടുത്തി. നായര്‍ കാട്ടില്‍ ചെന്ന് മാവിന്മേല്‍ ഒളികെട്ടി കെണിയൊരുക്കിയിരുന്നു. പുലികള്‍ കെണിയില്‍ അകപ്പെടുകയും ചെയ്തു. എന്നാല്‍ അതെ സമയം തന്നെ മാവിന്മേല്‍ ഒളികെട്ടിയിരുന്ന കരിന്തിരി കണ്ണന്‍ നായരെ പുലികണ്ടന്‍ വൃഷണം പിളര്‍ന്ന് കൊന്നു.
കരിന്തിരി കണ്ണന്‍ നായര്‍ :
കുറുമ്പ്രാന്തിരി വാണവരുടെ പൈക്കിടാങ്ങളെ കശാപ്പ് ചെയ്തു പശുക്കളെ വകവരുത്താനിറങ്ങി അവരാല്‍ കൊല ചെയ്യപ്പെട്ട തെയ്യമാണ്‌ കരിന്തിരി കണ്ണന്‍ നായര്‍. പുലി തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നുണ്ട്.
പുലികളെ വക വരുത്തുവാന്‍ പോയ നായരെ കാണാതെ പരിഭ്രമിച്ച വാണവര്‍ തന്റെ ഇഷ്ടദേവിയായ രാജ രാജേശ്വരി തുളൂര്‍ വനത്ത് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി പുലികണ്ടന്‍ പരമേശ്വരന്‍ ആണെന്നും പരമേശ്വരനാല്‍ കൊല്ലപ്പെട്ട കരിന്തിരി കണ്ണന്‍ നായര്‍ ദൈവക്കരുവായെന്നും എന്റെ അരികത്ത് ഒരു ദൈവ മന്ദിരം പണിത് അവിടെ കുടിയിരുത്തിയാല്‍ കഷ്ട ദോഷങ്ങള്‍ അകലുമെന്നും വാണവരോട് പറഞ്ഞുവത്രേ. ദേവിയുടെ അരുളപ്പാടു സ്വീകരിച്ചു വാണവര്‍ അവിടെ ക്ഷേത്രം പണിയുകയും ദൈവക്കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു.
കരിന്തിരി കണ്ണന്‍ നായര്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ljdRlNCYacw
കടപ്പാട്: സതീഷ്‌ കുമാര്‍
പുലികണ്ടന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=K96uensy6Vs
കടപ്പാട്: കേരള ടൂറിസം
പുലിമാരുതന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=RLCgLL0dnio
കടപ്പാട്: കേരള ടൂറിസം
പുലിയൂര്‍ കണ്ണന്‍ തെയ്യത്തിന്റെ വെള്ളാട്ടം കാണാന്‍:
http://www.youtube.com/watch?v=TwJq7YEgJdk
Source: theyyam ritual (vengara.com)
പുലിയൂര്‍ കണ്ണന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=KRMb2pqGGuU
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
രാമപുരം പുലിദൈവ ക്ഷേത്രം (രാമരം): പുലി ദൈവങ്ങള്‍ തുളുവനം ഭഗവതിയെ നായനാര്‍ ആയി സ്വീകരിച്ചു തുളുവനത്ത് പ്രതിഷ്ഠ നേടി. ഒരു കളിയാട്ട സമയത്ത് തുളുവനത്ത് ഭഗവതിയെ തൊഴാന്‍ വന്ന കാരിയത്ത് മൂത്ത തണ്ടയാന്റെ ഭക്തി കൊണ്ട് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലി ദൈവങ്ങള്‍ രാമപുരത്തേക്ക് (രാമരത്തേക്ക്) എഴുന്നെള്ളി. കാടുകളും പുഴകളും കുന്നുകളും താണ്ടി രാമപുരമെന്ന സ്ഥലമെത്തിയപ്പോള്‍ തണ്ടയാന്റെ കുട താനേ നൃത്തമാടാന്‍ തുടങ്ങിയത്രേ. കാരണമറിയാന്‍ ജ്യോതിഷ പ്രശ്നം നടത്തിയപ്പോള്‍ കുടയുടെ മുകളില്‍ എട്ട് ദൈവങ്ങള്‍ ഉണ്ടെന്നും ആ ദൈവങ്ങള്‍ക്ക് അവിടെ ഒരു ക്ഷേത്രം പണിയണമെന്നും പുലി ദൈവങ്ങളെ അവിടെ കുടിയിരുത്തണമെന്നും പറഞ്ഞു. രാമപുരത്ത് നിന്ന് പുലി ദൈവങ്ങള്‍ കണ്ടോത്ത് മേലേടത്ത് തറവാട്ടില്‍ കുറുമ്പകാവില്‍ മുമ്പേതുമായി ശേഷിക്കപ്പെട്ടു.
ഈ സ്ഥലത്തിനു പുറമേ പുലി ദൈവങ്ങള്‍ താമസിച്ചിരുന്ന ഒരിടമാണ് പനയന്തട്ട നായരുടെ വീട്. പക്ഷെ ഇവിടെ പുലി ദൈവങ്ങളുടെ ചേഷ്ടകള്‍ അവര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നുവത്രേ. അത് കൊണ്ട് ഒരു ഉത്സവകാലം മുച്ചിലോട്ട് ഭഗവതിയോട് നായര്‍ പുലി ദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെടുകയും അത് പ്രകാരം പുലിദൈവങ്ങളെ പ്രതിഷ്ടിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടതു ഭാഗത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവത്രേ. അതോടെ മുച്ചിലോട്ട് കാവിലെ സജീവ സാന്നിധ്യമായി പുലിയൂര്‍ കണ്ണനും പുലിയൂര്‍ കാളിയും. എണ്ണയാട്ടുന്ന ചക്കാളങ്ങളില്‍ പുലിയൂര്‍ കണ്ണനെ വാണിയര്‍ പ്രത്യേകം ആരാധിക്കുന്നു. അത് കൊണ്ട് തന്നെ പുലിയൂര്‍ കണ്ണനും വാണിയരുടെ തെയ്യമാണ്‌ എന്ന് പറയാറുണ്ട്‌.
പുലിയൂർകാളിയും ഐവര്‍ പരദേവതകളും
പുലികണ്ടന്റെയും (ശിവന്‍), പുള്ളികരിങ്കാളി (പാര്‍വതി)യുടെയും മകളായ പെണ്‍പുലിയാണ് പുലിയൂര്‍ കാളി. വളരെയധികം രൌദ്രഭാവമുള്ള തെയ്യമാണിത്. സാധാരണയായി ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പുലിയൂര്‍ കാളി തെയ്യത്തെ ഉപദേവത സ്ഥാനത്ത് ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്. ചിലയിടങ്ങളില്‍ അമ്മയും മകളുമായി പുള്ളികരിങ്കാളിയെയും പുലിയൂര്‍ കാളിയെയും ഒന്നിച്ചു കെട്ടിയാടിക്കാറുണ്ട്. ഇതില്‍ അമ്മ തെയ്യം(പുള്ളികരിങ്കാളി) വലിയ തമ്പുരാട്ടി എന്നും മകള്‍ തെയ്യം (പുലിയൂര്‍ കാളി) ചെറിയ തമ്പുരാട്ടി എന്നും അറിയപ്പെടുന്നു. ചിലയിടങ്ങളില്‍ പുലിയൂര്‍ കണ്ണനും, പുലിയൂര്‍ കാളിയും മാത്രം കോലമുണ്ട്. പുലിയൂര്‍ കാളിയുടെ നൃത്തചുവടുകള്‍ വളരെ മനോഹരമാണ് ആ തിരുനൃത്തം കാണുന്നത് പോലെ തന്നെ ആസ്വാദ്യകാരമാണ് വട്ടമുടി വെച്ചുള്ള ദേവിയുടെ നിര്‍ത്താതെയുള്ള കറക്കവും. തിരുമുടി നിലത്ത് മുട്ടിക്കുന്ന രീതിയിലുള്ള തിരുമുടി വണക്കവും നയനാനന്ദകരമാണ്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.
എന്നാല്‍ മറ്റുള്ള തെയ്യങ്ങള്‍ അങ്ങിനെ പ്രത്യേകം കോലമായി കെട്ടാറില്ല. പുലി ദൈവങ്ങളെ മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങളെ ഐവര്‍ പരദേവത ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു.
പുലിയൂര്‍ കാളി തെയ്യത്തെ കാണാന്‍:
http://www.youtube.com/watch?v=ZHOd-UF1uq0
 &http://www.youtube.com/watch?v=oguti0h_8Ck
കടപ്പാട്: പ്രിയേഷ് എം.ബി.
പുലിമറഞ്ഞ തൊണ്ടച്ചന്‍ (കാരിഗുരിക്കള്‍):
പുലയര്‍ കെട്ടിയാടുന്ന ഈ തെയ്യത്തെക്കുറിച്ചു വിശദമായി അവരുടെ തെയ്യങ്ങളുടെ കൂട്ടത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ തെയ്യത്തിനും പുലിയുമായി ബന്ധമുണ്ട്.
പുലിച്ചാമുണ്ടി:
പാണന്‍മാര്‍ തുളുവത്തി മാതു എന്ന തീയ്യ സ്ത്രീയെ അനുസ്മരിച്ചു കൊണ്ട് കെട്ടിയാടുന്ന തെയ്യമാണ്‌ പുലിച്ചാമുണ്ടി. ഈ തെയ്യം കോപ്പാളരും കെട്ടിയാടാറുണ്ട്.ഗര്‍ഭിണിയായ മാതു അരുവന്‍ചാലില്‍ നീരാടാന്‍ പോകുമ്പോള്‍ വഴിയില്‍ കുറുവക്കാട്ടില്‍ താളിയോടിക്കവേ ഒരു പുലി അവളെ കടിച്ചു കൊന്നു. നാലങ്ങിളമാര്‍ക്ക് കൂടിയുള്ള ഒരേയൊരു പെങ്ങള്‍ ചിതയില്‍ വെന്തെരിയുന്നത് കണ്ട ആങ്ങിളമാര്‍ കുലദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചപ്പോള്‍ കളരി ദേവത മാതുവിനെ ദൈവക്കോലമാക്കി. അങ്ങിനെ അവള്‍ പുലിച്ചാമുണ്ടി എന്ന പേരില്‍ ആരാധ്യ ദേവതയായി.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ