2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 40

തെയ്യച്ചരിത്രം 40

ഊര്‍പഴശ്ശി, ഊര്‍പഴച്ചി, മേലൂര്‍ ദയരപ്പന്‍ (ദൈവത്താര്‍):
മേലൂര്‍ കോട്ടയിലെ മേലൂരിളം കന്യാവിന് വിഷ്ണു ഭഗവാനില്‍ ഉണ്ടായ പുത്രനാണ് മേലൂര്‍ ദയരപ്പന്‍ എന്ന ഊര്പ്പഴശ്ശി ദൈവം. വേട്ടയ്ക്കൊരു മകന്റെ ഉറ്റ ചങ്ങാതിയാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യ പ്രഭു എന്നാണ് ഈ തെയ്യത്തെ സംബോധന ചെയ്യുന്നത്. വേട്ടയ്ക്കൊരു മകനെ നടന്നു വാഴ്ചയെന്നും ഊര്‍പഴച്ചിയെ ഇരുന്നു വാഴ്ചയെന്നും പറയാറുണ്ട്‌. വേട്ടയ്ക്കൊരു മകനെ അഭിമാന്യ പ്രഭു എന്നാണു നായന്മാര്‍ വിളിച്ചു വരുന്നത്. രാമവതാരമോ മത്സ്യാവതാരമോ അല്ലാത്ത ഊര്‍പഴശ്ശി ദൈവത്തെയും ഗ്രാമീണര്‍ ഭക്തിപ്പൂര്‍വ്വം ദൈവത്താര്‍ എന്നാണു വിളിക്കുന്നത്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
ദിവ്യാത്ഭുത ശക്തികള്‍ പ്രകടിപ്പിച്ച ഈ കുട്ടി കാച്ചികുടിക്കാന്‍ പാല്‍ നല്‍കാതിരുന്ന ചീരുവമ്മയെയും (അക്കമ്മയെയും) ആഭരണമുണ്ടാക്കുന്നതില്‍ നിന്നും സ്വര്‍ണ്ണം തട്ടിയ തട്ടാനെയും ശിക്ഷിച്ചു. ഗുരുവിനെ കുത്തിക്കൊന്നു. ഇതേക്കുറിച്ച് ചോദിച്ച അമ്മയ്ക്ക് നേരെ കഠാരയെറിയാനും ദയരപ്പന്‍ തയ്യാറായി. ചിത്രതൂണ്‍ മറഞ്ഞു നിന്നതിനാലാണ് അമ്മ അതില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ തനിക്ക് അവകാശപ്പെട്ട അങ്കവും ചുങ്കവും കയ്യടക്കി വെച്ചിരുന്നവരെയെല്ലാം ദയരപ്പന്‍ കഠാര തറച്ചു കൊന്നു. അങ്ങിനെ മുപ്പത്താറു വയസ്സ് പിന്നിടുമ്പോഴേക്കും അറുപത്തി നാല് കൊലപാതകം ചെയ്ത വീരനായി വാഴ്ത്തപ്പെട്ടു.
പിന്നീടാണ് ദയരപ്പന്‍ ചുരിക കെട്ടി ചേകോനായതും ബാലുശ്ശേരി കോട്ടയിലേക്ക് പോകുന്നതും ചങ്ങാതി വേട്ടക്കൊരു മകനെ കാണുന്നതും. മേലൂരില്‍ തിരിച്ചെത്തിയ ദയരപ്പനെ പെറ്റമ്മയും വിഷ്ണു ഭഗവാനും അരിയിട്ടു വാഴിച്ചു. അമ്മയുടെ അനുഗ്രഹത്തോടെ പഴയ നാട്ടറുപതു കുറുപ്പന്‍മാര്‍അകമ്പടിയോടെ ഊര്‍പ്പഴശ്ശിക്കാവില്‍ പട്ടം കെട്ടി കിരീടം ചൂടിയ ദയരപ്പന്‍ ഒരു വ്യാഴവട്ടക്കാലം (പന്ത്രണ്ടു വര്ഷം) നാട് ഭരിച്ചു. പിന്നീട് മേലൂർ കോട്ട, കീക്കിലൂർ കോട്ട, കീഴ്മാടം, പുഷ്പവള്ളിക്കളരി, മതിരങ്ങോട്ട് മാടം, കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്ക്കധിപനായി പന്ത്രണ്ടു കൊല്ലം വാണതായി തോറ്റം പാട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കാലം ഊര്പ്പഴശ്ശി കാവില്‍ നിന്നതിനാലാണ് ഊര്പ്പഴശ്ശി ദൈവം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
ഈ തെയ്യത്തിന്റെ (ഊര്‍പഴശ്ശി തെയ്യത്തിന്റെ) സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന ഒരു നായാട്ടു ദേവതയാണ് പുതിച്ചോന്‍ തെയ്യം. എന്നാല്‍ ഇത് അര്‍ജ്ജുനനു പ്രത്യക്ഷനായ കിരാത മൂര്ത്തിയാണെന്നും കൂടെ കെട്ടി പുറപ്പെടുന്ന പൂളോന്‍ തെയ്യം അര്‍ജുനനാണെന്നും അതല്ല കുറുന്തില്‍ പൊതുവാള്‍ക്ക് കാട്ടില്‍ പ്രത്യക്ഷനായ ദിവ്യ ദേവനാണെന്നും വിശ്വാസമുണ്ട്‌.
ശ്രീ ഊര്‍പഴശ്ശി കാവ് (ഊര്‍പഴച്ചി കാവ്‌) കണ്ണൂര്‍ തലശ്ശേരി റോഡില്‍ ഇടക്കാട്‌ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. അതിപുരാതനമായ ഈ കാവ് ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം പുരാണങ്ങളിലും. ഊരില്‍ പഴകിയ ഈച്ചില്‍ കാവ് അഥവാ ഊരില്‍ പഴകിയ അച്ചി കാവ് എന്നതാണ് പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കാളി ദേവി (പാര്‍വതി) തന്റെ കറുപ്പ് നിറം മാറിക്കിട്ടാന്‍ വേണ്ടി ഒറ്റക്കാലില്‍ നൂറിലധികം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനനടത്തി ബ്രഹ്മാവില്‍ നിന്ന് താമരയുടെ നിറം നേടിയ സ്ഥലം കൂടിയാണിത്. അങ്ങിനെ കാളി (കറുപ്പ് നിറത്തില്‍) നിന്ന് താമരയുടെ നിറത്തില്‍ ഗൌരിയായി മാറി. ഒപ്പം ബ്രഹ്മാവ്‌ ദേവി ഈ ഊരിന്റെ ദേവിയായി ആരാധിക്കപ്പെടും എന്നും അനുഗ്രഹം നല്‍കിയത്രെ. ശിവന്‍ ഒരിക്കല്‍ ദേവിയുടെ നിറത്തെപ്പറ്റി കളിയാക്കിയത് കൊണ്ടാണ് പാര്‍വതി ഇതിനു തുനിഞ്ഞത്. ഈ ക്ഷേത്രത്തിലാണ് പരശുരാമന്‍ പില്‍ക്കാലത്ത് വിഷ്ണുവും ശിവനും ഒന്നിച്ചു ഉള്ള ദൈവത്താറും വേട്ടക്കൊരുമകനും പ്രതിഷ്ഠിച്ചത്. അങ്ങിനെ ശിവ-വൈഷ്ണവ-ശക്തി കേന്ദ്രമായി ഈ കാവ് മാറി. ഇവിടെ വെച്ചാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ ശൌര്യ വീര്യ കോപാദികള്‍ ഊര്‍പ്പഴശ്ശി ദൈവത്താര്‍ ശമിപ്പിച്ചത്. ഇവിടുത്തെ മേലെകോട്ടത്തിലാണ് തൊണ്ടച്ചന്‍ ദൈവം ഇരിക്കുന്നത്. ശിവനും വിഷ്ണുവും ഗുരുവും വൈദ്യനുമായി ഒറ്റരൂപത്തില്‍ ഉള്ളത് ഇവിടെയാണ്. ഈ ദൈവം ക്ഷേത്രപാലന്‍ എന്നും അറിയപ്പെടുന്നു.
ഊര്പ്പഴച്ചിയുടെ വെള്ളാട്ടം വീഡിയോ കാണുവാന്‍ :
http://www.youtube.com/watch?v=7LQcfxE7LM8
കടപ്പാട്: രജീഷ്
ഊര്പ്പഴച്ചിയുടെയും വേട്ടക്കൊരു മകന്റെയും തെയ്യങ്ങളുടെ വീഡിയോ കാണുവാന്‍ :
http://www.youtube.com/watch?v=CV9wAFJLio4
കടപ്പാട്: കേരള ടൂറിസം
വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം):
ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്‍ന്ന്‍ കുപിതനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോള്‍ അതില്‍ നിന്ന് ഉണ്ടായതാണ് വൈരജാതന്‍ (വൈരിഘാതകന്‍) എന്നാണ് വിശ്വാസം. വീര ഭദ്രന്‍ എന്നും ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. അത് പോലെ രക്തജാതനെന്നും വമ്പന്‍ തമ്പുരാനെന്നും വൈരജാതന്‍ അറിയപ്പെടുന്നു. നായന്മാരുടെ മറ്റൊരു പ്രധാന ദൈവമാണ് ഈ തെയ്യം. തന്റെ സഹോദരിയായ കാളിയെയും കൂട്ടി ദക്ഷന്റെ യാഗശാല തീവെച്ചു നശിപ്പിക്കുകയും ദക്ഷന്റെ കഴുത്തറക്കുകയും ചെയ്ത വൈരജാതനീശ്വരനെ സന്തുഷ്ടനായ പിതാവ് ശിവന്‍ ഭൂമിയിലേക്ക് ക്ഷേത്ര പാലകന്റെയും വേട്ടയ്ക്കൊരു മകന്റെയും സഹായത്തിനായി അയച്ചു. ഇവര്‍ മൂവരും കൂടിയാണ് എന്‍വാഴി പ്രഭുക്കന്മാരെ യുദ്ധത്തില്‍ കീഴടക്കി കോലത്തിരി രാജാവിന് അള്ളടം നാട് നേടിക്കൊടുത്തത്.
വൈരജാതന്റെ തെയ്യത്തിന്റെ ആരൂഡം മാടത്തിലാണ്. രണ്ടോ മൂന്നോ വര്ഷം കൂടുമ്പോഴാണ് ഈ തെയ്യം കെട്ടിയാടുക. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങി നിറഞ്ഞവര്‍ പരിഭ്രാന്തരാവാറുണ്ട്. പീഠത്തില്‍ കയറി വിളിച്ചുണര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ ഉന്മാദാവസ്ഥയാണ്. പൊതച്ച മുടിയും മുഖത്തെഴുത്തും ഉള്ള തെയ്യത്തെപ്പോലെ വെള്ളാട്ടവും വാളും പരിചയമായി പാഞ്ഞിറങ്ങി ആളുകളെ പരിച കൊണ്ട് തട്ടാന്‍ തുടങ്ങും. അത് കൊണ്ട് വൈരജാതന്റെ വെള്ളാട്ടത്തെ ആളുകള്‍ തട്ടും വെള്ളാട്ടം എന്നാണു പറയുക. തെയ്യത്തെ തട്ടും തെയ്യമെന്നും പറയും. വൈരജാതന്റെ തട്ട് കിട്ടിയാള്‍ അടുത്ത കളിയാട്ടത്തിനു മുമ്പേ പ്രാണന്‍ വെടിയും എന്നൊരു വിശ്വാസം നിലവിലുള്ളത് കാരണമാണ്‌ തട്ട്കൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ രൌദ്രഭാവം മാറിയാല്‍ പിന്നെ തെയ്യം ശാന്തനായി മാറും.
കാസര്‍ഗോഡ്‌ ജില്ലയിലെ ചെറുവത്തൂര്‍ കമ്പിക്കാത്തിടം മാടത്തിലാണ് (തറവാട്ടിലാണ്) ഈ ദൈവം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പിലാത്തറയിലും തൃക്കരിപ്പൂര്‍ തങ്കയം മാടത്തിന്‍ കീഴ് കാവിലുമാണ് വൈരജാതനെന്നും വീരഭദ്രനെന്നും പേരുള്ള ഈ തെയ്യവും വെള്ളാട്ടവും കെട്ടിയാടുന്നത്‌. വീരഭദ്രന്റെ പള്ളിയറയെ മാടം എന്ന പേരിട്ടാണ്‌ വിളിക്കുന്നത്‌. കരണമൂര്‍ത്തി എന്ന ആചാരപ്പേരുള്ള വണ്ണാനാണ് അതിവീരശൂര പരാക്രമിയായ ഈ ശിവാംശദേവനെ കെട്ടിയാടാന്‍ അവകാശമുള്ളയാള്‍.
വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം കാണുവാന്‍:
http://www.youtube.com/watch?v=dApMN2nPNF4
http://www.youtube.com/watch?v=gcB05zednYk
കടപ്പാട്: കേരള ടൂറിസം

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ