2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 9

തെയ്യച്ചരിത്രം 9

യുദ്ധ ദേവതകള്‍:
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുര കുലാന്തകിമാരാണെന്നത് പോലെ തന്നെ ഭൂമിയിലുള്ള പല വഴക്കുകളിലും പങ്കെടുത്തവരാണ് എന്നാണു വിശ്വാസം. അങ്കകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീ ദേവതകളും ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരു മകന്‍, പട വീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷ ദേവതകളും ഇങ്ങിനെ പടകളില്‍ പങ്കെടുത്തവരാണത്രെ!!
ഉറഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ. അത് കൊണ്ട് ഇവരെ മൃഗദേവതകളുടെ ഗണത്തിലും പെടുത്താവുന്നതാണ്.
ചാമുണ്ഡി (കാളി), രക്ത ചാമുണ്ഡി (ഉതിരചാമുണ്ടി):
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗാഭഗവതിയുടെ കണ്ണിൽ നിന്നും അവതരിച്ച കാളികയാണ് ചാമുണ്ഡി. ഇതേ ദേവി രക്തബീജനേയും നിഗ്രഹിക്കയാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. ഇതേ രൂപത്തിൽ മറ്റൊരു സാഹചര്യത്തിലും ശക്തിമാതാവ് ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. രുരുവിന്റെ ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി കാളിയായ ദേവി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത കാളി ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്.
പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി. ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. മലവെള്ളം പ്രളയം വിതച്ച നാട്ടില്‍ പട്ടിണി നടമാടിയപ്പോള്‍ നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്‍ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്‍ അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്‍ ആണ്ടാര്‍ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്‍ കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്‍ പൂജിചിരുത്തി. ദാഹം തീര്‍ക്കാന്‍ കൊടുത്ത ഇളനീര്‍ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്‍ വട്ടം തനിക്കു കുടി കൊള്ളാന്‍ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്‍ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്‍ രക്തചാമുണ്ടി പൂജാപൂക്കള്‍ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.
ത്രിലോക വിക്രമനായ ശംഭാസുരന്റെ ചിതയില്‍ നിന്ന് ഉത്ഭവിച്ച രണ്ടു മഹാ പരാക്രമികളായിരുന്നു മഹിശാസുരനും രക്തബീജാസുരനും. പടക്കളത്തില്‍ ശത്രുവിന്റെ ശരങ്ങള്‍ ഏറ്റ് ഉണ്ടാകുന്ന മുറിവില്‍ നിന്നും വീഴുന്ന ഓരോ രക്ത തുള്ളിയില്‍ നിന്നും അനേകം രണശൂരന്മാര്‍ ജനിച്ചു അവനു വേണ്ടി പോരാടുമെന്ന ഒരു വരം തപസ്സു ചെയ്തു പരമശിവനില്‍ നിന്നും രക്തബീജാസുരന്‍ നേടിയിരുന്നു. ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പാര്‍വതി സംഭവയായ മഹാകാളി രക്തബീജാസുരന്റെ തലവെട്ടി വേതാളത്തിന്റെ മുന്നിലിട്ടു. ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരിക്കുടിച്ചു. നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്തചാമുണ്ടിയായി അറിയപ്പെട്ടു.
ഉതിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാല്‍ ഉതിരചാമുണ്ടി എന്നും ദേവത അറിയപ്പെടുന്നു. നീലംകൈചാമുണ്ഡി, രക്ത്വേശരി, കുപ്പോള്‍ ചാമുണ്ഡി, ആയിരം തെങ്ങില്‍ ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കുതിരകാളി, പെരിയാട്ട് ചാമുണ്ഡി, കാരേല്‍ ചാമുണ്ടി, ചാലയില്‍ ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, വീരചാമുണ്ടി എന്നിങ്ങനെ ഈ ദേവതക്ക് നാമ ഭേദങ്ങള്‍ ഉണ്ട്.
രക്തചാമുണ്ടി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=vJhXqlIgPt4
Source: theyyam ritual (vengara.com)
കുണ്ടോറചാമുണ്ഡി
ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ദേവിയുടെത്. വേലന്‍മാര്‍ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ഈ ദേവി.
യുദ്ധ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്.
ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തില്‍ അവതാരമെടുത്ത് അസുര നിഗ്രഹം നടത്തിയത്രേ. അതില്‍ പ്രാധാനപ്പെട്ട ഒരു അവതാരമൂര്‍ത്തിയാണ് ദേവി കൌശികി. ആ കൌശികി ദേവിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി ദേവതാ സങ്കല്‍പ്പത്തിലുള്ള തെയ്യക്കോലമാണ് കുണ്ടോറ ചാമുണ്ഡി. ദാരികാസുരനെ വധിച്ച കാളി തന്നെയാണ് കുണ്ടോറ ചാമുണ്ഡി എന്നും പറയപ്പെടുന്നു. ഈ ചാമുണ്ഡി ദാരിക പത്നി കാലകേയി പോന്മകളോടു ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്രസ്വരൂപിണിയായി അസുരനോട് ഏഴു രാപ്പകല്‍ പോരാടിയശേഷം എട്ടാം ദിവസം വേതാളം വിരിച്ച നാക്കില്‍ കിടത്തി ദാരികനെ മുടിയെപ്പിടിച്ച് കൊരല്‍ അറുത്ത് കൊല്ലുകയായിരുന്നുവത്രേ.
ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീര്‍ഥങ്ങളായ പക്ഷി തീര്‍ഥവും കുക്ഷ തീര്‍ഥവും നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാല്‍ കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തിയെന്നും അപ്പോള്‍ അവിടെ മറുകരയില്‍ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കര്‍മ്മങ്ങളിലും കാളി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ്‌ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടക്കുകയും ചെയ്തുവത്രേ.
ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് വരും വഴി മരത്തണലില്‍ പാത്രം വെച്ച് വിശ്രമിച്ചു. കാളി അവരെ ഉറക്കിക്കിടത്തി. കിടാരം പിളര്‍ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ കന്നു കാലികളെ ഒറ്റ രാവില്‍ തിന്നു തീര്‍ത്തു. കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറപ്പന്റെ (ശിവന്റെ) വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രാര്‍ഥിച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയത് പോലെ നിന്നു കണ്ടതിനാല്‍ പറഞ്ഞതിന്‍ പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്‍കി. അങ്ങിനെ കാളി അവിടെ സ്ഥാനം പിടിച്ചു. അങ്ങിനെ ചാമുണ്ടിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു.
പിന്നീട് അവിടുന്നു തെക്കോട്ടേക്ക് യാത്ര തിരിച്ച കാളി കീഴൂര്‍ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത് നിന്നിട്ടും കീഴൂര്‍ ശാസ്താവ് ദേവിക്ക് വഴി കൊടുക്കാത്തതില്‍ കോപാകുലയായ കാളി നാട്ടില്‍ അനര്‍ത്ഥങ്ങള്‍ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം മണല്‍ വിരിച്ച് കമ്പക്കയര്‍ തീര്‍ത്ത് കാണിച്ചതിനെ ക്കുറിച്ച് ഇങ്ങിനെ പറയുന്നു. പതിനാറ് മുഴമുള്ള മണല്‍ കൊണ്ട് കമ്പയത് കയറാക്കിപ്പിരിച്ചു മണലും തൂറ്റിപ്പാറ്റിയത് കണ്ടു അതിശയിച്ചിട്ടാണ് കീഴൂരപ്പന്‍ വഴി പകര്‍ന്നു നല്‍കുകയും നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിക്ക് നീ കന്നിരാശി പരദേവത എന്ന് അനുഗ്രഹിക്കുകയും ചെയ്തത്രേ. അങ്ങിനെ ദേവി തുളുനാട് കടന്ന്‍ മലനാട്ടില്‍ കോലത്തിരി രാജാവിന്റെ അടുത്ത് എത്തി. അവിടെ ദേവിക്ക് കോല രൂപവും ഗുരുതി, കലശം എന്നിവയും നല്‍കി. അതില്‍ സംപ്രീതയായ ദേവി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് കോലത്ത് നാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.
ഇതില്‍ നിന്ന് അല്‍പ്പം ഭിന്നമായ ഒരു കഥ താഴെ കൊടുക്കുന്നു.
ദാരികാസുരനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയില്‍ പോയ കാളി അവിടെ താമസിക്കുവാന്‍ തുടങ്ങിയത്രേ. അങ്ങിനെ ഒരിക്കല്‍ കുണ്ടൂര്‍ തന്ത്രി കാവെരിയമ്മയെ ഭജിക്കാനായി അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് പുറപ്പെട്ടു.അവിടെ കുണ്ടോറപ്പന്റെ (ശിവന്റെ) അമ്പലത്തില്‍ താമസിക്കാന്‍ തുടങ്ങിയ കാളിയെ കുണ്ടോറപ്പന്‍ വര്‍ഷങ്ങളായി വേലക്കാരിയാക്കി വെച്ചുവെന്നും പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവന്‍ മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലമൊരുക്കുകയും ചെയ്തുവത്രേ. കുണ്ടൂര്‍ തന്ത്രിയുടെ കൂടെ കോലത്ത് നാട്ടിലേക്ക് വന്നത് കൊണ്ട് കുണ്ടൂര്‍ ചാമുണ്ഡിയെന്നു വിളിക്കുന്നു.
ഈ തെയ്യത്തിന്റെ പുറപ്പാട് (തെയ്യം കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങ്) കുണ്ടാടി ചാമുണ്ടിയുടെ ഇളം കോലമാണ്. കത്തിജ്ജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്നത് ഈ ഇളങ്കോലമാണ്. എന്നാല്‍ മോന്തിക്കോലം എന്ന ചടങ്ങ് കുണ്ടാടി ചാമുണ്ഡി കുണ്ടോറപ്പന്റെ വേലക്കാരിയായിരുന്ന കാലത്തെ കാണിക്കുന്നതാണ്.
വേലന്‍മാര്‍ ആണ് ഈ തെയ്യം കെട്ടിയാടുന്നത്‌. തുളു തോറ്റമാണ്‌ ഈ തെയ്യത്തിനു ആദ്യം പാടുന്നത്. അതിനു ശേഷമാണ് പുരാവൃത്ത ഗീതം. ഈ ദേവിയുടെ പരിവാര ദേവതയാണ് തുരക്കാരത്തി തെയ്യം. വേലന്‍മാര്‍ തന്നെയാണ് ഈ തെയ്യത്തെയും കെട്ടിയാടുന്നത്‌. മറ്റൊരു പരിവാര ദേവതയാണ് മോന്തിക്കോലം. കുണ്ടോറപ്പന്റെ ദാസിയാണ് ഈ ദേവി.
കുണ്ടോറ ചാമുണ്ഡി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=g3DjlRHwIEg
http://www.youtube.com/watch?v=ICsLIHaxh2o
http://www.youtube.com/watch?v=9enNOXI2P7o
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ