2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 28

തെയ്യച്ചരിത്രം 28

അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും):
അണ്ടലൂര്‍ കാവില്‍ അണ്ടലൂര്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന അങ്കക്കാരന്‍ തെയ്യം ലക്ഷ്മണനാണ്.വെള്ളിയില്‍ തീര്‍ത്ത മുടിയാണ് അങ്കക്കാരന്‍ അണിയുന്നത്. രൌദ്ര ഭാവം പ്രകടമാക്കുന്ന കടും കറുപ്പ് നിറത്തിലുള്ള മുഖത്തെഴുത്താണ് ഈ തെയ്യത്തിന്റെത്. ഈ തെയ്യത്തിന്റെ കൂടെ കെട്ടിയാടിക്കുന്ന ദൈവമാണ് ഹനുമാന്‍ സങ്കല്‍പ്പത്തിലുള്ള പപ്പൂരന്‍ തെയ്യം.
അങ്കക്കാരനും ബപ്പൂരാനും തെയ്യം വീഡിയോ കാണാന്‍:
http://www.youtube.com/watch?v=yqp0z-2gjcM
കടപ്പാട്: നന്ദകുമാര്‍ കോറോത്ത്
അങ്കക്കാരന്‍:
കടത്തനാട്ടു സ്വരൂപത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ മുന്നൂറ്റാന്‍മാര്‍ കെട്ടിയാടിക്കാറുള്ള തിറയാണ് അങ്കക്കാരന്‍. തീയ സമുദായക്കാരുടെ ആരാധനാ മൂര്ത്തികളില്‍ ഒന്നാണിത്. മറുതോലയുമായുള്ള പോരാട്ടം ഇതിന്റെ ഒരു സവിശേഷതയാണ്. പയ്യൂര്‍ മലകളില്‍ വെച്ച് അങ്കക്കാരന്‍ മറുതോലയായ (ശത്രുവായ) കേളുവിനെ പരാജയപ്പെടുത്തുന്നു. അതിനു ശേഷം കേളു മുന്ന് തവണ ഒളിച്ചിരുന്നപ്പോള്‍ മൂന്നാം വട്ടം കേളുവിനെ കണ്ടെത്തുകയും കൊല്ലുകയും ചെയ്യുന്നു. തെയ്യം കെട്ടുമ്പോള്‍ മറുതോലയായി ചുവന്ന നെറ്റിപ്പട്ടം കെട്ടിയ ഒരാള്‍ വാളുമായി വരും. അവരില്‍ നിന്നും വാള് വാങ്ങി അങ്കക്കാരന്‍ പരാജിതനെ കൊല്ലുന്നതായി കാണിക്കും. അങ്കക്കാരന്‍ എന്ന് പറഞ്ഞാല്‍ തന്നെ യുദ്ധം ചെയ്യുന്നവന്‍ എന്നാണര്‍ത്ഥം. പാരമ്പര്യരീതിയിലുള്ള പയറ്റില്‍ ഏര്‍പ്പെടുന്നയാള്‍ എന്നും പറയും. നല്ലൊരു കളരിഅഭ്യാസി കൂടിയായ കോലക്കാരന്‍ കേട്ടിയാലെ ഈ തെയ്യം ശോഭിക്കൂ. ഭക്തര്‍ തങ്ങളുടെ കളവു മുതല്‍ ആഭരണങ്ങള്‍ തുടങ്ങിയവ തിരികെ ലഭിക്കാനും ക്രിമിനല്‍ കേസുകളില്‍ തങ്ങള്‍ക്ക് ജയമുണ്ടാകാനും ഒക്കെ ഈ തെയ്യത്തെ ആരാധിക്കുന്നു.
ചേരമാന്‍ കെട്ടില്‍ പടനായരുടെ സങ്കല്‍പ്പത്തിലുള്ള കരിവഞ്ചാല്‍ ദൈവത്താര്‍ എന്ന തെയ്യത്തെയും അങ്കക്കാരന്‍ എന്ന് പറയാറുണ്ട്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. യുദ്ധ പരാക്രമിയായ ഒരാളുടെ സ്മരണക്ക് വേണ്ടി കെട്ടുന്ന ഒരു തെയ്യമായാണ് ഇതിനെ കണക്കാക്കുന്നത്.
അങ്കക്കാരന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=Xs9WFQQBN_g
കടപ്പാട്: കേരള ടൂറിസം
ബാലി :
ആശാരിമാരുടെ ആരാധാനാമൂര്‍ത്തിയാണ് വാനര രാജാവായ ബാലി. ഈ തെയ്യത്തെ നേരത്തെ പറഞ്ഞ മൃഗദേവതകളുടെ കൂട്ടത്തില്‍ ഉലപ്പെടുത്താവുന്നതാണ്. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. ബാലിയെ ചതിയില്‍പ്പെടുത്തി വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെക്കൊണ്ട് കൊല്ലിക്കുകയായിരുന്നു സഹോദരനായ സുഗ്രീവന്‍. ഇതിഹാസ ഗ്രന്ഥമായ രാമായാണത്തിലെ കഥാപാത്രമാണ് ബാലി.
സൂര്യതേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഇന്ദ്രസഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണണമെന്ന് മോഹം തോന്നി. അങ്ങിനെ വേഷം മാറി സ്ത്രീ രൂപത്തില്‍ ചെന്ന അരുണനെ കണ്ടു ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു.. അതില്‍ അവര്‍ക്കുണ്ടായ പുത്രനാണ് ബാലി. പിന്നീട് വീണ്ടും അരുണന്റെ ഇതേ രൂപം കണ്ടു സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ കാല ശേഷം കിഷ്ക്കിന്ദ ഭരിക്കാന്‍ അന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച ഋഷരചസ്സിന് ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്‍കി. ഏവരെയും അതിശയിപ്പിക്കുന്ന സഹോദര സ്നേഹത്തോടെ അവര്‍ അവിടെ വളര്‍ന്നു. ഋഷരചസ്സിന്റെ മരണശേഷം ബാലി കിഷ്കിന്ധാധിപതിയായി. 
ബാലിയുടെ പ്രത്യേകത ബാലിക്ക് ലഭിച്ച വരമായിരുന്നു. ബാലിക്കെതിരെ യുദ്ദം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നതായിരുന്നു ദേവേന്ദ്രന്‍ നല്‍കിയ ആ വരം. അത് കൊണ്ട് തന്നെ ബാലിയെ യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ച രാവണന്റെ പകുതി ശക്തി കൂടി ലഭിച്ച ബാലി ഒരിക്കല്‍ രാവണനെ വാലില്‍ ച്ചുറ്റിയെടുത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചുവത്രേ. എന്നാല്‍ ഇതേ ബാലിയെ ഹനുമാന്‍ ഒരിക്കല്‍ ദ്വന്ദ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായത്രേ.
ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ തുടങ്ങിയത് രാവണന്‍ ചതിയില്‍ ബാലിയെ വധിക്കാനായി അയച്ച മായാവി എന്ന രാക്ഷസനുമായി (അസുര ശില്‍പ്പിയായ മയന്റെ പുത്രന്‍ മായാവി) യുദ്ധം ചെയ്യാന്‍ രാക്ഷസന്റെ ഗുഹയിലേക്ക് കയറി പോയപ്പോള്‍ ബാലി ഗുഹാകവാടം ബന്ധിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ രാക്ഷസന്റെ മായയാല്‍ തെറ്റിദ്ധരിക്കപ്പെട്ട സുഗ്രീവന്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാകവാടം തുറക്കാതെ പോയത്രേ. അങ്ങിനെ സ്വയം ഗുഹാകവാടം തുറന്ന് പുറത്ത് വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കുകയും ചെയ്തുവത്രേ. ബാലിക്ക് തന്റെ അനുജനായ സുഗ്രീവന്‍ അബദ്ധത്തില്‍ ചെയ്ത തെറ്റ് ക്ഷമിക്കുവാനായില്ല. അങ്ങിനെ മായാവിയുടെ ചതിയില്‍ ബാലിയും സുഗ്രീവനും ശത്രുക്കളായി മാറി. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഋഷ്യമൂകാചാലത്തില്‍ പോയി ഒളിക്കുകയാണുണ്ടായത്. (മുനിമാരുടെ ശാപത്താല്‍ ബാലിക്ക് അവിടെ കയറി ചെല്ലാനാവില്ല. കയറിയാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കുമത്രേ.)
ഇങ്ങിനെ ശത്രുതയിലായ സുഗ്രീവനാണ് സീതയെ അന്വേഷിക്കുന്ന ശ്രീരാമനുമായി സഖ്യത്തിലേര്‍പ്പെടുന്നതും ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ട് ശ്രീരാമനെകൊണ്ട് ബാലിയെ സപ്തസാല വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് ഒളിയെമ്പ് എയ്തു കൊല്ലിക്കുന്നതും തുടര്‍ന്നു കിഷ്കിന്ധയിലെ രാജാവ് ആകുന്നതും. അമ്പേറ്റ് നിലത്ത് വീണ ബാലി താന്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ശ്രീരാമനോട് ചോദിച്ചപ്പോള്‍ സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടി കൊടുത്ത് തന്റെ വിശ്വരൂപം കാട്ടികൊടുത്ത് ബാലിക്ക് മോക്ഷം കൊടുത്തുവത്രെ.
ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ്. വടുക രാജാവ് തന്റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചിരുന്നു. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ത്ഥനയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില്‍ മണ്ണുമ്മല്‍ (മണ്ണുവിങ്കല്‍) തറവാട് പടിഞ്ഞാറ്റയില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് മൊറാഴ, വടക്കും കോവില്‍, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. പൊതുവേ ആശാരിക്ഷേത്രങ്ങളില്‍ മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ബാലി സുഗ്രീവ വധവും മറ്റും ഈ തെയ്യം ആംഗ്യം കൊണ്ട് കാണിക്കും. തലശ്ശേരി അണ്ടലൂര്‍ കാവില്‍ സുഗ്രീവനെ കൂടി കെട്ടിയാടിക്കാറുണ്ട്. ബാലി സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട്.
ബാലി തെയ്യം വീഡിയോ കാണാന്‍;
http://www.youtube.com/watch?v=LHcK6kbgbSs
കടപ്പാട്: പ്രിയേഷ് എം.ബി.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ