2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 30

തെയ്യച്ചരിത്രം 30

പടവീരന്‍:
കതിവന്നൂര്‍ വീരനെ പോലെ കുടകപ്പടയുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച ആളാണ് അച്ചന്‍താറ്റ് കുറുമാടത്തില്‍ കോപ്പള മണിയാണിയുടെ മകന്‍. ഗുരുവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച ഈ വീരന്‍ കുടകപ്പടയുടെ നേരെ ഒരു കൊടുങ്കാറ്റ് പോലെ പാറിപ്പറന്നു പട വെട്ടി പടനടുവില്‍ തന്നെ വീര മൃത്യു വരിച്ച വീരനാണ്. മരണ ശേഷം പടവീരന്‍ തെയ്യമായി.
Padaveeran
http://www.youtube.com/watch?v=TtRou85xyxE
Source: theyyam ritual (vengara.com)
കുടിവീരന്‍:
ഭൂമിയില്‍ ഏറ്റവും വീര്യമുള്ള തറവാട്ടില്‍ ജനിച്ച വീരനാണ് കുടി വീരന്‍. ആയുധാഭ്യാസത്തില്‍ അഗ്രഗന്യനായ വീരന്‍ ശത്രുക്കള്‍ക്ക് ഭയം വിതച്ചും നാട്ടുകാര്‍ക്ക് നന്മ വിതച്ചും ജീവിച്ചപ്പോള്‍ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വര്‍ഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരന്‍ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താന്‍ കടവില്‍ മറഞ്ഞു എന്നും അങ്ങിനെ വീരന്‍ കുടിവീരന്‍ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം.
Kudiveeran Theyyam
http://www.youtube.com/watch?v=Tl7Mk8XO5ic
Source: Travel Kannur
ചാത്തമ്പള്ളി വിഷകണ്ഠൻ:
എല്ലാ വര്‍ഷവും തുലാമാസം പത്താം തീയതി രാവിലെ നാല് മണിക്ക് കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവില്‍ കെട്ടിയാടുന്ന തെയ്യമാണ്‌ ചാത്തമ്പള്ളി വിഷകണ്ഠൻ. വിഷ വൈദ്യ വിശാരദനായ തീയ്യ യുവാവായിരുന്നു ഈ തെയ്യം. തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്ത് നമ്പൂതിരിയുടെ ഇല്ലത്തേക്ക് പോകുന്ന പതിവുണ്ട്. മലബാറില്‍ തെയ്യക്കാലം ആരംഭിക്കുന്നത് ഈ തെയ്യത്തിന്റെ തുടക്കത്തോടെയാണ്. 
കൊളച്ചേരി ദേശത്തെ പ്രമാണിയും പേരുകേട്ട വിഷ വൈദ്യനുമായിരുന്നു കരുമാരത്ത് നമ്പൂതിരി. ഒരിക്കല്‍ അന്നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പ്കടിയേല്‍ക്കുകയും നാട്ടുകാരെല്ലാം ചേര്‍ന്നു അവരെ കരുമാരത്ത് നമ്പൂതിരിയുടെ അടുക്കല്‍ എത്തിക്കുകയും ചെയ്തു. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതിയതിനെ തുടര്‍ന്ന്‍ ബന്ധുക്കള്‍ മൃതശരീരം തിരിച്ചു കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ തീയ സമുദായത്തില്‍പ്പെട്ട കണ്ഠൻ ഈ മൃതശരീരം കാണാനിടയാകുകയും സ്ത്രീയുടെ ശവം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശവം കണ്ടതിനു ശേഷം അത് കുളത്തിലേക്ക് ഇടാന്‍ കണ്ഠൻ ആവശ്യപ്പെടുകയും കുളത്തില്‍ നിന്ന് കുമിളകള്‍ പൊന്തി വരികയാണെങ്കില്‍ പുറത്തെടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. കണ്ഠൻ തെങ്ങിന്റെ മുകളില്‍ കയറി കൊലക്കരുത്ത് എന്നാ മന്ത്രം പ്രയോഗിക്കുകയും മൂന്നാമത്തെ കുമിള പൊന്തിയതിന് ശേഷം സ്ത്രീയെ കരയിലേക്കെടുക്കുകയും സ്ത്രീ എഴുന്നേറ്റിരിക്കുകയും ചെയ്തു.
സ്ത്രീയുടെ ബന്ധുക്കള്‍ കണ്ഠന് പ്രതിഫലം നല്‍കിയെങ്കിലും കണ്ഠന് അതൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‍ അവര്‍ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ഠന് വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശനദിവസം അത് കണ്ഠന് നല്‍കുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ഠനെ വിളിച്ചു വരുത്തുകയും കണ്ഠന് ഇല്ലത്ത് നിന്ന് തിരിയേ പോകും വഴി നമ്പൂതിരിയുടെ കിങ്കരന്മാര്‍ കണ്ഠനെ അറവില പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. 
അറുംകൊല ചെയ്യപ്പെട്ട കണ്ഠന് പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും ഇല്ലത്ത് പ്രശ്നങ്ങള്‍ നേരിടുകയും ചെയ്തപ്പോള്‍ അവര്‍ ജ്യോതിഷിയെ കാണുകയും അവരുടെ നിര്‍ദ്ദേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങിനെയാണ് കണ്ടന്‍ വിഷകണ്ടനായി മാറിയത്.
ചാത്തമ്പള്ളി വിഷകണ്ടന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=9EcWsKewJ1w
കടപ്പാട്: റിനു തെക്കെയില്‍ 
http://www.youtube.com/watch?v=e7JInIC4O4E
കടപ്പാട്: മണി ശരത്
വൈദ്യരച്ചന്‍ തെയ്യം :
വണ്ണാന്‍ സമുദായം കെട്ടിയാടുന്ന തെയ്യമാണ്‌ വൈദ്യരച്ചന്‍ തെയ്യം. രാമന്തളിയിലെ കൊട്ടില വീട് തറവാട്ടിലെ മഹാസിദ്ധനായ കാരണവര്‍ പോയൊളിച്ച പ്രാണനെ വിളിച്ചു വരുത്തുന്ന വൈദ്യശിരോമണി, മന്ത്രമൂര്ത്തികളെ മന്ത്രക്കളത്തില്‍ വരുത്തുന്ന മാന്ത്രികന്‍. പേരെടുത്ത ഈ വൈദ്യര്‍ വൈദ്യനാഥ മൂര്ത്തിയുടെ വലിയ ഭക്തനായിരുന്നു. തന്റെ മൂര്ത്തിയുടെ കല്‍പ്പന ശിരസാ വഹിച്ചു കൊണ്ട് ഗ്രന്ഥമെല്ലാം ചുട്ടെരിച്ചു ആ ഭസ്മം കോരിക്കുടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ ഭക്തന്‍ പിന്നീടു വൈദ്യരച്ചന്‍ തെയ്യമായി ആരാധന നേടി.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ