2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 25

തെയ്യച്ചരിത്രം 25

പൊട്ടൻ തെയ്യം:
ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശ്രീ ശങ്കരാചാര്യരെ പരീക്ഷിച്ച പുരാവൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണ് ഈ തെയ്യമെന്നു ചിലര്‍ വിശ്വസിക്കുന്നു. അത് പ്രകാരം ശങ്കരാചാര്യര്‍ അലങ്കാരന്‍ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിപുരാതനമായ ശങ്കരനാരായണ ക്ഷേത്രത്തില്‍ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ ശങ്കരാചാര്യര്‍ അവിടെ എത്തിച്ചേര്‍ന്നുവെന്നും അവിടെ കൂടിയവരോടു അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവേ അകലെ കുന്നിന്‍ ചെരുവില്‍ ഇരുന്ന് അലങ്കാരന്‍ എന്ന പുലയ യുവാവ് അത് കേട്ടുവെന്നുമാണ് വിശ്വാസം.
പിറ്റേന്ന് പുലര്‍ച്ചെ തലക്കാവേരിയിലെക്ക് പുറപ്പെട്ട ആചാര്യനോട് വഴിയില്‍ നിന്ന് തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്ന ശങ്കരാചാര്യര്‍ സമദര്‍ശിയായി മാറിയെന്നും കീഴ്ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ. ഇതിനുപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പില്‍ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരന്‍ തന്റെ കയ്യിളെ മാടിക്കോല്‍ വഴിയില്‍ കുറുകെ വെച്ച് രണ്ടാക്കിയ വരമ്പാണ്‌ ഇടവരമ്പ് എന്ന സ്ഥലപ്പെരേന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇപ്രകാരമാണ്: ജാതീയ ഉച്ചനീചത്വങ്ങള്‍ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയ ഒരു കീഴ്ജാതിക്കാരന്റെ ഐതിഹ്യമാണ്‌ പൊട്ടന്‍ തെയ്യത്തിനു പിറകിലുള്ളത്. മലയന്‍, പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങി പല സമുദായക്കാരും പൊട്ടന്‍ തെയ്യം കെട്ടാറുണ്ട്. തീയില്‍ വീഴുന്ന പൊട്ടനും, തീയില്‍ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുഴക്കുന്ന ഒരാളെ പൊട്ടന്‍ എന്ന് മുദ്രകുത്തി തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ചു പറഞ്ഞു ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നത് കൊണ്ടും ആയിരിക്കാം ഈ ശൈവ ശക്തിയുള്ള തെയ്യത്തിനു ഈ പേര്‍ വന്നത്.
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന നാട്ടു കവിയാണ്‌ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ അര്‍ത്ഥഭംഗിയുള്ള വരികള്‍ പലതും കൂട്ടി ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കളെ കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ
പിന്നെന്ത് ചൊവ്വര് പിശകനു,
തീണ്ടിക്കൊണ്ടല്ലേ കുലം പിശകന്
എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.
തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേകതകളാണ്. അത് പോലെ സാധാരണ തെയ്യങ്ങള്‍ക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത്‌ ഈ തെയ്യത്തിനില്ല. പകരം മുഖത്ത് നേരത്തെ തയ്യാറാക്കിയ മുഖാവരണം (പാള) അണിയുകയാണ് പതിവ്. വയറിലും മാരിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്നു കറുത്ത വരകളും കാണാം.
ചെമ്പകം, പുളിമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ടു ഉണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലുമാണ് പൊട്ടന്‍ തെയ്യം മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുക. സാധാരണ ഗതിയില്‍ തലേ ദിവസം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് ഈ മേലെരിക്ക് വേണ്ടിയുള്ള മരങ്ങള്‍ കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേ ദിവസം രാവിലെ നാലഞ്ചു മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീരും. ആ സമയത്താണ് പൊട്ടന്‍ തെയ്യം പുറപ്പെടുന്നത്. ഈ സമയത്ത് കനല്‍ മാത്രം ഒരിടത്തും കത്തിക്കൊണ്ടിരിക്കുന്നവ വേറൊരിടത്തും കൂട്ടിയിടും. അതിലാണ് തെയ്യം മാറി മാറി ഇരിക്കുന്നതും കിടക്കുന്നതും.
തീയെ പ്രതിരോധിക്കുന്ന കുരുത്തോല കൊണ്ടുള്ള ഉട ഉണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ള ഒരനുഷ്ടാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും കുളിരണ്, വല്ലാതെ കുളിരണ് എന്നായിരിക്കും പൊട്ടന്‍ തെയ്യം പറയുക. സമൂഹത്തിലെ ജാതി മത വര്‍ണ്ണ വിത്യാസങ്ങള്‍ക്ക് നേരെ പരിഹാസം പ്രധാന ആയുധമാക്കുന്നുണ്ട് പൊട്ടന്‍ തെയ്യം. 
പൊട്ടന്‍ തെയ്യത്തിന്റെ ആയുധം അരിവാളുകളാണ്. ചില തറവാടുകളിലും ഒപ്പം കാവുകളിലും പൊട്ടന്‍ തെയ്യത്തിന്റെയൊപ്പം പൊലാരന്‍ തെയ്യവും കെട്ടാറുണ്ട്. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. പൊട്ടന്‍ തെയ്യത്തിനു നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകള്‍ കൂടെ വയ്കുന്ന പതിവുണ്ട്.
പൊട്ടന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=JO_EepaJ6s8
കടപ്പാട്: പ്രദീഷ് പള്ളം
പൊലാരൻ തെയ്യം:
പൊട്ടന്‍ തെയ്യത്തിന്റെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരന്‍ തെയ്യം. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയില്‍ ഇരിക്കാറുണ്ട്. കൂടാതെ ചില തറവാടുകളില്‍ പൊട്ടന്‍ തെയ്യത്തിന്റെ അമ്മ ദേവതയായി അമ്മ തെയ്യവും കെട്ടിയാടാറുണ്ട്.
കുറത്തി തെയ്യം:
വേലരുടെ ഒരു തെയ്യമാണ് കുറത്തി. എന്നാല്‍ കോപ്പാളന്‍, പുലയന്‍ തുടങ്ങിയ സമുദായക്കാരും കുറത്തി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാര്‍വതി ദേവിയുടെ അവതാരമാണ് കുറത്തി. അനേകം കുറത്തിമാരില്‍ പ്രധാനികളായവര്‍ ഇവരാണ് കുഞ്ഞാര്‍ കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, സേവക്കാരി എന്നിവര്‍.
കുറത്തി തെയ്യം കാണാന്‍:
http://www.youtube.com/watch?v=Knv1JeIhlus
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
http://www.youtube.com/watch?v=jLqeRqjM2as
കടപ്പാട്: കേരള ടൂറിസം
കുഞ്ഞാര്‍ കുറത്തി തെയ്യത്തിന്റെ വീഡിയോ കാണാന്‍ 
http://www.youtube.com/watch?v=bPwRW3TMaYo
Source: theyyam ritual (vengara.com)
ധൂമ്രാ ഭഗവതി:
മന്ത്രമൂര്‍ത്തിയായ ഈ ഭഗവതി ശ്രീ മഹാദേവന്‍ നൃത്താവസാനം ഹോമകുണ്ടത്തെ നോക്കി നീട്ടി മൂന്നു വിളിച്ചപ്പോള്‍ കനലില്‍ നിന്ന് കേറിവന്ന പൊന്മകളാണ് എന്നാണു വിശ്വാസം. ഈ ദേവിക്ക് രക്തചാമുണ്ടി സങ്കല്‍പ്പവുമുണ്ട്. ലോകം മുഴുവന്‍ പിടിച്ചടക്കി ദുര്‍മ്മദം കൊള്ളുന്ന ധൂമ്രാസുരനെ വധിക്കാന്‍ വന്നു പിറന്ന ദേവിയെ ധൂമ്രാഭഗവ്തി എന്ന് ദേവകള്‍ പേരിട്ടു വിളിച്ചതിനാലാണ് ഈ ദേവി ധൂമ്രാ ഭഗവതി എന്ന പേരില്‍ അറിയപ്പെടുന്നത്.
ധൂമ ഭഗവതിയെ കാണാന്‍:
http://www.youtube.com/watch?v=M3BLopAKWI0
കടപ്പാട്: കേരള ടൂറിസം

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ