2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 12

തെയ്യച്ചരിത്രം 12


രോഗ ദേവതകള്‍ : പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു.  രോഗം വിതയ്ക്കുന്നവരാണ് ചീറുമ്പമാര്‍ (മൂത്ത ഭഗവതിയും ഇളയ ഭഗവതിയും). പരമേശ്വരന്റെ നേത്രത്തില്‍ നിന്ന് പൊട്ടിമുളച്ചവരാണത്രേ ഇവര്‍. ചീറുമ്പ മൂത്തവളും ഇളയവളും ആദ്യം വസൂരി രോഗം വിതച്ചത് തമ്മപ്പന് (ശിവന്) തന്നെയായിരുന്നു. ആയിരമായിരം കോഴിത്തലയും ആനത്തലയും കൊത്തി രക്തം കുടിച്ചിട്ടും ദാഹം തീരാത്ത മൂര്‍ത്തികളെ ശിവന്‍ ഭൂമിയിലേക്കയച്ചു.  ചീറുമ്പക്ക് കെട്ടികോലമില്ല. കാവിന്‍മുറ്റത്ത് കളം വരച്ചു പാട്ടുത്സവം നടത്തുകയാണ് പതിവ്.
ഇവരെ  കൂടാതെ രോഗം വിതക്കുന്ന ദേവതയാണ് വസൂരിമാല. 
വസൂരിമാല:
വസൂരി രോഗത്തിനു കാരണമായ ദേവതയാണ് വസൂരിമാല. ദാരികാസുരന്റെ ഭാര്യയായ മനോദരിയാണത്രേ ഈ ദുര്‍ദേവത. ശിവനില്‍ നിന്ന് ലഭിച്ച വിയര്‍പ്പ് മുത്തുകള്‍ തന്റെ ഭര്‍തൃഘാതകിയായ കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോള്‍ കാളിക്ക് മേലാസകലം കുരിപ്പ് വന്നു. കോപാകുലയായ കാളി മനോദരിയുടെ കണ്ണ്‍ കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദന്ധ ദാസിയാക്കി മാറ്റുകയും ചെയ്തുവത്രേ.
വസൂരിമാല തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: വിജയകുമാര്‍, ബ്ലാത്തൂര്‍
തൂവക്കാളി (തൂവക്കാരി):
മഹാച്ചണ്ടികാ ദേവിയുടെ അകമ്പടിക്കാരിയാണ് തൂവക്കാളി. രോഗശമനം വരുത്തുന്ന ദേവതയാണിത്. തൂവക്കാരനും രോഗശമനം വരുത്തുന്ന ദേവതയാണ്.ശിവപുത്രനായ ഈ ദേവത വൈദ്യനാഥ സങ്കല്‍പ്പത്തിലുള്ളതാണ്.
മാവിലന്മാര്‍ അവതരിപ്പിക്കുന്ന ഈ തെയ്യം കുഞ്ഞുങ്ങളെ പിടികൂടുന്ന ദൈവമാണെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഈ ദേവതയെ അകറ്റാന്‍ മൂന്നു ദിവസം സന്ധ്യക്ക് വൈക്കോല്‍ കുഞ്ഞിന്റെ രൂപം ഉണ്ടാക്കി ചിരട്ട മുട്ടി ഒഴിപ്പിച്ച് കുരുതി തര്‍പ്പണം ചെയ്യുന്ന പതിവുണ്ട്. പേടിപ്പെടുത്തുന്ന രീതിയില്‍ ശരീരമാസകലം ചൊറിഞ്ഞു വീര്‍ത്ത് ചൂട് ഉണ്ടാക്കുന്ന രോഗത്തെ (ത്വക്ക് രോഗത്തെ) ഇല്ലാതാക്കുന്നത് തൂവക്കാളിയാണ്.  തൂവക്കാളിയെ തന്നെ തൂവക്കാരി എന്നും വിളിക്കുന്നുണ്ട്.

തൂവക്കാളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍

തൂവക്കാരന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍

(തുടരും,,,,)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ