തെയ്യപ്പെരുമ - 16
വണ്ണാനും മലയനും മറ്റുള്ളവരും
തെയ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍
തെയ്യങ്ങള്‍ കെട്ടുന്നത് വണ്ണാന്‍ സമുദായക്കാരാണ്. വീര മൃത്യു വരിച്ചു ദൈവ കരുവായി
മാറിയവരുടെ എല്ലാ തെയ്യക്കോലങ്ങളും കെട്ടിയാടുന്നത് ഈ സമുദായക്കാരാണ്. തൊട്ടടുത്ത്
മന്ത്രമൂര്‍ത്തികള്‍ പോലുള്ള ഉഗ്രമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടുന്ന മലയ
സമുദായക്കാര്‍ ഉണ്ട്. അതിനു ശേഷമേ മറ്റുള്ള സമുദായക്കാര്‍ക്ക് സ്ഥാനമുള്ളൂ.
അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, വേലന്‍, മാവിലന്‍,
കോപ്പാളര്‍, ചിന്കത്താന്‍, പുലയന്‍ എന്നിവരും തെയ്യങ്ങള്‍
കെട്ടാറുണ്ട്. മൊത്തത്തില്‍ തെയ്യാട്ടം കുലത്തൊഴിലായുള്ള പതിനൊന്നോളം
സമുദായങ്ങളുണ്ട് എന്ന് പറയപ്പെടുന്നു.
വേലന്‍മാര്‍ ആണ് യഥാര്‍ത്ഥത്തില്‍
ആദ്യകാലത്തെ കോലക്കാരെന്നും മറ്റുള്ളവര്‍ പയ്യെ പയ്യെ വന്നു തമ്പുരാനില്‍ നിന്ന്
അവകാശം നെടിയതാണെന്നും പറയപ്പെടുന്നു. ‘വേലന്‍ പക്കലാണ് കോലങ്ങള്‍’
എന്ന സൂചനയില്‍ നിന്ന് ഇവരാണ് ആദ്യകോലക്കാര്‍ എന്ന് നമുക്കുറപ്പിക്കാം . ഇവരുടെ
തെയ്യങ്ങള്‍ ഏറെയും പുരാതനത നിറഞ്ഞതാണ്. അതു അനുഷ്ഠാനങ്ങളിലും ചമയങ്ങളിലും
വാദ്യഘോഷങ്ങളിലും എല്ലാം പ്രകടമാണ്. തുലാമാസം ഒന്നാം തീയതി തന്നെ കളിയാട്ടങ്ങള്‍ക്കെല്ലാം
തുടക്കം കുറിച്ച് തെയ്യാട്ടം തുടങ്ങുന്നതും വേലന്‍മാരാണ്.
വണ്ണാന്‍മാര്‍:
ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍
കെട്ടിയാടുന്നത് വണ്ണാന്‍മാര്‍ ആണെന്നുള്ള കാര്യം നേരത്തെ പറഞ്ഞുവല്ലോ? ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, പുലി ദൈവങ്ങള്‍, വീരന്മാര്‍,
യക്ഷ ഗന്ധര്‍വന്‍ തുടങ്ങി വിവിധയിനം തെയ്യങ്ങള്‍ കെട്ടുന്നത് ഇവരാണ്. വീര
വനിതകളുടെയും വീര പുരുഷന്‍മാരുടെയും മണ്‍മറഞ്ഞ പൂര്‍വികരുടെയും, ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെയും ഒക്കെ
തെയ്യങ്ങളില്‍ ഭൂരിഭാഗവും കെട്ടിയാടുന്നത് ഇവര്‍ തന്നെയാണ്. ഇവര്‍ക്ക് സ്വന്തമായി
ഗ്രാമങ്ങളില്‍ പലയിടത്തും വണ്ണാപ്പുരകള്‍ ഉണ്ട്. തെയ്യത്തിനു പുറമേ ഇവര്‍ക്ക്
തുന്നല്‍ വേലയും പാരമ്പര്യ വൈദ്യവും ബാല ചികിത്സയും കൈവശമുണ്ട്. അത് പോലെ അകനാള്‍
നീക്ക്, കേന്ത്രോന്‍ പാട്ട്
എന്നറിയപ്പെടുന്ന ഗന്ധര്‍വന്‍ പാട്ട്, കുറുന്തിനിപ്പാട്ട് മറ്റ് മാന്ത്രിക ബലി കര്‍മ്മങ്ങള്‍ ഇവയിലൊക്കെ
ഇവര്‍ ഏര്‍പ്പെടാറുണ്ട്. ദേവതകളെക്കുറിച്ചുള്ള നിരവധി തോറ്റം പാട്ടുകളും ഇവരുടെ
കൈവശമുണ്ട്. വണ്ണാന്‍മാര്‍ കുലഗുരുവായി ആരാധിക്കുന്ന മഹാസിദ്ധനാണ് കരിവെള്ളൂരില്‍
സമാധിയടഞ്ഞ മണക്കാടന്‍ ഗുരിക്കള്‍. കവി, വൈദ്യന്‍,
കലാകാരന്‍, മാന്ത്രികന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്
ഈ തെയ്യാട്ടക്കലാനിധി.
തീയ്യരെ പോലെ വണ്ണാന്‍മാരും എട്ട്
ഇല്ലക്കാരാണ്. ഇവരുടെ തറവാടുകളുടെ അരികിലായി കുലദൈവമായ മുത്തപ്പന് “പൊടിക്കളം” എന്ന
പേരില്‍ ആരാധനാ കേന്ദ്രവുമുണ്ട്. മുണ്ടങ്ങാടന്‍, മാങ്ങാടന്‍,
അറിങ്ങോടന്‍, കുറുവാടന്‍, നെല്ലിയോടന്‍, അടുക്കാടന്‍,
തളിയില്‍, കണ്ടഞ്ചെറക്കല്‍ എന്നിവയാണ്
എട്ട് ഇല്ലങ്ങള്‍.
മലയര്‍ :
വണ്ണാന്‍മാര്‍ കഴിഞ്ഞാല്‍ ഏറ്റവും
കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടുന്നത് മലയരാണ്. തെയ്യം കെട്ടിയാടുന്നതിനു പുറമേ
പാടുന്നതിനും കൊട്ടുന്നതിനും മലയര്‍ക്ക് പ്രത്യേക വൈദഗ്ദ്യം ഉണ്ട്. മറ്റ് വിഭാഗക്കാരുടെ
തെയ്യങ്ങള്‍ക്കും ഇവര്‍ വാദ്യക്കാരായി പോകാറുണ്ട്. മാന്ത്രിക പാരമ്പര്യമുള്ളവരാണ്
മലയര്‍. മലയന്‍ കെട്ട്, കണ്ണേര്‍
പാട്ട് എന്നിവയൊക്കെ ഇവര്‍ നടത്തുന്ന കര്‍മങ്ങളാണ്. മലയികള്‍ നാട്ടുമ്പുറത്തെ
പേരെടുത്ത പേറ്റിച്ചികളാണ്. കോതാമൂരിയാട്ടം മലയര്‍ക്ക് പൈതൃകമായി കിട്ടിയതാണ്.
കാര്‍ഷിക-ഗോ സമൃദ്ധിയാണ് ഇതിന്റെ ലക്‌ഷ്യം. മന്ത്രമൂര്‍ത്തികളായ ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, പൊട്ടന്‍,
ഉച്ചിട്ട, കുറത്തി എന്നിവ മലയരാണ്
കെട്ടിയാടുന്നത്. അത് പോലെ രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, കണ്ടാകര്‍ണ്ണന്‍, വസൂരിമാല, കരിവാള്‍
എന്നിവയും മലയരുടെ പ്രധാന തെയ്യങ്ങളാണ്. മലയരുടെ കൂട്ടത്തില്‍ ആചാരപെട്ടവരായ
പണിക്കര്‍മാര്‍ മാത്രം കെട്ടുന്ന തെയ്യമാണ് മൂവാളം കുഴി ചാമുണ്ഡി. പണിക്കര്‍ക്ക്
പുറമേ ഓരോ ദേശത്തിനായി പെരുമലയന്‍ സ്ഥാനവും ഉണ്ട്. പ്രധാനികളായ പെരുമലയന്‍മാര്‍
ഉദാഹരണമായി കരിവെള്ളൂര്‍ പെരുമലയന്‍,
കാങ്കോല്‍ പെരുമലയന്‍,
ചീമേനി അള്ളടോന്‍ എന്നിവര്‍ ഉദാഹരണം.
മലയര്‍ ഒമ്പത് കിരിയക്കാര്‍ അല്ലെങ്കില്‍
ഇല്ലക്കാരാണ്. പാലാംകുടി, കോട്ടുകുടി, കല്യാട്, ചേണിക്കിരിയം, പുത്തനാരി കിരിയം, വെളുപ്പാം കിരിയം, പരത്തിപ്പിള്ളി, മേലാക്കൊടി, ഉത്രാണിക്കിരിയം എന്നിവയാണവ.
വേലര്‍:
വണ്ണാനും മലയരും കഴിഞ്ഞാല്‍ പിന്നെ
തെയ്യം കെട്ടുന്ന ഒരു വിഭാഗമാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുള്ള വേലന്‍മാര്‍.
തുളു നാട്ടിലെ കുണ്ടോറ എന്ന സ്ഥലമാണത്രെ ഇവരുടെ ആദി സങ്കേതം. കുണ്ടോറ ചാമുണ്ഡി
വേലരുടെ പ്രധാന തെയ്യമാണ്. മലയരെ പോലെ ഇവരും ചെണ്ട കൊട്ടാനും പാടുവാനും പങ്കു
കൊള്ളാറുണ്ട്. പുള്ളിക്കുറത്തി, കുഞ്ഞാര്‍കുറത്തി, മലങ്കുറത്തി, ധൂമ ഭഗവതി, ചുടല ഭദ്രകാളി, പുലി ചാമുണ്ഡി, കാല ചാമുണ്ഡി, ഗുളികന്‍, ബപ്പിരിയന്‍,
അയ്യപ്പന്‍, പഞ്ചുരുളി എന്നീ തെയ്യങ്ങള്‍
വേലന്‍മാര്‍ കെട്ടിയാടുന്നു.
വേലന്‍മാര്‍ എഴില്ലക്കാരും മൂന്നു
കഴകക്കാരുമാണ്. കുമ്പഴക്കൂലോം, കുന്ദവര, കീഴൂര്‍ എന്നിവയാണ് കഴകങ്ങള്‍.
പാലയിലില്ലം, കാങ്കോത്ത് ഇല്ലം, പൂങ്കോത്ത് ഇല്ലം, ചട്ടടി ഇല്ലം, മുണ്ടേരി ഇല്ലം, മണത്തണ ഇല്ലം, പെരുതണ ഇല്ലം എന്നിവയാണ് എഴില്ലങ്ങള്‍.
അഞ്ഞൂറ്റാനും മുന്നൂറ്റാനും:
വേലന്‍മാരില്‍ ഒരു വിഭാഗമാണെന്ന്
കരുതപ്പെടുന്ന ഈ സമുദായം കൂടുതലായി കണ്ടു വരുന്നത് നീലേശ്വരത്താണ്. വേലന്‍
അഞ്ഞൂറ്റാന്‍ ആണ് തങ്ങളുടെ സമുദായത്തിന്റെ പേര് എന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ക്ക്
തിറയാട്ടം നടത്തുന്ന മുന്നൂറ്റാന്‍മാരുമായി അല്പം ബന്ധം കാണുന്നുണ്ട്. തിരുവര്‍കാട്ട്
ഭഗവതി, പുതിയ ഭഗവതി, പൂമാരുതന്‍, തുളുവീരന്‍ തുടങ്ങിയ തെയ്യങ്ങളാണ് ഇവര്‍ കെട്ടിയാടുന്നത്.
കുട്ടിച്ചാത്തന്‍ തെയ്യമാണ് മുന്നൂറ്റാന്‍ കെട്ടിയാടുന്ന പ്രധാന തെയ്യം.
മാവിലരും ചിറവരും:
മാവിലരില്‍ മലയാളം സംസാരിക്കുന്നവരും
തുളു സംസാരിക്കുന്നവരും ഉണ്ട്. ഇതില്‍ തുളു സംസാരിക്കുന്ന തുളു മാവിലരുടെ ഒരു
അവാന്തര വിഭാഗമാണ് ചിറവര്‍. ഇവര്‍ രണ്ടു പേരും വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, കുറത്തി, കുറവന്‍, ഗുളികന്‍,
കാപ്പാളത്തി, വേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി എന്നീ തെയ്യങ്ങള്‍
കെട്ടിയാടുമ്പോള്‍ മലയാള മാവിലര്‍ ഈ തെയ്യങ്ങള്‍ക്ക് പുറമേ മംഗല ചാമുണ്ഡി, കരിയത്ത് ചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ പരാളിയമ്മ, വീരഭദ്രന്‍, വീരമ്പിനാര്‍ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടാറുണ്ട്.
മാവിലര്‍ പത്തില്ലക്കാരാണ്. അമ്മിണമ്മാര്‍, കിണ്യമ്മാര്‍, കുടകമ്മാര്‍,
കുറുവാടമ്മാര്‍, ചന്ദ്രമ്മാര്‍, നാടമ്മാര്‍, ഞള്ളമ്മാര്‍,
നടിലോമ്മാര്‍, വൈന്നരമ്മാര്‍, വെറ്റിലേമ്മാര്‍ എന്നിവയാണ് ആ ഇല്ലങ്ങള്‍.
ചിങ്കത്താന്മാര്‍: കണ്ണൂര്‍ ജില്ലയിലെ ഏഴിമല, പെരുവാമ്പ, കുറ്റൂര്‍, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. മലയാള മാവിലാരുമായി പല കാര്യങ്ങളിലും ബന്ധം കാണുന്ന ഈ സമുദായം കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രധാനപ്പെട്ടത് തായിപ്പരദേവത, വീര ചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗ കന്നി, ആനാടി ഭഗവതി, മംഗല ചാമുണ്ഡി എന്നിവയാണ്. ഇതില്‍ തായിപ്പര ദേവതയും വീര ചാമുണ്ഡിയും കെട്ടിയാടുന്നത് കോലത്തിരിമാരുടെ ആരാധനാലയങ്ങളിലാണ്.
ചിങ്കത്താന്മാര്‍: കണ്ണൂര്‍ ജില്ലയിലെ ഏഴിമല, പെരുവാമ്പ, കുറ്റൂര്‍, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. മലയാള മാവിലാരുമായി പല കാര്യങ്ങളിലും ബന്ധം കാണുന്ന ഈ സമുദായം കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രധാനപ്പെട്ടത് തായിപ്പരദേവത, വീര ചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗ കന്നി, ആനാടി ഭഗവതി, മംഗല ചാമുണ്ഡി എന്നിവയാണ്. ഇതില്‍ തായിപ്പര ദേവതയും വീര ചാമുണ്ഡിയും കെട്ടിയാടുന്നത് കോലത്തിരിമാരുടെ ആരാധനാലയങ്ങളിലാണ്.
കോപ്പാളര്‍:
കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളില്‍ കൂടുതലായി
കാണുന്ന ഇവര്‍ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങള്‍ കുണ്ടോറ ചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമഭഗവതി, ഗുളികന്‍, കല്ലുരുട്ടി, പടിഞ്ഞാറെ ചാമുണ്ഡി, പഞ്ചുരുളി, അണ്ണപഞ്ചുരുളി
എന്നിവയാണ്. ഇവരുടെ തറവാടുകളില്‍ കുല ദേവതയായ പഞ്ചുരുളിക്ക് പ്രത്യേക
പൂജാസ്ഥലമുണ്ട്.
കോപ്പാളര്‍ പതിനെട്ട് ഇല്ലക്കാരാണ്.
അരസണ്ണബരി, ചാലിയബരി, ചെല്ലിയാബരി, കൂര്‍ബരബരി, അമ്മനബണ്ണബരി, ബമങ്കരബരി, ചാലികബരി, സോമനബരി, അങ്കാറബരി, കുണ്ടച്ചബരി, അര്‍ത്തരബരി, നരനണ്ണബരി, കിന്നിയരബരി, കൊങ്കിണിബരി, മാണിന്ധനബരി, പീക്കന്തനംബരി, സാമനിന്തണബരി, നികര്‍ത്തരബരി എന്നിവയാണവ.
പുലയര്‍:
പുല ചെയ്യുന്നവര്‍ ആണ് പുലയര്‍. പുല
എന്ന് പറഞ്ഞാല്‍ കൃഷി ; അത്
ചെയ്യുന്നവര്‍ കൃഷി ചെയ്യുന്നവര്‍ ആണ് പുലയര്‍. വയലിലും ചേറ്റിലും പണി ചെയ്യുന്നവരാണിവര്‍.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പുലയര്‍ക്ക്
തങ്ങളുടെതായ ദേവതാ സ്ഥാനങ്ങളും, കോട്ടങ്ങളും
ഭവനങ്ങളും ഉണ്ട് തെയ്യം കെട്ടിയാടിക്കാന്‍. പുലിമറഞ്ഞ തൊണ്ടച്ചന്‍ അഥവാ
കാരികുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, മരുതിയോടന്‍ കുരിക്കള്‍, പനയാര്‍ കുരിക്കള്‍, വെള്ളുകുരിക്കള്‍, സമ്പ്രദായം, ഐപ്പള്ളി തെയ്യം, വട്ട്യന്‍പൊള്ള എന്നീ തെയ്യങ്ങള്‍ പുലയര്‍
കെട്ടിയാടുന്നു. ഇവയൊക്കെ പൂര്‍വികരായ കാരണവരുടേയും മണ്മറഞ്ഞ വീര പുരുഷന്മാരുടെയും
സങ്കല്‍പ്പത്തിലുള്ള കോലങ്ങളാണ്. ഇവ കൂടാതെ പുലപൊട്ടന്‍, പുലഗുളികന്‍,
കുട്ടിച്ചാത്തന്‍, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ടി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മല്‍ ഭഗവതി, ചീറങ്ങോട്ട് ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തെക്കന്‍ കരിയാത്തന്‍, ധര്‍മ ദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പന്‍, പുലചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി
തുടങ്ങിയ തെയ്യങ്ങളും ഇവര്‍ കെട്ടിയാടാറുണ്ട്.
ഇവരുടെ പ്രധാന കോട്ടങ്ങള്‍ ഇവയാണ്.
എടനാട് കാവൂട്ടന്‍ കോട്ടം, പറമ്പത്ത്
വെള്ളൂര്‍ കുരിക്കള്‍ കോട്ടം, തമ്പിലന്‍
കോട്ടം, കാരാട്ട് വെമ്പിരിത്താന്‍ കോട്ടം, പാടിയില്‍ കോട്ടം, പയ്യന്നൂര്‍ ചേരിക്കല്‍ കോട്ടം, പാലത്തര കോട്ടം, അന്നൂര്‍ പാതിയില്‍ ഭഗവതിക്കോട്ടം, മാടായിക്കോട്ടം, കാലിച്ചാന്‍ കോട്ടം.
(തുടരും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ