2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 7

തെയ്യപ്പെരുമ - 7

അടിയോടിമാര്‍ക്ക് പന്ത്രണ്ടോളം പ്രധാന തറവാടുകളും തറവാട്ട് കാവുകളും മറ്റ് മൂന്നു പ്രധാനപ്പെട്ട കാവുകളുമുണ്ട്. നായന്മാര്‍ നാലു തറ നാന്നൂറ്റി അമ്പത് ഇല്ലക്കാരാണ്. അത് പോലെ ഇവര്‍ക്ക് കഴകങ്ങളും നിരവധി കാവുകളും കൊട്ടങ്ങളും ഉണ്ട്. പൊതുവാള്‍മാര്‍ പത്ത് ഇല്ലക്കാരാണ് അതോടൊപ്പം തറവാട്ട് കാവുകളുമുണ്ട്. ഇവരുടെ മുഖ്യക്ഷേത്രമാണ് പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. എട്ട് വീട്ടില്‍ പൊതുവാള്‍മാര്‍ എട്ട് ഇല്ലക്കാരാണ് കൂടാതെ തറവാട്ട് കാവുകളുമുണ്ട് ഇവര്‍ക്ക്. രാമന്തളി പൊതുവാള്‍മാര്‍ക്ക് അഞ്ചു തറവാടുകള് ആണുള്ളത്. കരിവെള്ളൂര്‍ കാങ്കോല്‍ പൊതുവാള്‍മാര്‍ക്ക് അഞ്ചു തറവാടുകളും തറവാട്ട് കാവുകളും കാങ്കോല്‍ കളരിയും മുഖ്യക്ഷേത്രമായി കരിവെള്ളൂര്‍ ശിവക്ഷേത്രവുമുണ്ട്. നാവു തീയര്‍ക്ക് ആറു ഇല്ലങ്ങളും അഞ്ചു കാവുകളുമാണ് ഉള്ളത്.
വള്ളുവര്‍ക്കാകട്ടെ പ്രധാനപ്പെട്ട ഒമ്പതോളം കാവുകളും നാല് ഇല്ലങ്ങളും ഉണ്ട്. വണ്ണാന്‍മാര്‍ക്ക് തറവാടിനോട് ചേര്‍ന്നുള്ള പൊടിക്കളത്തിനു പുറമേ എട്ട് ഇല്ലങ്ങളുണ്ട്. മലയര്‍ക്ക് ഒമ്പത് ഇല്ലങ്ങള്‍ (കിരിയങ്ങള്‍) ഉണ്ട്. ഇവരും തറവാടുകളില്‍ കുലദൈവങ്ങള്‍ക്ക് പ്രത്യേക സ്ഥാനം കല്‍പ്പിച്ചു ആരാധിക്കുന്നവരാണ്. വേലന്‍മാര്‍ക്ക് ഏഴു ഇല്ലങ്ങളും മൂന്ന്‍ കഴകങ്ങളും ആണുള്ളത്. കോപ്പാളര്‍ക്ക് തറവാടുകളില്‍ കുലദേവതയായ പഞ്ചുരുളിക്ക് പ്രത്യേക പൂജ്യ സ്ഥാനം ഉള്ളതിന് പുറമേ ഇവര്‍ പതിനെട്ട് ഇല്ലക്കാര്‍ ആണ്. ക്ടാരന്‍മാര്‍ക്ക് ഏഴു തറവാടുകളും ഒരു കോട്ടവും ഉണ്ട്. കണിയാന്‍മാര്‍ക്ക് ആറു ഇല്ലങ്ങളും തറവാടുകളില്‍ പീഠവും വിളക്കും ഉള്ളവരാണ്. പുറമേ തെയ്യക്കാവുകളില്‍ അവകാശികളുമാണ്‌.
തെയ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന കോലത്തിരി രാജാവ് തന്റെ ഭരണകാലത്ത് തെയ്യം കെട്ടിയാടിയിരുന്ന വണ്ണാന്‍, മലയന്‍ സമുദായക്കാരെ യഥാക്രമം പെരുവണ്ണാന്‍, പണിക്കര്‍ എന്നീ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൊട്ടുമ്പുറം എന്ന സ്ഥലത്ത് നിന്നാണ് ഇത് നല്‍കിയിരുന്നത്. ഇത് പോലെ തെയ്യം കെട്ടിയാടുന്ന മറ്റു സമുദായക്കാര്‍ക്കും വേറെ വേറെ പദവികള്‍ നല്‍കിയിരുന്നു.

പെരിഞ്ചല്ലൂര്‍ അപ്പനെന്ന തളിപ്പറമ്പ രാജ രാജേശ്വരനെ (ശിവനെ) സ്തുതിച്ചു കൊണ്ടുള്ള ധാരാളം കീര്‍ത്തനങ്ങള്‍ മിക്ക തെയ്യ തോറ്റങ്ങളിലും നമുക്ക് കാണാവുന്നതാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രവും ഇത് പോലെ തെയ്യം കെട്ടിയാടുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റൊരു വേദിയായി കോലത്തിരി രാജാവ് തിരെഞ്ഞെടുത്തിരുന്നു. 
സ്ഥിരമായി കെട്ടിയാടപ്പെടുന്ന തെയ്യങ്ങള്‍ മുപ്പത്തൈവര്‍ തെയ്യങ്ങള്‍, മന്ത്ര മൂര്‍ത്തികള്‍ (നൂറ്റി ഒന്ന് പേര്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നു), കുട്ടിശാസ്തന്‍, ഭൈരവന്‍, ഉച്ചിട്ട എന്നിവ മന്ത്ര മൂര്ത്തികളാണ് . ഈ മൂന്നു തെയ്യങ്ങളോടോപ്പം പൊട്ടന്‍ തെയ്യം, ഗുളികന്‍ എന്നിവ ചേര്‍ന്നാല്‍ അത് പഞ്ചമൂര്‍ത്തികള്‍ ആയി. ഇവ കൂടാതെ പുലി ദൈവങ്ങളും, വീരന്മാരും, നാഗ, യക്ഷ, ഗന്ധര്‍വ തെയ്യങ്ങള്‍, യക്ഷികള്‍ എന്നിവയാണ്. 
തെയ്യവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പ്രാദേശിക ഭേദമനുസരിച്ചും സ്ഥാനങ്ങളുടെയും സമുദായങ്ങളുടെയും വിത്യാസമാനുസരിച്ചും വൈവിധ്യപൂര്‍ണ്ണമായിരിക്കും. 
(
തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ