തെയ്യച്ചരിത്രം – 13
മരക്കല ദേവതകള്‍:
ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍
നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം
മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും
വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍
കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരാണ്.
ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും:
ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും
സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍
ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ
കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയും തന്റെ ആറു
ആങ്ങിളമാരെയും കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്കയാത്രയില്‍
ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ബോട്ട് തകര്‍ന്ന്‍ എല്ലാവരും കടലില്‍ പതിച്ചു. തകര്‍ന്ന
കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കയറി പിടിച്ചു ഏഴു ദിവസത്തോളം അവര്‍ കടലില്‍ ചിലവിട്ട്
എട്ടാം ദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവര്‍ പരസ്പ്പരം
മറ്റുള്ളവരില്‍ നിന്ന് വേറിട്ട് പോയി.
കടല്‍ക്കരയില്‍ വിഷമിച്ചിരിക്കുന്ന
ആര്യപൂങ്കന്നി കടലില്‍ ഒരു ചെറു തോണിയില്‍ പോകുന്ന ബപ്പിരിയനെ കാണുന്നു.
സഹായത്തിനായി വിളിച്ച ആര്യപൂങ്കന്നിയെ അവഗണിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ
ബപ്പിരിയനെ തന്റെ മാന്ത്രിക കഴിവുകള്‍ കാണിച്ചു അത്ഭുതപ്പെടുത്തി തന്റെ സഹോദരന്‍മാരെ
തിരക്കാന്‍ വേണ്ടി കൂടെ കൂട്ടുന്നു. എന്നാല്‍ ഒടുവില്‍ വെണ്മലാറ്റിന്‍കരയില്‍
വെച്ച് സഹോദരെ കണ്ടെത്തിയപ്പോള്‍ അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുവാന്‍
തീരുമാനിക്കുകയും ആര്യപൂങ്കന്നിയുടെ കൂടെ പോകാന്‍ തയ്യാറാകുകയും ചെയ്യാത്തതിനെ
തുടര്‍ന്നു ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാര്‍ തീരത്ത് കൂരന്‍
കുന്നിലെത്തുന്നു. അങ്ങിനെ അവിടെ തളിപ്പറമ്പ് കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ
നേടുന്നു. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ആര്യപൂങ്കന്നി തെയ്യത്തിന്റെ വീഡിയോ
കാണാന്‍:
http://www.youtube.com/watch?v=AUeHq1aMM5w
കടപ്പാട്: ചന്ദ്രന്‍ കാടേന്‍
http://www.youtube.com/watch?v=AUeHq1aMM5w
കടപ്പാട്: ചന്ദ്രന്‍ കാടേന്‍
ആര്യ പൂമാല ഭഗവതിയും പൂമാരുതന്‍ തെയ്യവും
:
മരക്കല ദേവതയായ ആര്യ പൂമാല ഭഗവതിയുടെ
ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ് പൂമാരുതന്‍ തെയ്യം. എന്നാല്‍
ആര്യപൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല. എഴിമലക്കടുത്ത തീയ്യരുടെ രാമന്തളി
കുറുവന്തട്ട അറയിലാണ് ആര്യപൂമാലയും പൂമാരുതനും ആദ്യമായി കുടിയിരുന്നത് ഇത് കൂടാതെ
തലയന്നേരി, രാമവില്യം, വയലപ്ര, തലക്കാട്ടു, അണീക്കര, കുട്ടമംഗലം എന്നിവിടങ്ങളിലും
ആശാരിക്കാവായ മണിയറക്കാവിലും മൂശാരിക്കാവായ വടക്കന്‍ കൊവ്വലിലും ഈ ദേവതയ്ക്ക്
ഇരിപ്പിടമുണ്ട്. തീയ്യരുടെ ഭരദേവതയാണ് പൂമാല ഭഗവതി. പാട്ടുത്സവവും പൂരക്കളിയും
ദേവീപ്രീതിക്ക് വേണ്ടി പൂമാലക്കാവുകളില്‍ നടത്താറുണ്ട്. തന്നെ ഭജിക്കുന്നവര്‍ക്ക്
മനം നിറഞ്ഞു അര്‍ത്ഥവും ഐശ്വര്യവും വാരിക്കോരി കൊടുക്കുന്ന മാതാവാണത്രെ പൂമാല
ഭഗവതി.
ഒരിക്കല്‍ ആര്യപൂമാല സ്വര്‍ഗ്ഗോദ്യാനം
കണ്ടാസ്വദിക്കുമ്പോള്‍ ദേവസുന്ദരികള്‍ വന്നു പുഷ്പ്പങ്ങള്‍ പറിച്ചെടുക്കുകയും
ദേവമല്ലന്‍മാര്‍ വന്നു അത് തടയുകയും ചെയ്ത സമയത്ത് പൂമാല ഭഗവതി ആ ദേവ മല്ലന്‍മാരിലോരുവന്റെ
സഹായം ചോദിച്ചു. ശിവാംശ ഭൂതനായ ഒരു മല്ലന്‍ വിടര്‍ന്ന പൂവില്‍ വായു രൂപം
ധരിച്ചിരിക്കുകയായിരുന്നു. ദേവി അവനു പൂമാരുതന്‍ എന്ന് പേര് നല്‍കി തന്റെ
സഹോദരനെപോലെ കരുതി. ആര്യപൂങ്കാവനത്തിലെത്തി. മലനാട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച
പൂമാരുതന്റെ ആഗ്രഹ നിവൃത്തിക്കായി കടല്‍ കടക്കാനുള്ള മരക്കലം (ചെറുകപ്പല്‍)
ഉണ്ടാക്കുവാനുള്ള ഉപായം അന്വേഷിച്ചപ്പോളാണ് ആരിയ രാജാവിന്റെ മകള്‍
പൂരവ്രതമനുഷ്ടിച്ച് പൂങ്കാവില്‍ വന്നത്. ഈ സമയം ഭഗവതി അവളില്‍ ആവേശിക്കുകയും അവള്‍
ക്ഷീണിതയായി വീഴുകയും ചെയ്തു. പ്രശ്നം മുഖേന കാര്യം മനസ്സിലാക്കിയ രാജാവ് വിശ്വകര്‍മ്മാവിനെ
വരുത്തി മരക്കലം പണിയിച്ചു. ആ മരക്കലമേറിയാണ് പല അഴിമുഖങ്ങളും പിന്നിട്ട്
പൂമാരുതനും പൂമാല ഭഗവതിയും എഴിമലക്കടുത്ത് രാമന്തളിയില്‍ എത്തിചേര്‍ന്നത്.
പൂമാരുതന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=CaZXq01DgCw
കടപ്പാട്: സി. കൃഷ്ണന്‍
http://www.youtube.com/watch?v=GdyNDc2alE8
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
http://www.youtube.com/watch?v=CaZXq01DgCw
കടപ്പാട്: സി. കൃഷ്ണന്‍
http://www.youtube.com/watch?v=GdyNDc2alE8
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
വടക്കത്തി ഭഗവതി (പടക്കത്തി ഭഗവതി):
അര്‍ദ്ധ പുരുഷ സങ്കല്‍പ്പത്തിലുള്ള ശിവ
പുത്രിയായ ഈ ദേവി മരക്കല ദേവതയാണ്. ദുഷ്പ്രഭുക്കളായ അസുരന്‍മാരെ കൊന്നൊടുക്കാന്‍
പുറപ്പെട്ട തന്റെ ശിഷ്യന്‍ കൂടിയായ പരശുരാമനെ സഹായിക്കാന്‍ വേണ്ടി പരമേശ്വരന്‍
സൃഷ്ടിച്ചതാണ് ഈ ദേവതയെ എന്നാണു ഐതിഹ്യം. അസുരനെ വധിക്കാനായി പരശുരാമനോടൊപ്പം പടക്കെത്തിയ
ഭഗവതിയായത് കൊണ്ടാണ് ‘പടക്കത്തി ഭഗവതി’
എന്ന പേര് വന്നത്.
എന്നാല്‍ ദേവിയുടെ ശരിയായ നാമധേയം ‘വടക്കത്തി ഭഗവതി’യാണെന്നും
ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക്
ഭാഗത്തേക്ക് പോകാന്‍ തീരുമാനിച്ചു എന്നും അങ്ങിനെയാണ് ഈ പേര് വന്നതെന്നും
പറയപ്പെടുന്നു.
ശിവപുത്രിയെന്നറിയപ്പെടുന്ന ദേവിയുടെ
സൃഷ്ടിയെക്കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്. പാല്‍ക്കടലില്‍ വെള്ളിമാന്‍
കല്ലിനരികത്ത് എഴു മടലുകളും എട്ട് തിരുളുകളുമുള്ള ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ
എട്ടാം തിരുളിന്റെ മുകളില്‍ ഏഴു പൊന്മുട്ടകള്‍ ഉണ്ടെന്നും അതില്‍ ആറു മുട്ടയുടഞ്ഞു
ആറു മലകളായി പോയി ചെന്ന് വീണു എന്നും അതില്‍ നിന് ആറു പേര്‍ ഉണ്ടാകുകയും ഏഴാം
മുട്ടയുടഞ്ഞ് ഒരു ദേവ കന്യക ഉണ്ടായി എന്നും പറയപ്പെടുന്നു. പന്ത്രണ്ടാം വയസ്സില്‍
കന്യക ഋതുമതിയായപ്പോള്‍ തിരണ്ടു കല്യാണം ആഘോഷമാക്കാന്‍ ആറു ആങ്ങിളമാരും വന്നു ചേര്‍ന്നു.
തിരണ്ടു കല്യാണത്തിനു വേണ്ട ഇറച്ചിക്ക് വേണ്ടി ആറു പേരും നായാട്ടിനു കരിയൂര്‍ കല്‍വളവില്‍
മാനെയ്യാന്‍ പോയി. എന്നാല്‍ നായാട്ടു കഴിഞ്ഞു മടങ്ങി വരുന്ന അവരെ മച്ചിനിയന്‍മാര്‍
മലയവകാശം പറഞ്ഞു വഴി തടയുകയും മാന്‍ തലയും കാലും തങ്ങള്‍ക്ക് വേണമെന്ന്
ശഠിക്കുകയും ആ വാക്കേറ്റം യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തതിന്റെ ഫലമായി
മച്ചിനിയന്‍മാര്‍ അവരെ ആറു പേരെയും യമപുരിക്കയക്കുകയും ചെയ്തു.
ഇതറിഞ്ഞ ദേവി തപസ്സു ചെയ്തു ശക്തി നേടി
മച്ചിനിയന്‍മാരെ വധിച്ചു. പിന്നീട് പല നാടുകളില്‍ പോയി പലരോടും യുദ്ധം ചെയ്തു
പതിനെട്ടു ആയുധങ്ങള്‍ സമ്പാദിച്ചു. ദേവേന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച്
തുമ്പിക്കൈ കൈകൊണ്ടു. തുളു നാട്ടില്‍ ചെന്ന് ചേകവരെ തോല്പ്പിച്ച് തുളു താടിയും
മീശയും കൈക്കൊണ്ടു. നെല്ലു കുത്തുന്ന പങ്ങാട്ടിയോടു പൊരുതി ഉലക്കയും മുറവും
കൈക്കൊണ്ടു. ദേവേന്ദ്ര തണ്ടാത്തിയുടെ ചാണക്കലവും മാച്ചിയും പിടിച്ചു വാങ്ങി.
തീയ്യനെ തോല്‍പ്പിച്ച് തളപ്പും ഏറ്റുകത്തിയും കൈകൊണ്ടു. എല്ലാ നാടുകളും ചുറ്റി
കണ്ട ദേവി അവസാനം കോലത്ത് നാട് കാണാന്‍ ആഗ്രം പ്രകടിപ്പിക്കുകയും വിശ്വകര്‍മ്മാവിനെ
വരുത്തി മരക്കലം പണിത് അതിലേറി കോലത്ത് നാട് മുഴുവന്‍ കണ്ട ശേഷം ഇടത്തൂര്‍
എത്തിയപ്പോള്‍ വിശ്വകര്‍മ്മാവിന്റെ അപേക്ഷ പ്രകാരം അവിടെ കുടിയിരുന്നു എന്നാണു
ഐതിഹ്യം.
കടപ്പാട്: വിനീഷ് നരിക്കോട്
കടപ്പാട്: വിനീഷ് നരിക്കോട്
വടക്കത്തി ഭഗവതി തെയ്യത്തിന്റെ വീഡിയോ
കാണാന്‍:
http://www.youtube.com/watch?v=FnN-6uf5iN8
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
http://www.youtube.com/watch?v=FnN-6uf5iN8
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
ചുഴലി ഭഗവതി:
ചുഴലി സ്വരൂപത്തിന്റെ കുലദേവതയാണ് ചുഴലി
ഭഗവതി. ചെറുകുന്നിലെ അന്നപൂര്‍ണ്ണ ദേവിയുടെ കൂടെ മരക്കലമെറി (ചെറിയ കപ്പല്‍ കയറി)
മലനാട്ടില്‍ എത്തിയതാണ് ഈ ദേവി. ചുഴലിയിലെ ക്ഷേത്രത്തിലാണ് ഭഗവതിയുടെ പ്രധാന പീഠം
അത് കൊണ്ട് കൂടിയാണ് ചുഴലി ഭഗവതി എന്ന പേര് വന്നത്.
ചുഴലി ഭഗവതി തെയ്യത്തെ കാണാന്‍:
http://www.youtube.com/watch?v=FLyA2GGNGbg
കടപ്പാട്: കേരള ടൂറിസം
(തുടരും,,,,)
http://www.youtube.com/watch?v=FLyA2GGNGbg
കടപ്പാട്: കേരള ടൂറിസം
(തുടരും,,,,)
ഫോട്ടോ: പൂമാരുതന്‍ തെയ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ