തെയ്യച്ചരിത്രം – 19
നായാട്ടു ദേവതകള്‍:
മുത്തപ്പന്‍ തെയ്യം ഒരു നായാട്ടു
ദേവതയാണ്. വേലന്‍മാര്‍ കെട്ടിയാടുന്ന അയ്യപ്പന്‍ തെയ്യം മറ്റൊരു നായാട്ടു
ദേവതയാണ്. മാവിലര്‍ കെട്ടിയാടുന്ന വീരഭദ്രന്‍, വീരമ്പിനാര്‍ എന്നീ തെയ്യങ്ങള്‍ക്കും നായാട്ടു
ധര്മ്മമുണ്ട്. വയനാട്ടുകുലവന്‍,
വിഷ്ണുമൂര്‍ത്തി,
തെക്കന്‍
കരിയാത്തന്‍, വേടന്‍ തെയ്യം, അയ്യന്‍ തെയ്യം, എമ്പെറ്റു ദൈവം, മലപ്പിലാന്‍, നരിത്തെയ്യം എന്നിവയെല്ലാം നായാട്ടു കര്‍മ്മവുമായി
ബന്ധപ്പെട്ട തെയ്യങ്ങളാണ്. മനുഷ്യര്‍ നായാടി നടന്ന കാലത്തെ അനുസ്മരിക്കുന്ന
ദൈവങ്ങളാണ് ഇവയൊക്കെ എന്ന് പൊതുവേ പറയാവുന്നതാണ്.
മുത്തപ്പൻ തെയ്യം:
നായാട്ടു ദൈവങ്ങളുടെ ഗണത്തിലാണ്
മുത്തപ്പന്‍ ഉള്‍പ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാ ദിവസവവും മുത്തപ്പന്‍
കെട്ടിയാടുന്നത് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലാണ്. മുത്തപ്പന്റെ ആരൂഡ
സ്ഥാനമായി കണക്കാക്കുന്നത് കുന്നത്തൂര്‍ പാടി, പുരളിമല എന്നിവിടങ്ങളാണ്. ശ്രീ
മുത്തപ്പന്‍ ഒരു ദൈവമാണെങ്കിലും രണ്ടു ദൈവിക രൂപങ്ങളെപ്രതിനിധാനം ചെയ്യുന്നു.
തിരുവപ്പന, വെള്ളാട്ടം എന്നിവയാണ് ആ
രൂപങ്ങള്‍. മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും, ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം
വെച്ച് ശിവനെയും ഒരേ പോലെ പ്രതിനിധാനം ചെയ്യുന്നു. പറശ്ശിനിക്കടവില്‍ ഇവ രണ്ടും
കെട്ടിയാടിക്കുമ്പോള്‍ കുന്നത്തൂര്‍ പാടിയില്‍ ഇവ രണ്ടും ഒന്നിച്ചു
കെട്ടിയാടിക്കാറില്ല.
അയ്യങ്കര ഇല്ലത്ത് വളര്‍ത്തിയ കുട്ടിയാണ്
‘തിരുവപ്പന’ എന്നും
അദ്ദേഹത്തിന്റെ യാത്രയില്‍ ലഭിച്ച ശൈവംശമുള്ള ചങ്ങാതിയാണ് ‘മുത്തപ്പന്‍’
എന്നുമൊരു വിശ്വാസം നിലവില്‍ ഉണ്ട്. തിരുവപ്പന്‍ വെള്ളാട്ടത്തെ പുരളിമലയില്‍
വെച്ച് കണ്ടെത്തിയപ്പോള്‍ കൂടെ കൂട്ടിയതാണെന്നും പറയപ്പെടുന്നു. മറ്റൊന്ന്
തിരുവപ്പനയെയും മുത്തപ്പന്‍ എന്ന് വിളിക്കാറുണ്ട് എന്നുള്ളതാണ്. ഇത് പ്രകാരം
തിരുവപ്പന്റെ ചെറുപ്പം ‘പുതിയ മുത്തപ്പന്‍’
എന്ന കോലത്തിലും കൌമാരം ‘പുറങ്കാല മുത്തപ്പന്‍’
എന്ന രൂപത്തിലും യൌവനം ‘നാടുവാഴിശ്ശന്‍ തെയ്യമായും’ പിന്നീടുള്ള
രൂപം ‘തിരുവപ്പന’യായും
കെട്ടിയാടിക്കുന്നു എന്നൊരു വിശ്വാസവും കൂടിയുണ്ട്. കൂട്ടുകാരനായി കൂട്ടിയ
മുത്തപ്പനാണ് ശരിക്കുമുള്ള മുത്തപ്പന്‍ തെയ്യമത്രെ. നരച്ച മീശയും വൈക്കോല്‍
കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് മുത്തപ്പന്‍. ഈ തെയ്യത്തിന്റെ വെള്ളാട്ടം
ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം. പക്ഷെ തെയ്യം ആരൂഡ സ്ഥാനങ്ങളിലും മടപ്പുരകളിലും
പൊടിക്കളങ്ങളിലും മാത്രമാണ് കെട്ടിയാടിക്കുക. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത്
കെട്ടിയാടുന്നത്.
ആദ്യകാലങ്ങളില്‍ അഞ്ഞൂറ്റാന്‍
സമുദായക്കാരാണ് വലിയ മുടിയും പൊയ്ക്കണ്ണ്‍ എന്നിവയുള്ള തിരുവപ്പന
കെട്ടിയാടിയിരുന്നതെങ്കില്‍ ഇന്ന് അതും വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ്
കെട്ടുന്നത്. മുത്തപ്പന്‍ തിരുവപ്പനയെ സംബോധന ചെയ്യുന്നത് ‘നായനാര്‍’
എന്നാണു. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു
വാഴ്ചയുമാണ് പഥ്യം. വൈഷ്ണവംശവും ശൈവാശവും ഉള്ള തിരുവപ്പനെ മുത്തപ്പന്‍ എന്ന്
വിളിക്കുന്നതിനാല്‍ ഈ തെയ്യക്കോലങ്ങളുടെ പേരുകള്‍ ചിലര്‍ക്ക് വലിയ ആശയക്കുഴപ്പം
ഉണ്ടാക്കാറുണ്ട്.
തിരുവപ്പന്‍ എന്ന യഥാര്‍ത്ഥ ശക്തി
രൂപത്തിന് വെള്ളാട്ടം സാധാരണമല്ല. പറശ്ശിനിക്കടവില്‍ മുത്തപ്പനെന്ന പേര്‍
വെള്ളാട്ടത്തെയാണ് കുറിക്കുന്നത്. പക്ഷെ കുന്നത്തൂരില്‍ മുത്തപ്പനെന്ന പേര്
തിരുവപ്പനാണ്. മുത്തപ്പന്‍ എന്ന സഹായിയെ എല്ലാ കാര്യത്തിനും ഏല്‍പ്പിക്കുന്നതിനാല്‍
തിരുവപ്പന് പകരമായാണ് മുത്തപ്പന്‍ വെള്ളാട്ടത്തെ കെട്ടിയാടിക്കുന്നതത്രേ.
മക്കളില്ലാതിരുന്ന അയ്യങ്കര ഇല്ലത്തെ
വാഴുന്നോര്‍ക്കും,
പാടിക്കുറ്റിഅമ്മയ്ക്കും
പ്രാര്‍ത്ഥനയുടെ ഫലമായി പുഴക്കരയില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിനെ കിട്ടുകയും സ്വന്തം
മകനെ പോലെ അവനെ ഇല്ലത്ത് വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ചെറുപ്പത്തിലെ തന്നെ
കുട്ടി അടുത്തുള്ള കാട്ടില്‍ പോയി വേട്ടയാടി കിട്ടുന്ന ഇറച്ചി ഭക്ഷിക്കുകയും
കാട്ടുവാസികളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു. ഇതറിഞ്ഞ വാഴുന്നോര്‍ കുട്ടിയെ
ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കുട്ടി തന്റെ വിശ്വരൂപം വാഴുന്നോര്‍ക്കും
പാടിക്കുറ്റിയമ്മക്കും കാട്ടിക്കൊടുത്ത ശേഷംസ്വന്തമിഷ്ടപ്രകാരം വീട് വിട്ടിറങ്ങി.
കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവന്‍
പനങ്കള്ളിന്റെ ഗന്ധം വല്ലാതെ ഇഷ്ടപ്പെടുകയും പനയില്‍ കയറി കള്ളുകുടിക്കുകയും
ചെയ്തു. പിന്നീട് ഇതൊരു ശീലമാക്കി മാറ്റി. സ്ഥിരമായി കള്ളുമോഷണം പോകുന്നത്
മനസ്സിലാക്കിയ കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയന്‍ കള്ളനെ പിടിക്കാന്‍
അമ്പും വില്ലുമായി കാത്തിരുന്നു. പതിവ് പോലെ കള്ളു എടുത്ത് കുടിക്കുന്ന ദേവനെ
കണ്ടു അമ്പെയ്യാന്‍ ശ്രമിച്ച ചന്തന്‍ കല്ലായി മാറി.
നേരം ഇരുട്ടിയിട്ടും ചന്തനെ കാണാതെ
ചന്തന്റെ ഭാര്യ പനയുടെ ചുവട്ടില്‍ വന്നു നോക്കിയപ്പോള്‍ കണ്ടത് തന്റെ ഭര്‍ത്താവ്
ഒരു കല്ലായി മാറിയതായിരുന്നു. പനയുടെ മുകളില്‍ നോക്കിയ ചന്തന്റെ ഭാര്യ അവിടെ
വയസ്സായ ഒരു ദിവ്യ രൂപം കള്ളുകുടിക്കുന്നത് കാണുകയും ചെയ്തു. എന്റെ മുത്തപ്പാ
എന്ന് വിളിക്കുകയും (വയസ്സുള്ള ആളുകളെ മുത്തപ്പാ എന്ന് വിളിക്കുമായിരുന്നു)ദേവനെ
പ്രീതിപ്പെടുത്തന്‍ കടലയും പയറും വേവിച്ചു മത്തിയും ചുട്ടു ഒരു കുടം കള്ളും
കൊടുക്കുകയും ചെയ്തു. ഇതാണ് മുത്തപ്പന്റെ ആദ്യ നിവേദ്യം. സന്തുഷ്ടനായ മുത്തപ്പന്‍
ചന്തനെ പഴയ രൂപത്തിലാക്കി.
അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍
വഴിയില്‍ ശൈവംശമായ മുത്തപ്പനെ കണ്ടുമുട്ടുകയും രണ്ടു പേരും ചേര്‍ന്ന് തങ്ങള്‍ക്ക്
ഇരിക്കാന്‍ യോഗ്യമായ ഒരിടം തേടുകയും ചെയ്തു. അങ്ങിനെ കുന്നത്തൂര്‍ നിന്ന്
മുത്തപ്പന്‍ ഒരു അമ്പ് അയക്കുകയും അത് ചെന്ന് വളപട്ടണം പുഴയുടെ അരികിലുള്ള പറചീനി
കടവില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തുവത്രേ. പറചീനികടവ് ലോപിച്ചാണ്
പറശ്ശിനിക്കടവായത് എന്നാണ് വിശ്വാസം.
അങ്ങിനെ ഒരു പേരില്‍ രണ്ടു മൂര്‍ത്തികള്‍ എന്നതാണ് മുത്തപ്പന്റെ പ്രത്യേകത. ചന്ദ്രക്കല അണിഞ്ഞിരിക്കുന്ന ശിവന്റെ അവതാരമായ മുത്തപ്പനും (വെള്ളാട്ട മുത്തപ്പന്‍), മത്സ്യാവതാര രൂപമണിഞ്ഞ വിഷ്ണുവിന്റെ അവതാരമായ മുത്തപ്പനും (തിരുവപ്പന). ജാതി മത വര്‍ണ വിത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ സ്വീകരിക്കുന്ന മടപ്പുരയാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര. തീയ ജാതിയില്‍പ്പെട്ട മടയനാണ് മടപ്പുരയുടെ അധികാരി. മരുമക്കത്തായ സമ്പ്രദായപ്രകാരമാണ് ഇവിടെ മടയന്‍ അധികാരമേല്ക്കുന്നത്.
അങ്ങിനെ ഒരു പേരില്‍ രണ്ടു മൂര്‍ത്തികള്‍ എന്നതാണ് മുത്തപ്പന്റെ പ്രത്യേകത. ചന്ദ്രക്കല അണിഞ്ഞിരിക്കുന്ന ശിവന്റെ അവതാരമായ മുത്തപ്പനും (വെള്ളാട്ട മുത്തപ്പന്‍), മത്സ്യാവതാര രൂപമണിഞ്ഞ വിഷ്ണുവിന്റെ അവതാരമായ മുത്തപ്പനും (തിരുവപ്പന). ജാതി മത വര്‍ണ വിത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ സ്വീകരിക്കുന്ന മടപ്പുരയാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര. തീയ ജാതിയില്‍പ്പെട്ട മടയനാണ് മടപ്പുരയുടെ അധികാരി. മരുമക്കത്തായ സമ്പ്രദായപ്രകാരമാണ് ഇവിടെ മടയന്‍ അധികാരമേല്ക്കുന്നത്.
മുത്തപ്പന്‍ തെയ്യം ആടുന്നയാള്‍
കള്ളുകുടിക്കുകയും കാണികള്‍ക്ക് കള്ളുകൈമാറുകയും ചെയ്യാറുണ്ട്. മുത്തപ്പനെ
ഇപ്പോഴും ഒരു നായ അനുഗമിക്കാറുണ്ട്. അത് കൊണ്ട് തന്നെ മടപ്പുരയില്‍ നായയെ പാവനമായി
കരുതുന്നു. മടപ്പുരയുടെ പ്രവേശനകവാടത്തില്‍ തന്നെ രണ്ടു നായ്ക്കളുടെ പിച്ചള
പ്രതിമകളുണ്ട്. മടപ്പുരയില്‍ പ്രസാദം തയ്യാറാകുമ്പോള്‍ ആദ്യം എപ്പഴും നല്‍കാറ്
മടപ്പുരയുടെ ഉള്ളിലുള്ള നായക്കാണ്. മുത്തപ്പന് മുന്നില്‍ നായ്ക്കളുടെ
പ്രാധാന്യത്തെക്കുറിച്ചുള്ള പല കഥകളില്‍ ഒന്ന് ഇങ്ങിനെയാണ്. വര്‍ഷങ്ങള്‍ക്ക്
മുമ്പ്മടപ്പുരയിലെ അധികാരികള്‍ മടപ്പുരയില്‍ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍
തീരുമാനിച്ചതിന്റെ ഭാഗമായി കുറച്ചു നായ്ക്കളെയും കുഞ്ഞുങ്ങളെയും മടപ്പുരയില്‍
നിന്ന് പുറത്താക്കി. പക്ഷെ അന്നത്തെ ദിവസം തെയ്യം അവതരിപ്പിക്കുന്ന ആള്‍ക്ക്
തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി കോലധാരിയില്‍ പ്രവേശിച്ചാണല്ലോ
തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നത് വരെ കോലധാരി മുത്തപ്പന്‍ ആയി മാറുന്നു
എന്നാണു വിശ്വാസം). നായ്ക്കളെ മടപ്പുരയില്‍ നിന്ന് പുറത്താക്കിയത് കൊണ്ടാണ്
മുത്തപ്പന്‍ തെയ്യം കോലധാരിയില്‍ പ്രവേശിക്കാത്തത് എന്ന് മനസ്സിലാക്കിയ മടപ്പുര
അധികാരികള്‍ നായ്ക്കളെ മടപ്പുരയിലെക്ക് തിരിയേ കൊണ്ടുവന്നു അന്ന് മുതല്‍ തെയ്യം
വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ് കഥ.
വേറൊരു കഥയുള്ളത് ഇങ്ങിനെയാണ്: അയ്യങ്കര
മതിലകത്തെ പാര്‍വ്വതിക്കുട്ടി അന്തര്‍ജ്ജനത്തിന് ശ്രീ മഹാദേവനായ വയത്തൂര്‍
കല്യാറീശ്വരന്റെ വര പ്രസാദമായി തിരുവഞ്ചിറ ക്കടവില്‍ നിന്നും കളഞ്ഞു കിട്ടിയ
പൊന്മകനാണ് മുത്തപ്പന്‍. മനയില്‍ ഓമനയായി വളര്‍ന്ന ഈ ശിവപുത്രന്‍ കാടരോടും
വേടരോടും കൂട്ടുകൂടി പുല്ലിനെയും പ്രാവിനെയും വേട്ടയാടി ചുട്ടു തിന്നും
മദ്യപിച്ചും മുന്നോട്ടു പോയപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു.
കുന്നത്തൂര്‍ പാടിയിലെ മടയില്‍ പന്തീരാണ്ടു കാലം തപസ്സു ചെയ്തു ദിവ്യനായി
പാവങ്ങളുടെ പ്രിയങ്കരനായി നാടിറങ്ങി. അക്കാലത്ത് പ്രയാട്ടുകര മഹാ രാജാവ്
ഹരിശ്ചന്ദ്ര പെരുമാള്‍ പ്രജാഹിതം മറന്നു നാടുഭരിച്ചപ്പോള്‍ അടിമകളെ സംഘടിപ്പിച്ച്
പടയൊരുക്കി പെരുമാളുടെ ധാന്യപ്പുര കയ്യടക്കി അവയെല്ലാം ഏഴകള്‍ക്ക് കോരിക്കൊടുത്തു.
അങ്ങിനെ പാവങ്ങളുടെ കണ്ണീര്‍ വീണ വിളികളില്‍ മനസ്സളിയുന്ന ദേവന്‍ അവര്‍ക്ക് കണ്‍കണ്ട
ദൈവമായി, മുത്തപ്പനായി മാറി.
മുത്തപ്പന്റെ പ്രീതി നേടുവാനായി ഭക്തര്‍
നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണ് പൈങ്കുറ്റി. കൊടുമുടി വെള്ളാട്ടം, ഊട്ടും വെള്ളാട്ടം എന്നിവ കോലം
കെട്ടിയാട്ടത്തോടൊപ്പമുള്ള പ്രാര്‍ത്ഥനകളാണ്. തറവാടുകളിലും പൊടിക്കളങ്ങളിലും
മറ്റും തീയ്യന്‍, വണ്ണാന്‍ അടിയാന്‍ എന്നിവരില്‍
ആരെങ്കിലും ഭക്ത്യാദരപൂര്‍വം നടത്തുന്ന അനുഷ്ഠാനകര്മ്മങ്ങളാണ് പൈങ്കുറ്റി.
പൈങ്കുറ്റി എന്നാല്‍ ചെറിയ മണ്ണ് ഭരണികളിലെ കള്ളു നിവേദ്യമാണ്. വന്‍പയര്‍, കടല, തുടങ്ങിയ അഞ്ചു വര്‍ഗം പയറുകള്‍വറുത്ത്
വേവിച്ചതും ഉണക്ക മീന്‍,
തെങ്ങാപ്പൂള്‍ എന്നിവ ചേര്‍ന്നതുമായ പഞ്ചങ്ങളും കോല്‍പ്പാടും പൈങ്കുറ്റിക്ക്
മുതൃച്ച വെക്കും. അടിച്ചു തളിച്ചു ശുദ്ധമായ ഇടത്ത് പലകവെച്ചു നിറദീപം വെച്ച്
ഇളനീര്‍ കൊത്തി കലശമാടി ആദ്യം കുറി കൂട്ടും. വാഴയിലയില്‍ ഭസ്മം ചാലിച്ച്
കുറിക്കൂട്ടുണ്ടാക്കി കുറിവരയക്കുന്ന ചടങ്ങാണിത്. പീഠം ചാര്‍ത്തല്‍, മുതൃച്ച വെക്കല്‍, വീത്, നായൂട്ടു, ധൂമം കാട്ടല്‍ തുടങ്ങിയ അനുഷ്ഠാനത്തിലൂടെ
മുത്തപ്പ പ്രീതി വരുത്തുന്ന ഭക്തി നിര്‍ഭരമായ കര്മ്മമാണിത്.
വളരെ വ്യാപകമായി കാണുന്ന റെയില്‍വേ
പുറമ്പോക്കിലെ മുത്തപ്പന്‍ മടപ്പുരയുമായി ബന്ധപെട്ടു ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് ഒരിക്കല്‍ ബ്രിട്ടിഷുകാരനായ ഒരു ഉദ്യോഗസ്ഥന്‍
കണ്ണൂരിലേക്ക് വണ്ടി കയറി. കണ്ണൂരില്‍ വണ്ടിയിറങ്ങിയ അദ്ദേഹത്തിന്റെ
വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായി വിഷമിച്ചു നില്‍ക്കുന്ന സമയത്ത് ഇനി എന്താ
ചെയ്യുക എന്നോരാളോടു ചോദിച്ചപ്പോള്‍ മുത്തപ്പനെ വിളിച്ചു പ്രാര്‍ഥിച്ചാല്‍
കിട്ടുമെന്നു പറയുകയും അത് പ്രകാരം ഇംഗ്ലീഷുകാരനായ ആ ഉദ്യോഗസ്ഥന്‍ മുത്തപ്പനെ
വിളിച്ചു പ്രാര്‍ഥിച്ചുവെന്നും നഷ്ടപ്പെട്ട തന്റെ സാധനം തിരിച്ചു കിട്ടിയ അദ്ദേഹം
പിന്നീട് റെയില്‍വേയില്‍ എവിടെയൊക്കെ പുറമ്പോക്ക് സ്ഥലങ്ങള്‍ ഉണ്ടോ അവിടെയൊക്കെ
മുത്തപ്പന്റെ മടപ്പുര പണിയുന്നതിനു സമ്മതമേകിയത്രെ. അങ്ങിനെയാണ് ഇന്ന് കാണുന്ന
രീതിയില്‍ വ്യാപകമായി റെയില്‍വേ മുത്തപ്പന്‍ മടപ്പുരകള്‍ പിന്നീട് ഉണ്ടായതത്രേ.
പാടിക്കുറ്റി അമ്മ:
മുത്തപ്പന്‍ ദൈവത്തിന്റെ അമ്മയാണ്
പാടിക്കുറ്റിയമ്മ എന്ന് വിശ്വസിക്കുന്നു. മൂലംപെറ്റ ഭഗവതിയായും കൊട്ടിയൂരമ്മയായും
ഈ ദേവത ആരാധിക്കപ്പെടുന്നു. വളരെ നാളുകളോളം മുത്തപ്പനെ പോറ്റി വളര്‍ത്തിയത്
ഇവരാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനം പാടിക്കുറ്റിയമ്മക്ക് ലഭിക്കുന്നു.
പറശ്ശിനിക്കടവിനടുത്ത കോടല്ലൂരിലെ പാലപ്രം ക്ഷേത്രത്തിലാണ് പാടിക്കുറ്റിയമ്മയുടെ
തെയ്യം കെട്ടിയാടുന്നത്. മീനമാസത്തിലാണ് ഇവിടെ ഈ തെയ്യം അരങ്ങേറുന്നത്.
എരുവശ്ശിയിലെ ശ്രീ പാടിക്കുറ്റി മഹാദേവി ക്ഷേത്രമാണ് മറ്റൊരു പേരുകേട്ട ക്ഷേത്രം.
(തുടരും,,,,)
ഒരു തിരുത്തുണ്ട്. അഞ്ഞൂറ്റാന്‍മാര്‍ ഇപ്പോള്‍ തിരുവപ്പന കെട്ടാറില്ല, അതും വണ്ണാന്‍മാര്‍ തന്നെയാണ് ചെയ്യാറുള്ളത് എന്ന് കാണുന്നു. ഇത് പൂര്‍ണമായും ശരിയല്ല, കുന്നത്തൂര്‍പാടിയിലും പുരളിമലയിലും ഇപ്പോഴും പാനൂരിലെ വള്ള്യായി അഞ്ഞൂറ്റാന്‍മാരാണ് തിരുവപ്പനക്കോലമണിയുന്നത്. മാത്രമല്ല, കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും ഇവര്‍ നിരവധി മടപ്പുരകളില്‍ മുത്തപ്പന്‍റെ കോലമണിയാറുണ്ട്. മണത്തണ കനലാടി എന്നറിയപ്പെടുന്ന ഈ വിഭാഗമാണ് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇളനീര്‍ വയ്പ് തീരുംവരെ ഒറ്റക്കാലില്‍ നില്‍ക്കുന്ന വീരഭദ്ര വേഷവും ധരിക്കാറുള്ളത്. വടകര കടമേരി വൈരിഘാതകന്‍ പരദേവത, പടുവിലാക്കാവ് ദൈവത്താര്‍ തുടങ്ങിയ കോലങ്ങളും ഇവരുടെ അവകാശമാണ്.
മറുപടിഇല്ലാതാക്കൂ