2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 3

തെയ്യച്ചരിത്രം 3


അമ്മ ദൈവങ്ങള്‍:
തെയ്യക്കോലങ്ങളില്‍ തൊണ്ണൂറു ശതമാനവും പെണ്‍ കോലങ്ങളാണ്. ഭഗവതി, ചാമുണ്ഡി, കാളി, ഭദ്രകാളി എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ ദേവതാഗണത്തെ അമ്മ ദേവതമാര്‍ എന്ന് പറയാം. ദാരികാസുര നിഗ്രഹം നടത്തിയ മഹാകാളിയുടെ കഥയുമായി എഴുപതിലേറെ തെയ്യങ്ങള്‍ ഉറഞ്ഞാടുന്നുണ്ട്. തായിപ്പരദേവത, പോര്‍ക്കലി ഭഗവതി, വല്ലാര്‍കുളങ്ങര ഭഗവതി, അഷ്ടമച്ചാല്‍ ഭഗവതി, നിലമംഗലത്ത് ഭഗവതി, കമ്മാടത്ത് ഭഗവതി, കരക്കീല്‍ ഭഗവതി, കളരിക്കല്‍ ഭഗവതി, കാപ്പാട്ട് ഭഗവതി, ചെമ്പിലോട്ടു ഭഗവതി, പാച്ചേനി ഭഗവതി, പാലംകുളങ്ങര ഭഗവതി,ചാമക്കാവ് ഭഗവതി എന്നിങ്ങനെ അതത് കാവിന്റെയോ ഗ്രാമത്തിന്റെ വിളിപ്പേര് ചേര്‍ത്താണ് മഹാ കാളിയെ കെട്ടിയാടിക്കുന്നത്.

വല്ലാര്‍കുളങ്ങര ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
Source: Kerala Tourism

അമ്മ ദേവതകളായ ചാമുണ്ടിമാരും ഏറെയുണ്ട്. വീരചാമുണ്ഡി, രക്തചാമുണ്ടി, മടയില്‍ ചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, മൂവാളം കുഴി ചാമുണ്ഡി, കൈത ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി, കരിഞ്ചാമുണ്ടി, കിഴക്കേറ ചാമുണ്ഡി, കോളിയാട്ടു ചാമുണ്ഡി തുടങ്ങി നാല്‍പ്പതിലേറെ ചാമുണ്ടിമാരെ കാവുകളില്‍ കെട്ടിയാടിച്ചു വരുന്നുണ്ട്. ചണ്ട മുണ്ടന്‍മാരെ നിഗ്രഹിച്ച ദേവിക്ക് മഹാകാളി കനിഞ്ഞു നല്‍കിയ പേരാണത്രേ ചാമുണ്ഡി.

കൈതചാമുണ്ടി എന്ന തെയ്യത്തിന്റെ വീഡിയോ കാണാന്‍:
Source: Travel Kannur
Source: Mr. Jwala

കാളി എന്ന പേരിലും അനേകം മാതൃദേവതമാരുണ്ട്. വീരര്‍ കാളി, ചുടലഭദ്രകാളി, കരിങ്കാളി, കൊടുങ്കാളി, കുതിരക്കാളി, പഞ്ചുരുകാളി, ചൂട്ടക്കാളി, പരവക്കാളി, തൂവക്കാളി, പുലിയൂര്‍ കാളി, പുള്ളികരിങ്കാളി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങള്‍ ഉദാഹരണം. 
അമ്മ ദേവതമാരായ കന്യകാ ദേവതകള്‍ ഇവരാണ്: പഞ്ചുരുളി തെയ്യം, മുച്ചിലോട്ട് ഭഗവതി, നാഗകന്നി, കന്നിമാണി, കണ്ണമംഗലം ഭഗവതി, പുന്നക്കാല്‍ ഭഗവതി, വേങ്ങാക്കോട്ടു ഭഗവതി, ആയിറ്റി ഭഗവതി, പൂമാല ഭഗവതി  തുടങ്ങിയ ദൈവങ്ങള്‍ കന്യകമാരാണ്. കന്യകാസങ്കല്പം നിലനിര്‍ത്താന്‍ വേണ്ടിയാണ് മുച്ചിലോട്ട് ഭഗവതിക്ക് താലികെട്ടാന്‍ തുടങ്ങുമ്പോള്‍ അന്തിത്തിരിയന് വാലായ്മ എന്ന് വിളിച്ചു പറഞ്ഞു ചടങ്ങ് മുടക്കുന്നത്.
ഭഗവതി തെയ്യം:
അച്ചി എന്നും പോതി എന്നും അറിയപ്പെടുന്നതും ഈ തെയ്യമാണ്.
കണ്ണിൽ മഷി, മുഖത്തും ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്. നെറ്റിയിൽ മൂന്ന് വരക്കുറി.ചെവിതൊട്ട് താടിവരെ മൂന്ന് കുറി. തലയിൽ വെള്ള കെട്ടും. അതിനു മുകളിൽ തലപ്പാളി. അതിനു മുകളിൽ പോതിപ്പട്ടം. രണ്ടുകൈയിലും മുരിക്കിൽ തീർത്ത നാലുകൈവളകൾ. അരയിൽ ചുവന്ന പട്ട്. കാലിൽ ചിലമ്പ്.
ഭഗവതി തെയ്യത്തിനു് പല വകഭേദങ്ങളുണ്ടു്.
ഭഗവതി, കാളി, ചാമുണ്ഡി, ഈശ്വരി എന്നീ പേരുകളിലാണ് മിക്ക അമ്മദൈവങ്ങളും അറിയപ്പെടുന്നത്.  ഇതിനു പുറമേ അച്ചി എന്നും പോതി എന്നും കൂടി അറിയപ്പെടുന്നുണ്ട്. 

തിരുവര്‍ക്കാട്ട് ഭഗവതി (തായിപ്പരദേവത), ഭദ്രകാളി
പോറ്റിപ്പോരുന്നോരച്ചി എന്ന നിലയില്‍  മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. ഈ ഭഗവതി തന്നെ ഭദ്രകാളിയെന്നും, കോലസ്വരൂപത്തിങ്കല്‍ തായി എന്നും കളരിയാല്‍ ഭഗവതി എന്നും അറിയപ്പെടുന്നു.  കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്‌. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. പരമശിവന്റെ  തൃക്കണ്ണില്‍ നിന്ന് ജനിച്ച ആറു തെയ്യങ്ങളില്‍ ഒന്നായ ഈ തായി ഉഗ്രസ്വരൂപിണിയായ  ദാരികാന്തകിയാണ്. ശിവപത്നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. മറ്റൊരു ഭാഷ്യം ഇങ്ങിനെയാണ്;
ശ്രീ മഹാദേവന്റെ  (ശിവന്റെ) ആജ്ഞ ധിക്കരിച്ച് തന്റെ പിതാവായ ദക്ഷന്റെ  രാജധാനിയില്‍ സതീ ദേവി യാഗത്തിന് ചെന്നു.  ദക്ഷനാല്‍ അപമാനിതയായ സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് വിറച്ച്  താണ്ഡവമാടുകയും ഒടുവില്‍ തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. അതില്‍ നിന്ന്‍ അപ്പോള്‍ ഭദ്രകാളിയും വീരഭദ്രനും ജന്മം പൂണ്ടു. ഇങ്ങിനെ ജന്മമെടുത്ത ഭദ്രകാളി ശിവാജ്ഞ പ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗസ്ഥലത്ത് ചെല്ലുകയും അവിടം മുഴുവന്‍ നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാലയിലെ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു വന്ന ഓമന മകള്‍ക്ക് ശിവന്‍ കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തി നടുത്തായി വസിക്കാന്‍ ഇടം നല്‍കുകയും ചെയ്തുവത്രേ.
ദേവി പിന്നീട് ദേവാസുര യുദ്ധസമയത്താണ് വീണ്ടും അവതരിക്കുന്നത്. അന്ന് ദേവി എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴു പിടിയാല്‍ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. ഏഴു ദിവസം തുടര്‍ച്ചയായി ദാരികനുമായി യുദ്ദം നടത്തിയ കാളി എട്ടാം ദിവസമാണ് ദാരികനെ കൊന്നു ചോര കുടിക്കുന്നത്. അങ്ങിനെ തന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു.  ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത്  നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.
ഭദ്രകാളി എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ദേവി രക്തം ദാഹിച്ചു വരുന്ന രൌദ്ര രൂപിണിയാണ്. പുതിയ ഭഗവതിയുടെ ഉറ്റ തോഴിയുമാണ്‌. പുതിയ ഭഗവതിയുള്ള കാവുകളില്‍ ഭദ്രകാളി എന്ന പേരില്‍ ഈ ദേവിയെ ആരാധിക്കുന്നു. മറ്റിടങ്ങളില്‍ കോലസ്വരൂപത്തിങ്കല്‍ തായ എന്ന പേരില്‍ തന്നെയാണ് ആരാധിക്കുന്നത്.  
പുതിയ ഭഗവതിയുടെ കോലത്തിന്‍മേല്‍ കോലമായി ഈ തെയ്യത്തെ കെട്ടിയാടാറുണ്ട്. അല്‍പ്പം ചില മിനുക്ക്‌ പണികളോട് കൂടി വലിയ മുടി വെച്ചാണ് ഭദ്രകാളിതെയ്യം നൃത്തമാടി  വരുന്നത്. പൊതുവേ തെയ്യങ്ങളുടെ രൌദ്രത വെളിപ്പെടുത്താന്‍ മുടിയുടെ മുന്നോട്ടുള്ള തള്ളിച്ച ഉദാഹരണമായി പറയാറുണ്ട്‌. ഈ തെയ്യത്തിന്റെ രൌദ്രത അതിനാല്‍ തന്നെ മുടിയില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയില്‍ വാദ്യഘോഷങ്ങള്‍ നിര്‍ത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:
പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്‍ എനിക്ക് നാല് ദേശങ്ങള്‍ കല്പിച്ചു തന്നിട്ടുണ്ടല്ലോ... ഈ സ്ഥലം മുന്‍ ഹേതുവായിട്ടു ഈ കാല്‍ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും... ആയതിനാല്‍ എന്റെ നല്ലച്ചന്‍ എനിക്ക് കല്‍പ്പിച്ചു തന്ന ഈ തിരുവര്‍ക്കാട്ട് വടക്ക് ഭാഗം ഞാന്‍ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ...
ഈ വാമൊഴി മാടായിക്കാവില്‍ വെച്ചുള്ളതാണ്. മഹാദേവന്‍ തിരുവടി നല്ലച്ചന്‍ എന്നത് കൊണ്ട് മുകളില്‍ ഉദ്ദേശിക്കുന്നത് പരമശിവന്‍ ആണെന്നും നാല് ദേശങ്ങള്‍ കല്‍പ്പിച്ചു തന്നിട്ടുണ്ട് എന്ന് പറയുന്നത് വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത്  നല്‍കി എന്നാണെന്നും ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ?

അത് കൊണ്ട് തന്നെ വാ മൊഴിയില്‍ ദേശാന്തരങ്ങള്‍ക്ക് അനുസൃതമായി വടക്ക് എന്നത് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മാറും അതിനനുസരിച്ച അര്‍ത്ഥഭേദവും വരും.

നീളമുടിയും, പ്രാക്കെഴുത്ത് മുഖത്തെഴുത്തും, വെള്ളി എകിറും (തേറ്റ),വിതാനത്തറ അരച്ചമയവുമുള്ള ഈ തെയ്യത്തെ ഓരോ കാവിലും അതതു ഗ്രാമപ്പേര്‍ ചേര്‍ത്താണ് പേര് വിളിച്ചു കെട്ടിയാടുന്നത്‌. 

തിരുവര്‍ക്കാട്ട് ഭഗവതിയുടെ കൂടെ മക്കളായ ക്ഷേത്രപാലകന്‍, സോമേശ്വരി, പഴശ്ശി ഭഗവതി, ശ്രീ പോര്‍ക്കലി ഭഗവതി, കാളരാത്രി അമ്മ, ചുഴലി ഭഗവതി എന്നീ തെയ്യങ്ങളും പെരും കലശത്തില്‍ അണിനിരക്കും. തിരുവര്‍ക്കാട്ട് ഭഗവതിയുടെ മുടിയാണ് പ്രധാന ആകര്‍ഷണം, അമ്പത് മീറ്റര്‍ ഉയരത്തിലും പതിനാലു മീറ്റര്‍ വീതിയിലും വരുന്ന മുളങ്കോലുകള്‍ കൊണ്ട് കെട്ടിയ ചുവപ്പും കറുപ്പും തുണിയാല്‍ അലങ്കരിച്ചതാണ് ഈ തിരുമുടി. ദേവതമാരില്‍ ഏറ്റവും ഉയരം കൂടിയ തിരുമുടി ഉള്ളത് ഈ ഭഗവതിക്ക് മാത്രമാണ്. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

അഷ്ടമച്ചാല്‍ ഭഗവതി, പോര്‍ക്കലി ഭഗവതി, അറത്തില്‍ ഭഗവതി, എട്ടിക്കുളം ഭഗവതി, ഇളമ്പച്ചി ഭഗവതി, വല്ലാര്‍ക്കുളങ്ങര ഭഗവതി, മഞ്ഞച്ചേരി ഭഗവതി, വീരഞ്ചിറ ഭഗവതി, മണത്തണ പ്പോതി, കണ്ണാംഗലം ഭഗവതി, കൊതോളിയമ്മ, ചെമ്പിലോട്ടു ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, കരയാപ്പിലമ്മ, എടച്ചിറപ്പോതി, കാപ്പാട്ട് ഭഗവതി, കമ്മാടത്ത്‌ ഭഗവതി, കുറ്റിക്കോല്‍ ഭഗവതി, നെല്ലിയാറ്റ് ഭഗവതി, കല്ലേരിയമ്മ, കളരിയാല്‍ ഭഗവതി, കൂളന്താട്ട് ഭഗവതി, തുളുവാനത്തു ഭഗവതി, നിലമംഗലത്ത് ഭഗവതി, ചാമക്കാവിലമ്മ, പാച്ചേനി ഭഗവതി, പാറക്കടവ് ഭഗവതി, പുതിയാര്‍മ്പത്തമ്മ, വരീക്കര ഭഗവതി, എരമത്ത് ഭഗവതി,  മടത്തില്‍ പോതി തുടങ്ങി എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന ദേവതമാരെല്ലാം തായിപ്പരദേവതയുടെ നാമാന്തരങ്ങള്‍ ആണ്. അമ്മ, അച്ചി, പോതി, തമ്പുരാട്ടി എന്നൊക്കെ ഭഗവതിയെ നാട്ടു വാമൊഴിയില്‍ വിളിക്കും.

കടപ്പാട്: അജീഷ് നമ്പ്യാര്‍

അഷ്ടമച്ചാല്‍ ഭഗവതി:
പയ്യന്നൂര്‍ തെരുവിളെ പ്രധാനക്കാവില്‍ വിശേഷ അനുഷ്ഠാനങ്ങളോടെ ശാലിയര്‍ ആരാധിച്ചു വരുന്ന ദേവിയാണ് അഷ്ടമച്ചാല്‍ ഭഗവതി. മാടായി തിരുവര്‍ക്കാട്ട് കാവില്‍ ദര്‍ശനത്തിനു പോയ പയ്യന്നൂര്‍ നാട്ടുമന്നന്‍ കാഞ്ഞിരക്കുറ്റി വാഴുന്നോരുടെ കൂടെ കന്യകാരൂപത്തില്‍ ഇവിടെ എഴുന്നെള്ളിയതാണത്രെ ഭഗവതി. കോലത്തിരി രാജാവിന്റെ കുലദേവതയും ദാരികാസുരനാശിനിയുമായ തായിപ്പരദേവത തന്നെയാണ് അഷ്ടമച്ചാല്‍ ഭഗവതി. ഈ കാവിലെ പ്രത്യേകത ദേവിക്കുള്ള മീനൂട്ട് ആണ്. അകലെയുള്ള കവ്വായി പുഴയില്‍ നിന്ന് മീന്‍ വേട്ട നടത്തി അനേകം വാല്യക്കാര്‍  മീന്‍ കോയ കൊണ്ട് വന്നു സമര്‍പ്പിക്കുന്നത് പെരുങ്കലശത്തോടനുബന്ധിച്ചാണ്.  അഞ്ഞൂറ്റാന്‍മാരും വണ്ണാന്‍മാരുമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
കടപ്പാട് : ലിനു

ഒറവങ്കര ഭഗവതി:
ദാരികാന്തകിയായ കാളി തന്നെയാണ് ഒറവങ്കര ഭഗവതി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. മാതമംഗലത്തിനടുത്തുള്ള പാണപ്പുഴഗ്രാമത്തിലെ ഒറവച്ചുനക്കരയില്‍ തണ്ടയാര്‍ശന്‍ ആയുധ വിശാരദാനായിരുന്നു. കേളികേട്ട ഈ ഗുരുക്കളെ പരീക്ഷിക്കാന്‍ ഒരിക്കല്‍ ചിറക്കല്‍ തമ്പുരാന്‍ കോവിലകത്തെക്ക് വിളിപ്പിച്ചു. ദേവീ ഭക്തനായ ഗുരുക്കള്‍ യാത്രാമദ്ധ്യേ ചിറക്കല്‍ കളരിവാതുക്കല്‍ ഭഗവതിയെ ധ്യാനിച്ചിരുന്നപ്പോള്‍ വാതില്‍പ്പടിയില്‍ ഒരു നാന്തക വല മിന്നി തിളങ്ങി. ആ വാളുമായി രാജപരീക്ഷ നേരിട്ട് വിജയം വരിച്ച ഗുരുക്കള്‍ ജന്മദേശത്തെ ഉറവച്ചുനക്കരയില്‍ വാള്‍ പ്രതിഷ്ടിക്കുകയും ഉറവങ്കരയിലെത്തിയ ദേവിയെ ഉറവങ്കര ദേവി എന്ന് പേരിട്ടു കെട്ടിയാടിക്കുകയും ചെയ്തു തുടങ്ങി.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ