2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 38

തെയ്യച്ചരിത്രം 38

കരിഞ്ചാമുണ്ഡി, മാപ്പിള ചാമുണ്ഡി:
ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്‍ത്തിയായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു. ഇസ്ലാം മതസ്ഥനായ ആലിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തര മലബാറിലെ തെയ്യം എന്ന ആരാധനാരീതിയുമായി അവിടെയുള്ള ഇസ്ലാം മത വിശ്വാസികള്‍ പണ്ട് മുതലേ സഹകരിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ തെയ്യത്തിന്റെ കഥ.
പായ്യത്ത് മലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു ആലിയുടെ ഒപ്പം കൂടി വീട്ടിലെത്തിയ യുവതി അകത്ത് കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേള്‍ക്കാതിരുന്ന ആലി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ നിലവിളിയും ശമിച്ചപ്പോള്‍ വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. ചോരയില്‍ കുളിച്ചു വയര്‍ പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകര രൂപമാണ് ആലി മുന്നില്‍ കണ്ടത്.
ആലി തന്റെ സര്‍വ ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മര്‍ദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെഇട്ടു. വിവരം നാട്ടില്‍ പാട്ടായപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഭയപ്പെട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്‍ദേവത ത്രുപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുര്‍ദേവതക്ക് കാവും സ്ഥാനവും നല്‍കി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം.
ഈ കഥ അല്‍പ്പം വിത്യാസത്തോടെയുള്ളതാണ് മാപ്പിളചാമുണ്ഡി.അത് പ്രകാരം കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടില്‍ ആരാധിക്കുന്ന തെയ്യമാണ്‌ മാപ്പിള ചാമുണ്ഡി. പുളിങ്ങോം നാട്ടില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന കലന്തന്‍ മുക്രിയുടെ ഭാര്യയ്ക്ക് നട്ടപ്പാതിരയ്ക്ക് പേറ്റു നോവ്‌ വന്നു. പേറ്റിച്ചി തേടിയിറങ്ങിയ കലന്തന്‍ പേറ്റിച്ചിപുരയുടെ മുന്നില്‍ നില്‍ക്കുന്ന പെണ്ണൊരുത്തിയോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ മടിയേതുമില്ലാതെ കൂടെ ചെല്ലുകയും ചെയ്തു. എന്നാല്‍ നേരമേറെയായിട്ടും പേറ്റിച്ചിയെ കാണാത്ത കലന്തന്‍ മുക്രി അകത്തേക്ക് നോക്കിയപ്പോള്‍ അമ്മയെയും കുഞ്ഞിനേയും കൊന്നു ചോരകുടിച്ച് നില്‍ക്കുന്ന കാളിയെയാണ് കണ്ടത്. കലന്തന്‍ കാളിയുടെ നേരെ പാഞ്ഞു ചെന്നപ്പോള്‍ കാളി പുറത്തേക്കോടി. കലി പൂണ്ട കലന്തന്‍ പിന്നാലെ പാഞ്ഞെങ്കിലും പിറ്റേ ദിവസം പുഴയില്‍ പൊങ്ങിയ കലന്തന്‍ മുക്രിയുടെ ശവമാണ്‌ നാട്ടുകാര്‍ കണ്ടത്. അങ്ങിനെ കലന്ത്രന്‍ മുക്രി കൊട്ടയില്‍ തറവാട്ടില്‍ മാപ്പിളചാമുണ്ടിയായി ആരൂഡം നേടി. എന്നാല്‍ ഈ കഥകള്‍ തോറ്റം പാട്ടില്‍ പരാമര്‍ശിക്കുന്നില്ല എന്നും പറയപ്പെടുന്നു.
കമ്പല്ലൂര്‍ കോട്ടയിലെ കരിഞ്ചാമുണ്ടി തെയ്യവും മാപ്പിള തെയ്യവും വീഡിയോ കാണാന്‍:
http://www.youtube.com/watch?v=mCHpHTpfQtg
Karim Chamundi Theyyam Part-1 http://youtu.be/IEVUsjTSct0
Karim Chamundi Theyyam Part-2
 http://www.youtube.com/watch?v=9sDZ9ijCDc4
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
കരിഞ്ചാമുണ്ഡിയും പോലീസ് തെയ്യവും:
പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് പോലീസ് തെയ്യം കെട്ടിയാടുന്നത്‌. പണ്ട് ഈ തറവാട്ടിലെ കാരി കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ടിയുടെ കളിയാട്ടം കാണാനെത്തി. തന്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്നു കരിഞ്ചാമുണ്ടിയോട് കാരണവര്‍ അപേക്ഷിച്ചു.
കാരണവരും ദേവിയും തറവാട്ടിലേക്കുള്ള യാത്രക്കിടയില്‍ കോല സ്വരൂപത്തെ നായന്മാരും അള്ളടം സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം നടക്കുന്നത് കാണാനിടയായി. വെട്ടേറ്റ് നിലത്ത് വീണു പിടയുന്ന ഒരു പോലീസ് കാരന് കാരണവര്‍ മടിയില്‍ കിടത്തി വെള്ളം നല്‍കി. വൈകാതെ പോലീസുകാരന്‍ മരിച്ചു. തറവാട്ടില്‍ തിരിച്ചെത്തിയ കാരണവര്‍ക്ക് കരിഞ്ചാമുണ്ടിയുടെയും പോലീസ് തെയ്യത്തിന്റെയും സാന്നിധ്യം അനുഭവപ്പെട്ടു. അതിനു ശേഷമാണു തറവാട്ടില്‍ കരിഞ്ചാമുണ്ടിയുടെയും പോലീസിന്റെയും തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ