തെയ്യപ്പെരുമ - 14
വെള്ളാട്ടം
തെയ്യത്തിന്റെ
ആടയാഭരണങ്ങളില്‍ വട്ടതിരുമുടിയൊഴിച്ചു ഭാക്കിയുള്ള ചമയങ്ങള്‍ എല്ലാമുള്ള
തെയ്യത്തിന്റെ ഒരു ബാല രൂപമാണ് വെള്ളാട്ടം.
തെയ്യാട്ടത്തിന്റെ തലേദിവസം കോലക്കാരന്‍ ഈ രീതിയിലുള്ള ചമയങ്ങള്‍ അണിഞ്ഞ്
ചെണ്ട കൊട്ടി പാട്ട് പാടുകയും അതിന്റെ അന്ത്യത്തില്‍ ഉറഞ്ഞുതുള്ളി നര്‍ത്തനം
ചെയ്യുകയും പതിവുണ്ട്. പിറ്റേ ദിവസം
ഇറങ്ങുന്ന തെയ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ നൃത്ത ചടങ്ങുകളും വെള്ളാട്ടം അവതരിപ്പിക്കും.
ചുരുക്കത്തില്‍ തെയ്യത്തിന്റെ ഒരു ട്രെയിലര്‍ ആയി വെള്ളാട്ടത്തെ കാണാം.
തെയ്യം
തുടങ്ങുന്നതിനു മുന്നായി മുഖ്യ ദേവനെയോ ദേവിയെയോ ആദ്യം സ്തുതിച്ചു പാടും.
അരിയിട്ട് വന്ദിച്ച് കൊണ്ട് ക്ഷേത്ര മുറ്റത്ത് മുഖ്യ തെയ്യ കോലക്കാരന്‍ നടുവിലും
വാദ്യങ്ങളുമായി മറ്റുള്ളവര്‍ ചുറ്റിലും നിന്ന് നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങാണിത്.
നന്താര്‍ വിളക്കും തിരുവായുധവും അരിയിട്ട് വന്ദിക്കാം എന്ന് തുടങ്ങി...
എഴുന്നെള്ളി വരിക വേണം ദൈവമേ എന്ന് വരെയുള്ള ചടങ്ങാണിത്. ഇത് കഴിഞ്ഞാലാണ് ദേവീ
ദേവന്മാരെ ചെണ്ടകൊട്ടി ഉണര്‍ത്തി തെയ്യത്തിലെക്ക് ക്ഷണിക്കുന്ന സന്ധ്യാവേല
നടക്കുന്നത്. ഇത്രയും ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാണ് അതാതു തെയ്യങ്ങളുടെ തോറ്റവും
വെള്ളാട്ടവും നടക്കുന്നത്.
പല തെയ്യങ്ങളും കാഴ്ചയില്‍ ഒന്നാണെന്ന് തോന്നാമെങ്കിലും പല
തരത്തിലുള്ള വിത്യാസങ്ങള്‍ ഇവ തമ്മിലുണ്ട്. സസൂക്ഷ്മം നിരീക്ഷിക്കുന്ന ആളുകള്‍ക്ക്
എളുപ്പത്തില്‍ ഇവ കണ്ടെത്താനും കഴിയും. പ്രത്യേകിച്ച് മുഖത്തെഴുത്ത്
നിരീക്ഷിക്കുന്ന ആളുകള്‍ക്ക്. പൊതുവേ
തെയ്യങ്ങളുടെ സ്വഭാവ സവിശേഷത, രൌദ്രത ഇവയൊക്കെ
മനസ്സിലാക്കുന്നത് മുഖത്തെഴുത്തില്‍ നിന്നാണല്ലോ?ഇങ്ങിനെ മുഖത്തെഴുത്തും
ചമയവും കഴിഞ്ഞ തെയ്യം കെട്ടുന്ന ആള്‍ ആടയാഭരണങ്ങളോട് കൂടി ക്ഷേത്രത്തിനു മുന്‍പിലുള്ള
പീഠത്തില്‍ വന്നിരിക്കുന്നു. ശേഷം ഏതു
തെയ്യമാണോ കെട്ടിയാടുന്നത് ആ തെയ്യത്തിന്റെ തോറ്റം (സ്തോത്രങ്ങള്‍) ചൊല്ലി കൊണ്ട്
സഹായികളായ ആളുകള്‍ തെയ്യത്തിന്റെ രൂപത്തിനും ഭാവത്തിനും അനുസരിച്ച് മുടി വെച്ച്
കൊടുക്കുന്നു.
ദേവന്മാര്‍ക്ക് പൊതുവേ വലിയ മുടി കുറവാണ്. ഇതുള്ളത് ദേവിമാര്‍ക്കാണ്. അത് പോലെ വട്ട മുടികളും. മുടി വെക്കുന്ന വേളയില്‍ തന്നെ ചെണ്ടയുടെയും
തകിലിന്റെയും ശബ്ദം ആദ്യം പതിഞ്ഞ സ്വരത്തിലും പിന്നീട് കോലക്കാരന്‍ തന്റെ രൂപം
കണ്ണാടിയില്‍ കണ്ട ശേഷം (ദൈവം അയാളില്‍ ആവേശിക്കുന്നതു അപ്പോഴാണ് എന്നാണു
വിശ്വാസം) പീഠത്തില്‍ നിന്ന് എഴുന്നേറ്റ് നൃത്തം തുടങ്ങുമ്പോള്‍ ചെണ്ടയുടെയും
തകിലിന്റെയും ശബ്ദം ഉച്ചസ്ഥായിയില്‍ ആവുകയും ചെയ്യും. ഈ സമയം ക്ഷേത്രത്തിലെ ആളുകള്‍
തെയ്യത്തെ അരിയെറിഞ്ഞു വരവേല്‍ക്കുന്നു ഇതോടൊപ്പം തന്നെ നൃത്തം ചെയ്യുന്നതിനിടയില്‍
തന്നെ തെയ്യം താന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഓരോന്നായി സ്വീകരിക്കുകയും അതുമായി
നൃത്തം തുടരുകയും ചെയ്യുന്നു.
മൃഗബലി, നരബലി:
അവില്‍, മലര്‍, ഉണക്കലരി, അപ്പം, തേങ്ങ എന്നിങ്ങനെ ദേവതാ
ഭേദമനുസരിച്ച് തെയ്യകാവുകളുടെ വടക്ക് ഭാഗത്തുള്ള കലശത്തറയില്‍ നിവേദ്യം വെക്കും.
കലശ കുംഭങ്ങള്‍ ഇതോടോന്നിച്ചു ഉണ്ടാകും. തെങ്ങിന്‍ കള്ളാണ് ഇതില്‍ ഉണ്ടാവുക.
ഇങ്ങിനെ കലശം വെക്കുന്ന തീയ്യനെ ‘കലശക്കാരന്‍’ എന്ന് വിളിക്കുന്നു. വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി
തുടങ്ങിയ തെയ്യങ്ങള്‍ കലശം കയ്യേല്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് പന്നിമുഖം
അലങ്കാരമായി അണിയാറുണ്ട്. ഇങ്ങിനെ കലശം കയ്യേറ്റതിന് ശേഷമാണു ‘വടക്കോം ഭാഗത്ത്’ കുരുതി തര്‍പ്പണം
നടത്തുന്നത്.
ഉരുളിയിലും വലിയ വട്ടികയിലും ഒക്കെയാണ് മഞ്ഞളും നൂറും ചേര്‍ത്ത
ഗുരുസി ഉണ്ടാക്കുന്നത്. എന്നിട്ട് അവിടെ വെച്ചാണ് കോഴി അറവു നടത്തുക. രൌദ്ര ദേവതകള്‍ക്ക് ആണ്ടിലൊരിക്കല്‍ കുരുതി
സമര്‍പ്പിക്കുന്നത് വടക്കോം വാതില്‍ ചടങ്ങില്‍ തെയ്യാട്ട നേരത്ത് കോഴികളെ അറുത്ത്
ചുടു ചോര തെയ്യത്തിന്റെ മുന്നിലെ വട്ടകയിലാക്കി കോരി കോരി അര്‍പ്പിക്കുകയാണ്
ചെയ്യുക. പഴയ കാലത്ത് തെയ്യങ്ങള്‍ക്ക്
നരബലിയും, മൃഗബലിയും നടന്നു വന്നതായി പഴമക്കാര്‍ പറയുന്നു. കരിഞ്ചാമുണ്ടി തെയ്യം
ആടിനെ അറുത്താണ് ബലി നടത്തുന്നത്. ചില കാവുകളില്‍ വടി കൊണ്ടടിച്ച് പിടി കൂടിയ
മീനുകളെ ഈര്‍ക്കിലുകളില്‍ കോര്‍ത്ത് കോഴയാക്കി ‘മീനമൃത്’ എന്ന പേരില്‍ സമര്‍പ്പിക്കാറുണ്ട്.
കോഴിച്ചോര കുടുകുടെ മോന്തുന്ന ഭയാനകമായ ഉറഞ്ഞാട്ടം
നടത്തുന്ന തെയ്യമാണ് കൈതചാമുണ്ഡി.
വയനാട്ടുകുലവന്‍ (തൊണ്ടച്ചന്‍) തെയ്യത്തിനു വീത് വെക്കാന്‍
(നേര്ച്ച വെക്കാന്‍) മാന്‍, മലാന്‍, മുയല്‍ തുടങ്ങിയ കാട്ടു മൃഗങ്ങളെ
വെട്ടയാടിപ്പിടിച്ചു ആഘോഷപൂര്‍വ്വം കൊണ്ട് വരും.
ഇത് വയനാട്ട് കുലവന് ബോനം കൊടുക്കാന്‍ (ഭോജനം കൊടുക്കാന്‍)
വേണ്ടിയുള്ളതാണ്. വയനാട്ടുകുലവന്റെ
സഹചാരിയായ കണ്ടനാര്‍ കേളന്‍ വെള്ളാട്ടം ഉറഞ്ഞാടുന്ന രാത്രിയിലാണ് നായാട്ടു
സംഘങ്ങള്‍ മൃഗങ്ങളുമായി എത്തുക. ഓരോ മൃഗത്തെയും മൂന്നായി വെട്ടിക്കീറുന്ന ഈ
ചടങ്ങിനെയാണ് ബപ്പിടല്‍ എന്ന് പറയുന്നത്. മാംസത്തിലെ കരള്‍, വലത്തെ തുട എന്നിവ
പ്രത്യേക രീതിയില്‍ പൊരിച്ചു ദൈവത്തിനു നിവേദിക്കും ബാക്കി വന്നവ കൂടിയ ഭക്തന്‍മാര്‍ക്ക്
പാകം ചെയ്ത് പ്രസാദമായി വിളമ്പുകയും ചെയ്യുന്നു.
കണ്ണൂര്‍ ജില്ലയില്‍ വയനാട്ടുകുലവന് നായാട്ടും ബപ്പിടലും മഹോത്സവ
സമ്പ്രദായവും ഇല്ല. എന്നാല്‍ കാസര്‍ക്കൊടന്‍ ഗ്രാം തറവാടുകളില്‍ നായാട്ടു,
ബപ്പിടല്‍, ബോണം കൊടുക്കല്‍, മറ പിളര്‍ക്കല്‍ തുടങ്ങിയവ കര്‍ശനമായി
പാലിച്ചിരുന്നു.
(തുടരും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ