2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 33

തെയ്യച്ചരിത്രം 33

വണ്ണാത്തിപ്പോതി (വണ്ണാത്തി ഭഗവതി):
തെയ്യക്കാരനായ പെരുവണ്ണാന്റെ ധര്മ്മപത്നിയായിരുന്നു വണ്ണാത്തി. നാട്ടുകാര്‍ക്കെല്ലാം തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തിമാറ്റ് നല്‍കിവരുന്ന വണ്ണാത്തി അന്നും പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള്‍ ഭഗവതി കണ്ടു. കാട്ടുമൂര്ത്തിയായ ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപെക്ഷിചപ്പോള്‍ കാട്ടാളത്തിക്ക് മാറ്റെന്തിന് എന്ന് പരിഹസിച്ചു വണ്ണാത്തി മുന്നോട്ടു നീങ്ങിയപ്പോള്‍ കാട്ടുപെണ്ണ്‍ വഴി തടഞ്ഞു.കോപിഷ്ഠയായ അവള്‍ വണ്ണാത്തിയെ പാറക്കല്ലില്‍ അടിച്ചു കൊന്നു. മരണാനന്തരം അവള്‍ വണ്ണാത്തി പോതിയായി.
വീഡിയോ കാണാന്‍:
http://www.youtube.com/watch?v=dIl6L5AVCHY
Source: theyyam ritual (vengara.com)
കാപ്പാളത്തി പോതി (കാപ്പാളത്തി ഭഗവതി):
കുമ്പ കാപ്പാളത്തിക്ക് ആങ്ങിളമാര്‍ ഏഴാണ്. അരങ്ങാനത്ത് പാടിയിലെ ഇവര്‍ ആങ്ങിളമാര്‍ കാവേരി വിളക്കും വേല കാണാന്‍ പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ പുറപ്പെട്ടു. ആങ്ങിളമാര്‍ ഇവരെ എത്ര തന്നെ വിലക്കിയിട്ടും കൂസാക്കാതെ അവരുടെ പിറകെ അവര്‍ പോയ വഴിയെ നടന്നു. വഴിക്ക് മാന്‍മല കടന്നപ്പോള്‍ അവള്‍ക്ക് വഴിതെറ്റുകയും ദാഹിച്ചു അവശയായി ഇരുന്ന അവള്‍ക്ക് മാവിലന്‍ ഒരാള്‍ ഇളനീര്‍ കൊടുക്കുകയും ചെയ്തു. കുമ്പ കാപ്പാളത്തി മാവിലന്റെ കൂടെ പോവുകയും ചെയ്തു. ഒടുവില്‍ നേര്‍പെങ്ങളെ തേടി ഏറെ നാള്‍ നടന്ന ആങ്ങിളമാര്‍ മാവിലക്കുടിയില്‍ ഗര്‍ഭിണിയായ പെങ്ങളെ കണ്ടു. കുലം കെടുത്തിയ കുമ്പ കാപ്പാളത്തിയെ ആങ്ങിളമാര്‍ തുണ്ടം തുണ്ടമാക്കി. കുമ്പ കാപ്പാളത്തി അങ്ങിനെ കാപ്പാളത്തി പോതിയായി മാറി.
മനയില്‍ പോതി:
താഴക്കാട്ടു തറവാട്ടിലെ സ്ത്രീ പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി. വണ്ണാന്‍ സമുദയാക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്.
തോട്ടുംകര ഭഗവതി:
ഒരു രാമായണ മാസം മക്കള്‍ പതിനാലും മരിച്ച ഒരു തീയത്തി സ്ത്രീ വീട്ടിലിരുന്ന് രാമായണം വായിച്ചത് കേള്‍ക്കാനിടയായ കോല മന്നന് (ചിറക്കല്‍ തമ്പുരാന്) ആ സ്ത്രീയുടെ ധിക്കാരം സഹിക്കാനാവുന്നതിലപ്പുറമായി തോന്നി. കടുത്ത ശിക്ഷ നലകാന്‍ തന്നെ തമ്പുരാന്‍ തീരുമാനിച്ചു. തലയില്‍ തീപ്പന്തം അടിച്ചു കയറ്റി അവളെ മലവെള്ളത്തില്‍ എടുത്തെറിഞ്ഞു. എന്നാല്‍ ശിവാനുഗ്രഹത്താല്‍ ഒഴുകുന്ന തോട്ടില്‍ നിന്ന് കരകയറിയ ദേവി തീ തണുപ്പിച്ച് ഒരു ദേവതയായി തൊട്ടുംകരയില്‍ ഉദയം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ആണിത് നടന്നതെന്നു വിശ്വസിക്കപ്പെടുന്നു. അങ്ങിനെ ആ സ്ത്രീ മരണാനന്തരം കാളി സങ്കല്‍പ്പത്തിലുള്ള തോട്ടുംകര ഭഗവതിയായി ആരാധിക്കപ്പെട്ടു തുടങ്ങി.
തോട്ടുംകര ഭഗവതിയുടെ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=8cPan53X_58
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
കേളന്‍ തെയ്യം:

തളിപ്പറമ്പിനടുത്ത നരിക്കോട് നാട്ടിലെ പെരുമനയായ നരിക്കോട്ട് മനയിലെ കാര്യസ്ഥനായിരുന്നു കേളന്‍ നായര്‍. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത പുലയ നിലങ്ങളും, എണ്ണിയാലോടുങ്ങാത്ത ഭൂസ്വത്തും പ്രൌഡിയും പ്രാമാണ്യവും ഉള്ള ആ തറവാട്ടിലെ നൂറു കൂട്ടം പണികള്‍ വളരെ അനായാസമായി കൈകാര്യം ചെയ്തിരുന്ന കേളന്‍ നായര്‍ മനക്കാര്‍ക്കും മനയിലെ കാക്കതൊണ്ണൂറു അടിയാന്‍മാര്‍ക്കും പ്രിയങ്കരനായിരുന്നു. ഒരു ദിവസം സന്ധ്യക്ക് വയലിലിറങ്ങിയ കേളനെ പിന്നെയാരും കണ്ടില്ല. എന്നാല്‍ കേളന്‍ എന്നും കയ്യിലേന്തുമായിരുന്ന വെള്ളി കെട്ടിയ ചെറുവടി വയലോരത്ത് അനാഥമായി കണ്ടെത്തിയത് ആരോ വിവരമറിയിച്ചു. തുടര്‍ന്ന്‍ ദുര്‍നിമിത്തങ്ങള്‍ ഒഴിയാതെ വന്നതിനാല്‍ കണിയാനെത്തി കവിടി നിരത്തി പറഞ്ഞു ഫലിത പ്രിയക്കാരനായിരുന്ന കേളന്‍ ഗുരുക്കള്‍ ദൈവ നിയോഗം കൊണ്ട് ഇപ്പോള്‍ ദൈവക്കരുവായിരിക്കുന്നു. അങ്ങിനെ നരിക്കോട്ട് മനയുടെ കന്നിരാശിയില്‍ കേളനെ കേളന്‍ തെയ്യമായി കേട്ടിയാടിക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ