2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 8

തെയ്യച്ചരിത്രം 8

മുച്ചിലോട്ട് ഭഗവതി:
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. ഭഗവതിയുടെ മുഖത്തെഴുത്ത്‌ കുറ്റിശംഖും പ്രാക്കും എന്നാണു അറിയപ്പെടുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സര്‍വാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധുവെ പോലെയാണ് ഈ തെയ്യം. അറിവ് കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചാരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍ അപമാന ഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ട് ഭാഗവതി. ഈ ദേവിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.
ഒരു കാലത്ത് വേദ ശാസ്ത്രങ്ങളില്‍ പെരിഞ്ചല്ലൂരിലെ (തളിപ്പറമ്പിലെ) ബ്രാഹ്മണരെ വെല്ലാന്‍ ആരും ഇല്ലായിരുന്നു. അന്യദേശക്കാരായ ബ്രാഹ്മണര്‍ അക്കാലത്ത് പെരിഞ്ചല്ലൂര്‍ ആസ്ഥാനമാക്കി തര്‍ക്കശാസ്ത്രത്തില്‍ തങ്ങളുടെ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു. അതില്‍ തര്‍ക്ക ശാസ്ത്രത്തില്‍ പേര് കേട്ട മനയാണ് രയരമംഗലം മന. തലമുറകള്‍ നിലനിര്‍ത്താന്‍ മക്കളില്ലാതെ അന്യം നിന്ന് പോകാറായ ഈ മനയിലെ തിരുമേനിക്ക് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്‍കുഞ്ഞു പിറന്നു. പതിനഞ്ചു വയസ്സായപ്പോഴേക്കും കന്യകയായ ഈ പെണ്‍കിടാവ് സര്‍വ വിദ്യകളിലും അറിവ് നേടി. അവളുടെ പാണ്ഡിത്യവും പ്രശസ്തി നേടി. കന്യകയെ നേരിട്ട് തര്‍ക്കത്തില്‍ പരാജയപ്പെടുത്താന്‍ കഴിയാതെ വന്ന പെരിഞ്ചല്ലൂര്‍ (തളിപ്പറമ്പിലെ) ബ്രാഹ്മണര്‍ക്ക് അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാനും വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെ അവര്‍ ഒരവസരം കാത്തു നിന്നു.
ഈ സമയത്താണ് തന്റെ മുറചെറുക്കനുമായി പെണ്‍കുട്ടിയുടെ കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിനു മൂന്ന് നാള്‍ മാത്രം ഉള്ള അവസരത്തില്‍ നാടുവാഴി വന്നു കന്യകയെ കണ്ടു ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ നാട്ടിലെ പണ്ഡിതരേ പെരിഞ്ചല്ലൂരിലെ ബ്രാഹ്മണര്‍ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു അതില്‍ തോറ്റാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല അത് കൊണ്ട് സഹായം വേണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അവള്‍ തര്‍ക്കത്തിന് തയ്യാറാവുകയും രയരമംഗലം തിരുമേനി അതിനു സമ്മതമേകുകയും ചെയ്തു.
ഉദയമംഗലം ക്ഷേത്ര നടയില്‍ വെച്ചാരംഭിച്ച തര്‍ക്കത്തില്‍ ആദ്യ രണ്ടു ദിവസവും കന്യക ബ്രാഹ്മണരെ തോല്‍പ്പിച്ചത് അവര്‍ക്ക് നീരസവും വൈരാഗ്യബുദ്ധിയും ഉണ്ടാക്കി. അതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മൂന്നാം ദിവസം തര്‍ക്ക പന്തലില്‍ വെച്ച് അവര്‍ കന്യകയോട്‌ ഒരു ചോദ്യം ചോദിച്ചു.
ഏറ്റവും വലിയ വേദന എന്ത്? ഏറ്റവും വലിയ സുഖം എന്ത്?
സംശയമേതുമില്ലാതെ കന്യക ഇങ്ങിനെ മറുപടി പറഞ്ഞു.
ഏറ്റവും വലിയ വേദന പ്രസവ വേദന, ഏറ്റവും വലിയ സുഖം രതി സുഖം
കന്യകയായ പെണ്‍കുട്ടിയുടെ ഈ മറുപടി കേട്ട ഉടന്‍ അവര്‍ പരിഹാസ ചിരികളുമായി പന്തലില്‍ ഓടി നടന്നു. രതി സുഖവും പ്രസവ വേദനയും ഇവള്‍ അറിഞ്ഞിട്ടുണ്ട് ഇവള്‍ കന്യകയല്ല എന്ന് അവര്‍ ആക്രോശിച്ചു. അവര്‍ക്കെതിര് പറയാന്‍ ആരുമില്ലാതിരുന്നതിനാല്‍ അവര്‍ കന്യകയെ പടിയടച്ച് പിന്ധം വെച്ചു. തന്റെ കല്യാണവും മുടങ്ങി നാട്ടു കൂട്ടത്തിനു മുന്നില്‍ അപമാനിതയാകേണ്ടി വന്ന അവള്‍ ഒരു അഗ്നികുണ്ഡം ഒരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് കരിവെള്ളൂര്‍ അപ്പനെയും രയരമംഗലത്ത് ദേവിയെയും കണ്ടു തൊഴുതു പ്രാര്‍ഥിച്ചു.
തീയിലേക്ക് എടുത്ത് ചാടിയ അവളെ അത് വഴി എണ്ണയുമായി പോയ ഒരു മുച്ചിലോടന്‍ (വാണിയന്‍) കണ്ടു. അമ്പരപ്പോടെ തന്നെ നോക്കി നില്‍ക്കുന്ന വാണിയനോട് തന്റെ കയ്യിലുള്ള എണ്ണ ആ തീയില്‍ ഒഴിക്കാന്‍ കന്യക ആവശ്യപ്പെടുകയും ഒരു തരം വിഭ്രാന്തിയിലായിരുന്ന വാണിയന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അങ്ങിനെ അഗ്നിപ്രവേശത്തോടെ കന്യക തന്റെ പരിശുദ്ധി തെളിയിച്ചു.
തന്റെ അപരാധം അപ്പോഴാണ്‌ വാണിയന് ബോധ്യമായത്. പൊട്ടിക്കരഞ്ഞ വാണിയന്റെ മുന്നില്‍ അഗ്നിയില്‍ നിന്നും ഒരു ദിവ്യ പ്രകാശം ഉയര്‍ന്നു വന്നു വാണിയനെ അനുഗ്രഹിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിലെത്തിയ വാണിയന്‍ തന്റെ പാത്രം നിറഞ്ഞിരിക്കുന്നതായി കണ്ടു. ആത്മാഹുതി ചെയ്ത പെണ്‍കൊടി കരിവെള്ളൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവതിയായി മാറുകയും അവര്‍ വാണിയരുടെ കുലദേവതയാവുകയും ചെയ്തു.
വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. പ്രധാനമായും പതിനേഴ്‌ നാട്ടില്‍ പതിനെട്ടു മുച്ചിലോട്ട് കാവുകള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടത് ആദി മുച്ചിലോട് കരിവെള്ളൂര്‍ ആണെന്ന് പറയപ്പെടുന്നു. കാസര്‍ഗോഡ്‌ പെരുതണ മുതല്‍ വടകര വൈക്കലശ്ശേരി വരെ ഇന്ന് നൂറ്റിയെട്ട് മുച്ചിലോട്ട് കാവുകളുണ്ട്.
തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കില്‍ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തില്‍ മാത്രമാണ് ബ്രാഹ്മണ കന്യകയുടെ കഥ പറയുന്നത്. വാണിയ സമൂഹം തമ്പുരാട്ടിയായാണ് ഭഗവതിയെ കാണുന്നത്. ദേവി ആദ്യം ദര്‍ശനം നല്‍കിയത് മുച്ചിലകോടന്‍ വാണിയനാണ്. കുലദേവതയായ മുച്ചിലോട്ട് ഭഗവതി കുടികൊള്ളുന്നതിനാലാണ് കാവിനെ മുച്ചിലോട്ട് കാവെന്നു വിളിക്കുന്നത്‌. അഞ്ചോ ആറോ ദിവസം ആയിരങ്ങള്‍ക്ക് നിത്യവും നല്‍കുന്ന അന്നദാനത്തോടെയാണ് മുച്ചിലോട്ട് ഭഗവതിയുടെ തൃക്കല്യാണ സങ്കല്‍പ്പത്തില്‍ തെയ്യാട്ടമെന്ന പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നത്.
പുലി ദൈവങ്ങള്‍ക്ക് മുച്ചിലോട്ട് കാവുകളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുലിയൂര്‍ കണ്ണനും പുലിയൂര്‍ കാളിക്കും. ആദ്യം ഇത് കൊറോം മുച്ചിലോട്ട് കാവിലും പിന്നീടത് മറ്റ് മുച്ചിലോട്ട് കാവുകളിലേക്കും വ്യാപിക്കുകയാണ്‌ ഉണ്ടായത്. കൊറോം മുച്ചിലോട്ട് നിന്നും ഒരു തവണ മുച്ചിലോട്ട് ഭഗവതിയുടെ ഏളത്ത് വന്നപ്പോള്‍ പുലി ദൈവങ്ങള്‍ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്ന് ഒരു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു. പടിഞ്ഞാറ്റയില്‍ പുലിദൈവങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക് വലതു കയ്യാല്‍ പറിച്ചേടുത്ത് കൊണ്ട് വന്നു കൊറോം മുച്ചിലോട്ട് കാവിന്റെ കിഴക്കേ പടിക്കരികില്‍ ഭഗവതി ഉറപ്പിച്ചു.
മുച്ചിലോട്ട് അമ്മയെ ഉപാസിച്ചു സിദ്ധന്‍മാരായി മാറിയ തലച്ചറോന്‍, പോന്ന്വന്‍, നമ്പ്രത്തച്ചന്‍ എന്നിവര്‍ വാണിയകുലത്തിനാകെ ആരാധ്യരാണ്.
മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=lDZMpO6TKFk
Source: Rithul Sooraj
http://www.youtube.com/watch?v=AaHWZxqXD5o
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം
വീഴാല ഭഗവതി:
ശിവ നന്ദിനി സങ്കല്‍പ്പത്തിലുള്ള ദേവിയാണ് വീഴാല ഭഗവതി. പുളിമ്പി ഇല്ലം നമ്പൂതിരിക്ക് വീഴാലമരത്തിന്‍മേല്‍ ദിവ്യശക്തി കാട്ടിക്കൊടുത്ത ദേവി മുച്ചിലോട്ട് ഭഗവതി തന്നെയാണെന്ന് വിശ്വസിക്കുന്നു. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ