2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 5

തെയ്യപ്പെരുമ - 5

കാവുകളില്‍ മിക്കതും ഭഗവതി കാവുകളാണ്. ഒറവങ്കര കാവ്, കരക്കീല്‍ കാവ്, കാപ്പാട്ട് കാവ്, കുട്ടിക്കര കാവ്, പാറമേല്‍ കാവ്, പ്രമാഞ്ചേരി കാവ്, വല്ലാക്കുളങ്ങര കാവ്, കക്കര കാവ്, പൂമാല കാവ്, കണ്ണങ്ങാട്ട് കാവ്, മുച്ചിലോട്ട് കാവ്, തിരുവര്‍കാട്ടു കാവ് എന്നിങ്ങനെ മുഖ്യ ദേവതകളുടെ പേരുകളിലാണ് ഈ കാവുകള്‍ പലതും അറിയപ്പെടുന്നത്.
മുണ്ട്യ കാവ്, ഊര്പ്പഴച്ചി കാവ്, പാലോട്ട് കാവ് എന്നിങ്ങനെ പുരുഷ ദൈവങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കാവുകളും ഉണ്ട്.
ഓരോ കാവിലും മുഖ്യദേവതക്ക് പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടാവും. ഒറ്റപ്പെട്ട കാവുകള്‍ ആണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാവും. വാണിയ സമുദായക്കാരുടെ (ചക്കാല നായരുടെ) ആരാധാനാലയമായ ചില മുച്ചിലോട്ട് കാവുകളില്‍ മുഖ്യ ദേവതക്ക് പുറമേ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, പുലി കണ്ടന്‍ തുടങ്ങിയ ദേവതകളും ഉണ്ടാകും. കരിവെള്ളൂരാണ് ആദിമുച്ചിലോട്ടു കാവ്. 
ആരിയ പൂമാല ഭഗവതിയുടെ ആരാധാനാലയമാണ് പൂമാല കാവുകള്‍. ഈ കാവുകളില്‍ മറ്റനേകം ദേവതകളെ കൂടി ആരാധിക്കുനുണ്ട്.
കേരളത്തിലെ യാദവ വംശജരെന്ന് കരുതപ്പെടുന്ന മണിയാണിമാരില്‍ ഒരു വിഭാഗമായ എരുവാന്‍മാരുടെ ആരാധാനാലയങ്ങളാണ് കണ്ണങ്ങാട്ട് കാവുകള്‍. കണ്ണങ്ങാട്ട് ഭഗവതിയുടെ ആദി സങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. വസൂരി ദേവതകളായ ചീറുമ്പ മാരുടെ ആരാധാനാലായങ്ങളാണ് ചീറുമ്പ കാവുകള്‍. തീയ്യര്‍, ആശാരിമാര്‍, മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ തെയ്യത്തെ ആരാധിക്കുന്നു. പീലിക്കോട്, കൊയോന്‍കര, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പയ്യന്നൂര്‍, മാടായി എന്നീ സ്ഥലങ്ങളിലെ ചീറുമ്പ കാവുകള്‍ ആശാരിമാരുടെതാണ്.
മുണ്ട്യ കാവുകള്‍: പഴയ നായാട്ടു സങ്കേതങ്ങള്‍ കൂടി ആയ തെയ്യാട്ടം നടത്തുന്ന കാവുകളാണ് മുണ്ട്യകള്‍. തീയരുടെ ആരാധാനാലായങ്ങളാണ് പൊതുവേ മുണ്ട്യകളെങ്കിലും ചീമേനി മുണ്ട്യ കാവ് മണിയാണിമാരുടെതാണത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വയനാട്ടുകുലവന്‍ എന്നിവയാണ് ഇവിടങ്ങളില്‍ സാധാരണയായി ആരാധിക്കപ്പെടുന്നത്. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മല്‍, കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ സ്ഥലങ്ങളിലാണ് മുണ്ട്യകാവുകള്‍ ഉള്ളത്.
കഴകം: തീയര്‍, മണിയാണി തുടങ്ങി ഓരോ സമുദായക്കാര്‍ക്കും കഴകങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കഴകങ്ങളില്‍ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്.
കോട്ടം: ഗ്രാമക്കൂട്ടമായ കഴകത്തെ കോട്ടം എന്നും പറയാറുണ്ട്‌ ചിലയിടങ്ങളില്‍. ഭഗവതി കോട്ടം, ചാമുണ്ഡി കോട്ടം, വൈരജാതന്‍ കോട്ടം, പൊട്ടന്‍ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകന്‍ കോട്ടം ഇവിടങ്ങളിലൊക്കെ തെയ്യാട്ടം പതിവാണ്.
കൂലോം (കോവിലകം): തെയ്യാട്ട സ്ഥാനങ്ങളായ ആരാധാനാലായങ്ങളെ കോവിലകങ്ങള്‍ (കൂലോം) എന്ന് പറയും. ഇത്തരം കോവിലകങ്ങള്‍ ചില പ്രത്യേക ദേവതകളുടെ ആരാധാനാലയങ്ങളാണ്. അതിന്റെ പിന്നില്‍ ചില പുരാസങ്കല്പ്പങ്ങളുണ്ട്‌ എന്ന് പറയപ്പെടുന്നു. മടിയന്‍ കൂലോം, ഉദിയന്നൂര്‍ കൂലോം, പെരട്ടു കൂലോം, വടക്കുമ്പാട് കൂലോം, കീഴറ കൂലോം എന്നിവ ഇതില്‍ പ്രശസ്തമാണ്.
മടപ്പുര: മുത്തപ്പന്‍ തെയ്യത്തിന്റെ സ്ഥാനമാണ് മടപ്പുര.
കാവുകളും കോട്ടങ്ങളും സ്ഥിതി ചെയ്യുന്നത് വിശുദ്ധമായ വനങ്ങള്‍ക്കിടയിലാണ്. ഇവിടെ നായാടുന്നതും മരം മുറിക്കുന്നതും ഒക്കെ നിഷിദ്ധമാണ്. പലപ്പോഴും സര്‍പ്പകാവുകളും ഇതിന്റെ കൂടെയുണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ കോട്ടങ്ങള്‍ ഇതിനൊരപവാദമായി വീട്ടു വളപ്പിലും (തറവാടുകളിലും) കണ്ടു വരുന്നുണ്ട്. സര്‍ക്കാര്‍ എന്നാല്‍ കാവുകള്‍ ഉള്‍പ്പെടുന്ന വിശുദ്ധ വനമേഖലയെ ഒരു സംരക്ഷിത മേഖലയായി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പല സ്ഥലത്തും ഇത് ആളുകള് കയ്യേറുകയും അന്യാധീനപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ അവിടങ്ങളിലെ ആവാസ വ്യവസ്ഥ തകരുന്നതിന് ഇതിനു ഇടയാവുന്നുണ്ട്. പരിസ്ഥിതി വാദികള്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവ സംരക്ഷിക്കാനായി ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്.
നേരത്തെ സൂചിപ്പിച്ച ആര്യന്മാര്‍ അല്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ വകഭേദമായ വരേണ്യ ജാതികള്‍ വൈദിക വിധി പ്രകാരം മന്ത്ര തന്ത്രാദികളോടെ പൂജാ കര്‍മ്മങ്ങള്‍ നടത്തുന്ന സ്ഥലമാണ് പൊതുവെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. സാത്വിക കര്മ്മങ്ങളാണ് മിക്കവാറും ഇവിടെ പൊതുവെ അനുഷ്ടിക്കാറു പതിവ്.ക്ഷേത്രങ്ങളില്‍ ദേവിയുടെയോ അല്ലെങ്കില്‍ ദേവന്റെയോ പ്രതിഷ്ഠകള്‍ ഉണ്ടാകും. ഇവ തന്ത്രികള്‍ അവിടെ ആവാഹിച്ച് പ്രതിഷ്ഠിക്കുന്നതാണ്. പലപ്പോഴും ദേവന് അല്ലെങ്കില്‍ ദേവിക്ക് നിവേദ്യമായി നല്‍കുന്നത് പാലും, പഴങ്ങളും, നെയ്യും അതുപോലുള്ളവയായിരിക്കും. ഉത്സവാചാരങ്ങളില്‍ പലതും ആനപ്പുറത്തുള്ള എഴുന്നെള്ളിപ്പ്, ആലവട്ടവും വെഞ്ചാമരവും, മുത്തുക്കുടകള്‍, തിടമ്പ് നൃത്തങ്ങള്‍ ഇവയൊക്കെ ചേര്‍ന്നതായിരിക്കും.
എന്നാല്‍ ജാതിയില്‍ താഴ്ന്നവരെന്നു അവര്‍ വിധികല്‍പ്പിച്ചു മാറ്റി നിര്‍ത്തിയവരുടെ ആരാധനാ സ്ഥലങ്ങള്‍ അറിയപ്പെടുന്നത് കോട്ടങ്ങള്‍, കാവുകള്‍, മുണ്ട്യകള്‍, തറ, സ്ഥാനങ്ങള്‍, മരപ്പൊത്തുകള്‍ എന്നിവയൊക്കെയാണ്. ജാതിയുടെ തരം താഴലിനു അനുസരിച്ച് ഈ സ്ഥലങ്ങളുടെ പേരും സ്ഥാനവും താഴ് ന്നു കൊണ്ടേയിരിക്കും. അത് പോലെ തന്നെ ദേവതകളുടെ പേരിലും കാണാം ഈ മാറ്റാം. ഒരിടത്ത് വിഷ്ണുവും, ശിവനും ഒക്കെയാണെങ്കില്‍ മറ്റൊരിടത്ത് ശിവന്റെ ഭൂതഗണങ്ങളും, പ്രേതങ്ങളും യക്ഷികളും ഒക്കെയായിരിക്കും ആരാധനക്ക് പാത്രമാവുന്നവര്‍. അവരുടെ പേരുകളില്‍ തന്നെ ഉച്ച നീചത്വം നിങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്.
തെയ്യങ്ങള്‍ മഹാക്ഷേത്രത്തിലെ ദേവന്മാരെ പോലെ ഒരേ കോവിലില്‍ തന്നെ നിരന്തരം കുടിക്കൊള്ളുന്നില്ല. മറിച്ച് തെയ്യങ്ങള്‍ മായിക പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നില്ക്കുകയാണെന്നാണ് സങ്കല്പം. അത് കൊണ്ടാണ് കോലക്കാരന്‍ വേഷമണിഞ്ഞു കാവിന്‍ മുറ്റത്ത് തൊഴുത് നിന്ന് വരിക വരിക ദൈവമേ എന്ന് തോറ്റം പാടുന്നത്. ഈ വരവിളി കേട്ടാണത്രെ തെയ്യം പള്ളിയറയിലെ പാമാടപ്പലമേല്‍ വന്നിരുന്ന് ആയുധ ദീപാദികളിലൂടെ കോലക്കാരനിലേക്ക് ആവേശിക്കുന്നതു. ചമയങ്ങള്‍ പൂര്‍ത്തിയായാല്‍ കോലക്കാരന്‍ തന്റെ രൂപം കണ്ണാടിയില്‍ നോക്കുകയും അതോടെ ആ രൂപം അയാളിലേക്ക് ആവേശിക്കുകയുമായി.
കാവുകളില്‍ തെയ്യപ്രതിഷ്ഠ നടത്തുന്നവര്‍ ആലോചിക്കേണ്ട കാര്യം ഇതാണ്: ഒരിടത്തെ കാവില്‍ തന്ത്രീശ്വരന്‍ ആവാഹിച്ചുറപ്പിച്ചു പ്രതിഷ്ഠ കൊടുത്ത പുതിയ ഭഗവതി തെയ്യത്തെ മറ്റൊരു കാവിലെ കളിയാട്ട വേളയില്‍ ചമയമണിഞ്ഞ് വന്ന കോലക്കാരന്‍ വരിക, വരിക എന്ന് എത്ര വിളിച്ചാലും ഈ തെയ്യത്തിനു വരാന്‍ കഴിയില്ലല്ലോ?? തെയ്യാരാധനയുടെ ഈ അടിസ്ഥാന തത്വം മറക്കുന്നവര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌ ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത്.
പാലും പഴവും വരേണ്യ വിഭാഗം ദേവന് നിവേദ്യമായി നല്‍കുമ്പോള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട താഴ്ന്ന ജാതിക്കാര്‍ തങ്ങളുടെ കാര്‍ഷിക വിളകള്‍ (ഫലങ്ങള്‍) ആയിരിക്കും ദേവന് സമര്‍പ്പിക്കുക അത് പോലെ തന്നെ നായാടി ജീവിച്ചിരുന്ന സമയത്ത് മത്സ്യ മാംസാദികളും. ഇന്നും ആ പാരമ്പര്യം അവര്‍ തുടരുന്നു. ക്ഷേത്രങ്ങളില്‍ കൂത്തും കൂടിയാട്ടവും, കഥകളിയും അരങ്ങേറുമ്പോള്‍ കാവുകളിലും കോട്ടങ്ങളിലും അതിനു താഴെയും തെയ്യക്കോലങ്ങള്‍ അരങ്ങു വാഴുന്നു. തീയ്യില്‍ ചാടികൊണ്ടുള്ള ദൈവങ്ങള്‍ ഇവിടെ നിരവധിയാണ്. ഇവ തീ തെയ്യങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യം ഉപയോഗിക്കുമ്പോള്‍ ഇവിടെ ചെണ്ടയും മറ്റും ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളില്‍ ചെണ്ട കൊട്ടാനുള്ള അവകാശം മാരാര്‍മാര്‍ക്കാണങ്കില്‍ കാവുകളിലും കോട്ടങ്ങളിലും മറ്റും അത് മലയരാണ് ചെയ്യുന്നത്.
ഇങ്ങിനെ അനുഷ്ഠാനത്തില്‍, ചടങ്ങുകളില്‍ അന്നെന്നപോലെ ഇന്നും വളരെ വ്യക്തമായ വിത്യാസങ്ങള്‍ നില നിന്ന് പോകുന്നു. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം താഴ്ന്ന ജാതികള്‍ക്ക് ലഭിച്ചുവെങ്കിലും അവിടുത്തെ പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നത് അന്നെന്ന പോലെ ഇന്നും വരേണ്യ ജാതികളാണ്. മന്ത്രങ്ങളും തന്ത്രങ്ങളും അറിയുന്ന തന്ത്രിമാര്‍.
ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതം ഇന്നും സമൂഹം ആരും കെട്ടിയെല്‍പ്പിക്കാതെ തന്നെ സ്വമനസ്സാലെ പേറി നടക്കുന്നു. ആരാധാന കേന്ദ്രങ്ങളില്‍ ആണ് ഇത് പ്രകടമായി കാണുന്നത്. നമ്പൂതിരിമാര്‍ ഇന്നും പൂജാദികര്‍മ്മങ്ങള്‍ തന്നെ ചെയ്തു വരുന്നു. അവിടേക്ക് ഇത് വരെയും താഴ്ന്ന ജാതിക്കാര്‍ പൂജ ചെയ്യുന്ന രീതിയിലെക്കുള്ള മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല സ്വന്തമായി തങ്ങളുടെ കാവുകളിലോ കോട്ടങ്ങളിലോ ചെയ്യാന്‍ പറ്റിയിട്ടും അവിടെ നമ്പൂതിരിമാരെ വിളിച്ചു വരുത്തി ചെയ്യിക്കുന്ന പ്രവണത ഏറുകയാണ്. ഇത് പോലെ തന്നെ ഊരായ്മ അവകാശവും അവര്‍ മേല്ജാതിക്ക് നല്‍കുന്നു.
ഇത്തരം പ്രവണതകള്‍ക്കെതിരെ ഒരു നിശബ്ദ വിപ്ലവമെങ്കിലും കീഴ്ജാതിക്കാരുടെയിടയില്‍ നടന്നില്ലെങ്കില്‍ അവര്‍ക്ക് വരാനിരിക്കുന്നത് ഒരു വലിയ വിപത്തായിരിക്കും എന്നുള്ളതില്‍ സംശയം വേണ്ട.
തെയ്യം പുറപ്പെടുന്ന സമയത്ത് മേല്ജാതിക്കാരായ ആളുകള്‍ പോലും വന്നു തെയ്യത്തെ വണങ്ങുന്നത് ഒരു വലിയ കാര്യമായി കണക്കാക്കിയിരുന്നു. കാരണം സമൂഹത്തില്‍ അയിത്തം നില നിന്ന ഒരു കാലമായിരുന്നു അത്. അങ്ങിനെ ആയിത്തക്കാരായ കീഴ്ജാതിക്കാരായ വണ്ണാന്റെയും മലയന്റെയും മുന്നില്‍ അവര്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍ അനുഗ്രഹം വാങ്ങുമ്പോള്‍ അത് ഒരു നിശബ്ദ വിപ്ലവമായി പലരും കണ്ടിരുന്നു. എന്നാല്‍ കോലം ഇറക്കി വെച്ചാല്‍ അവര്‍ വീണ്ടും പഴയ അയിത്തക്കാരായി മാറുകയും ചെയ്തിരുന്നു.
ഭഗവതി തെയ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടിക്കപ്പെടുന്ന തെയ്യങ്ങള്‍ ശിവനുമായി ബന്ധപ്പെട്ടവയാണ്. ശിവന്റെ ഭൂത ഗണങ്ങള്‍, പുത്രന്മാര്‍, പുത്രിമാര്‍, അതുമല്ലെങ്കില്‍ ശിവന്‍, ശിവന്റെ ഭാര്യ പാര്‍വതി എന്നിവരാണവ. എണ്ണത്തില്‍ കൂടുതല്‍ ഉള്ള ഈ തെയ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കെട്ടിയാടുന്നത് പൂര്‍വ്വികരുടെയും, ഗുരുക്കന്മാരുടെയും തെയ്യങ്ങളാണ്. ഒപ്പം നാഗങ്ങള്‍, ഭൂതങ്ങള്‍, യക്ഷ ഗന്ധര്‍വന്‍മാര്‍ എന്നിവരും തെയ്യങ്ങളായി വരുന്നു. ഇതോടൊപ്പം വിഷ്ണുവിനും ദേവിക്കും ഒക്കെ തെയ്യക്കോലങ്ങള്‍ ഉണ്ട്. തെയ്യങ്ങള്‍ അഞ്ഞൂറിനടുത്ത് വരുമെങ്കിലും ഇവയില്‍ കെട്ടിയാടപ്പെടുന്നത് പ്രധാനമായും നൂറ്റമ്പതിനടുത്തെ വരൂ എന്ന് പറയപ്പെടുന്നു.
മൊത്തത്തിലുള്ള തെയ്യങ്ങള്‍ ഏതൊക്കെയാണെന്നും അവ ഏതേതു മാസങ്ങളില്‍ എവിടെയൊക്കെ കെട്ടിയാടപ്പെടുന്നു എന്നൊക്കെയുമുള്ള കാര്യങ്ങള്‍ വഴിയെ പരിശോധിക്കുന്നുണ്ട്. അതിനോടോപ്പം പ്രധാനപ്പെട്ട കാവുകളും, കോട്ടങ്ങളും, തറവാടുകളും, സ്ഥാനങ്ങളും, ഒക്കെ ജില്ല തിരിച്ചു അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒപ്പം പരമാവധി തെയ്യങ്ങളുടെ ഐതിഹ്യങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
തെക്ക് കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം, വടക്ക് മാടായിക്കാവ്, കിഴക്ക് മാമ്മാനത്ത് ദേവി ക്ഷേത്രം, പടിഞ്ഞാറ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം എന്നിവയാണ് കോലത്ത് നാട്ടിലെ കോല സ്വരൂപത്തിങ്കല്‍ തായക്ക് ശ്രീ മഹാദേവന്‍ കല്‍പ്പിച്ചു കൊടുത്ത ദേശങ്ങള്‍ എന്ന് പറയപ്പെടുന്നു.

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ