തെയ്യപ്പെരുമ - 1
പെരുമകളെക്കുറിച്ച് പറയുമ്പോള്‍ എന്നും
വടക്കെ മലബാറുകാര്‍ക്ക് പറയാനുള്ളത് തെയ്യപ്പെരുമകളെപ്പറ്റി തന്നെയാണ്. തങ്ങളുടെ ജീവിതത്തില്‍
ഒഴിച്ചുകൂടാനാവാത്ത തെയ്യക്കോലങ്ങളെ അവര്‍ എങ്ങിനെ വിസ്മരിക്കും? ജീവിതത്തില്‍ സങ്കടം വരുമ്പോഴും, സന്തോഷം
വരുമ്പോഴും കുട്ടിക്കാലം തൊട്ടേ ഈ തെയ്യക്കോലങ്ങളുടെ കൈ പിടിച്ചു വികാരങ്ങള്‍
പങ്കു വെക്കുന്നവരാണ് ഓരോ വടക്കെ മലബാറുകാരനും.
ദൈവം വിഗ്രഹങ്ങളില്‍ നിന്നിറങ്ങി
ജീവിക്കുന്ന കോലങ്ങള്‍ ആകുമ്പോള്‍, കീഴ്ജാതിക്കാരന് കെട്ടിയാടുന്ന തെയ്യങ്ങളെ ഭയ
ഭക്തി പുരസ്ക്കാരത്തോടെ മേല്ജാതിക്കാരന് തൊഴുത് നില്ക്കുമ്പോള് അവിടെ തെയ്യം
ഒരു സാമൂഹ്യ വിപ്ലവം ആകുകതന്നെയാണ്.
ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഉളവാകുന്ന മാനസിക
വിപ്ലവം അവിടെ നടക്കുന്നു. കേവലമായ
വായനക്കപ്പുറം ഇത് അനുഭവിച്ചറിയുക തന്നെ വേണം. ചിലര്‍ക്ക് തെയ്യം ഒരു
അനുഷ്ഠാനമാണെങ്കില്‍, മറ്റുചിലര്‍ക്ക് അതൊരു കലാരൂപമാണ് !!
നൃത്തം ചെയ്യുന്ന ദേവതാ സങ്കല്‍പ്പമാണ്
തെയ്യം. തെയ്യത്തിന്റെ നൃത്തത്തെ തെയ്യാട്ടം, തിറയാട്ടം അഥവാ കളിയാട്ടം എന്നും
തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. ദൈവം എന്ന പദത്തിന്റെ മറ്റൊരു
രൂപമാണ് ‘തെയ്യം’. ഭക്തരുടെ
സങ്കടകണ്ണ്‍നീര്‍ ഒപ്പാനും, അവരുടെ വേദനകള്‍ക്ക് ആശ്വാസമേകാനും ഗ്രാമങ്ങളില്‍
ഉറഞ്ഞാടുന്ന തെയ്യം എന്നും ശ്രദ്ധ വെക്കുന്നു. അവരുടെ സങ്കടങ്ങളെ അരിയും കുറിയുമെറിഞ്ഞു ‘ഗുണം വരുത്തുകയും’ ഒപ്പം തന്നെ അവര്‍ക്ക്
അവരുടെ ഇഷ്ടവര പ്രസാദിയായും, ഉദാത്തമായ
കലാരൂപമായും സ്വയംഅനുഭവഭേദ്യമാകുകയും
ചെയ്യുന്നു. അങ്ങിനെ വിളകള്‍ കാത്തും,നാട്
കാത്തും, രോഗങ്ങള്‍ അകറ്റിയും നാടിന്റെയും
നാട്ടാരുടേയും സ്പന്ദിക്കുന്ന നാഡി മിടിപ്പായി തെയ്യം പരിണമിക്കുകയും ചെയ്യുന്നു.
പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം
എന്നും പഴയങ്ങാടി പുഴയ്ക്ക് വടക്കോട്ട് കളിയാട്ടം എന്നും വളപട്ടണം മുതല്‍
തെക്കോട്ട് തിറയാട്ടം എന്ന പേരിലുമാണ് തെയ്യം അറിയപ്പെടുന്നത് എന്നാണു പൊതുവേ
പറയാറുള്ളതെങ്കിലും പഴയങ്ങാടി മുതല്‍ വളപട്ടണം വരെയുള്ള സ്ഥലങ്ങളില്‍ തന്നെ
കളിയാട്ടം എന്നും തെയ്യത്തെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണമായി
പറശ്ശിനിക്കടവിനടുത്ത ആന്തൂര്‍ കാവിലെ തെയ്യോല്‍സവം കളിയാട്ടം എന്ന പേരിലാണ്
അറിയപ്പെടുന്നത്.
ആയിരമാണ്ടുകള്‍ പഴക്കമുള്ളതാണ് തെയ്യം
എന്ന അനുഷ്ടാനം എന്നറിയുമ്പോള്‍ അതിന്റെ ഉല്പത്തിയെക്കുറിച്ച് നാം തീര്‍ച്ചയായും
അന്വേഷിക്കും. അത് ചെന്നെത്തുന്നത് സംഘകാലത്തിലാണ്. അന്ന് അത് “വേലന്‍
വേറിയാട്ടം” എന്ന
പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ “ചിലപ്പതികാര”ത്തില്‍
കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാ രൂപങ്ങളുടെ പരാമര്‍ശങ്ങള്‍ ഉണ്ട്.
ഒരു കല എന്ന നിലയില്‍ വേലന്‍
വെറിയാട്ടത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ലെങ്കിലും അഗ്നിയെ അടിസ്ഥാനമാക്കി ഈ
പേരില്‍ സംഘകാലത്ത് അനുഷ്ഠാന നൃത്തങ്ങള്‍ നടന്നുവന്നിരുന്നതായി സംഘകാല സാഹിത്യ
കൃതികളില്‍ സൂചനയുണ്ട്. പ്രകൃതിജന്യ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട വ്യക്തികള്‍
വിശ്വാസത്തെ നില നിര്‍ത്തുന്നതിന്റെ ഭാഗമായി ആടിയിരുന്ന ആട്ടമത്രേ അത്. ഇന്നും
തെയ്യക്കോലങ്ങള്‍ ഉപയോഗിക്കുന്നത് പ്രകൃതി ജന്യ വസ്തുക്കള്‍ തന്നെയാണ്.
തെയ്യങ്ങളുടെ മുഖത്തെഴുത്തിന് ചായില്യം,
മനയോല, തിരിമഷി, അഞ്ജനം, ചുണ്ണാമ്പ്, തുടങ്ങിയ പ്രകൃതി വസ്തുക്കളാണ് ഇപ്പോഴും
ഉപയോഗിക്കുന്നത്. ചമയങ്ങളും ഒട്ടൊക്കെ കുരുത്തോലയില്‍ തീര്‍ത്തതാണ്. ‘തങ്ങളുടെ ഉപാസന
മൂര്‍ത്തികളുടെ പ്രതിപുരുഷന്മാര് നാട്ടുവഴക്ക് പ്രകാരം ദൈവഹിതത്തിനനുസരിച്ചു
ഉറഞ്ഞാടി വിശ്വാസികള്‍ക്ക് അഭയമരുളകയാണെന്ന’ പഴയ ചിട്ടയില്‍ നിന്ന് തെയ്യാട്ടത്തിനു വലിയ
മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച ചില പരിഷ്ക്കാരങ്ങള്‍
അവിടെയുമിവിടെയും ഉണ്ടായിട്ടുണ്ട് എന്നുള്ളത് കണ്ടില്ലെന്ന് നടിക്കുന്നുമില്ല.
തീര്‍ത്തും ശാസ്ത്രീയതയില്ലാതെയുള്ള
നടപ്പ് ശീലങ്ങളില്‍ ദൃശ്യവല്ക്കരിച്ചിരുന്ന ഈ കലാരൂപത്തിനു പുതിയ ഭാവവും രൂപവും
നല്കി ചിട്ടപ്പെടുത്തിയത് “ശ്രീ വല്ലഭന്” കോലത്തിരി
രാജാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം “മണക്കാടന് ഗുരുക്കള്‍’ ആണെന്ന്
വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം “ചാലയില്‍
പെരുമലയന്” എന്നൊരാള്‍
തെയ്യങ്ങള്‍ക്ക് പുതിയ രൂപ ഭാവങ്ങള്‍ നല്കി എന്ന് പറയപ്പെടുന്നുണ്ട്. അത്
പരിശോധിക്കേണ്ടതാണ്. കുട്ടിച്ചാത്തന് തെയ്യത്തെ കെട്ടിയാടിക്കാനുള്ള രൂപം നല്‍കിയത്
ഇദ്ദേഹം ആണെന്ന് പറയപ്പെടുന്നു. വടക്ക് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കോരപ്പുഴ
വരെ നീണ്ടു കിടക്കുന്നതായിരുന്നു
കോലത്തിരി രാജ വംശം. തെയ്യത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച മറ്റൊരു
രാജവംശം ഇല്ലെന്നു തന്നെ പറയാം.
കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തില്‍
പിറന്ന മണക്കാടന് ഗുരുക്കള്‍ മഹാമാന്ത്രികനും കലകളില്‍ പ്രാവീണ്യം
നേടിയവനുമായിരുന്നു. അദ്ദേഹത്തെപ്പറ്റി കേട്ടറിഞ്ഞ കോലത്തിരി രാജാവായ ശ്രീ വല്ലഭന്
ഗുരുക്കളെ ചിറക്കല്‍ കോവിലകത്തെക്ക് ക്ഷണിക്കുകയും തന്റെ ഇംഗിതം അറിയിക്കുകയും
ചെയ്തതിന്റെ ഫലമായി ഒറ്റ രാത്രി കൊണ്ട് കോലത്തിരി രാജാവിന്റെ സ്വപ്ന ദൃഷ്ടിയില്
ഒന്ന് കുറെ നാല്പത് (39) തെയ്യക്കോലങ്ങളെ കളിയാടിച്ചു.
കോലസ്വരൂപത്തിന്റെയും (കോലത്തിരി രാജാവ്), അള്ളട സ്വരൂപത്തിന്റെയും
(നീലേശ്വരം രാജാവ്) കലാ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വാഴ്ത്തപ്പെടുന്നവയാണ് “ഒന്ന് കുറെ നാല്‍പ്പത്” തെയ്യങ്ങള്‍.
തെയ്യക്കോലങ്ങള്‍ തട്ടകത്തിലേക്ക്
വരുന്നതിന് മുന്നോടിയായി രംഗത്ത് വരുന്ന തോറ്റം പാട്ടുകളില്‍ പലതിലും ഒന്നു കുറെ
നാല്‍പ്പത് തെയ്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. കുണ്ടോറ ചാമുണ്ഡി തോറ്റത്തില്‍ “ഒന്ന് കുറ
നാല്പതിനെയും തോറ്റിചമച്ചാന്‍ ശ്രീ മഹാദേവന് തിരുവടി നല്ലച്ചന്‍” എന്നും “ഒന്നു കുറെ
നാല്പ്പതുമേ വാണാക്കന്മാരെ “ എന്ന്
പാണന്മാരുടെ വസൂരിമാല തോറ്റത്തിലും , “ഒന്നു കുറ നാല്‍പ്പതുമെ
കൂടെയുള്ളയാള്‍” എന്ന് ഭദ്രകാളി
തോറ്റത്തിലും പറയുന്നത് ഇതിനെ
ശരിവെക്കുന്നതാണ്.
എന്നാല്‍ ഇന്നത്തെ തെയ്യം അവതരണത്തില്‍
ഇപ്പറഞ്ഞ ഒന്ന് കുറെ നാല്‍പ്പത് തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെട്ടു
കാണുന്നില്ലെന്ന് മാത്രമല്ല അതിനു പകരം “പീഠ”വഴക്ക പുരാവൃത്ത പ്രകാരമുള്ള മുപ്പത്തൈവര് തെയ്യങ്ങളും അവയുടെ
അവാന്തരവിഭാഗങ്ങളുമാണ് കെട്ടിയാടിക്കപ്പെട്ട് കാണുന്നതും ആരാധിക്കുന്നതും. കോലം കല്പ്പിച്ചു കെട്ടിയാട്ട രീതി നടപ്പുള്ള
ഇരുപത്തിയൊന്പതു തെയ്യങ്ങള്‍ക്കും കെട്ടിയാട്ടമില്ലാത്ത സങ്കല്പ്പ പീഠം കല്‍പ്പിക്കപ്പെട്ട ആറു തെയ്യങ്ങള്‍ക്കും
ഇതിനോടോപ്പം പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ട വയനാട്ടുകുലവന്‍, ചീര്‍മ്മ ഭഗവതിയും,
കുണ്ടോറ ചാമുണ്ഡിയും കുറത്തിയും ചേര്‍ന്നാണ് ഒന്നുകുറ നാല്‍പ്പത്ആയി മാറിയത്.
ഓരോ തെയ്യവും ഉറഞ്ഞാട്ടത്തിനൊടുവില്‍
കാവിന്മുറ്റത്ത് മരംകൊണ്ടു കമനീയമായുണ്ടാക്കിയ പീഠത്തില്‍ ഇരിക്കുന്നതിനു
മുമ്പായി ‘ചേരമാന്‍
പെരുമാള്‍’ കല്പ്പിച്ചു
കൊടുത്ത പീഠങ്ങളെക്കുറിച്ച് വിളിച്ചുരിയാടുന്നത് കേള്‍ക്കാം. ഉദാഹരണമായി: “......വാണ വളപടത്ത് കോനാതിരി അപ്രകാരം ഒരു പീഠം എനക്കും വഴക്കം ചെയ്തിട്ടുണ്ടല്ലോ” എന്ന്.
തെയ്യങ്ങള്‍ പീഠത്തിലിരിക്കുന്നതിന് മുമ്പ് ഈ പീഠവഴക്കം പറയണമെന്നാണ് ചിട്ട.
ഐമ്പാടി ചിത്ര പീഠം (സാമൂതിരി നാട്), പള്ളിചിത്ര പീഠം (കോലത്തിരി നാട്), മടിയന്‍
ചിത്രപീഠം (കാഞ്ഞങ്ങാട്-നീലേശ്വരം), കുമ്പള ചിത്ര പീഠം (കുമ്പള-മായിപ്പാടി
സ്വരൂപം) എന്നിവയാണാ പീഠങ്ങള്‍.
തെയ്യക്കോലങ്ങളുടെ അരുളപ്പാടിലും
ശ്ലോകങ്ങളിലും പരാമര്‍ശ വിധേയമായ ആ മുപ്പത്തൈവര്‍തെയ്യങ്ങളുടെ പേരുകള്‍
ഇവയാണ്: “മുമ്പിനാല്‍ തമ്പുരാന്
ബന്ത്രക്കോലപ്പന്‍ (പെരും തൃക്കോവിലപ്പന്), തായിപ്പരദേവത, കളരിയാല്‍ ഭഗവതി,
സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി അമ്മ, വയത്തൂര്, കാലിയാര്, കീഴൂര്‍ ശാസ്താവ്,
കീഴൂര്‍ വൈരജാതന് (വൈരജാതനീശ്വരന്‍), മടിയന്‍ ക്ഷേത്രപാലകന്, വീരഭദ്രന്,
മഹാഗണപതി, യക്ഷന്, യക്ഷി, കുട്ടിശാസ്തന്‍, ഊര്പ്പഴച്ചി (ഊര്പഴശ്ശി),
വേട്ടയ്ക്കൊരു മകന്, ഇളംകരുമകന്‍, പൂതൃവാടിചേകവര്‍ (കന്നിക്കൊരു മകന്),
ബമ്മുരിക്കന്‍, കരിമുരിക്കന്‍, തെക്കന്‍ കരിയാത്തന്‍, വയനാട്ടുകുലവന്‍, തോട്ടുംകര
ഭഗവതി, പുതിയ ഭഗവതി, വീരര്‍ കാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി,
രക്തചാമുണ്ഡി, ഉച്ചിട്ട, കരിവാള് (കരുവാള്), കണ്ടാകര്‍ണ്ണന്‍, വീരന്” എന്നിവയാണ്
മുപ്പത്തൈവര് തെയ്യങ്ങള്‍.
(തുടരും...)
നന്ദി...താങ്കളോട് കൂടുതൽ സംസാരിക്കാൻ താൽപര്യമുണ്ട്.
മറുപടിഇല്ലാതാക്കൂ