തെയ്യവും തീയ്യനും - 11
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നമ്മളെ ഭരിച്ചിരുന്ന ബ്രിട്ടീഷ്കാര്‍ മലബാറിനെ
അക്കാലഘട്ടം തൊട്ടു ആദ്യം ബോംബെയിലും, പിന്നീട് തങ്ങളുടെ സംസ്ഥാനമായ മദ്രാസ് സംസ്ഥാനത്തിന്റെ കീഴില്‍
ആയിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ തിരുവിതാംകൂറും കൊച്ചിയും അവരുടെ നേരിട്ടുള്ള
ഭരണത്തിന്‍ കീഴില്‍ വരാതെ രാജ ഭരണത്തിന്‍ കീഴിലായിരുന്നു. ഇതുകാരണം ബ്രിട്ടീഷ്
ഭരണത്തിന്റെ കീഴില്‍ ലഭിക്കുന്ന ഉദ്യോഗങ്ങളില്‍ എല്ലാം മലബാറുകാര്‍ ഒന്നാമരായി.
അന്നത്തെ മദ്രാസ് സംസ്ഥാനം ആന്ധ്ര വരെ ഉണ്ടായിരുന്നു. സ്വാന്തന്ത്ര്യം ലഭിച്ച്
ബ്രിട്ടീഷ്കാര്‍ പോയിട്ടും കാലം ഇത്രയേറെ പിന്നിട്ടിട്ടും ഇന്നും മലയാളികളെയും
ഒപ്പം തമിഴരെയും,
തെലുങ്കരെയും, കന്നഡക്കാരെയും ഉത്തരേന്ത്യയിലുള്ളവര്‍
ഇന്നും വിളിക്കുന്നത് “മദ്രാസി”
എന്നാണു. ഇങ്ങിനെ
വിളിക്കപ്പെടാനുള്ള ചരിത്രപരമായ കാരണമാണ് മുകളില്‍ കൊടുത്തത്. ഇതിനു സമാനമായി അറബ്
നാടുകളില്‍ മലയാളികളെ “മലബാറി”
എന്ന്
വിളിക്കുന്നത് കാണാം. കാരണം പണ്ട് തൊട്ടേ അവര്‍ നമ്മളുമായി കച്ചവടത്തിലും മറ്റും
ഏര്‍പ്പെട്ടത് മലബാറിലായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് മലയാളികള്‍ എന്നാല്‍
മലബാറികള്‍ ആണ്.
മദ്രാസി, എന്നും മലബാറി എന്നും
വിളിക്കപ്പെടുമ്പോള്‍ പലരും അസഹിഷ്ണുത കാണിക്കുന്നത് കാണാം. ഹേയ് നമ്മള്‍ മദ്രാസി
അല്ല, മലയാളി ആണ്, നമ്മള്‍ മലബാറി അല്ലെ മലയാളി ആണ്
എന്നൊക്കെ പറയുന്നതും കാണാം. യഥാര്‍ത്ഥത്തില്‍ നമുക്ക് അത്തരം ഒരു അസഹിഷ്ണുത
തോന്നേണ്ട ആവശ്യമില്ല. തോന്നുന്നത് മലബാറുകാര്‍ക്ക് അല്ല തിരുവിതാംകൂര്‍കാര്‍ക്കാണ്.
അവരാണ് ഇതിനെതിരെ പ്രതികരിക്കുന്നത് അത് കണ്ടു അവരോടൊപ്പം ചരിത്രബോധമുള്‍ക്കൊള്ളാതെ
നാമും പങ്കാളിയാവുന്നു എന്ന് മാത്രം!!
വടക്കന്‍ മലബാറില്‍ പണ്ട് കാലത്ത്
മരുമക്കത്തായ സമ്പ്രദായം ആണ് നില നിന്നിരുന്നത്. അമ്മ വഴിയായിരുന്നു (തായ് വഴി)
എല്ലാം കണക്കാക്കിയിരുന്നത്. സ്ത്രീധനം എന്ന സമ്പ്രദായം തീയ്യ സമൂഹത്തില്‍ അന്ന്
ഉണ്ടായിരുന്നില്ല. സ്ത്രീധനം വാങ്ങാത്ത ഒരു സമുദായമാണ് മലബാറിലെ തീയ്യ സമുദായം.
കാല ക്രമേണ ഇതിലും പുഴുക്കുത്ത് വന്നു തുടങ്ങി എന്നാണു ചിലര്‍ പറയുന്നത്. എങ്കിലും
ഇപ്പോഴും വലിയ തോതില്‍ സ്ത്രീധന സമ്പ്രദായത്തിന് എതിരാണ് ഈ സമൂഹം. സ്ത്രീ തന്നെ
ഒരു വലിയ ധനമാണ് എന്ന് തീയ്യര്‍ കരുതുന്നു. പുതു തലമുറയും ഈ പാരമ്പര്യം
പിന്തുടരുമെന്നു പ്രത്യാശിക്കാം !!
നാഗാരാധകരുടെ പിന്തുടര്‍ച്ചക്കാരായ
തീയ്യര്‍ ബുദ്ധമതാനുയായികള്‍ കൂടി ആയിരുന്നു എന്ന് പറഞ്ഞുവല്ലോ? അത് കൊണ്ട് തന്നെ ബൌദ്ധ പാരമ്പര്യം
ഇന്നും തീയ്യരുടെ സിരകളില്‍ ഉണ്ട്. പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര (ക്ഷേത്രം
എന്നും ഇപ്പോള്‍ ആളുകള്‍ വിളിക്കാറുണ്ട്). അവിടെ വരുന്നവര്‍ക്ക് മടപ്പുര വകയായി
പ്രസാദവും ചായയും ഉച്ചയൂണും, അത്താഴവും
പിന്നെ കിടക്കാന്‍ പായയും നല്‍കുന്ന പതിവ് ഇപ്പോഴും തുടരുന്നു. കേരളത്തില്‍
മറ്റൊരു ദേവ സ്ഥലത്തും ഇത്തരം ഒരു ആചാരം നിലവിലില്ല. മാത്രമല്ല ജാതി മത ഭേദമെന്യേ
ഇവിടെ ആര്‍ക്കും ദര്‍ശനം നടത്താവുന്നതാണ്.
ഇവിടെയുണ്ടായിരുന്ന 'മടയന്മാര്‍' പറശ്ശിനിക്കടവിന്റെ സമഗ്ര വികസനത്തിനായി കയ്യയച്ചു
സഹായിച്ചവരായിരുന്നു. പറശ്ശിനിക്കടവില്‍ നിന്ന് ധര്‍മ്മശാല വരെയുള്ള റോഡ്, സ്കൂള്‍, പോസ്റ്റ് ഓഫീസ്, ബോട്ട് സര്‍വീസ്, ബസ്
സര്‍വീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മടപ്പുരയില്‍ ഉച്ചയൂണ് തുടങ്ങി നിരവധി
കാര്യങ്ങള്‍ ചെയ്ത ഈ തീയ്യ പ്രമാണിമാര്‍ തന്നെയാണ് ഇടതുപക്ഷ് നേതാക്കളെ അവരുടെ
ഒളിവുജീവിതകാലത്ത് നെഞ്ചേറ്റിയതും. അവരില്‍ പ്രമുഖരാണ് ഏ.കെ.ജിയും ഇ.എം.എസും. വര്‍ഷത്തില്‍
(ഒന്നോ രണ്ടോ ദിവസങ്ങള്‍ ഒഴിച്ചും മടപ്പുരയിലെ ആരെങ്കിലും മരിച്ചാല്‍ അത്
ഒഴിച്ചും) എല്ലാ ദിവസവും കെട്ടിയാടുന്ന മുത്തപ്പന്‍ തെയ്യം കാണാന്‍ ഇന്നും ഭക്ത ജന
തിരക്കാണ്. സാധാരണക്കാരുടെ ദൈവമായ മുത്തപ്പനെ കമ്യൂണിസ്റ്റ് ദൈവം എന്നും ആളുകള്‍ വിളിക്കാറുണ്ട്.
പറശ്ശിനി മടപ്പുരയിലെക്ക് പണ്ട് ആളുകള്‍
നടന്നിട്ടായിരുന്നു വന്നിരുന്നത്. അക്കാലത്ത് വഴിയാത്രക്കാര്‍ക്ക് ദാഹം തീര്‍ക്കാന്‍
വേണ്ടി ധര്‍മ്മശാലകള്‍ ഉണ്ടായിരുന്നു. അവിടെ അവര്‍ക്ക് അല്‍പ്പം വിശ്രമിക്കാം
ഒപ്പം സംഭാരം (മോരും വെള്ളം) ലഭിക്കുകയും ചെയ്യും. ദാഹം തീര്‍ത്ത് വിശ്രമിച്ചു
വീണ്ടും യാത്ര തുടരാം.... ഇന്നും പറശ്ശിനിക്കടവിലെക്ക് പോകുമ്പോള്‍ ധര്‍മ്മശാല
കഴിഞ്ഞാണ് പോകേണ്ടത്. ഈ അടുത്ത കാലം വരെ മോരും വെള്ളം നല്‍കുന്ന സമ്പ്രദായം ഇവിടെ
നിലവില്‍ ഉണ്ട്. വിശ്രമ കേന്ദ്രം ഇപ്പോഴും അവിടെ ഉണ്ട്. ആളുകള്‍ ഇപ്പോള്‍
കൂടുതലായി ബസ്സിലും കാറിലും യാത്ര ആയതോട് കൂടി ഒപ്പം ധാരാളം ഹോട്ടലുകള്‍ വഴി നീളെ
ഉണ്ടായത് കാരണവും ഇതിന്റെ പ്രസക്തി പഴയ പോലെയില്ല.
“ബുദ്ധം
ശരണം ഗച്ചാമി, സംഘം ശരണം ഗച്ചാമി” എന്ന
ബുദ്ധമത പാരമ്പര്യം നില നില്‍ക്കുന്ന സ്ഥലമാണ് ഒരു കാലത്ത് ബുദ്ധ വിഹാരമായ ഇന്നത്തെ
ശബരിമല സന്നിധാനം. അത് കൊണ്ട് തന്നെയാണ് മറ്റെവിടെയും ഇല്ലാത്ത ശരണം വിളിയുമായി
ഇവിടേക്ക് ഭക്തര്‍ പോകുന്നത്. സ്വാമി ശരണം !! സ്വാമിയെ ശരണമയ്യപ്പോ !! എന്നുള്ള
വാക്കുകള്‍ ശ്രദ്ധിക്കുക.
ദ്രാവിഡ ഗോത്രാചാരം പിന്തുടര്‍ന്നിരുന്ന
നാഗാരാധകാരായ ഒരു ഗോത്രം പില്‍ക്കാലത്ത് മഹത്തായ ബുദ്ധമതം സ്വീകരിക്കുകയും ആര്യ
ബ്രാഹ്മണ അധിനിവേശത്തിനെതിരെ ചെറുത്ത് നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടും
തങ്ങളുടെ പാരമ്പര്യം മുറുകെ പിടിച്ച് മുന്നോട്ടു പോയവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ
തീയ്യര്‍. പ്രത്യേകിച്ച് മലബാറിലെ തീയ്യര്‍ എന്ന് നമുക്ക് നിസ്സംശയം പറയാം.
(അവസാനിച്ചു..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ