2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 1

തെയ്യച്ചരിത്രം 1


വടക്കെ മലബാറില്‍ ഒക്ടോബര്‍ മാസത്തില്‍ (തുലാം പത്തിന്) ആണ് തെയ്യങ്ങള്‍ കെട്ടിയാടാന്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ കൊളച്ചേരിയിലെ ചാത്തമ്പള്ളി വിഷകണ്ടന്‍ തെയ്യമാണ്‌ ഇതിലാദ്യത്തേത്.  പുലയ സമുദായം കെട്ടിയാടുന്ന കാലിച്ചേകോന്‍ എന്ന കാലിച്ചാന്‍ തെയ്യം ഈ ദിവസമാണ് നാട് കാണാന്‍ ഇറങ്ങുന്നത്. തുലാ മാസം മുതല്‍ ഇടവപ്പാതി വരെയാണ് പൊതുവേ തെയ്യാട്ടക്കാലം. എന്നാല്‍ തുലാം പത്തിനാണ് തെയ്യാട്ടം തുടങ്ങുന്നത് എന്ന വിശ്വാസം തെറ്റാണെന്നും തുലാം പത്തിന് പകരം തുലാം ഒന്നിന് തന്നെ തെയ്യക്കോലങ്ങള്‍ ആരംഭിക്കുന്നുണ്ട് എന്നുള്ളതിന് തെളിവാണ്  തുലാം ഒന്നിന് ചെറുവത്തൂരിനടുത്ത തിമിരി വയലില്‍ വിത്തു വിതയ്ക്കാന്‍ ഇറങ്ങുന്ന വലിയ വളപ്പില്‍ ചാമുണ്ഡി എന്ന തെയ്യം ഉറഞ്ഞാട്ടം നടത്തുന്നത്.    ഇതേ ദിവസം തന്നെയാണ് പയ്യന്നൂരിനടുത്ത തെക്കടവന്‍ തറവാട് കാവില്‍ വേലന്മാര്‍ കെട്ടിയാടുന്ന കുണ്ടോറ ചാമുണ്ഡി, കുറത്തി, തോരക്കാരത്തി (തുറക്കാരത്തി) എന്നീ തെയ്യങ്ങള്‍ ആരംഭിക്കുന്നത്.   

എല്ലാ കാവുകളിലും ആണ്ടോടാണ്ട് കൂടുമ്പോള്‍ കളിയാട്ടം നടക്കാറില്ല. ചില കാവുകളില്‍ ഈരാണ്ടിലോരിക്കലും മറ്റ് ചിലയിടങ്ങളില്‍ മൂവാണ്ടിലോരിക്കലും നടത്തുമ്പോള്‍ പത്തോ പന്ത്രണ്ടോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ കളിയാട്ടം നടത്തുന്നതിനെയാണ് പെരുങ്കളിയാട്ടം എന്ന് പറയുന്നത്. നാലഞ്ചു നാള്‍ നില്‍ക്കുന്ന മഹോല്‍സവമായിട്ടാണ് ഇത് നടക്കുന്നത്. സാധാരണ പെരുങ്കളിയാട്ടങ്ങള്‍ നടക്കുന്നത് മുച്ചിലോട്ട് കാവുകളിലും കണ്ണങ്ങാട്ട് കാവുകളിലുമാണ്. 

വണ്ണാന്‍, മലയന്‍, വേലന്‍, കോപ്പാളന്‍, മാവിലന്‍, ചിങ്കത്താന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായങ്ങളാണ് പൊതുവേ തെയ്യം കെട്ടുന്നത്. കോലം കെട്ടിയാടുന്ന ഈ സമുദായക്കാരെല്ലാം അധസ്ഥിത അവര്‍ണ്ണ ജാതിയില്‍പ്പെട്ടവരാണ്. എല്ലാ തെയ്യങ്ങളും എല്ലാ തെയ്യാട്ട ജാതിക്കാര്‍ക്കും കെട്ടിയാടുവാന്‍ അവകാശമില്ല. ഓരോ ജാതിക്കും ഇന്നയിന്ന തെയ്യങ്ങള്‍ എന്ന് പണ്ടേ വിധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായം തെറ്റാണ്. സവര്‍ണ ജാതികള്‍ കെട്ടിയാടുന്ന പല തെയ്യങ്ങളും പുലയര്‍ കെട്ടിയാടാറുണ്ട് പൊട്ടന്‍ തെയ്യം പുലപ്പൊട്ടന്‍ എന്നും ചാമുണ്ഡി തെയ്യം പുലചാമുണ്ടി എന്നും അറിയപ്പെടുന്നു. മടയില്‍ ചാമുണ്ഡിയും, കുണ്ടോറ ചാമുണ്ഡിയും, പഞ്ചുരുളിയും പുലയര്‍ കെട്ടിയാടാറുണ്ട്.മറ്റ് പല ജാതികളും ഒരേ തെയ്യങ്ങള്‍ അവരവരുടെ സമുദായത്തില്‍ കെട്ടിയാടാറുണ്ട്. ഉദാഹരണം പഞ്ചുരുളി എന്ന തെയ്യം മലയന്‍, കോപ്പാളന്‍, മാവിലന്‍, ചിങ്കത്താര്‍, വേലന്‍ എന്നീ ജാതിക്കാര്‍ കെട്ടിയാടുന്നു.  എന്നാല്‍ ചില മുച്ചിലോട്ട് കാവുകളില്‍ രണ്ടു വിത്യസ്ത ജാതികള്‍  (പെരുവണ്ണാനും അഞ്ഞൂറ്റാന്‍മാരും) ഒരേ തെയ്യം കെട്ടിയ അനുഭവങ്ങളുമുണ്ട്. ഒരേ സമയം രണ്ടു മുച്ചിലോട്ട് ഭഗവതി തെയ്യങ്ങള്‍ അരങ്ങത്ത് ഉണ്ടാകും.

ഏകദേശം 450 ലധികം തെയ്യങ്ങള്‍ (462 തെയ്യങ്ങള്‍) കെട്ടിയാടപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരേ തെയ്യം തന്നെ പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഒരേ തെയ്യങ്ങള്‍ ആണെങ്കിലും അവ വിത്യസ്ത നാടുകളില്‍ വിത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. 

കാവുകള്‍ അതത് നാട്ടുകാരുടെ മാനസികവും ശാരീരികവുമായ കേള്ശങ്ങള്‍ അകറ്റി ആത്മധൈര്യവും സദാചാരബോധവും വളര്‍ത്തി ധാര്‍മ്മിക ജീവിതം നയിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നു. ഏതെങ്കിലും ഒരു പ്രധാന ദേവതയുടെ ആരൂഡമെന്ന പേരിലാണ് ഓരോ കാവും അറിയപ്പെടുന്നതെങ്കിലും ആ ദേവതയോടോപ്പം അനേകം തെയ്യങ്ങള്‍ കാവില്‍   കുടികൊള്ളുന്നുണ്ടാവും. പ്രധാന ദേവതക്കു പുറമേ ഉപദേവതമാര്‍ ഉണ്ടാകും എന്ന് ചുരുക്കം. കാവുകള്‍ ഓരോന്നും ഓരോ ജാതി സമൂഹത്തിന്റെതാണ് എങ്കിലും ഗ്രാമത്തിലെ നാനാജാതികളുടെയും കൂട്ടായ്മ തെയ്യാട്ട വേളയിലും വിശേഷാവസരങ്ങളിളും കാണാവുന്നതാണ്.

കാവിലെ ശുദ്ധികര്‍മ്മങ്ങള്‍ക്കു അധികാരി ബ്രാഹ്മണനാണ്, പീഠമൊരുക്കുവാനും പന്തല്‍പണിക്കുള്ള മരമൊരുക്കാനും ആശാരിയും പള്ളിവാളും കൈവിളക്കും കടഞ്ഞൊരുക്കാന്‍ കൊല്ലനും ഓട്ടുരുക്കള്‍ തയ്യാറാക്കാന്‍ മൂശാരിയും കലശമൊരുക്കാന്‍ തീയ്യനും, എണ്ണയെത്തിക്കാന്‍ വാണിയനും, മാറ്റ് തുണിയെത്തിക്കാന്‍ വെളുത്തെടനും സ്വര്‍ണ്ണം വിളക്കാന്‍ തട്ടാനും മുഹൂര്‍ത്തം കുറിക്കാനും ആചാരക്കുട സമര്‍പ്പിക്കാനും കണിയാരും കാവിലെത്തുമ്പോള്‍ കാവിലേക്ക് ആവശ്യമായ തഴപ്പായകള്‍ നല്‍കുന്നത് പുലയരാണ്. കാസര്‍ഗോഡ്‌ ജില്ലയിലെ ചില കാവുകളിലേക്ക് തെയ്യാട്ടത്തിനുള്ള വെറ്റില നല്‍കുന്നത് മുസ്ലിം തറവാട്ട്കാരാണ്. രക്ഷാധികാരികളായി കാവില്‍ നായര്‍, നമ്പ്യാര്‍, പൊതുവാള്‍ തുടങ്ങിയവരും സന്നിഹിതരാകും. ചുരുക്കത്തില്‍ വിത്യസ്ത ജാതിക്കാരുടെ ഒരു കൂട്ടായ്മയാണ് തെയ്യക്കാവുകളില്‍ കാണുന്നത്.  

തെയ്യക്കോലങ്ങളില്‍ തൊണ്ണൂറു ശതമാനവും പെണ്‍ കോലങ്ങളാണ്.ബാക്കി വരുന്ന പത്തു ശതമാനമേ ആണ്‍ തെയ്യങ്ങള്‍ ആയുള്ളൂ. തെയ്യക്കോലങ്ങളിലെ ബഹുഭൂരിപക്ഷം കോലങ്ങളും കെട്ടിയാടാനുള്ള അവകാശം പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന വണ്ണാന്‍ സമുദായക്കാര്‍ക്കാണ്. ബാക്കിയുള്ളവയാണ് മലയനും വേലനും, കോപ്പാളനും ഒക്കെ കെട്ടുന്നത്. വണ്ണാന്‍മാര്‍ കെട്ടുന്ന പ്രധാനപ്പെട്ട ആണ്‍ തെയ്യങ്ങള്‍ ഇവയാണ്: മുത്തപ്പന്‍, ബാലി, ഭൈരവന്‍, കുടിവീരന്‍, മുന്നായീശ്വരന്‍, ആരിയ പൂമാരുതന്‍, വൈരജാതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, വിഷകണ്ടന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, പുലിയൂര്‍ കണ്ണന്‍, പെരുമ്പുഴയച്ചന്‍, തച്ചോളി ഒതേനന്‍, ക്ഷേത്രപാലകന്‍, കോരച്ചന്‍, കതിവന്നൂര്‍ വീരന്‍, പടവീരന്‍, നാഗ രാജന്‍, തെക്കന്‍ കരിയാത്തന്‍, കുരിക്കള്‍ തെയ്യം, കന്നിക്കൊരു മകന്‍, കയറന്‍ തെയ്യം, പുലിമാരുതന്‍, പാടാര്‍കുളങ്ങര വീരന്‍, പട്ടര്‍ തെയ്യം മുതലായവ...എന്നാല്‍ വണ്ണാന്‍മാര്‍ക്ക് എന്നും കെട്ടിയാടാന്‍ അവകാശമുള്ള രണ്ടു തെയ്യങ്ങളാണ്‌ മുത്തപ്പനും പുതിയ ഭഗവതിയും

മലയര്‍ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങള്‍ ഇതാണ്: നാലാള്‍ പൊക്കത്തില്‍ കോരിക്കൂട്ടിയ കനല്‍ മേലെരിയില്‍ നൂറ്റിയൊന്ന് വട്ടം വരെ വീഴുന്ന തീച്ചാമുണ്ടി എന്ന ഒറ്റക്കോലം, ഒടയിലും, മുടിയിലും, ഇടുപ്പിലും ആളിക്കത്തുന്ന പന്തവുമേന്തി താണ്ഡവമാടുന്ന അഗ്നികണ്ടാകര്‍ണ്ണന്‍, നീളന്‍ മുടിയണിഞ്ഞ് ഒരാള്‍ പൊക്കത്തിലുള്ള മുളങ്കാലുകളില്‍ കാവിനു ചുറ്റും നൃത്തമാടുന്ന ഗുളിക രാജന്‍, ഭൈരവന്‍, കുട്ടിച്ചാത്തന്‍ (പൂക്കുട്ടിയും കരിങ്കുട്ടിയും), വിഷ്ണുമൂര്‍ത്തി (നരഹരി തെയ്യം), ഉച്ചിട്ട, കരുവാള്‍, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ടി, രക്തേശ്വരി, പഞ്ചുരുളി, പൊട്ടന്‍ തെയ്യം, മൂവാളന്‍കുഴി ചാമുണ്ഡി, വസൂരിമാല, ചുടലക്കാളി, ധൂമാവതി, കുറത്തി, കണ്ണമ്മാന്‍ തെയ്യം എന്നിവയാണ് പ്രധാന തെയ്യങ്ങള്‍.  മലയ സ്ത്രീ കെട്ടുന്ന മലയിക്കോലമാണ്‌ കണ്ണൂര്‍ മാട്ടൂലിലെ തെക്കുമ്പാട് കൂലോത്തെ ദേവക്കൂത്ത് തെയ്യം. വളളി എന്ന ഈ ദേവസ്ത്രീക്കോലത്തിന്റെ കൂടെ നാരദ വേഷം ധരിച്ച ഒരു ബാലനുമുണ്ടാകും.

കര്‍ണ്ണാടകയിലെ കുന്ധാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന മാവിലാന്‍മാരില്‍ നിന്നും വഴി പിരിഞ്ഞവരാണ് വേലന്‍മാര്‍.  തുളുവാണു ഇവരുടെ ഭാഷ. ഭദ്രകാളിയാണ് ഇവരുടെ ഭരദേവത. കുണ്ടോറ ചാമുണ്ഡി, കല്ലുരുട്ടി, പരവ, കുറത്തി, തോരക്കാരത്തി, മോന്തിക്കോലം, പരവചാമുണ്ഡി എന്നിവയാണ് ഇവരുടെ തെയ്യങ്ങള്‍.

മാവിലര്‍ കഴിവുറ്റ പുനം കൃഷിക്കാരും സ്വന്തമായി തെയ്യക്കാവുള്ളവരുമാണ്. അത് കൊണ്ട് തന്നെ സ്വജാതിയിലെ കലാകാരന്‍മാരെക്കൊണ്ട് തന്നെയാണ് ഇവര്‍ തെയ്യം കെട്ടിയാടിക്കുന്നത്. കൊടുവാളന്‍ തെയ്യമാണ്‌ ഇവരുടെ പ്രധാനപ്പെട്ട തെയ്യം. ഇവരുടെ തെയ്യങ്ങളുടെ പ്രത്യേകത തീര്‍ത്തും പ്രകൃതി സിദ്ധ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന ആടയാഭരണങ്ങള്‍ ആയിരിക്കും ഇവര്‍ ധരിക്കുക എന്നതാണ്. കാട്ടുമടന്ത, കരിമണല്‍ ചാമുണ്ഡി, കൂര്‍വം തെയ്യം, കുഞ്ഞാര്‍കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, നറുകണ്ടന്‍, ചിങ്ങത്താര്‍ വീരന്‍, വീരമ്പിനാര്‍, തെയ്യോട്ടുതെയ്യം, ചട്ടിയൂര്‍ ഭഗവതി, കാരണോന്‍ തെയ്യം, മുത്താരന്‍ (മുത്തശ്ശന്‍), വനപ്പൂതം, കല്ലുരുട്ടി, വണ്ടുതെയ്യം തുടങ്ങി ഒന്ന്‌ കുറെ നാല്‍പ്പത് തെയ്യമുണ്ട്‌ ഇവര്‍ക്ക്. ഇത് കൂടാതെ ഇവര്‍ മാപ്പിള തെയ്യങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. മുക്രി പോക്കര്‍, കോയി മമ്മദ്, ആലി മാപ്പിള, കലന്തന്‍ മുക്രി എന്നിവയാണാ മാപ്പിള തെയ്യങ്ങള്‍.

കാസര്‍കോട് ജില്ലയിലെ മലയോര മേഖലയില്‍ താമസിക്കുന്ന കോപ്പാളര്‍ എന്ന സമുദായമാണ് മറ്റൊരു തെയ്യം കെട്ടുന്ന സമുദായം. ഇവര്‍ തെയ്യം കെട്ടുന്നതിനെ ഭൂതംകെട്ട് എന്നാണു പറയുക. മുപ്പത്തിയെട്ടിലേറെ തെയ്യങ്ങളെ ഇവര്‍ കെട്ടിയാടുന്നുണ്ട്. ഗുളികന്‍, പടിഞ്ഞാറെ ചാമുണ്ഡി, പുളിചാമുണ്ടി, കല്ലുരുട്ടി, പഞ്ചുരുളി, ആട്ടക്കാരി, പ്രാമ്മണ, പൊട്ടജ്ജ, ബബ്ബരിയന്‍, മാനിച്ചി, കുറത്തി, മക്കാളി, കോമറചാമുണ്ടി, കക്കഖടി ചാമുണ്ഡി, മലറായ, ഇരുവര് പൂത്, കൊറഗതനിയ, ജോഗിത്തെയ്യം, ഗളിഞ്ചന്‍, പിലാടുക്ക ചാമുണ്ഡി, തുടങ്ങിയവ പ്രധാനപ്പെട്ട തെയ്യങ്ങളാണ്‌. മിക്ക തുളു തെയ്യങ്ങളും കോപ്പാളരാണ് കെട്ടുന്നത്.
ഇവരുടെ ഉപജാതികളായ വെട്ടുവരും പരവരും ഇവര്‍ കെട്ടുന്ന മിക്ക തെയ്യങ്ങളും കെട്ടിയാടാറുണ്ട്. പൂമാനി, കിനിമാണി തെയ്യങ്ങള്‍ ഇവരാണ് കെട്ടുന്നത്.

മുന്നൂറ്റാന്‍മാര്‍ തലശ്ശേരി, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലുള്ളത്. കുശവരുടെ കാവിലും മറ്റും കെട്ടിയാടുന്ന പുള്ളിവേട്ടയ്ക്കൊരു മകന്‍,മറ്റ് കാവുകളിലെ  തെയ്യങ്ങളായ ഇളവില്ലി, കരിവില്ലി, കുട്ടിച്ചാത്തന്‍, അങ്കക്കാരന്‍, തൂവക്കാരി, വണ്ണാത്തിപ്പോതി, കമ്മിയമ്മ, പരാളിയമ്മ, പുള്ളിപ്പോതി എന്നിവയാണ് മുന്നൂറ്റാന്‍മാര്‍ കെട്ടിയാടുന്ന തിറകള്‍ (തെയ്യങ്ങള്‍).

അഞ്ഞൂറ്റാന്‍മാര്‍ തെയ്യാട്ടം കുലത്തൊഴിലാക്കിയവരായിരുന്നുവെങ്കിലും ഇപ്പോള്‍ എണ്ണത്തില്‍ കുറവാണ്. കോലത്തിരി രാജാവിന്റെ കുലദേവതയായ തായ്പ്പരദേവതയെ കെട്ടിയാടുന്നത്  ഇവരാണ്. മുത്തപ്പന്റെ ആരൂഡമായ പുരുളിമലയില്‍ മുത്തപ്പന്‍ കെട്ടിയാടുന്നതും ഇവരാണ്. തിരുവപ്പനയുടെ അവകാശവും ഇവര്‍ക്കാണ് അവര്‍ക്ക് വരാനൊത്തില്ലെങ്കില്‍ മാത്രം വണ്ണാന്‍മാര്‍ ഏറ്റെടുക്കും. എന്നാല്‍ ഇപ്പോള്‍ വണ്ണാന്‍മാര്‍ തന്നെയാണ് തിരുവപ്പനയും കെട്ടിയാടുന്നത്‌. ചില അവകാശ തര്‍ക്കങ്ങളെതുടര്‍ന്നു ചില മുച്ചിലോട്ട് കാവുകളില്‍ പെരുവണ്ണാനും അഞ്ഞൂറ്റാനും ഒരേ രൂപത്തിലുള്ള രണ്ടു മുച്ചിലോട്ട് ഭഗവതിമാരെ കെട്ടിയാടാറുണ്ട് എന്ന് പറയപ്പെടുന്നു. ഇവരുടെ പ്രധാന തെയ്യങ്ങള്‍ തായ്പ്പരദേവത, പുതിയ ഭഗവതി, തുളുവീരന്‍, ആരിയപൂമാരുതന്‍, പോര്‍ക്കലി ഭഗവതി എന്നിവയാണ്.

കളനാടികള്‍ എന്ന ആദിവാസി തെയ്യം കെട്ടു സമുദായം വയനാട്ടില്‍ പുല്‍പ്പള്ളി, മുത്തങ്ങ, മലവയല്‍, പാക്കം തേലമ്പാറ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ്. പൂതാടി തെയ്യം, പാക്കം തെയ്യം, മലക്കരിങ്കാളി, കാളിമലതമ്പുരാന്‍, കണ്ടന്‍ പുലി, കാരന്‍, പുറക്കാടിതെയ്യം എന്നിവയാണ് ഇവരുടെ പ്രധാന തെയ്യങ്ങള്‍.

മറ്റൊരു തെയ്യം കെട്ടു സമുദായമാണ് പുലയര്‍. മറ്റ് സമുദായക്കാരുടെ കാവുകളിലൊന്നും ഇവര്‍ക്ക് തെയ്യാട്ടമില്ല. തങ്ങളുടെ ജാതിക്കാര്‍ തന്നെയാണ് ഇവരുടെ തെയ്യം കെട്ടിയാടുന്നത്‌.  സവര്‍ണ്ണ കാവുകളിലേത് പോലെ ഇവരുടെ തെയ്യാട്ടവും തുടങ്ങുന്നത് തുലാം പത്തിനാണ്. അന്ന് പുലയരുടെ കോട്ടത്ത് കെട്ടിയാടിയ കാലിച്ചേകോന്‍ (കാലിച്ചാന്‍) എന്ന തെയ്യം (കന്നുകാലി സംരക്ഷകനാണ് ഈ ദൈവം) അലങ്കരിച്ച നീളന്‍ കുടയുമായി തുടിയും കിണ്ണവും ഒരുക്കുന്ന താള മേളത്തോടെ ഗ്രാമ ഗൃഹങ്ങള്‍ തേടി ഇറങ്ങും. അയിത്തക്കാരായത് കൊണ്ട് തറവാടുകളുടെ കവാടത്തിന്റെ അകലെ നിന്നാണ് ഇവര്‍ പാടിയാടുക.  വീട്ടുകാര്‍ ഈ പുല തെയ്യത്തിന് അരിയും നെല്ലും പണവും കാണിക്കയായി നല്‍കും.

കര്‍ക്കിടകമാസത്തില്‍ നാട്ടില്‍ വന്നു കൂടുന്ന മാരി, മാമായം എന്നീ ദുര്‍ദേവതകളെ കടലിലേക്ക് തന്നെ ആട്ടിയകറ്റാന്‍ വേണ്ടി കര്‍ക്കിടക മാസം ഇരുപത്തിയെട്ടിനു മാടായിക്കാവിന്റെ തിരുനടയ്ക്കിപ്പുറത്ത് മാരിക്കരുവനാട്ടം എന്ന ഉച്ചാടന കര്‍മ്മാരാധന നടത്താറുണ്ട്‌.  അന്ന് ഇറങ്ങുന്ന നാലു കോലങ്ങളും മാരിക്കലിയന്‍, മാമായക്കലിയന്‍, മാരിക്കലിച്ചി, മാമായക്കലിച്ചി  എന്നിവര്‍ വീട് തോറും പാടിയാടി ഒടുവില്‍ കടല്‍ക്കരയിലെത്തി കപ്പല്‍ കേറി വന്ന ദുര്‍ദ്ദേവതകളെ കടലിലേക്ക് തന്നെ ആട്ടിയകറ്റും.
തിരിയോല തിരുവുടയാടയും പൊയ്മുഖവുമായി ക്കലിയന്‍മാര്‍ (കുളിയന്‍മാര്‍) മാരിയും പനിയും ആട്ടിതെളിച്ചു വരുമ്പോള്‍ കലിയനും കലിച്ചിയും ഐശ്വര്യത്തെ പ്രദാനം ചെയ്തു കൊണ്ട് ആടിത്തിമിര്‍ക്കും.

ഇവരുടെ കോട്ടങ്ങളില്‍ വെളിച്ചപ്പാട് ഇല്ല. ഓരോ കോട്ടവും ഒന്നോ ഒന്നിലേറെയോ തറവാട്ടുകാരുടെ ആരാധനാമൂര്‍ത്തികള്‍ കുടികൊള്ളുന്നതായിരിക്കും.
ഇവരുടെ പ്രധാനപ്പെട്ട തെയ്യങ്ങള്‍ ഇവയാണ്. ബങ്കുളത്ത് ഭഗവതി, കരിഞ്ചാമുണ്ടി, കാവുമ്പായി പോതി, വിഷ്ണു, മടയില്‍ ചാമുണ്ഡി, ഗുളികന്‍, ധര്‍മ്മദൈവം, പേത്താളന്‍, ഈറ്റുമൂര്‍ത്തി, മരുതിയോടന്‍, കാരികുരിക്കള്‍, ഐപ്പള്ളിതെയ്യം, കല്ലന്താറ്റു ഭഗവതി, മന്ത്രമൂര്‍ത്തി, എമ്പ്രാന്‍ തെയ്യം, കുറത്തി, വട്ട്യന്‍പൊള്ള, വെള്ളൂര്‍ കുരിക്കള്‍, കൂമനാട്ടി, പഞ്ചുരുളി, വടവത്തൂര്‍ മുത്തര്‍, ചോരയില്‍ പൊടിച്ച ഗുരുനാഥന്‍, കുണ്ടോറ ചാമുണ്ഡി, നാഗക്കന്നി, പുലപ്പൊട്ടന്‍ തുടങ്ങി മുപ്പത്തൈവര്‍ ദേവതമാരെയും ഇവര്‍ കെട്ടിയാടുന്നു. 

തെയ്യങ്ങളുടെ ഐതിഹ്യങ്ങളില്‍ ഭൂരിഭാഗവും ശിവനുമായി ബന്ധപ്പെട്ടതാണ് എന്ന് പറയാം. വൈഷ്ണവ ദൈവങ്ങളെക്കുറിച്ച് പിന്നാലെ വേറെ തന്നെ പ്രതിപാദിക്കുന്നുണ്ട്.

ബ്രഹ്മദേവനും വിഷ്ണു ദേവനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അവര്‍ ശിവനെ സമീപിക്കുകയും ശിവന്‍ കൈലാസത്തിലുള്ള ശിവലിംഗത്തിന്റെ ഏതെങ്കിലും ഒരറ്റം കണ്ടുപിടിച്ചു വരുവാന്‍ അവര്‍ രണ്ടു പേരെയും ഏല്‍പ്പിക്കുകയും അപ്രകാരം രണ്ടു പേരും അതിനായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ നാളുകളെറെയായിട്ടും അറ്റം കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന ബ്രഹ്മാവ്‌ ശിവലിംഗത്തിലുള്ള കൈതപൂവിനോട് ഞാന്‍ നിന്നെ കണ്ടത് ശിവലിംഗത്തിന്റെ അറ്റത്ത് വെച്ചാണ് എന്ന് ശിവന്‍ ചോദിച്ചാല്‍ പറയണമെന്ന് ശട്ടം കെട്ടി ശിവന്റെ അടുത്തേക്ക് പോവുകയും രണ്ടു കൂട്ടരും ശിവന്റെ ചോദ്യത്തിനു അപ്രകാരം കളവു പറയുകയും ചെയ്തു. ഇതില്‍ കുപിതനായ  ശിവന്‍ തന്റെ ദേഷ്യം കൊണ്ട് ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്തതിലും ആരും തന്നെ ബ്രഹ്മാവിനെ പൂജിക്കരുതെന്നും  കൈതപൂവിനെ പൂജക്കെടുക്കരുതെന്നും പറയേണ്ടി വന്നതിലും പശ്ചാത്തപിച്ച് ഭൈരവന്‍ വേഷത്തില്‍ ഭിക്ഷ തേടുന്നതാണ് ഭൈരവന്‍ തെയ്യം. ശിവപത്നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി. ശിവന്റെ തൃക്കണ്ണില്‍ നിന്ന് ഉടലെടുത്തതാണെന്നും പറയപ്പെടുന്നു.  ദക്ഷ യാഗത്തില്‍ സതീദേവി സ്വയം ആത്മാഹുതി ചെയ്തപ്പോള്‍ കോപാകുലനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്ത് അടിച്ചപ്പോള്‍ അതില്‍ ഉണ്ടായതാണ് ഭദ്രകാളിഎന്നും പറയപ്പെടുന്നു. ഇതോടൊപ്പം വീരഭദ്രനും ഉണ്ടായത്രേ. ഇത് കൂടാതെ ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച മറ്റ് ദേവതമാരാണ് ചിറുമ്പമാർശ്രീ മഹാദേവന്‍ സൃഷ്ടിച്ച അഗ്നി കുണ്ടത്തില്‍ നിന്ന് ഉണ്ടായ ദേവതയാണ് പുതിയ ഭഗവതി. ശിവന്‍ നായാട്ടു പോയ സമയത്ത് ഉണ്ടായ പുത്രനാണ് വേട്ടക്കൊരു മകന്‍. ശിവ പാര്‍വതിമാര്‍ പുലി വേഷം ധരിച്ചപ്പോള്‍ ഉണ്ടായവരാണ് പുലിതെയ്യങ്ങള്‍. ശിവന്‍ തന്റെ ഇടത്തെ തുടയില്‍ വലതു കൈ കൊണ്ട് ശക്തിയായി അടിച്ചപ്പോള്‍ ഉണ്ടായതാണ് വയനാട്ടുകുലവന്‍. ശിവന്റെ കഴുത്തിനും (കണ്ഠത്തില്‍) ചെവിക്കും  (കര്‍ണ്ണത്തില്‍) ഇടയില്‍ നിന്നും ജന്മം കൊണ്ടവനാണ് അസുഖങ്ങള്‍  ഭേദപ്പെടുത്തുന്ന  കണ്ടാ കര്‍ണ്ണന്‍.  ശിവന്റെ കണ്ണില്‍ നിന്നും ഉടലെടുത്ത ദേവതയാണ് വസൂരിമാല. ഇത് പോലെ ഗുളികന്‍ തുടങ്ങി നിരവധി തെയ്യങ്ങള്‍ ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പൊട്ടന്‍ തെയ്യം,  പുലമാരുതന്‍ (നന്ദികേശന്‍), പുല പൊട്ടന്‍ (ശിവന്‍), പുലചാമുണ്ടി (പാര്‍വതി) എന്നീ മൂന്നു രൂപങ്ങളിലാണ്.  അത് പോലെ സൂര്യഭഗവാന്റെ ശാപം കാരണം ഭൂമിയില്‍ കുറത്തിയായും പാര്‍വതിക്ക് അവതരിക്കേണ്ടി വന്നു.
ചങ്ങാതി തെയ്യങ്ങള്‍: ചില തെയ്യങ്ങള്‍ ചങ്ങാതികള്‍ ആണെന്നാണ്‌ സങ്കല്പം. അത്തരം തെയ്യങ്ങള്‍ ഒരുമിച്ചാണ് അരങ്ങിലിറങ്ങുന്നതും ആട്ടം അവസാനിപ്പിക്കുന്നതും. വേട്ടയ്ക്കൊരു മകനും ഊര്പ്പഴശ്ശി ദൈവും ഇതിനുദാഹരണമാണ്‌. വിഷ്ണുമൂര്‍ത്തി തെയ്യം ഉള്ള കാവിലെല്ലാം സഖിയായ രക്തചാമുണ്ടി ഉണ്ടാകും. കതിവന്നൂര്‍ വീരനോടോപ്പം ഗുരുക്കള്‍ തെയ്യം കൂട്ടിനുണ്ടാകുമെന്നാണ് വിധി. മൂത്ത ഭഗവതിക്ക് ഇളയ ഭഗവതിയും മുച്ചിലോട്ട് ഭഗവതിക്ക് കണ്ണങ്ങാട്ട് ഭഗവതിയും കൂട്ടിനുണ്ടാവും. രണ്ടു കിട്ടിയാലൊന്നു ഒന്ന് കിട്ടിയാല്‍ അര എന്ന കണക്കിലാണ് ഈ ദേവിമാര്‍ ചങ്ങാത്തം ഉറപ്പിച്ചിരിക്കുന്നത്. പടുവളത്തില്‍ പരദേവതമാര്‍ ആണ് മൂവാളം കുഴി ചാമുണ്ഡി, പട വീരന്‍, ചൂളിയാര്‍ ഭഗവതി എന്നിവര്‍. മൂവര്‍ ദേവതമാരാണു അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി എന്നിവര്‍.  ദൈവങ്ങളെ സംഘമാക്കി പറയുന്ന ഏര്‍പ്പാടും ഉണ്ട്. ഭൈരവാദി പഞ്ചമൂര്ത്തികള്‍ ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട എന്നിവയാണ്. മുത്തപ്പനും തിരുവപ്പനും,  പുലി ദൈവങ്ങള്‍ അഞ്ചും ഒന്നിച്ചു ഒരിടത്ത് കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. പൊട്ടന്‍ തെയ്യത്തിനൊപ്പം പുലചാമുണ്ടി, പുലമാരുതന്‍ എന്നിവയുമുണ്ടാകണം എന്നാണു വിധി. കെട്ടിക്കോലമില്ലാത്ത ചീറുമ്പയുടെ കോമരത്തോടൊപ്പം ഇളയ ഭഗവതിയും ദന്ധന്‍, കണ്ടാകര്‍ണ്ണന്‍ എന്നീ ദേവതമാരുമുണ്ടാകും. ഇളയ ഭഗവതി, മൂത്ത ഭഗവതി, ദന്ധന്‍, കണ്ടാകര്‍ണ്ണന്‍ എന്നിവര്‍ ചേര്‍ന്നാല്‍ ചീറുമ്പ നാല്‍വര്‍ എന്നാണു പറയുക. പൊട്ടന്‍ തെയ്യവും ചാമുണ്ഡിയും (വിഷ്ണുമൂര്‍ത്തിയും) തറവാട്ടില്‍ ഒന്നിച്ചു കെട്ടിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.

തെയ്യങ്ങളെ പൊതുവേ അമ്മ ദൈവങ്ങള്‍(അമ്മദൈവങ്ങള്‍ എന്ന് കൂടി അറിയപ്പെടുന്ന കന്യകാ ദേവതമാര്‍), യുദ്ധ ദേവതകള്‍, രോഗ ദേവതകള്‍, മരക്കല ദേവതകള്‍, നാഗ ദേവതകള്‍, മൃഗ ദേവതകള്‍, ഭൂത-യക്ഷി ദേവതകള്‍, വനമൂര്‍ത്തി ദേവതകള്‍, നായാട്ടു ദേവതകള്‍,  ഉര്‍വര ദേവതകള്‍, മന്ത്ര മൂര്‍ത്തികള്‍, വൈഷ്ണവ മൂര്‍ത്തികള്‍, പരേതാത്മാക്കള്‍ എന്നിങ്ങനെ തരം തിരിക്കാം. ഇവ കൂടാതെ വീടോടി തെയ്യങ്ങളായ ആടി വേടന്‍ തെയ്യങ്ങളും ഉണ്ട്. ഇവ ബാധോച്ചാടന മൂര്‍ത്തികള്‍ കൂടിയാണ്.

(തുടരും.....)

3 അഭിപ്രായങ്ങൾ:

  1. തുളുനാട്ടില്‍ ഗ്രാമ തെയ്യങ്ങളും രാജ തെയ്യങ്ങളും കെട്ടുന്ന ഒരു വിഭാഗമാണ് പമ്പദാര്‍

    മറുപടിഇല്ലാതാക്കൂ
  2. തുളുനാട്ടില്‍ ഗ്രാമ തെയ്യങ്ങളും രാജ തെയ്യങ്ങളും കെട്ടുന്ന ഒരു വിഭാഗമാണ് പമ്പദാര്‍

    മറുപടിഇല്ലാതാക്കൂ