2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 35

തെയ്യച്ചരിത്രം 35

മാരിപ്പനിയന്മാരും കോതാമൂരിയും:
കൃഷിയും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ഒരു പ്രധാനാചാരമാണ്‌ കോതാമൂരിയാട്ടം. മലയ സമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തില്‍ ഒരു കോതാമൂരി തെയ്യവും കൂടെ രണ്ടു മാരിപ്പനിയന്മാരും ഉണ്ടാകും ചില സംഘങ്ങളില്‍ നാല് പനിയന്മാരും ഉണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളത് പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. കോതാമൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവെച്ചിട്ടുണ്ടാകും. പനിയന്മാര്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും പൊയ്ക്കാതുകളും ഉണ്ടാകും.
മുഖപ്പാളി കെട്ടിക്കഴിഞ്ഞാല്‍ പിന്നെ പനിയന്‍മാര്‍ക്ക് എന്തും പറയാമെന്നാണ്. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും. പക്ഷെ ഇവയൊക്കെ സാമൂഹ്യ വിമര്‍ശനമായിരിക്കും. പാട്ട് പാടി കഴിഞ്ഞു ഇവര്‍ നെല്ലും പണവും തുണിയും വീട്ടുകാരില്‍ നിന്ന് വാങ്ങും. തളിപ്പറമ്പത്തപ്പനെ (ശിവനെ) ചെറുകുന്ന്‍ അന്നപൂര്‍ണ്ണഈശ്വരിയുടെ ആകര്‍ഷണ വലയത്തില്‍ വീണു പോയ വിടപ്രഭുവായി പോലും കോതാമൂരി സംഘം അവതരിപ്പിക്കും. നല്ല നര്‍മ്മ ഭാവനയുള്ളവര്‍ക്ക് മാത്രമേ ഈ കലയില്‍ ശോഭിക്കാന്‍ കഴിയൂ. ചിലപ്പോള്‍ കോതാമൂരി സംഘം പാടുന്ന പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയന്‍മാര്‍ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകള്‍ അടങ്ങുന്ന ചോദ്യങ്ങളും ഗുരുക്കളുടെ ഉത്തരവും ഭക്തിയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതായിരിക്കും.
പത്തില്ലക്കാരായ പുലയര്‍ക്ക് ഇല്ലമോരോന്നിനും ഓരോ കുല ദൈവമോ ധര്‍മ്മദൈവമോ തൊണ്ടച്ചന്‍ ദൈവമോ കാരണോന്‍ ദൈവമോ ഉണ്ടായിരിക്കും. സവര്‍ണ്ണകാവുകളിലെയും സ്വന്തമായതുമായ അമ്പതിലേറെ തെയ്യങ്ങളെ പുലയര്‍ കെട്ടിയാടി വരുന്നുണ്ട്. മറ്റ് സവര്‍ണ്ണ കാവുകളില്‍ വണ്ണാനും മലയനും വേലനും മറ്റും കോലം കെട്ടുമ്പോള്‍ പുലയരുടെ കൊട്ടങ്ങളില്‍ (കാവുകളില്‍) പുലയര്‍ തന്നെയാണ് തെയ്യാട്ടം നടത്തുന്നത്.
പുലയരുടെ പ്രധാന ആരാധാന പാത്രം പുലിമറഞ്ഞ തൊണ്ടച്ചനാണ്. ഇവരെ കൂടാതെ മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള എന്നീ തെയ്യങ്ങളെ ഇവര്‍ കുലപൂര്‍വികരായാണ് പുലയര്‍ ആരാധിച്ചു വരുന്നത്. കാലിചേകോന്‍ എന്ന കലിച്ചാന്‍ തെയ്യത്തോടു കൂടിയാണ് തുലാം പത്തിന് പുലയരുടെ തെയ്യങ്ങള്‍ ആരംഭിക്കുക. പുലപ്പൊട്ടന്‍ തെയ്യവും പുലയരുടെ പ്രസിദ്ധമായ തെയ്യമാണ്‌. പുലയര്‍ കെട്ടിയാടുന്ന കുരിക്കള്‍ തെയ്യങ്ങള്‍ ഇവയാണ്. കാരി കുരിക്കള്‍, പനയാര്‍ കുരിക്കള്‍, വട്ടിയാര്‍ പൊള്ള, പിത്താരി (ഐപ്പള്ളി തെയ്യം) വെള്ളൂ കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍, തൊണ്ടച്ചന്‍ എന്നിവ.
ജാതീയ ദുരാചാരങ്ങള്‍ക്കെതിരെ ചാട്ടുളി പോലെ വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്ന പുലപ്പൊട്ടന്‍ തെയ്യവും ചാലാട്ട് തറയിലെ നമ്പൂതിരി പുത്രനിര്‍വിശേഷമായ സ്നേഹം പകര്‍ന്നു നല്‍കിയ പിത്താരിയുടെ കദന കഥയിലൂടെ മനുഷ്യ നന്മ വിളിച്ചറിയിക്കുന്ന ഐപ്പള്ളി തെയ്യവും പുലയ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ക്രിയാശക്തിയും മന്ത്ര ശക്തിയും കൊണ്ട് നാട്ടിന് ആദരങ്ങള്‍ ഉണ്ടാക്കിയ കാരിയും വിരുന്തനും അസൂയയക്ക് ഇരയായി മണ്മറഞ്ഞ് തെയ്യങ്ങളായവരാണ്.
പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍
പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്‍ക്കാട്ട് കാവില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന അടിയാന്മാരായ വളളിക്കുടിച്ചിവിരുന്തിയ്ക്കും മണിയന്‍ കാഞ്ഞാനും കല്യാണം കഴിച്ചു അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാര്‍ കുരിക്കളുടെ കീഴില്‍ അക്ഷര വിദ്യ പഠിച്ച കാരിക്ക് പുലയനായതിന്റെ പേരില്‍ കളരി വിദ്യ പഠിക്കാന്‍ പറ്റാത്തതിനാല്‍ അതിനു വേണ്ടി പേരും വീട്ടും പേരും മാറ്റി പറയാന്‍ ചെണിച്ചേരി കുഞ്ഞമ്പു നായര്‍ സമ്മതിച്ചതിന്റെ ഫലമായി മാടായിക്കളരി, നെക്കണം കളരി തുടങ്ങി പതിനെട്ടു കളരികളില്‍ ചേര്‍ന്ന് വിദ്യ പഠിച്ചു. ഒപ്പം ചോതിയാന്‍ കളരിയില്‍ നിന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു.
മാടായി കളരിയില്‍ നിന്ന് തിരിച്ചു വന്നതിനു ശേഷം കാരിക്ക് കാരി കുരിക്കള്‍ (ഗുരിക്കള്‍) സ്ഥാനം ലഭിച്ചു. മന്ത്രവാദക്കളരിയില്‍ മന്ത്രവാദം നടത്താനുള്ള അനുവാദവും ചെണിച്ചേരി കുഞ്ഞമ്പു നായര്‍ നല്‍കി. അള്ളടം നാട്ടിലെ (നീലേശ്വരം) തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാന്‍ ആറു തവണ വിളി വന്നിട്ടും കുഞ്ഞമ്പു നായര്‍ കാരിയെ പോകാന്‍ അനുവദിക്കാതെയിരുന്നതിന്റെ ഫലമായി ഏഴാം തവണ ചെമ്പോല പ്രമാണം വന്നു. കാരിയെ അയച്ചാല്‍ പകുതി സ്വത്ത് കൊടുക്കാമെന്ന് അതില്‍ എഴുതിയിരുന്നു. കാരി കുരിക്കള്‍ ശിഷ്യന്‍മാരുമായി ചെന്ന് ബാധയിളക്കി. കുരിക്കളുടെ കയ്യില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോള്‍ തമ്പുരാക്കന്മാരുടെ വിധവും മാറി. ചെമ്പോല പ്രകാരം സ്വത്ത് പകുതി തരാന്‍ അവര്‍ തയ്യാറായില്ല പകരം പുളിപ്പാലും നരി ജടയും കൊണ്ട് വന്നാല്‍ തരാമെന്നായി.
കാരികുരിക്കള്‍ക്ക് ആള്‍മാറാട്ട വിദ്യ അറിയാമെന്നതിനാല്‍ വീട്ടില്‍ പോയി എല്ലാവരോടും തന്റെ ഉദ്ദേശ്യം പറയുന്നു. രാത്രി താന്‍ പുലിവേഷം പൂണ്ടു വരുമ്പോള്‍ അരി കഴുകിയ വെള്ളം മുഖത്തോഴിക്കണമെന്നും പച്ചചാണകം കലക്കിയ വെള്ളത്തില്‍ ചൂല്‍ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടില്‍ ചെന്ന് പുളിരൂപത്ത്തില്‍ പുളിപ്പാലും നരിച്ചടയും കൊണ്ട് കോവിലകത്ത് പടിക്കല്‍ വെച്ച് അതേ വേഷത്തില്‍ വീട്ടില്‍ രാത്രിയിലെത്തി. ഭാര്യ പുലി വേഷം കണ്ടു ഭയന്ന് വാതില്‍ തുറന്നില്ല. പറഞ്ഞതെല്ലാം അവര്‍ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളര്‍ന്ന് തിന്നു. സ്വന്തം രൂപം തിരിചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു. പുലി പാതാളത്തില്‍ ലയിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അള്ളടം തമ്പുരാന് ബാധയിളകി. പുലി മറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്ന് മനസ്സിലാക്കി ചെണിച്ചേരി കുഞ്ഞമ്പു നായര്‍ക്ക് സ്വത്തില്‍ പാതി നല്‍കി. കാരിയുടെ രൂപം സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കി കാരി കുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.
കാരി ഗുരുക്കള്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=2yaLsWSVzbw
കടപ്പാട്: കേരള ടൂറിസം

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ