2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 36

തെയ്യച്ചരിത്രം 36

പുലപ്പൊട്ടന്‍:
പുലയര്‍ കെട്ടുന്ന പൊട്ടന്‍ തെയ്യമാണ്‌ പുലപ്പൊട്ടന്‍. പൊട്ടന്‍ തെയ്യത്തിന്റെ കഥ തന്നെയാണ് ഈ തെയ്യത്തിനും. പുലപ്പൊട്ടന്‍ തെയ്യത്തിന്റെ ഉരിയാട്ട് വിശേഷങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. തീയില്‍ കിടന്നു പൊട്ടി പൊട്ടി ചിരിക്കുന്ന പൊട്ടന്‍ സ്വന്തം കൂട്ടരേ വിളിച്ചു ചോദിക്കും ഹ ഹ ഹ കുരിക്കളെ, ഏ കുരിക്കളെ, കണ്ട്വാ പൊത്തന (പൊട്ടനെ) കണ്ട്വാ ഹ ഹ ഹ തണ്ടേ (തീയ്യാ) ഏ തണ്ടേ ഇങ്ങരുത്ത് വാ... ഹ ഹ ഹ എന്ത്ന്നാ ഇത്. വായിപ്പൊതി കെട്ടിയ ഭരണി പോലെ ഉണ്ടല്ലോ (തലയില്‍ കെട്ടും കുടവയറും) ങ്ങ്ഹാ പൊട്ടന്‍ കളിക്ക് പൊരുളെട്ടാണ്. അന്ന് ചൊവ്വര്‍ക്ക് (ബ്രാഹ്മണനായ ശ്രീ ശങ്കരാചാര്യര്‍ക്ക്) ഒങ്കാരാ സ്വരൂപന്‍ കൈലാസ വാസി കാട്ടിക്കൊടുത്ത രൂപം കണ്ട്വാ കണ്ണുമീച്ചു (മിഴിച്ചു) കണ്ട്വാ ഹ ഹ ഹ ഈ രൂപത്തിലാണ് കേള്‍വിക്കാരില്‍ പരിഹാസം ഉണ്ടാക്കുന്ന വിധത്തില്‍ പുലപ്പൊട്ടന്‍ ഉരിയാടുന്നത്. ഈ തെയ്യം മുഖപ്പാളയാണ് അണിയുക.
പുലപ്പൊട്ടന്‍ തെയ്യം കാണാന്‍ : 
http://www.youtube.com/watch?v=92T0DiG7coM
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള:
പുത്തില്ലം തമ്പുരാന്റെ അടിയാനായ ആണൊരുത്തന്‍ കുഞ്ഞി വിരുന്തനെ കൊതിച്ച അക്കമ്മ തമ്പുരാട്ടി നൈരാശ്യം മൂത്ത് കള്ളക്കഥയുണ്ടാക്കി അയാളെ തോളൂര്‍ മരുതുമരത്തില്‍ തൂക്കി കൊന്ന കഥയാണ് മരുതിയോടന്‍ തൊണ്ടച്ചന്റെത്. വെള്ളൂര്‍ നാട്ടിലെ കുടക്കത്ത് വീട്ടിലെ തീയ്യ പെണ്‍കുട്ടി പുലചാളയില്‍ നിന്ന് കഞ്ഞിവെള്ളം വാങ്ങി കുടിച്ചതിനാല്‍ ജാതി ഭ്രഷ്ടയായി പുലച്ചിയായി മാറുകയും അവള്‍ക്കുണ്ടായ മകന്‍ വിരുന്തന്‍ അത്ഭുത സിദ്ധി കാട്ടി മാന്ത്രികനെന്ന് പെരെടുത്ത് മറ്റുള്ളവരുടെ അസൂയക്ക് ഇരയായി വധിക്കപ്പെടുകയും വെള്ളുകുരിക്കള്‍ ആവുകയും ചെയ്തുവത്രേ. കോലത്തിരിയുടെ കോട്ടകള്‍ പിടിച്ചടക്കിയ വെള്ളക്കാരെ കൌശലം കാട്ടി പേടിപ്പിച്ചോടിച്ച പുലയ വീരനായിരുന്നു വട്ട്യന്‍ പൊള്ള.
എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും :
അഴീക്കോട്ട് നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പുലയന്‍ പിത്താരിയെ കോലത്തരചന്‍ ശകുനപ്പിഴ ചൊല്ലി കൊന്നു വീഴ്ത്തി. ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി. ജാതിക്കതീതമായ സ്നേഹം ഈ രണ്ടു തെയ്യങ്ങള്‍ വിളിച്ചു പാടുന്നു. പുലയര്‍ തന്നെയാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്‌.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ