2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 3

തെയ്യപ്പെരുമ - 3

മലബാറിലെ തെയ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മിക്ക തെയ്യങ്ങളും ഈ തെയ്യക്കുടുംബത്തില്‍ പുതുതായി ചേര്‍ത്തവയാണ്. ആര്യന്മാരുടെ അധിനിവേശത്തോടെ അവര്‍ തദ്ദേശീയരുടെ സംസ്ക്കാരത്തില്‍ അടക്കം തങ്ങളുടെ ആധിപത്യം നില നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി എന്നുള്ളത് ശ്രദ്ദേയമാണ്‌. അതിന്റെ ഭാഗമായിട്ടായിരുന്നു മലബാറിലെ കളിയാട്ടത്തിനു പരശുരാമന്റെ അംഗീകാരം ഉണ്ടായി എന്ന വാദം കേരളോല്‍പ്പത്തിയിലൂടെ അവര്‍ അവതരിപ്പിച്ചതും വൈഷ്ണവ ദൈവങ്ങളെ തെയ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതും , വിഷ്ണുമൂര്‍ത്തി (വിഷ്ണുവിന്റെ നരസിഹാവതാരം), പാലോട്ട് ദൈവം (മത്സ്യാവതാര സങ്കല്‍പ്പത്തിലുള്ളത്), ഊര്പ്പഴച്ചി, നാരദന്‍, കുട്ടിച്ചാത്തന്‍ അഥവാ കുട്ടി ശാസ്തന്‍, അങ്കക്കാരന്‍ (ലക്ഷ്മണന്‍) പപ്പൂരാന്‍ (ഹനുമാന്‍), ബാലി സങ്കല്‍പ്പത്തിലുള്ള (നെടുപാലിയന്‍ ദൈവം), സുഗ്രീവ സങ്കല്‍പ്പത്തിലുള്ള (കിഴക്കേന്‍ ദൈവം), ശ്രീരാമന്‍, സീത ഇവരുടെ സങ്കല്‍പ്പത്തിലുള്ള (മണവാളന്‍, മണവാട്ടി) തെയ്യങ്ങള്‍ ലവ കുശ സങ്കല്‍പ്പത്തിലുള്ള (ബമ്മുരിക്കനും കരിമുരിക്കനും) ഇവയൊക്കെ അങ്ങിനെ കൂട്ടി ചേര്‍ക്കപ്പെട്ട തെയ്യങ്ങളാണ്‌.
ആദ്യകാലം മുതലേ ദ്രാവിഡരുടെ പ്രധാന ആരാധാന ദേവതകള്‍ കൊറ്റവെ, കാളി എന്നീ തെയ്യങ്ങള്‍ ആയിരുന്നു. അമ്മ ദൈവങ്ങളെ ആരാധിക്കുന്ന രീതി ദ്രാവിഡര്‍ പിന്തുടര്‍ന്നത് കൊണ്ടാണ് ഇത്തരം കാവുകള്‍ ആദ്യകാലങ്ങളില്‍ വ്യാപകമായി ഉണ്ടായത്. എന്നാല്‍ ഇവയെ ആര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അവയെ പുനര്‍ നാമകരണം ചെയ്ത് ദുര്‍ഗയും ഭഗവതിയുമാക്കി മാറ്റി അവരെ വൈദികാരാധാനയിലേക്ക് നയിച്ചുവെങ്കിലും ഗ്രാമീണ മനസ്സുകളിലെ പാരമ്പര്യങ്ങളുടെ വേരറുക്കാന്‍ അവര്‍ക്കായില്ല. അത് കൊണ്ട് തന്നെ അകത്ത് വൈദികാരാധന നില നിന്ന അത്തരം ക്ഷേത്രങ്ങളുടെ വടക്ക് ഭാഗത്ത് വടക്കേം ഭാഗം എന്ന പേരില്‍ കാളിക്കും പരിവാര ദേവതകള്‍ക്കും തെയ്യം കെട്ടിയാടാനും ആരാധാനര്‍ച്ചനകള്‍ നല്‍കുവാനും അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കെല്ലാം അധീശ ദേവനോ ദേവതയോ ആയി അതാത് ഗ്രാമത്തിലെ മഹാക്ഷേത്ര മൂര്‍ത്തിയെ അംഗീകരിക്കാനും ആദ്യ സ്തുതി ആ ദൈവത്തിനും പിന്നത്തെ സ്തുതി രാജ്യം വാഴുന്ന തമ്പുരാനും ആകാമെന്ന് ധാരണയായി. ഓരോ ഗ്രാമത്തിലെ തെയ്യക്കാവുകള്‍ക്കും രക്ഷാകര്‍തൃത്വം വഹിച്ചു കൊണ്ട് നില്‍ക്കുന്ന ഇത്തരം അനേകം ഗ്രാമാധീശ ദേവതമാരെക്കാണാം. ഇങ്ങിനെ അനേകം ദൈവതങ്ങള്‍ തെയ്യങ്ങള്‍ക്കും തെയ്യക്കാവുകള്‍ക്കും അധിദേവതമാരാണ്. തോറ്റം പാട്ടിലും മുഖ്യസ്ഥാനങ്ങളിലും ഈ പൂജ്യ പൂജാവിധി കാണാം.
ഇങ്ങിനെയാണ്‌ ഓരോ ഗ്രാമത്തിലെയും മഹാക്ഷേത്രത്തിലെ അധീശ ദേവന് കൂവം അളന്നു നല്‍കി വര്ഷം തോറും കീഴാചാരം നടത്താനും കളിയാട്ടത്തിന് മുന്നോടിയായി തെയ്യക്കാവുകളിലേക്ക് ഇതേ ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും വാങ്ങി കൊണ്ട് വരുന്ന സമ്മതാനുഗ്രഹ ചടങ്ങ് നടത്താനും അലിഖിതമായ ഒരു തീരുമാനം അവര്‍ ഉണ്ടാക്കിയതും അത് പാരമ്പര്യമായി നിലവില്‍ വന്നതും. ഇതിന്റെ ഭാഗമായി ഓരോ തെയ്യത്തിന്റെയും ഐതിഹ്യ കഥയില്‍ ക്ഷേത്ര ദേവന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയാണ് അതതു കാവുകളില്‍ കുടികൊണ്ടതെന്ന കാര്യവും എടുത്ത് പറയുന്നുണ്ട്.
ഇങ്ങിനെ കീഴാളക്കാവുകളെയും തെയ്യങ്ങളെയും വൈദികാഭിമതത്തിന് കീഴിലാക്കാന്‍ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ തെളിവ് സഹിതം നമ്മുടെ കണ്‍മുന്നില്‍ ഉണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഗ്രാമാധിപത്യം വഹിക്കുന്ന ഒട്ടനേകം മഹാക്ഷേത്രങ്ങള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടവയാണ് താഴെപ്പറയുന്നവ. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രം, മന്നന്‍പുറത്ത് ഭഗവതി ക്ഷേത്രം, മടിയന്‍ കൂലോം ക്ഷേത്രം, തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം........ മുതലായവ.
തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രം: പഴയ കോലത്ത് നാട്ടിലെ തെയ്യങ്ങളെല്ലാം സ്തുതിച്ചു പാടുന്ന ബന്ത്രുകോലപ്പന്‍ പള്ളികൊള്ളുന്ന മഹാക്ഷേത്രമാണ് ഈ ശിവ സങ്കേതം. പതിനാറാം നൂറ്റാണ്ടിനു മുമ്പ് മുതലേ ഈ ക്ഷേത്രം പെരിഞ്ചെല്ലൂര്‍ എന്നറിയപ്പെടുന്ന തളിപ്പറമ്പില്‍ നിലവില്‍ വന്നിരുന്നു. സൂര്യവംശജനായ മാന്ധാതാവും അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനുമാണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയതെന്നും മൂഷികവംശ രാജാവായ സൂത സോമന്‍ അഥവാ ശതസോമന്‍ ആണ് ക്ഷേത്രം ഇന്ന് കാണുന്ന വിധത്തിലുള്ള ഒരു മഹാക്ഷേത്രമായി രൂപാന്തരപ്പെടുത്തിയതെന്നും പറയപ്പെടുന്നു.
ശിവശക്തി ചൈതന്യം ദിനവും അനുഭവപ്പെടുന്ന തളിപ്പറമ്പത്തപ്പനെ അടുത്തും അകലത്തുമായുള്ള തെയ്യക്കാവുകള്‍ രക്ഷാകര്‍തൃസ്ഥാനം നല്‍കിയാണ്‌ ആരാധിക്കുന്നത്. കാവുകളില്‍ നിന്ന് കൂവമളവും നിവേദ്യം അര്‍പ്പണവും ദീപവും തിരിയും കയ്യേല്‍ക്കലും മുറക്ക് നടന്നു വരുന്നു. മുച്ചിലോട്ട് ഭഗവതിയുടെ പുരാവൃത്തത്തില്‍ തളിപ്പറമ്പ ക്ഷേത്രത്തിനു മുഖ്യസ്ഥാനമുണ്ട്. ബ്രാഹ്മണ പുരോഹിതന്മാരുടെ പുണ്യഭൂമിയായ തളിപ്പറമ്പ നമ്പൂതിരിമാരെ തെയ്യങ്ങള്‍ ബഹുമാനപുരസ്സരം എന്റെ പെരിഞ്ചല്ലൂര്‍ തന്ത്രി എന്നാണു വിളിക്കുന്നത്‌. വിഷ്ണുമൂര്‍ത്തി തെയ്യം കലശം തുടങ്ങും മുമ്പേ എന്റെ ബന്ത്രുകൊലപ്പാ എന്ന് തളിപ്പറമ്പത്തപ്പനെ അഭിവാദ്യം ചെയ്യാറുണ്ട്.
മാടായി തിരുവര്‍ക്കാട് ക്ഷേത്രം: തെയ്യാട്ട ഭൂമികയില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്ന മറ്റൊരു ദേവതാലയമാണ്‌ മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം. കോലത്തിരി രാജാവിന്റെ കുലദേവതയാണ് മാടായിക്കാവിലമ്മ എന്ന് കൂടി പേരുള്ള തായിപ്പരദേവത. ദാരികാന്തകിയായ മഹാകാളിയാണ് ഉഗ്രസ്വരൂപിണിയായ ഈ ദേവി. നൂലിട്ടാല്‍ നിലയില്ലാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ളാകി മാടാക്കി മാറ്റിയിട്ടാണത്രെ ഭഗവതി മാടായി നാട് സൃഷ്ടിച്ചത്. മാരാഹി എന്നായിരുന്നു ഈ സ്ഥലത്തെ ആദ്യം വിളിച്ചു വന്നിരുന്നത്.
ഈ മഹാ ദേവത ചെന്ന് ചേര്‍ന്ന ഗ്രാമങ്ങളിലൊക്കെ ആ ഗ്രാമപ്പേരോടു കൂടിയ ദേവതയായി ഇവരെ കെട്ടിയാടിക്കുന്നുണ്ട്. ഏതാണ്ട് എഴുപതിലേറെ പേരുകളില്‍ അറിയപ്പെടുന്ന ഭഗവതിയാണ് നീളമുടിയുള്ള ഈ അമ്മ ഭഗവതി. മാടായി നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള കാവുകളിലേക്കെല്ലാം തെയ്യാട്ടം തുടങ്ങും മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്നാണ് ദീപവും തിരിയും കൊണ്ട് പോകുന്നത്. പണ്ട് കാലത്ത് മഹാകാളിക്ക് ശത്രുവിനാശ പ്രാര്‍ഥനയായി ആടിനെ അറുത്ത് കരിങ്കലശംനടത്തിയിരുന്നു ഈ മഹാ ക്ഷേത്രത്തില്‍. പയ്യന്നൂര്‍ തെരുവില്‍ അഷ്ടമിച്ചാല്‍ ഭഗവതിയായും പെരിയാട്ട് കടിഞ്ഞിപ്പള്ളി നമ്പ്യാര്‍ക്കൊപ്പം പോയി വെള്ളൂര്‍ ചാമക്കാവിലമ്മയായതും ഇതേ ദേവി തന്നെ.
പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം: കൊല്ലവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ഉണ്ടായത്. കേരളമാഹാത്മ്യത്തില്‍ ഭാര്‍ഗ്ഗവ രാമനാണ് ഈ ക്ഷേത്രം പ്രതിഷ്ഠിച്ചതെന്നു പറയുന്നുണ്ട്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള കാവുകളിലും തൃക്കരിപ്പൂര്‍ മാടത്തിന്‍ കീഴ് വൈരജാത ക്ഷേത്രത്തിലും മാത്തിലിനടുത്ത ആലപ്പടമ്പിലെ തെയ്യോട്ടു കാവിലും തെയ്യാട്ടം തുടങ്ങാനുള്ള ദീപവും തിരിയും ഈ ക്ഷേത്രത്തില്‍ നിന്നാണ് കൊണ്ട് പോകുന്നത്.
വിസ്താരഭയത്താല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് ഇവിടെ പറയുന്നില്ലെന്ന് മാത്രം!! തെയ്യക്കാവുകളുടെ മേലുള്ള വരേണ്യ മേധാവിത്വത്തിന്റെ നീരാളിക്കൈകള്‍ കാട്ടിത്തരാന്‍ ഇത്രയും പറഞ്ഞുവെന്നു മാത്രം!!
തെയ്യം കലയുടെ ആധാര ശിലയായ തോറ്റം പാട്ടുകളില്‍ കടന്നു വരുന്ന ഒട്ടേറെ ദൈവങ്ങളിലും ഉപദൈവങ്ങളിലും ഒട്ടുമുക്കാലും സ്ത്രീ ദേവതകളാണ്. അമ്മ ദൈവങ്ങള്‍, രോഗ ദേവതകള്‍, നായാട്ടു ദേവതകള്‍, മരക്കല ദേവതകള്‍, ഗ്രാമ ദേവതകള്‍, മന്ത്ര മൂര്‍ത്തികള്‍, മൃഗ ദേവതകള്‍, പരേതരായ വീരര്‍, ഇതിഹാസ കഥാപാത്രങ്ങള്‍, പൂര്‍വികര്‍, ഉര്‍വര ദേവതകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്താവുന്നതാണ്.
പില്‍ക്കാലത്ത് ശിവനെയും പാര്‍വതിയെയും വൈദികവല്‍ക്കരിച്ചപ്പോള്‍ കാളിയും മറ്റും ആര്യരുടെ കൂടി ദൈവമായി മാറുകയാണുണ്ടായത്. ഭഗവതി തെയ്യങ്ങളുടെ ഐതിഹ്യങ്ങളിലും തോറ്റങ്ങളിലും വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായതും അങ്ങിനെയാണ്. ഭാരതത്തില്‍ കേരളത്തിലും ബംഗാളിലുമാണ് ഈ അമ്മ ദൈവരാധാന കൂടുതല്‍ ഉണ്ടായിരുന്നത്. ദുര്‍ഗാ ദേവിയുടെ രൌദ്ര ഭാവമാണ് കാളി.
ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. ഇത്തരം ഗ്രാമദേവതകള്‍, പര ദേവതകള്‍ പോതി, ഭഗവതി, അച്ചി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. തായിപ്പര ദേവതയുമായി ഇത്തരം പരദേവതകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധം കാണും. കോല സ്വരൂപത്തിന്റെ തായ് പ്പരദേവത മാടായിക്കാവിലെ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിയാണ്‌ ഈ ദേവത.
പണ്ട് കാലത്ത് ആളുകള്‍ വല്ലാതെ ഭയപ്പെട്ടിരുന്ന രോഗങ്ങളായിരുന്നു വസൂരി, കുരിപ്പ്. അക്കാലത്ത് ഇവയെ ഒരു കാരണവശാലും കീഴ് പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ ഇത്തരം രോഗങ്ങളെ ദൈവകോപമായി പരിഗണിക്കുകയും ഈ രോഗങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന ദേവതകള്‍ രോഗശാന്തി നല്‍കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. രോഗവും നീയേ, ശമനവും നീയേ . ഇതില്‍ ഏറ്റവും പേര് കേട്ടത് രോഗം വിതക്കുന്ന കുറുമ്പ യെന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ ചീറുമ്പയാണ്.
ആശാരി, മുക്കുവന്‍, തീയ്യര്‍ എന്നീ ജാതികളുടെ പ്രധാന ആരാധാന മൂര്‍ത്തിയാണ് ഈ ദേവത. ഈ ആരാധനാ മൂര്‍ത്തിയെ കെട്ടിയാടണമെങ്കില്‍ മനുഷ്യക്കുരുതി നിര്‍ബന്ധമാണ് എന്നതിനാല്‍ കുറുമ്പയുടെ തെയ്യക്കോലം കെട്ടിയാടുക പതിവില്ല. ചീറുമ്പയുടെ സങ്കല്‍പ്പത്തിലുള്ള വെളിച്ചപ്പാടുകള്‍ തിരുവായുധം കയ്യേറ്റി നില്‍ക്കുമ്പോള്‍ പ്രസാദമായി നല്‍കുന്നത് കുരുമുളകും മഞ്ഞളുമാണ്. രോഗ നിവാരണത്തിനു ഇത് ഉതകും എന്ന് വിശ്വസിക്കാവുന്നതാണ്. 'പുതിയ ഭഗവതി' രോഗങ്ങളെ അകറ്റുന്ന രോഗ ദേവതയാണ്. ചീറുമ്പ ഭഗവതി വിതച്ച രോഗങ്ങളെ തട്ടിയകറ്റുന്നത് പുതിയ ഭഗവതിയാണ്.
ആര്യന്മാരുടെ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവനെ കൂടി ഉള്‍പ്പെടുത്തി ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ എന്ന ത്രിത്വ സങ്കല്പം ഉണ്ടാക്കിയതും ഒക്കെ ആര്യവല്‍ക്കരണത്തിന്റെ ഭാഗമാണ്. ദ്രാവിഡ ദേവ രൂപമായ ശിവനെ അങ്ങിനെ ആര്യവല്‍ക്കരിച്ചതിന്റെ ഫലമായി ഇപ്പോള്‍ എല്ലാവരും സനാതന സംസ്ക്കാരത്തിന്റെ ഉടമകളായി. ഹിന്ദു പുരാണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും, വേദങ്ങളിലൂടെയും അതിനു ശേഷമുണ്ടായ ഉപനിഷത്തുകളിലൂടെയും സഞ്ചരിക്കുന്ന ആര്‍ക്കും ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഓരോ ജാതിക്കാരെയും തെയ്യങ്ങളിലൂടെ തന്നെ ആര്യവല്‍ക്കരിക്കുന്ന വിചിത്രമായ രീതിയും അവര്‍ തുടര്‍ന്നു. അതിന്നായി മിത്തുകളും കഥകളും ഉണ്ടാക്കി അവര്‍ പുതിയ തെയ്യങ്ങളെ സൃഷ്ടിച്ചു. പില്‍ക്കാലത്ത് അത്തരം തെയ്യങ്ങള്‍ അതാത് സമുദായത്തിന്റെ പ്രധാനപ്പെട്ട തെയ്യങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ മദ്യം (കള്ളും ചാരായവും) കഴിച്ചിരുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് കഴിക്കുന്നത്‌ വിദേശ മദ്യമാണ്. പനങ്കള്ള് കഴിച്ചിരുന്ന കഥയാണ് തെയ്യത്തിന്റെ മിത്തില്‍ (തോറ്റം പാട്ടുകളില്‍ )പലപ്പോഴും പറയുന്നതെങ്കിലും അവര്‍ക്ക് നിവേദ്യമായി തെങ്ങിന്‍ കള്ളും ചാരായവും ആയിരുന്നു നല്‍കിയിരുന്നത്. അതില്‍ നിന്നും മാറി അവര്‍ ഇപ്പോള്‍ വിദേശ മദ്യം ഉപയോഗിച്ച് തുടങ്ങി. ഇങ്ങിനെ കാലാനുസൃതമായ മാറ്റങ്ങള്‍ തെയ്യങ്ങളില്‍ ഉണ്ടാകുന്നുണ്ട്.
സോമരസം, മധു എന്നൊക്കെ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള ഈ മദ്യം കഴിക്കാത്ത തെയ്യങ്ങള്‍ കുറവായിരുന്നു. അത് പോലെ തന്നെ നായാടി പിടിച്ച വിവിധയിനം മൃഗങ്ങളുടെ മാംസങ്ങള്‍, കോഴി, ഇവയുടെയൊക്കെ ചോര അടക്കം കുടിക്കുന്നവരായിരുന്നു ഗോത്രവര്‍ഗ്ഗക്കാരായ നമ്മുടെ പഴയ തലമുറയുടെ ദൈവങ്ങളായ ഈ തെയ്യങ്ങള്‍. ഇത്തരം ആചാരങ്ങളിലൊക്കെ വിത്യാസം വന്നത് നിയമം മൂലമുള്ള ഇത്തരം ജന്തു ഹിംസ നിര്‍ത്തലാക്കിയതിനു ശേഷമാണ്. അങ്ങിനെ നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് തന്നെയാണ് നമ്മള്‍ ഈ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത്.
എന്നാല്‍ ഇതോടൊപ്പം തദ്ദേശീയരായ ദ്രാവിഡരുടെ പിന്മുറക്കാര്‍ തങ്ങളുടെ പൂര്‍വികരായ കാരണവരെയും, വീര യോദ്ധാക്കളെയും മറ്റും പില്‍ക്കാലത്ത് കൂട്ടി ചേര്‍ക്കുകയുണ്ടായി. അങ്ങിനെയുള്ള തെയ്യക്കോലങ്ങളാണ് കതിവന്നൂര്‍ വീരന്‍ എന്ന മന്ദപ്പന്‍, കടാങ്കോട്ട് മാക്കം (മാക്കപോതി), പിന്നെ പോലീസ് തെയ്യം തുടങ്ങിയവ. മാപ്പിള തെയ്യങ്ങളായ ആര്യപൂങ്കന്നി, ബപ്പൂരാന്‍, ആലി തെയ്യം, മുക്രി പോക്കര്‍ തെയ്യം, മാപ്പിള ചാമുണ്ഡി, ഉമ്മച്ചി തെയ്യം ഇവയൊക്കെ അത് പോലെ പിന്നീട് കൂട്ടി ചേര്‍ക്കപ്പെട്ട മറ്റ് തെയ്യങ്ങളാണ്‌.
കാവുകള്‍, കോട്ടങ്ങള്‍ എന്നൊക്കെ പറയുന്നത് പലര്‍ക്കും ഇപ്പോള്‍ ഒരു കുറച്ചില്‍ ആയി തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ദേവസ്ഥാനങ്ങള്‍ ഒക്കെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ അമ്പലം എന്നൊക്കെ പേരിട്ടു വിളിക്കല്‍ വ്യാപകമായിട്ടുണ്ട്. തറവാട്ട് ക്ഷേത്രങ്ങള്‍ എന്നൊക്കെയാണ് അഭിമാനത്തോടെ ഇപ്പോള്‍ പറയുന്നത്. അത് പോലെ തന്നെ നമ്പൂതിരിമാരെ വിളിച്ച് വരുത്തി അവരെക്കൊണ്ട് പൂജയും പ്രതിഷ്ടാ ചടങ്ങുകള്‍ അടക്കം ചെയ്യിക്കുന്നവരുമുണ്ട്. ഇങ്ങിനെ നിരവധി മാറ്റങ്ങള്‍ ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വെളിച്ചപ്പാടന്‍മാരും എമ്പ്രോന്‍മാരും ഒക്കെ ഇപ്പോള്‍ മാസശമ്പളക്കാരായി മാറുകയും ചെയ്തിട്ടുണ്ട്.
ഓരോ ദേവതാ സങ്കേതങ്ങളും അതത് തെയ്യങ്ങളുടെ ആരൂഡങ്ങള്‍ എന്നത് പോലെ അതത് സമുദായത്തിന്റെ നീതി ന്യായ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. സമുദായംഗങ്ങള്‍ തമ്മിലുള വഴക്കുകള്‍, അവകാശ തര്‍ക്കങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ മോഷണം, വ്യഭിചാരം തുടങ്ങിയവയെല്ലാം തെയ്യക്കാവിന്റെ നടയില്‍ വെച്ചായിരുന്നു പഴയക്കാലത്ത് തീര്‍പ്പ്‌ കല്പ്പിച്ചിരുന്നത്. കാവിലെ പ്രധാനിയുടെ മുന്നില്‍ വാദിയും പ്രതിയും തങ്ങളുടെ വാദഗതികള്‍ ഉന്നയിച്ച ശേഷം പ്രധാനി അതില്‍ വിധി പറയും. രണ്ടുപേരും ഇത് അംഗീകരിക്കും. ദൈവനിന്ദയും സമുദായ ഭ്രഷ്ടുമാണ് ഇതനുസരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 
എന്നാല്‍ ഇന്ന് കാവുകള്‍ക്ക് ആ അധികാര ശക്തി ഇല്ല. ജനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്യില്ല. ജനകീയ കമ്മിറ്റികള്‍ ആണ് ഇന്ന് പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്.

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ