2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യവും തീയ്യരും - 7

തെയ്യവും തീയ്യരും - 7


പതിറ്റുപ്പത്ത്, മണിമേഖല മുതലായ പ്രാചീന ഗ്രന്ഥങ്ങളിലും കേരളത്തെ നാഗലോകമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ നാഗ ജനതയുടെ അധിവസസ്ഥാനം മലബാര്‍ ആയിരുന്നു പി.ടി. ശ്രീനിവാസശാസ്ത്രി History of Tamils P.93. ചരിത്ര ദൃഷ്ടിക്ക് ചെന്നെത്താന്‍ കഴിയാത്തത്ര അതിവിദൂരമായ പ്രാചീനകാലം മുതല്‍ തന്നെ കേരള നിവാസികളായി നാഗന്മാര്‍ എന്ന ദ്രാവിഡ ജനസമുദായത്തെയാണ്‌ കാണുന്നത് ശ്രീ ചട്ടമ്പി സ്വാമികള്‍ - പ്രാചീന കേരളം, പേജ് 4.
പഴയകാലങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട പുരുഷന്മാരും കുടുമ വെച്ചിരുന്നു. വിദേശ ബ്രാഹ്മണരും മറ്റും പിന്കുടുമക്കാരായിരുന്നു. എന്നാല്‍ നമ്പൂതിരിമാര്‍ നായന്മാരെയും ഈഴവരെയും പോലെ മുന്‍ കുടുമക്കാരായിരുന്നു. ഇത് നമ്പൂതിരിമാര്‍ പുറമേ നിന്ന് വന്നവരല്ലെന്നുള്ളതിന് തെളിവാകുന്നു. ശരീരാകൃതിയിലും ഈ മൂന്നു കൂട്ടര്‍ക്കും തുല്യതയാനുള്ളത്. മതപരമായ ആചാരങ്ങളിലും ഇവര്‍ക്ക് തമ്മില്‍ ചില കെട്ടുപാടുകളുണ്ട്. അതില്‍ മുഖ്യമായ ഒന്നത്രേ വണ്ണാത്തിമാറ്റ്. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യം വരെ ഈ മൂന്നു സമുദായക്കാരും പരസ്പ്പരം ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന മതാചാരമായിരുന്നു ഈ വണ്ണാത്തിമാറ്റ്. നമ്പൂതിരിക്കും നായര്‍ക്കും പ്രത്യേകമായി അലക്കുകാരുണ്ടെങ്കിലും തീയ്യരുടെ അലക്കുകാരിയായ വണ്ണാത്തി കൊടുക്കുന്ന മാറ്റ് തുണി വാങ്ങി ധരിച്ചാല്‍ മാത്രമേ അന്തര്‍ജനങ്ങളുടെയും നായര്‍ സ്ത്രീകളുടെയും ഋതു സ്നാന ശുദ്ധിയും വിവാഹാദി മംഗള കര്‍മ്മങ്ങളിലെ ശുദ്ധിയും പുല ശുദ്ധിയും സാധൂകരിക്കപ്പെടുമായിരുന്നുള്ളൂ.
തീയ്യ പ്രമാണിമാരുടെ ആജ്ഞയിന്‍ കീഴില്‍ ഉള്ളവരാണ് വണ്ണാത്തികള്‍. ഈ പ്രമാണിമാരുടെ അപ്രീത്ക്ക് പാത്രമാവുന്ന നമ്പൂതിരിക്കും നായര്‍ക്കും തീയ്യ പ്രമാണി വണ്ണാത്തി മാറ്റ് വിലക്കും. മാറ്റ് ധരിച്ചു ശുദ്ധം മാറാതെ വന്നാല്‍ ഭ്രഷ്ട് സംഭവിക്കും. കുടുംബത്തിനു പുറത്താകും. അങ്ങിനെയായിരുന്നു മതാചാരം. ഈ രഹസ്യായുധം അടുത്തകാലം വരെ തീയ്യരുടെ കൈയില്‍ ഭദ്രമായിരുന്നു. (മലബാര്‍ ഗസറ്റിയര്‍, വാള്യം രണ്ടു അധ്യായം മൂന്ന്‍)
നായര്‍ സ്ത്രീകള്‍ പുറത്തുമാറിയാല്‍ ശുദ്ധം വരാന്‍ വണ്ണാത്തിമാറ്റ് ഉടുക്കണം. പ്രസവിച്ചാലും ശുദ്ധം വരാന്‍ വണ്ണാത്തിമാറ്റ് ധരിക്കണം (അന്നത്തെ കേരളം പുറം ഇരുപത്തിയെട്ടു ഇളംകുളം). നമ്പൂതിരി മുതല്‍ തീയ്യര്‍ വരെയുള്ള എല്ലാ ഹിന്ദു സ്ത്രീകളുടെയും തീണ്ടാരി ശുദ്ധിയും പ്രസവ ശുദ്ധിയും വണ്ണാത്തി നിര്‍വഹിച്ചു പോരുന്നു. ക്ഷേത്ര ദേവിമാരുടെ തീണ്ടാരി ശുദ്ധി പോലും നിര്വ്വഹിക്കെണ്ടത് വണ്ണാത്തിമാരാണ്. (Social Revolution in Kerala Village Page 90 Professor Ayyppan) . ഇവയെല്ലാം പരിഗണിക്കുമ്പോള്‍ നമ്പൂതിരിയും നായരും തീയ്യരും പണ്ടേക്കാലത്ത് ഒരേ സമുദായമായിരുന്നു എന്നും ആ പാരമ്പര്യതുടര്‍ച്ച വഴിയായിട്ടാണ് വണ്ണാത്തിമാറ്റ് തുടര്‍ന്ന്‍ പോന്നിരുന്നതെന്നും അനുമാനിക്കാവുന്നതാണ് (കേരള ചരിത്ര നിരൂപണം, കാമ്പില്‍ അനന്തന്‍ പേജു 153 മുതല്‍ 161 വരെ)
തീയ്യരുടെ ഈ അധികാരത്തില്‍ മനം നൊന്ത് ഉത്തര കേരള നായര്‍ സമാജവും തലശ്ശേരിയിലെ ഒരു നായര്‍ സമാജവും താഴെക്കാണും പ്രകാരം ഒരു നിശ്ചയം പാസ്സാക്കുകയുണ്ടായി.
വല്ല കാരണവശാലും തീയ്യര്‍ മാറ്റ് വിലക്കുന്ന പക്ഷം മാറ്റ് വേണ്ടെന്നു വയ്ക്കണമെന്നും മാറ്റ് കിട്ടാത്ത കാരണത്താല്‍ ആരെയും ഭ്രഷ്ടരാക്കുവാന്‍ പാടില്ലാത്തതാണെന്നും ഈ യോഗം നിശ്ചയം ചെയ്തിരിക്കുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടത്തിലാണിത്.
കേരളത്തില്‍ ചാതുര്‍വര്‍ണ്യം രൂപപ്പെടുന്നതിന് മുമ്പ് പ്രാമാണിത്വം വഹിച്ചിരുന്നത് തീയ്യരായിരുന്നു.
അക്കാലത്ത് ഓരോ തറകളും (ദേശങ്ങളും) തറ പ്രമാണിമാരാല്‍ ഭരിക്കപ്പെട്ടുപോന്നിരുന്നു. ഇവരെ തറയില്‍ കാരണവര്‍ എന്ന് പറഞ്ഞുവന്നിരുന്നു. ഇങ്ങിനെയുള്ള നാല് തറകള്‍ക്ക് അധിപനായവനെ നാല്പ്പാടി എന്നാണു പറഞ്ഞു വന്നിരുന്നത്. അറുപത്തിനാല്‌ തറക്കധിപന്‍ മന്നനാര്‍ എന്നും അറിയപ്പെട്ടിരുന്നു. ഈ സ്ഥാനങ്ങള്‍ പോയശേഷവും തീയ്യര്‍ക്ക് തറയില്‍ കാരണവരെന്നും, നാല്പ്പാടിമാരെന്നും തണ്ടയാരെന്നും മന്നനാര്‍ എന്നും ഉള്ള സ്ഥാനപ്പേരുകള്‍ ഏറെക്കാലം നിലനിന്നിരുന്നു. മലബാറില്‍ ചില സ്ഥലങ്ങളില്‍ ഇക്കാലത്തും തീയ്യരെ നാല്ഖാടി എന്നുള്ള ബഹുമതിപദം ചേര്‍ത്ത് മറ്റുള്ളവര്‍ സംബോധന ചെയ്യാറുണ്ട്. (കേരള ചരിത്ര നിരൂപണം പേജ് 153-161).
വടക്കെ മലബാറില്‍ തളിപ്പറമ്പിന് വടക്ക് കിഴക്കായുള്ള എരുവശി പ്രദേശത്ത് വാണിരുന്ന മന്നനാര്‍ എന്നൊരു തീയ്യ രാജവംശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നിലനിന്നിരുന്നു. ആ മന്നനാര്‍ രാജവംശത്തിന്റെ ആവിര്‍ഭാവതിരോധാനചരിത്രങ്ങളെപ്പറ്റി ചിറയ്ക്കല്‍ കോവിലകത്തെ വലിയതമ്പുരാന്റെ മകനും ചരിത്ര ഗവേഷകനുമായ ബാലകൃഷ്ണന്‍ നായര്‍ ബി.ഏ. വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
ഒരു തീയ്യ രാജവംശം വളരെക്കാലം ശക്തിയോടെ ഭരിച്ചിരുന്ന ഒരു പ്രദേശമാണ് കൊട്ടിയൂര്‍. കൊട്ടിയൂരില്‍ പരിഷ്ക്കാരത്തിന്റെ ഉയര്‍ന്ന നിലവന്നത് മൂത്തോറന്‍ എന്ന തീയ്യ പ്രഭുവിന്റെ ഭരണ കാലത്തായിരുന്നു. നാനാ പ്രകാരത്തില്‍ ശ്രേയസ്കരമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. എതിര്‍ ശക്തികള്‍ ഗൂഡമായി ഏര്‍പ്പെടുത്തിയ ഒരു ലഹളയില്‍ വഞ്ചിതനായ അദ്ദേഹം അകാല ചരമം പ്രാപിക്കുകയുണ്ടായി.
അഷ്ടാംഗഹൃദയസംഹിത എന്ന ഗ്രന്ഥത്തിന് ഭാസ്കര വ്യഖ്യാനം എന്ന പേരില്‍ ഒരു ഭാഷ്യവും ഭാഷാപദ്യത്തില്‍ യോഗാമൃതം എന്ന പേരില്‍ ഒരു സമ്പൂര്‍ണ്ണ വൈദ്യഗ്രന്ഥവും നിര്‍മ്മിച്ച്‌ മലയാളികളെ അനുഗ്രഹിച്ചത് വടക്കെ മലബാര്കാരനായ ഉപ്പോട്ട് കണ്ണന്‍ എന്ന തീയ്യ പന്ധിതനാകുന്നു. ബ്രിട്ടീഷ് മലബാറില്‍ മലയാളികളില്‍ ആദ്യമായി ഒന്നാം ഗ്രേഡ് ഡെപ്യൂട്ടി കളകടര്‍ പദവി നേടിയ ചൂര്യയി കണാരനെത്തുടര്‍ന്ന്‍ രണ്ടാമതായി ആ പദവിയില്‍ എത്തിച്ചേര്‍ന്നതും ഈ ഉപ്പോട്ട് കണ്ണനാകുന്നു.
രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കെ മലബാറില്‍ കണ്ണന്‍, കോരന്‍, ചാത്തപ്പന്‍, ഒതേനന്‍, ചാത്തു എന്നീ പേരുകളില്‍ ജീവിച്ചിരുന്ന അസാമാന്യ വിദ്വാന്മാരായ അഞ്ചു സഹോദരന്മാരാണ് പുതുശ്ശേരി ഗുരുക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നത്. വിദ്വദ് കവികളും അനേകം ശാസ്ത്ര ഗ്രന്ഥങ്ങളുടെയും സാഹിത്യ ഗ്രന്ഥങ്ങളുടെയും കര്ത്താക്കളായിരുന്ന അവര്‍ കടത്തനാട്ടു രാജ വംശത്തിലെയും നാലുവീട്ടില്‍ നമ്പ്യാന്മാരുടെ കുടുംബത്തിലെയും ഗുരുസ്ഥാനവും വഹിച്ചു പോന്നിരുന്നു. ഇവരുടെ തറവാടും വാസ സ്ഥലവും തലശ്ശേരിക്കടുത്തുള്ള മേനപ്പുറം എന്ന പ്രദേശത്തായിരുന്നു. ഗുണ്ടര്‍ട്ട് തന്റെ നിഘണ്ടു നിര്‍മ്മാണത്തിന് ഈ പുതുശ്ശേരി ഗുരുക്കന്മാരില്‍ നിന്നും ലഭിച്ചിട്ടുള്ള വിലപ്പെട്ട സഹായത്തെപ്പറ്റി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.
വടക്കെ മലബാറില്‍ തീയ്യ സമുദായത്തിലെ ഒരു പ്രശസ്ത കുടുംബമായ മാടായി തറവാട്ടില്‍ 1885 ല്‍ ജനിച്ച മന്ദന്‍ ഗുരുക്കള്‍ എന്ന അതിപ്രഗല്ഭന്‍ മുപ്പത്തി രണ്ടു വയസ്സ് വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും അദ്ദേഹം തര്‍ക്ക വ്യാകരണം, ജ്യോതിഷം, ആയുര്‍വേദം എന്നീ ശാസ്ത്രങ്ങളില്‍ വലിയ സമര്‍ത്ഥനും നളചരിതം, പാര്വ്വതീപരിണയം പതിവ്രതാധര്‍മ്മം തുടങ്ങിയുള്ള പല സല്‍കാവ്യങ്ങളുടെ കര്‍ത്താവും ആയിരുന്നു. ഗുരുനാഥന്‍ പുതുശ്ശേരി ഗുരുക്കന്മാരിലെ പ്രധാനിയായ ചാത്തുഗുരുക്കളായിരുന്നു.
അക്കാലങ്ങളില്‍ മലബാറില്‍ പ്രസിദ്ധ വൈദ്യന്മാരായി തീയ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാമ്പില്‍ കിഴക്കെപ്രാത്ത്, കക്കാട്ട്, ചെറുക്കോത്ത്, വാഴയില്‍, പൂഴിയില്‍ തുടങ്ങിയുള്ള തറവാടുകള്‍ പ്രസിദ്ധിപെറ്റ വൈദ്യന്മാര്‍ക്ക് കേള്‍വിപ്പെട്ടതായിരുന്നു. ഇവരെല്ലാം നാട്ടു രാജാക്കന്മാരുടെ കൊട്ടാരം വൈദ്യന്മാരായി പല ബിരുദങ്ങളും പാരിതോഷികങ്ങളും നേടിയിട്ടുള്ളവരാകുന്നു.
കടത്തനാട്ടു തമ്പുരാന്റെ ഗുരുതരമായ ഒരു രോഗം സുഖപ്പെടുത്തിയത്തിനു കക്കാട്ട് കുങ്കന്‍ വൈദ്യര്‍ക്ക്‌ ഇരുപത്തിഅഞ്ചു പറ നിലം ശാശ്വതമായി അനുഭവിക്കത്തവിധം ചാര്‍ത്തിക്കൊടുക്കുകയുണ്ടായി. പ്രശസ്തനായ ദിവാന്‍ ബഹദൂര്‍ ഇ.കെ. കൃഷ്ണന്‍ ജഡ്ജി ഈ കുങ്കു വൈദ്യരുടെ മകനാകുന്നു.
വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്ന വി.കെ. ഗുരുക്കള്‍ ഇന്നറിയപ്പെടുന്നത്‌ വാഗ്ഭടാനന്ദന്‍ എന്ന പേരിലാണ്. കണ്ണൂര്‍ കൂത്തുപറമ്പിനടുത്തുള്ള പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടില്‍ സംസ്കൃത പണ്ഡിതനായ ശ്രീ കോരന്‍ ഗുരുക്കളുടെയും ചീരുഅമ്മയുടെയും മകനായി ജനിച്ച വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ ബ്രഹ്മാനന്ദ ശിവയോഗിയുമായി കോഴിക്കോട് നടന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹത്തിന്‍റെ ശിഷ്യനാവുകയായിരുന്നു. ശ്രീ ബ്രഹ്മാനന്ദ ശിവയോഗി അദ്ദേഹത്തിനു നല്‍കിയ പേരാണ് വാഗ്ഭടാനന്ദന്‍ എന്നുള്ളത്.
മലബാറിലെ പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ കൊല്ലങ്കോട് തറവാട്ടില്‍ 1852 ആഗസ്ത് 25ന് ജനിച്ച ഗോവിന്ദന്‍ കുട്ടി മേനോന്‍ ആണ് ബ്രഹ്മാനന്ദ ശിവയോഗി എന്ന പേരില്‍ അറിയപ്പെട്ടത്. സംസ്കൃത പന്ധിതനായ ഇദ്ദേഹം 1918 ല്‍ ആനന്ദമത പ്രചാരണത്തിനായി ആനന്ദ മഹാ സഭ രൂപീകരിച്ചു. യാഗം, വ്രതം, തീര്‍ത്ഥാടനം, ഭിക്ഷാടനം, വിഗ്രഹാരാധന തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ടിക്കുന്നത് അജ്ഞത മൂലമാണെന്നും സ്വര്‍ഗ്ഗ പ്രാപ്തിയോ മുക്തിയോ മരണാനന്തരമല്ല ജീവിത കാലത്ത് തന്നെ നമുക്കുണ്ടാക്കാമെന്നും അദ്ദേഹം യുക്തിപൂര്‍വ്വം സ്ഥാപിച്ചു. പ്രാണികളെ കൊന്നു തിന്നാതെയും ബലിയര്‍പ്പിക്കാതെയും ജീവിക്കുക തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചു. ഇദ്ദേഹം 1929 സെപ്തംബര്‍ 10ന് അന്തരിച്ചു.
ഈ ആശയത്തില്‍ ആകൃഷ്ടനായ വാഗ്ഭടാനന്ദന്‍ തുടര്‍ന്ന്‍ മലബാറിലുടനീളം പ്രഭാഷണങ്ങള്‍ നടത്തി. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തന്‍ തറയും, ഗുളികന്‍ തറയും ഒട്ടേറെ വീടുകളില്‍ നിന്ന് നീക്കി. ക്ഷേത്ര കേന്ദ്രീകൃത വിശ്വാസങ്ങളെ തകര്‍ക്കാനായിരുന്നു ഇത്. 1920 ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. അദ്വൈതത്തില്‍ അധിഷ്ഠിതമായ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥരും ബുദ്ധിജീവികളും അടങ്ങുന്നതായിരുന്നു ഇതില്‍ കൂടുതല്‍.
എന്നാല്‍ അതോടൊപ്പം തന്നെ മാര്‍ക്സിസം ലെനിനിസം കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങളും ഈ സംഘടന മുന്നോട്ടു വയ്ക്കുകയുണ്ടായത്രേ. സാമ്പത്തിക ചൂഷണത്തെയും വിദേശ ഭരണത്തെയും വാഗ്ഭടാനന്ദന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പൂജാദി കര്‍മ്മങ്ങളും മന്ത്രവാദവുമെല്ലാം അര്‍ത്ഥശൂന്യങ്ങളാണെന്നു പ്രഖ്യാപിച്ച വാഗ്ഭടാനന്ദനും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളെയും ശക്തിയായി എതിര്‍ത്തു. 1939 ഒക്ടോബറില്‍ തന്റെ അമ്പത്തിനാലാം വയസ്സില്‍ ഇദ്ദേഹം മരണത്തിനു കീഴടങ്ങി.
കേവലം ഒരു തീയ്യനായിരുന്ന ഈ ധിഷണാശാലിയെ കോവിലകങ്ങളും നമ്പൂതിരിമനകളും നായര്‍ പ്രഭു കുടുംബങ്ങളും ഒന്ന് പോലെ സ്വാഗതം ചെയ്തിരുന്നു. അവരില്‍ അനേകര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. ആ അത്ഭുത പ്രതിഭാശാലി സ്ഥാപിച്ച ആത്മവിദ്യാസംഘം ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു.
"നാലണ സൂക്ഷിക്കുന്നവന്‍ വേറെ ഒരാളെ പട്ടിണിക്കിടുന്നു;
അനവധി പണം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു"
എന്ന വാഗ്ഭടാനന്ദന്റെ വരികള്‍ നമുക്ക് ഇത്തരുണത്തില്‍ സ്മരിക്കാം...
പതിനെട്ടാം ശതകം വരെ മലബാറില്‍ കപ്പല്‍ വ്യാപാരികളും കപ്പലുടമകളുമായ തീയ്യ പ്രഭുക്കള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകളും ലക്ഷ്യങ്ങളും കോഴിക്കോട്ടെ രാരിച്ചന്‍ മൂപ്പന്റെ അറയില്‍ താന്‍ കണ്ടിരുന്നു എന്ന് ജ്ഞാനപീഠപുരസ്കാരം നേടിയ സുപ്രസിദ്ധ സാഹിത്യകാരന്‍ എസ്. കെ. പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യയിലുള്ള അവരുടെ എജന്റ്മാരെപ്പറ്റിയും കപ്പല്‍ ചെന്നടുക്കുവാനുള്ള സ്ഥലങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങളും മാപ്പുകളും അദ്ദേഹം കണ്ട രേഖകളില്‍ ഉണ്ടായിരുന്നുവത്രേ.
ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെട്ടതോടു കൂടി 1798 മുതല്‍ ബ്രിട്ടീഷു കാര്‍ മലബാറിനെ മദ്രാസ് പ്രോവിന്സിനോടു ചേര്‍ത്ത് ഭരിക്കാന്‍ തുടങ്ങി. മലബാറിലെ തീയര്‍ അപ്പോള്‍ മുതല്‍ക്കേ ബ്രിട്ടീഷ്കാരുമായി ഇടപഴകി അടുക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവരുടെ വിശ്വാസം നേടുകയും ചെയ്തു. തല്‍ഫലമായി മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ സ്ഥലങ്ങളിലും അര്‍ഹിക്കുന്ന ഉദ്യോഗങ്ങളില്‍ ധാരാളമായി കടന്നു കൂടാന്‍ തീയര്‍ക്ക് സാധിച്ചു.
ക്രമേണ മലബാറിലെ തീയര്‍ സവര്‍ണ്ണ ജാതികളില്‍ പ്പെട്ട ഉദ്യോഗസ്ഥരെഎല്ലാം പിന്തള്ളിക്കൊണ്ട് ബ്രിട്ടീഷ്കാര്‍ക്ക് മാത്രമായി നീക്കി വയ്ക്കപ്പെട്ടിരുന്ന ഉയര്‍ന്ന ഉദ്യോഗങ്ങളിലും ധാരാളമായി പ്രവേശിച്ചു കൊണ്ടിരുന്നു. മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകമാകുമ്പോഴേക്കും ആന്ധ്ര കൂടി ഉള്‍പ്പെട്ടിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗത്തിന്റെ പകുതിയിലധികവും മലബാര്‍ തീയര്‍ കൈവശമാക്കുകയും ചെയ്തിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്ന കണ്ണൂര്‍ക്കാരന്‍ ചെരുവാരില്‍ കൃഷ്ണന്‍ എന്ന തീയനാണ് കേരളത്തിളെ ആദ്യത്തെ ഐ.സി.എസുകാരന്‍. രണ്ടാമത്തെ ഐ.സി.എസ് കാരന്‍ തലശ്ശേരിക്കാരനായ വിജയരാഘവന്‍ എന്ന തീയനാകുന്നു. അദ്ദേഹം മദ്രാസ് പ്രസിഡന്‍സിയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ആയിരുന്നു. തീയനായ ഈ.കെ. കൃഷ്ണന്‍ എന്ന മഹാനാണ് മലയാളികളുടെ കൂട്ടത്തില്‍ നിന്നും ഒന്നാമത് ബി.ഏ.ബി.എല്‍. പരീക്ഷ ജയിച്ച പ്രശസ്തന്‍. മലയാളികളുടെ ഇടയില്‍ നിന്നും ഒന്നാമതായി റാവു ബഹദൂര്‍ പദവി നേടിയതും അദ്ദേഹം തന്നെയാണ്. മദ്രാസ്‌ സര്‍വകലാശാലയില്‍ ആദ്യമായി ഫെലോ ആയ മലയാളി തീയ്യനായ മൂളിയില്‍ കൃഷ്ണന്‍ ബി.ഏ.ബി.എല്‍. എം.ആര്‍.ഏ. എസ്സ്,എഫ്.യു.എം. അവര്‍കളാകുന്നു.
1792 ല്‍ അടിമകച്ചവടം നിര്‍ത്തലാക്കിക്കൊണ്ട് ഇംഗ്ലീഷ് കാര്‍ പുറപ്പെടുവിച്ച വിളംബരത്തില്‍, അതിനു പറഞ്ഞിരിക്കുന്ന കാരണങ്ങളില്‍ ഈ വസ്തുത ശരിക്കും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളില്‍ ഏറ്റവും ഉപകാരമുള്ള തീയന്മാരുടെയും മറ്റ് കൃഷിക്കാരുടെയും കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് കൊള്ളക്കാര്‍ ബലാല്‍ പിടിച്ചു കൊണ്ടുപോയി കപ്പല്‍ക്കാര്‍ക്ക് വിറ്റു കൊണ്ടിരുന്ന പതിവിനെ നിര്‍ത്തല്‍ ചെയ്യണം (ലോഗന്‍, മലബാര്‍ മാനുവല്‍ I P 149).
ചേകോത്തികള്‍ പൊതുവേ സുന്ദരികളാണെന്നും തന്മൂലം അവരെ മോഷ്ടിച്ചും മറ്റും കൊണ്ടുപോയി ബാഗ്ദാദ് മുതലായ വിദേശ രാജ്യങ്ങളില്‍ വിറ്റുകൊണ്ടിരുന്നു എന്നും ചില ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഈഴവ തീയ്യ ചരിത്ര പഠനത്തില്‍ കെ.ജി. നാരായണന്‍ "ചേകോര്‍ പ്രശസ്തി" എന്ന ആറാം അധ്യായത്തില്‍ എണ്‍പതാം പേജിന്റെ അവസാന ഭാഗത്ത് പറയുന്നു.
(തുടരും.....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ