2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യവും തീയ്യരും - 1

മലബാറിലെ തെയ്യങ്ങള്‍ എന്ന പേരില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന പരമ്പരയെ മൂന്നു ഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു. അവ യഥാക്രമം:

ഒന്ന്    - തെയ്യവും തീയ്യരും
രണ്ട്    - തെയ്യപ്പെരുമ
മൂന്ന്‍    -  തെയ്യച്ചരിത്രം 


എന്നിങ്ങനെയാണ്.  

ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സന്മനസ്സ് കാട്ടുമല്ലോ അല്ലെ? 

എന്നാല്‍ തുടങ്ങുകയായി :


തെയ്യവും തീയ്യരും -1 


തീയ്യര്‍ എന്ന ജാതിയും തെയ്യം എന്ന അനുഷ്ഠാനപരമായ നാടന്‍കലയും അത്യുത്തര കേരളവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, വടകര, കൊയിലാണ്ടി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ കെട്ടിയാടിക്കുന്നത്.

മലബാര്‍ എന്ന പദത്തിന്റെ അര്‍ത്ഥം മലകളുടെ നാട് എന്നാണ്. പാലക്കാട,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മലബാര്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കെ മലബാറിന്റെ അനുഷ്ഠാനപരമായ തനതു കലാരൂപമാണ്‌ തെയ്യം. .ആര്യ ബ്രാഹ്മണ സംസ്ക്കാരത്തില്‍ നിന്ന് ഭിന്നമായി ദ്രാവിഡ സംസ്ക്കാരത്തിലധിഷ്ടിതമായ അനുഷ്ഠാന ചര്യകളോടെ ദൈവപ്രീതിക്ക്‌ വേണ്ടി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബോധപൂര്‍വ്വം ബ്രാഹ്മണര്‍ മാറ്റി നിര്‍ത്തിയ അധസ്ഥിത സമുദായക്കാര്‍ കെട്ടിയാടുന്ന കലാരൂപമാണ് തെയ്യം. 


ദൈവം എന്നതിന്റെ വാങ്ങ് മൊഴി രൂപമാണ് തെയ്യം എന്ന് പറയാം. അതി സങ്കീര്‍ണ്ണവും എന്നാല്‍ അതി മനോഹരവുമായ മുഖത്തെഴുത്തും അത് പോലെ കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തനിറത്തിലുള്ള ആടയാഭരണങ്ങള്‍ അണിഞ്ഞ് കൊണ്ട് ചെണ്ട, ചേങ്ങില, ഇലത്താളം, തകില്‍, കുറുംകുഴല്‍ തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ലാസ്യ താണ്ഡവ നൃത്തം ചെയ്യുന്ന കലാരൂപമാണ്‌ തെയ്യം.  

തെയ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തീയ്യരെക്കുറിച്ച് പറയേണ്ടി വരും. തീയ്യരില്ലാത്ത ഒരു തെയ്യമോ?എന്ന ചോദ്യത്തില്‍ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. അത് പോലെ ഏതു കാവിലെ തെയ്യമായാലും കലശം വെക്കാന്‍ തീയ്യന്‍ തന്നെ വേണംഎന്ന വാക്കിലും എല്ലാമുള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ തീയ്യരെക്കാള്‍ ചിഅല്‍ താഴ്ന്ന ജാതിക്കാര്‍ നടത്തുന്ന തെയ്യങ്ങളുടെ കലശം തീയ്യര്‍ വെക്കാറില്ല എന്നും അഭിപ്രായമുണ്ട്.

തീയ്യര്‍ എന്ന് വടക്കെ മലബാറില്‍ (കോഴിക്കോട് വരെ) അറിയപ്പെടുന്ന ജാതി തെക്കേ മലബാറില്‍ ഈഴവനെന്നും തണ്ടാനെന്നും തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവരെന്നും ചോവന്‍ എന്നും തമിഴ് സംസാരിക്കുന്ന തിരുനെല്‍വേലിയില്‍ ചാന്നാര്‍ എന്നും ദക്ഷിണ കാനറ ജില്ലയില്‍ ബില്ലവര്‍ എന്നും വടക്കന്‍ കാനറയില്‍ ഹാലെവൈക് എന്നും അറിയപ്പെടുന്നു.  മറ്റ് ചിലയിടങ്ങളില്‍  ഇവര്‍ വേലന്‍ എന്നും ഉരുളി എന്ന് കൂടി അറിയപ്പെടുന്നു. 

എന്നാല്‍ ഇത് അപ്പടി അംഗീകരിക്കാന്‍ ചിലരൊന്നും തയ്യാറല്ല, കാരണം ഈഴവര്‍ എന്നത് പ്രത്യേകം ഒരു ജാതിയാണെന്നും അതില്‍ തീയ്യരും ചോവരും ചാന്നാരും ഒക്കെ ഉപജാതികളാണ് എന്നും ഇവര്‍ കരുതുന്നു. അതെന്തായാലും എല്ലാവരും അങ്ങിനെ കരുതുന്നില്ല. പ്രത്യേകിച്ച് മലബാറിലെ തീയ്യര്‍ ഇത് അംഗീകരിക്കുന്നേയില്ല. അവരെ സംബന്ധിച്ചിടത്തോളം തീയ്യര്‍ ഒരു പ്രത്യേക വിഭാഗം തന്നെയാണ്.  

മാത്രവുമല്ല സ്വാതന്ത്ര്യാനന്തര കേരളത്തില്‍ അമ്പതുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ രണ്ടു വര്ഷം മുന്നേ വരെയുള്ള കാലം കൊണ്ട് തീയ്യര്‍ എന്ന ജാതിയെ ഈഴവവല്ക്കരിക്കുകയും സര്‍ക്കാറിന്റെയും മറ്റ് ഔദ്യോഗിക രേഖകളിലും ഒക്കെ ഈഴവര്‍ എന്ന് മാത്രം രേഖപ്പെടുത്തുന്ന പ്രവണത ശക്തമാകുകയും ചെയ്തതിന്റെ ഫലമായി മാട്രിമോണിയയിലടക്കം തീയ്യര്‍ എന്ന് കൊടുത്താല്‍ ഈഴവന്‍ എന്ന് കാണിക്കുന്ന രീതി വരികയും ചെയ്തതിനെതിരെ മലബാറിലെ തീയ്യര്‍ കടുത്ത പ്രതിഷേധത്തിലാണ്. 

.ഡി. 1911 ല്‍ കേരളത്തിലെ ജനസംഖ്യയില്‍ ഒന്നാമത്തെ ജാതിക്കാര്‍ ഈഴവര്‍ അല്ലെങ്കില്‍ തീയ്യര്‍ ആണ്. 1911-ലെ സെന്‍സസ് പ്രകാരം മലബാറില്‍ 6,69,608 പേരും കൊച്ചിയില്‍ 1,85,466 പേരും തിരുവിതാകൂറില്‍ 4,91,774 പേരും ഉള്‍പ്പെടെ കേരളത്തില്‍ മൊത്തം ഈഴവരുടെ ജനസംഖ്യ 13,37,848 ആണ്. ഇത് കേരളത്തിലെ ആകെയുള്ള ജനസംഖ്യയില്‍ നൂറിന് ഇരുപതോളം ആയിരിക്കുന്നു. നായന്മാരും ക്രിസ്ത്യാനികളും കൂടെ നൂറിന് പതിനഞ്ചെ മുക്കാലോളമേയുള്ളൂ. എന്നാല്‍ തീയര്‍ക്ക് തങ്ങളുടെ ഉഗ്രമായ സംഖ്യക്ക് തക്കതായി പറയത്തക്ക മറ്റേതെങ്കിലും പ്രാധാന്യം സാമുദായികമായി ഉണ്ടായിട്ടില്ലെന്ന് അവര്‍ ഓരോരുത്തരും അവരുടെ സമുദായ നേതാക്കള്‍ വിശേഷിച്ചും ഓര്‍ക്കേണ്ടതാകുന്നു (മഹാകവി എന്‍.കുമാരനാശാന്‍ - വിവേകോദയം vol. VII No.7 1086).

ഉത്തരേന്ത്യയില്‍ നിന്ന് ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ആര്യ ബ്രാഹ്മണരെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടവരായ തദ്ദേശീയവാസികളില്‍പ്പെട്ടവരാണ് ബുദ്ധമത വിശ്വാസികളായ തീയ്യര്‍ എന്നാണു കരുതപ്പെടുന്നത്.
അക്കാലത്ത് ബുദ്ധമതക്കാരായ നാട്ടുകാരുടെ അമ്പലങ്ങളും മറ്റും ആര്യ ബ്രാഹ്മണര്‍ നശിപ്പിക്കുകയും തങ്ങളുടെതാക്കുകയും ചെയ്തു.

ബുദ്ധമതക്കാരായ ഈഴവര്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അടിയറ വെക്കാന്‍ തയ്യാറാവാത്തതിനാല്‍ ബ്രാഹ്മണര്‍ നടപ്പാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അവര്‍ ശൂദ്ര ജാതിയായ നായരിലും താഴെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ മറ്റു ജാതികളുടെ കൂട്ടത്തില്‍ ഈഴവരെയും കണക്കാക്കിപ്പോന്നു. അക്കാലത്ത് ബ്രാഹ്മണാധിപത്യം നില നിന്നതിനാല്‍ ഈഴവര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ് മുതല്‍ ഉദ്ദേശം പതിനേഴാം നൂറ്റാണ്ടു വരെ ഇതായിരുന്നു ഈഴവരുടെ അവസ്ഥ. മലബാറില്‍ മാത്രമായിരുന്നു തീയ്യരുടെ ഈ അവസ്ഥയില്‍ ഒരു മാറ്റമുണ്ടായിരുന്നത്. കൊച്ചിയിലും തിരുവിതാംകൂറിലും ഇവരുടെ അവസ്ഥ ദയനീയമായിരുന്നു.

തിരുവിതാംകൂറില്‍ ഇവര്‍ ഉയിര്ത്തെഴുന്നേറ്റത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായിരുന്നു. അതിനു നേതൃത്വം നല്‍കിയത് ശ്രീ നാരായണ ഗുരുവായിരുന്നു. അന്ന് ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള സമരവും കര്‍ഷക സമരവും സ്വാതന്ത്ര്യ സമരവുമോക്കെയായി രൂപാന്തരം പ്രാപിച്ചു. ആ സമയത്താണ് ഈഴവര്‍ക്ക് അതു വരെ നിഷേധിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗമെല്ലാം കിട്ടി തുടങ്ങിയത്.

എന്നാല്‍ മലബാറില്‍ തീയ്യര്‍ക്ക് ഇത്ര കണ്ട് ദുര്യോഗമുണ്ടായില്ല. അവര്‍ നേരിട്ട് ബ്രിട്ടീഷ് കാരുടെ ഭരണത്തിനു കീഴില്‍ മദ്രാസ് സംസ്ഥാനത്തിലായിരുന്നു. അത് കൊണ്ട് തന്നെ നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും എല്ലാം അവര്‍ക്ക് ലഭിച്ചിരുന്നു.

ഏ.ഡി. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ ഇന്നത്തെ കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളിലായി വ്യാപിച്ചു കിടന്ന ഒരു തീയ്യ രാജവംശമാണ് ഈഴത്ത് മന്നനാര്‍ (IZATH MANNANAR). മൂത്തേടത്ത് അരമനക്കല്‍ കുടുംബത്തിന്റെ പേരാണ് മന്നനാര്‍ എന്നത്. ബുദ്ധമതമാണ്‌ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. സ്ത്രീകള്‍ അമ്മച്ചിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ