2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യവും തീയ്യരും - 4

തെയ്യവും തീയ്യരും - 4


വടക്കെ മലബാറില്‍ തീയ്യര്‍ എട്ടില്ലക്കാരും മൂന്നു കരിയങ്ങളും ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര്‍ എന്നാണു അവര്‍ ഇപ്പോഴും അറിയപ്പെടുന്നത്.
ഇല്ലങ്ങള്‍: നെല്ലിക്ക, പുല്ലാന്നി, വംഗേരി, കോഴിക്കാലന്‍, പടയാന്‍ കുടി, മന്നാന്‍ കുടി , തേനന്‍ കുടി, വെളക്കന്‍ കുടി . ഈ ഇല്ലങ്ങള്‍ അവരുടെ ഗോത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും കരിയങ്ങള്‍ ഗോത്രങ്ങളില്‍ നിന്നുല്‍ഭവിച്ച് കുടുംബസമൂഹമായി വിഭജിക്കപ്പെട്ടതിന്റെ ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. വടക്കെ മലയാളത്തിലെ ഇല്ലങ്ങളും ക്കരിയങ്ങളും പോലെ തന്നെ തുളു തീയ്യരുടെ ഇടയില്‍ തേനങ്കുടി ഇല്ലം, നെല്ലിക്ക ഇല്ലം, കോഴിക്കാലത്തില്ലം മുതലായ എട്ടില്ലങ്ങള്‍ നടപ്പിലുണ്ട്.
തീയരുടെ എട്ടില്ലവും അത് പോലെ തറവാടും പ്രശസ്തമാണ്. ഇല്ലം അഥവാ തറവാടിനോടനുബന്ധിച്ചു കുളം, കാവ്, കളരി, തറ എന്നിവയൊക്കെ ഉണ്ടാകും.
ദാമോദരന്‍ കാവില്‍ തന്റെ ബ്ലോഗില്‍ A view of Thiyya Heritage എന്നതില്‍ എന്താണ് പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം:
കരിങ്കടലിന് അടുത്തുള്ള ആളുകള്‍ ബി.സി. എഴായിരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടിയേറിപ്പാര്ത്തു എന്നും അവരില്‍ ഒരു വിഭാഗം മുന്‍പറഞ്ഞ സോവ്യറ്റ് യൂണിയനിലെ കിര്‍ഗിസ്ഥാനിലും കുടിയേറിഎന്നും അങ്ങിനെ കുടിയേറിയവര്‍ Tian Mountain ലില്‍ ആയിരുന്നു എന്നും അവിടെയുള്ളവരാണ് പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് (മലബാറിലേക്ക്) കടന്നതെന്നും പറയുന്നു.
ലങ്കാപര്‍വം എന്ന ടി. ദാമുവിന്റെ മലയാളം പുസ്തകത്തില്‍ മലബാറിലെ തീയ്യര്‍ കിര്‍ഗിസ്ഥാനിലെ ആദിമ ജനതയുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണു പറയുന്നത്. ഒപ്പം തീയ്യന്‍ എന്ന പേര് വന്നത് കിര്‍ഗിസ്ഥാനിന്റെ കിഴക്ക് ഭാഗത്തെ Tian മലയില്‍ നിന്ന് വന്നത് കൊണ്ടാണെന്നും പഞ്ചാബിലെ സൈക്കോന്‍ വിഭാഗവും രാജസ്ഥാനിലെ സൈകൊവര്‍ വിഭാഗവും ഇവരുടെ കൂട്ടത്തില്‍ കുടിയേറിയവരാണ് എന്ന് പറയുന്നു.
തീയ്യര്‍ അതി പുരാതന ഗോത്രവിഭാഗമാണെന്നും അവരുടെ സ്വയം ഭരണ സംവിധാനം വളരെ കെട്ടുറപ്പുള്ളതും അനുകരണീയവുമായിരുന്നു.
ഇല്ലം അഥവാ ഗോത്രം ആണ് ഭരണം നടത്തുന്നത്. ഇല്ലം, കുളം, കാവ് (മുണ്ട്യ) എന്നിവയാണ് ഇതിന്റെ നട്ടെല്ല്. മുന്ന് തട്ടുകളിലായിട്ടാണ് ഭരണം നടക്കുന്നത്.
തറ: ഏറ്റവും താഴെ തട്ടിലുള്ള തറയാണ്‌ ഏറ്റവും ചെറിയ ഭരണ സമിതി. ഓരോ തറക്കും ഒരു സര്‍പ്പക്കാവ് (മുണ്ട്യയെങ്കിലും) നിര്‍ബന്ധമായും ഉണ്ടായിരിക്കും. തറ എന്ന് പറഞ്ഞാല്‍ ചെറിയ ഒരു ഗ്രാമമാണ്. അതില്‍ ഒരു തണ്ടാനും, ജ്യോത്സനും, അലക്കുകാരനും, സ്വര്‍ണ്ണപണിക്കാരനും അത് പോലെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉണ്ടാകും. കുറെ തറകള്‍ ചേര്‍ന്നതാണ് ദേശം. ഇല്ലം എന്നത് പിതാവിന്റെ കുടുംബവും കുലം എന്നത് മാതാവിന്റെ കുടുംബവുമാണ്.
തീയ്യരിലെ പടയാളികള്‍ ചേകവരെന്നുംപുരോഹിതര്‍ കുറുപ്പ് എന്നും കളരിപരിശീലിപ്പിക്കുന്നവര്‍ പണിക്കര്‍ എന്നും അദ്ധ്യാപകന്‍ ആശാന്‍ എന്നും ഡോക്ടര്‍മാര്‍ വൈദ്യന്‍ എന്നും ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍ ജ്യോത്സന്‍ എന്നും അറിയപ്പെട്ടു. അരയില്‍ സ്വര്‍ണ്ണ കത്തി ധരിക്കാന്‍ പറ്റുന്നവനാണ് തലവനായ തണ്ടാന്‍. ഇവരുടെ സഹായി പൊനമ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. 31 മുതല്‍ 61 വരെ എണ്ണത്തിലുള്ള പ്രായമായ ആളുകള്‍ ആണ് കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്.
കഴകം: നാല് തറകള്‍ കൂടി ചേര്‍ന്നത്‌ കഴകം. ജീവിത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇവര്‍ക്ക് സാധിക്കാത്തത് 22 തറകള്‍ ചേര്‍ന്ന വലിയ കഴകത്തിലെക്ക് വിടുന്നു. എന്നാല്‍ എല്ലാ തറകള്‍ക്കും ബാധകമായ പൊതു തീരുമാനം എടുക്കുന്നത് 64 തറകള്‍ ചേര്‍ന്ന പെരുംകഴകമാണ്‌. പാവനമായ കാടുകളുമായി ബന്ധപ്പെടുത്തിയുള്ളതാണ് കഴകവും മുണ്ട്യയും. ഇന്നത്‌ ഒറ്റ മരത്തിന്‍ കീഴിലോ കോണ്ക്രീറ്റ് കെട്ടിടത്തിനു കീഴിലോ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
രാമവില്യം കഴകത്തെക്കുറിച്ചുള്ള പഠനം നമുക്ക് ഇതിനെക്കുറിച്ച്‌ വ്യക്തമായ ചിത്രം നല്‍കും. ഓരോ കഴകത്തിനും അതിന്റെ കീഴില്‍ ആരാധാനകേന്ദ്രമായി ഒരു മുണ്ട്യ അല്ലെങ്കില്‍ സ്ഥാനം ഉണ്ടാകും. പാവനമായി കരുതുന്ന കാടിന്നിടയിലായിരിക്കും ഇത്. അര എന്നും മുണ്ട്യ എന്നും ഇത് അറിയപ്പെടുന്നു. ഇത് ആ ഗ്രാമത്തിലെ മുഴുവന്‍ തീയ്യ സമുദായവും ഉള്‍പ്പെടുന്നതാണ്. മുണ്ട്യകളില്‍ ദേവന്മാരും ദേവതകളും ആരാധിക്കപ്പെടുന്നു.
ഉദാഹരണമായി രാമവില്യം കഴകം എടുത്താല്‍ അവിടെ അഞ്ചു പ്രാദേശിക മുണ്ട്യകള്‍ ഇതിന്റെ കീഴില്‍ വരും. ഒളവര മുണ്ട്യ, കൂലെരി മുണ്ട്യ, കുരുവാപ്പള്ളി മുണ്ട്യ, തടിയന്‍ കൊവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ . ഇതില്‍ ഒളവര മുണ്ട്യ ശക്തമായ കാടോട് കൂടിയ സര്‍പ്പകാവ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. മറ്റെല്ലാ കാവുകളിലും പ്രാദേശിക മൂര്‍ത്തികള്‍ തെയ്യത്തിന്റെ രൂപത്തില്‍ ആരാധിക്കപ്പെടുന്നു. ഈ കൂട്ടത്തില്‍ വിഷ്ണു മൂര്‍ത്തിയാണ് പൊതുവായി ആരാധിക്കപ്പെടുന്നത്. തീയ്യരുടെ കഴകമായ രാമവില്യം കഴകം പരശുരാമാനുമായി ബന്ധപ്പെട്ടതാണ് എന്നാണു ഇതിഹാസം.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആചാര പ്രകാരം പരശുരാമന്‍ തന്നെ പ്രതിഷ്ടിച്ചു എന്നാണ് വിശ്വസിക്കുന്നത്. അത് കൊണ്ടു കൂടിയാണ് രാമവില്യം കഴകം പ്രസിദ്ധിയാര്‍ജ്ജിച്ചത് എന്ന് കരുതപ്പെടുന്നു. അങ്ങിനെയാണ് ഈ കഴകം പരശുരാമ കഥയിലും ആര്യദ്രാവിഡ പാരമ്പര്യത്തിലും പുരാണങ്ങളിലും പരാമര്‍ശിക്കപ്പെടുന്നത്. രാമ വില്യം കഴകം മറ്റൊന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു. തീയ്യ സംസ്ക്കാരം അമ്പലങ്ങളില്‍ നിന്ന് എങ്ങിനെ വിത്യസ്തമായിരിക്കുന്നു, അതിന്റെ ഭരണാധികാരികളും പുരോഹിതരും തീയ്യ സമുദായക്കാരാണ്. എന്നാല്‍ ആരാധന ഇപ്പോള്‍ അമ്പലം കേന്ദ്രീകരിച്ചു മാറ്റപ്പെട്ടു.
പുരാതന കോടതി കാവിനു മുന്നില്‍ തെറ്റ് ചെയ്തവരെ ഹാജരാക്കും. തെറ്റ് ചെയ്തവരില്‍ നിന്ന് ഈടാക്കുന്ന വസ്തു ആരോടു തെറ്റ് ചെയ്തുവോ അയാള്‍ക്ക് കൊടുക്കും. ചുരുക്കം ചിലപ്പോള്‍ തെറ്റ് ചെയ്യുന്നവര്‍ക്ക് ഊര് വിളക്കുകള്‍ ഏര്‍പ്പെടുത്തും. അങ്ങിനെ വന്നാല്‍ ഗ്രാമത്തിലെ ഒരു പൊതുപരിപാതിയിലും അയാള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുകയില്ല. കുടുംബങ്ങളും ഗ്രാമവാസികളും തമ്മിലുള്ള പ്രശ്നങ്ങളും കാവിന്റെ മുന്നില്‍ വരും.
കേരളോല്‍പ്പത്തിയില്‍ വിവരിക്കുന്ന നാഗാരാധകരായ വംശജരാണ്‌ ആദിമകാലത്തെ തീയ്യര്‍. മുകളില്‍ പറഞ്ഞ അവരുടെ സാമൂഹ്യ ഭരണ രീതിയാണ് തറയും കഴകവും പെരുംകഴകവും മറ്റും. പില്‍ക്കാലത്ത് ഈ രീതി പിന്തുടര്‍ന്നാണ് കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചത്.
തീയ്യരുടെ ഓരോ തറക്കും (തറവാടിനും) ചുരുങ്ങിയത് ഓരോ സര്‍പ്പക്കാവ് (മുണ്ട്യ) ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള 4 തറകള്‍ ചേര്‍ന്നാണ് കഴകവും 22 രണ്ടു തറകള്‍ ചേര്‍ന്ന് അതിലും വലിയ കഴകവും 64 തറകള്‍ ചേര്‍ന്ന് പെരുംകഴകവും ഉണ്ടായത്. അങ്ങിനെ വരുമ്പോള്‍ സര്‍പ്പകാവുകളുടെ ഒരു ശൃംഗല (net work) യാണ് മലബാറിലെ നാഗാരാധകരായ തീയ്യര്‍ക്കുള്ളത്
സര്‍പ്പ ദോഷത്തിനു പേര് കേട്ടതാണ് പാമ്പിന്മേല്‍ കാവ് ബ്രാഹ്മണര്‍ക്ക് ഈ ദോഷം പരിഹരിക്കുന്നതില്‍ പരിമിതികളുണ്ട്. എന്നാല്‍ തീയ്യര്‍ക്ക് ബ്രാഹ്മണരെക്കാള്‍ പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ തീയ്യരുടെ ഗുരുക്കന്മാര്‍ കാവില്‍ സര്‍പ്പബലി നടത്തുന്നത് തീയ്യ കോമരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉത്തര മലബാറിലെ തീയ്യ സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണു.
അപ്പോള്‍ പരശുരാമന്‍ കൊണ്ടുവന്നു എന്ന് പറയുന്ന യഥാര്‍ത്ഥ ബ്രാഹ്മണന്‍മാര്‍ ചിലപ്പോള്‍ തീയ്യരായിരിക്കുമോ .....??? അല്ല അങ്ങിനെയും സംശയിക്കാമല്ലോ??
(തുടരും.....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ