2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യവും തീയ്യരും - 5

തെയ്യവും തീയ്യരും - 5


മലബാറിലെ തീയ്യരുടെ പൂര്‍വ്വികര്‍ കിര്ഗിസ്ഥാന്കാര്‍ (KYRGYZTHAN) ആണെന്നും അവര്‍ക്ക് തിരുവിതാംകൂറിലെ ഈഴവരുമായി യാതൊരു ബന്ധവുമില്ലെന്നും ഡി.എന്‍. ഏ. മാപ്പിങ്ങ് വഴി ഡോക്ടര്‍ എന്‍. സി. ശ്യാമളന്‍ തെളിയിച്ചിരിക്കുന്നു.
പ്രസിദ്ധ ഹോളിവുഡ് സംവിധായകനായ മനോജ്‌ നൈറ്റ് ശ്യാമളന്റെ പിതാവാണ് ഡോക്ടര്‍ എന്‍. സി. ശ്യാമളന്‍. അമേരിക്കന്‍ കോളേജ് ഓഫു ഫിസിഷ്യന്‍സിലെ ഫെലോയും റോയല്‍ കോളേജ് ഒഫ് ഫിസിഷ്യന്‍സിലെ ഫെലോയുമായ ശ്യാമളന്‍ മലബാറിലെ മാഹിയില്‍ ജനിച്ചവനാണ്.
മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഒരു കൂട്ടര്‍ സെന്‍ട്രല്‍ ഏഷ്യയില്‍ കിര്‍ഗിസ്ഥാനിലെക്ക് കുടിയേറി. അതില്‍ നിന്ന് ഒരു വിഭാഗം കേരളത്തിലെ വടക്കെ മലബാറില്‍ കുടിയേറി. അവര്‍ തീയ്യര്‍ എന്നറിയപ്പെട്ടു. ശ്യാമളന്‍ തന്റെ ഡി.എന്‍.ഏ. ടെസ്റ്റ്‌ നടത്തിയതില്‍ നിന്ന് ഏ മുതല്‍ ആര്‍ വരെയുള്ള ഗ്രൂപ്പില്‍ ശ്യാമളന്റെത് കെ. ഗ്രൂപ്പും സബ് ഗ്രൂപ്പ് എല്‍ ഗ്രൂപ്പുമാണ്. ഇതില്‍ കെ. ഗ്രൂപ്പ്കാര്‍ ആഫ്രിക്കയില്‍ നിന്ന് സെന്‍ട്രല്‍ ഏഷ്യയിലേക്ക് കുടിയേറി പാര്‍ത്തവരാണ്. Tien Shan എന്ന താഴ്വരയിലാണ് ഇവര്‍ താമസിച്ചത്. അതില്‍ നിന്നാണ് തീയ്യ എന്ന വാക്ക് വന്നത്. ഇതിലെ സബ് ഗ്രൂപ്പ് എല്‍ ഗ്രൂപ്പ് വടക്കെ മലബാറിലെക്ക് നീങ്ങി ഒപ്പം കൂര്‍ഗ്, നീലഗിരി എന്നിവിടങ്ങളി.ലേക്കും ഇവര്‍ വന്നത് പാക്കിസ്ഥാന്‍, രാജസ്ഥാന്‍ വഴിയായിരുന്നു. ഇങ്ങിനെ പോകുന്നു ശ്യാമളന്റെ കണ്ടെത്തലുകള്‍.
തീയ്യ മഹാസഭ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ പുതുക്കടി മാട്രിമോണിയല്‍ ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തീയ്യ യുവാക്കളെ ഈഴവര്‍ എന്ന പേരില്‍ കാണിക്കുന്ന രീതിയില്‍ ശക്തിയായ പ്രതിഷേധം പ്രകടിപ്പിക്കുകയും അത്തരം സൈറ്റുകള്‍ക്കെതിരെ ജില്ലാ ഭരണാധികാരികളും പോലീസും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. തീയ്യരും ഈഴവരും രണ്ടു വിഭാഗം തന്നെയാണ് എന്നും ഇനി മുതല്‍ ഒ.ബി.സി. കമ്മീഷനും പി.എസ്. സി.യുമൊക്കെ ഈഴവര്‍ എന്നതിന് പകരം തീയര്‍ എന്ന് എഴുതാനുള്ള സൗകര്യം അവരുടെ ഓണ്‍ലൈനില്‍ ഉണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയത്രെ. തെക്കന്‍ കേരളത്തിലെ തീയ്യരെ ഈഴവരായി കണക്കാക്കുന്ന രീതിയും അവരെ ബോധ്യപ്പെടുത്തി തിരുത്തിക്കുമെന്ന് തീയര്‍ മഹാസഭ നേതാക്കള്‍ പറയുന്നു.

2013 ഫെബ്രുവരി 2ന് കോഴിക്കോട് ബീച്ചില്‍ എസ്. എന്‍.ഡി.പി. സംഘടിപ്പിച്ച ഈഴവ തീയ്യ മലബാര്‍ മഹാസമ്മേളനം തീയ്യ മഹാ സഭ നഖശിഖാന്തം എതിര്‍ക്കുകയുണ്ടായി. തീയ്യരെ എസ്. എന്‍.ഡി.പി. നേതാക്കള്‍ പ്രത്യേക വിഭാഗമായി കാണാത്തത്തിലുള്ള തങ്ങളുടെ പ്രതിഷേധവും അവര്‍ അറിയിക്കുകയുണ്ടായി.
കൃഷണ അയ്യര്‍ തന്റെ കേരള ചരിത്രത്തില്‍ പറയുന്നത് വടക്കെ മലബാറില്‍ തീയ്യര്‍ ലക്ഷദ്വീപ് വഴിയാണ് ചിറക്കല്‍ രാജാക്കന്മാരുടെ കാലത്ത് എത്തിച്ചെര്‍ന്നത് എന്നാണു. ശ്രീലങ്കയില്‍ നിന്ന് ചാന്നന്മാര്‍ തിരുവിതാംകൂറിലും ഒരു കൂട്ടര്‍ ലക്ഷദ്വീപിലും പോയി എന്നും ലക്ഷദ്വീപിലുള്ള അവര്‍ പിന്നീട് വടക്കെ മലബാറിലേക്ക് വന്നു തീയ്യ സമുദായം കെട്ടിപ്പടുത്തു എന്നുമാണ് കൃഷണ അയ്യര്‍ പറയുന്നത്. തിരുവിതാംകൂറില്‍ എത്തിയവരെ ഈഴവരെന്നും വടക്കെ മലബാറില്‍ എത്തിയവരെ തീയ്യരെന്നും വിളിക്കുന്നു എന്ന് സാരം. എന്നാല്‍ ഈ വാദം തീയ്യര്‍ അംഗീകരിക്കുന്നതേയില്ല.

തലശ്ശേരിക്കടുത്ത ധര്‍മ്മടം ദ്വീപില്‍ സിംഹള രാജാവ് ഒരിക്കല്‍ അഭയം തേടി. രാജാവിനെ സ്വന്തം സഹോദരന്‍ സ്ഥാനഭ്രഷ്ടനാക്കിയപ്പോഴായിരുന്നു അത്. അക്കാലത്ത് ചിറക്കല്‍ രാജാവിന്റെ കീഴിലായിരുന്നു ധര്‍മ്മടം ദ്വീപ്‌. ചിറക്കല്‍ രാജാവ് സിംഹള രാജാവിന് ആളും അര്‍ത്ഥവും നല്‍കി അഭയം നല്‍കി. ഈ രാജാവാകട്ടെ പില്‍ക്കാലത്ത് ശ്രീലങ്കയിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്തുവത്രേ. എന്നാല്‍ ഈ ദ്വീപില്‍ ഏകദേശം ആറു, ഏഴു നൂറ്റാണ്ടുകളില്‍ ബുദ്ധമത സന്യാസികള്‍ വളരെ ശക്തി പ്രാപിക്കുകയും അവിടെയുള്ളവര്‍ ഒക്കെ ബുദ്ധമതക്കാരാവുകയും ചെയ്തുവത്രേ. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ദ്വീപിനു ധര്‍മ്മടം എന്ന പേര് ലഭിച്ചതത്രേ. അത് പോലെ തന്നെ വടക്കെ മലബാറില്‍ ഇപ്പോഴും യാചകരെ ഭിക്ഷക്കാര്‍, ധര്‍മ്മക്കാര്‍ എന്നാണു വിളിച്ചു വരുന്നത് . ഈ ദ്വീപിലുള്ളവരുടെ പിന്‍ഗാമികളാണ്‌ തീയ്യര്‍. Tivu (Island) TIVU ARS Thiyyar. .
പി.കെ. ഗോപാലകൃഷണനും അത് പോലെ തന്നെ മറ്റ് പലരും സര്‍ദാര്‍ കെ.എം. പണിക്കര്‍ പറയുന്നത് പോലെ തീയര്‍ പസഫിക് പോളിനേഷ്യയില്‍ നിന്നോ ഇന്തോനേഷ്യയില്‍ നിന്ന് വന്നവരാണെന്നോ കരുതുന്നു. ഇവര്‍ ഈഴവരെക്കാള്‍ മുന്‍പുള്ളവര്‍ ആണെന്നും പറയുന്നു.
ചരിത്രകാരന്മാര്‍ പറയുന്നത് തീയ്യര്‍ എന്നാല്‍ തിരയ്യര്‍ എന്നാണു. തിരയ്യര്‍ കടലില്‍ വസിക്കുന്ന ആളുകളാണ് തിരയിലൂടെ വന്നവര്‍, ഓളങ്ങളിലൂടെ വന്നവര്‍ (നാവികര്‍) എന്നും അര്‍ത്ഥം. ഇക്കൂട്ടര്‍ തിരുപ്പതിയിലും കാഞ്ചിയിലും സ്ഥിര താമസമാക്കിയിട്ടുണ്ട്. ചോള രാജാവായ ഇളന്തിരയന്‍ കടലില്‍ നിന്ന് വന്ന ആളായിരുന്നു. തിരയ്യര്‍ പല സ്ഥലങ്ങളിലും കണ്ടു വരുന്നു. ഇന്തോനേഷ്യയിലും തെക്കന്‍ ഏഷ്യയിലും.
തീയര്‍ സംഘകാലം മുതലേ ഉണ്ട് എന്നതിന്റെ തെളിവാണ് അടുത്ത കാലത്തായി തമിഴ് നാട്ടില്‍ നിന്ന് കണ്ടെടുത്ത ഹീറോ സ്റ്റോണ്‍ ബി.സി. മുന്നൂറിലെതാണെന്നു കണക്കാക്കിയിട്ടുണ്ട്. ഇത് സംഘകാലത്ത് തീയ്യര്‍ ആര്യ ബ്രാഹമണരോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മക്കായിരുന്നു. കല്ലില്‍ തീയ്യ ആണ്ടവന്‍ എന്ന് കൊത്തിവെച്ചിട്ടുണ്ട്. പെടു വില്ലേജില്‍ നിന്നാണ് ഇത് കണ്ടെടുത്തിരിക്കുന്നത്. ഹീറോ മരണപ്പെട്ടത് കുഡല്‍ ഉര്‍ (Kudal Ur) എന്ന ഗ്രാമത്തില്‍ വെച്ചാണ്.
ഇനി ഈഴവരെക്കുറിച്ച് പരിശോധിക്കാം...എന്നാല്‍ കേരളത്തിന്റെ പ്രാചീന ചരിത്രത്തില്‍ തരീസാപ്പള്ളി ശാസനത്തിലാണ് ഈഴവ ശബ്ദം ആദ്യമായി പ്രയോഗിച്ചിട്ടുള്ളത്.അത് ഏ.ഡി. 848 ലാണ്. കേരളത്തിനു വെളിയില്‍ തമിഴ്നാട്ടിലും സിലോണിലും ഒക്കെ ചരിത്രത്തിലും ഗുഹാഭിത്തികളിലെ ലിഖിതത്തിലും തമിഴ് ബ്രാഹ്മി ലിപിയില്‍ ഈഴവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അത് ബി.സി. മൂന്നാം നൂറ്റാണ്ടിലാണ്. അശോക ചക്രവര്‍ത്തിയുടെ കാലത്തിനു മുന്നേ തന്നെ ഇവര്‍ ഉണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു.
സ്ഥാണുരവി ചക്രവര്‍ത്തി കൊല്ലത്തെ ശബരീശോ മുതലാളിയുടെ തരീസാപ്പള്ളിക്ക് നല്‍കിയ ചെപ്പേടില്‍ (ഏ.ഡി. 848) ലാണ് ഈഴവരെപ്പറ്റി ആദ്യമായി ഒരു പരാമര്‍ശം കാണുന്നത്.വേണാട് വാഴുന്ന അയ്യനടികള്‍ തിരുവടികള്‍ തരീസാപ്പള്ളിക്ക് അട്ടിപ്പേറായി (ജന്മമായി) നല്‍കിയ പ്രദേശത്ത് നാലുകുടി ഈഴവരും എട്ട് ഈഴക്കയ്യരും ഉണ്ടെന്നുള്ളതാണ് പരാമര്‍ശത്തിന്റെ സ്വഭാവം..
പതിനാറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന കേരളോല്‍പ്പത്തിയിലും, കേരള മാഹാത്മ്യത്തിലും മറ്റും കേരളത്തെക്കുറിച്ച് പറയുന്നത് പരശുരാമ ക്ഷേത്രമെന്നും ഭാര്‍ഗ്ഗവ ക്ഷേത്രമെന്നുമാണ്. ഇതാകട്ടെ ഒരു ചരിത്ര ഗ്രന്ഥമായി കരുതാനാവില്ലെങ്കിലും നല്ലൊരു കെട്ടുകഥയായി വായിക്കാവുന്നതാണ്. ഒപ്പം അതിലടങ്ങിയ സത്യങ്ങളെയും അര്‍ദ്ധ സത്യങ്ങളെയും വേരിതിരിച്ചു വായിക്കേണ്ടതുമാണ്!!
ഈഴവ തീയ്യ ജനതയെ ക്കുറിച്ച് പഠനം നടത്തിയ കാമ്പില്‍ ശ്രീ കെ. അനന്തന്റെ അഭിപ്രായം പ്രാചീനകാലത്തെ ഗോത്ര വര്‍ഗ്ഗങ്ങളില്‍ പലതും ഒന്ന് ചേര്‍ന്ന് ഒരു പ്രത്യേക സമുദായം എന്ന നിലയില്‍ ഏകീകരിക്കപ്പെട്ട് ഈഴവര്‍ എന്ന നാമധേയം ഉത്ഭവിച്ചിരിക്കുന്നു എന്നാണ്. ഈ അഭിപ്രായത്തോട് മലബാറിലെ തീയ്യര്‍ക്ക് യോജിപ്പില്ല.
സിലോണില്‍ നിന്ന് ബുദ്ധമത പ്രചാരണത്തിനു വന്നു ചേര്‍ന്ന ബുദ്ധഭിക്ഷക്കളുടെ മതപ്രചരണത്തെത്തുടര്‍ന്ന്‍ ബുദ്ധമതക്കാരായി തീര്‍ന്ന അന്നത്തെ പല ഗോത്രവര്‍ഗ്ഗങ്ങളുടെയും ഒരു സമൂഹം എന്ന നിലയില്‍ ഈഴവര്‍ എന്ന പേരില്‍ ഒരു പ്രത്യേക സമുദായം രൂപമെടുത്തിരിക്കുന്നു എന്നാണു മയ്യനാട്ട് ശ്രീ കെ. ദാമോദരന്റെ അഭിപ്രായം. ഈ അഭിപ്രായത്തോട് മലബാറിലെ തീയ്യര്‍ യോജിക്കുന്നതേയില്ല.

ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടിനു മുമ്പ് ഈഴവര്‍ എന്ന പേരില്‍ ഒരു പ്രത്യേക സമുദായം കേരളത്തില്‍ ഉണ്ടായിരുന്നതായി യാതൊരു ചരിത്ര തെളിവുകളുമില്ല എന്നാണു ചിലരുടെ അഭിപ്രായം.
ഏ.ഡി. പന്ത്രണ്ടാം ശതകം വരെ ഈഴവര്‍ എന്നത് ഒരു ജാതിപ്പേരായിരുന്നില്ല; തൊഴില്‍പരമായ പേരായിരുന്നു എന്ന് ഇളംകുളം ശ്രീ പി.എന്‍. കുഞ്ഞന്‍പിള്ള കേരള ചരിത്ര പ്രശ്നത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏ.ഡി. പന്ത്രണ്ടാം ശതകത്തിലെ ഭാഷാ കൌടിലീയത്തിലും ജാതി നാമം എന്ന നിലയില്‍ അല്ലാതെ മാത്രമാണ് ഈഴവര്‍ എന്ന പേര്‍ ഉപയോഗിച്ച് കാണുന്നത്. രാജ രാജ ചോളന്റെ തഞ്ചാവൂര്‍ ലിഖിതത്തില്‍ (ഏ.ഡി. 985-1013) തൊഴിലുമായി ബന്ധപ്പെടുത്തി ഈഴവന്‍ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. (Tamil Studies 1914, M Srinivasa Iyengar P.60).
തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ജാതികള്‍ക്ക് രൂപം നല്‍കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉദയത്തോടുകൂടി ഈ വ്യവസ്ഥ അംഗീകരിക്കാത്ത ഈഴവര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് വെളിയില്‍ ഒരു തരം താണ ജാതിയായി പരിണമിക്കുകയാണുണ്ടായത്. ഏഴും എട്ടും നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണമതം ശക്തി പ്രാപിച്ചതിനു ശേഷം അപ്പഴോ അല്ലെങ്കില്‍ ഒമ്പതാം നൂറ്റാണ്ടിലോ ആയിരിക്കണം കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത്.
ഈഴവരുമായി പല പ്രകാരത്തില്‍ ബന്ധപ്പെട്ട സംഘകാല കൃതികളിലോ, വിശേഷിച്ച് ചിലപ്പതികാരം, മണിമേഖല മുതലായ സംഘകാല മഹാകാവ്യങ്ങളിലോ ഈഴവന്‍ എന്ന ജാതിനാമം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളില്ല.
പ്രൊഫസര്‍ അയ്യപ്പന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ സ്ഥിരമായി കൃഷി ആരംഭിച്ച ആദ്യത്തെ കര്‍ഷക ജനവിഭാഗം ഈഴവരാണ്. അതിനെ തെളിയിക്കുന്ന വിധത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കര്‍ഷക ജനവിഭാഗവും കര്‍ഷകത്തൊഴിലാളികളും ഇന്നും ഈഴവര്‍ തന്നെയാണ്. മി.ലോഗന്‍ മലബാര്‍ മാനുവലില്‍ ഈഴവരെ വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. എന്തൊക്കെയായാലും താമ്രശാസനങ്ങളില്‍ നിന്ന് ഒരു കാര്യം വ്യകതമാകുന്നുണ്ട്-അവര്‍ (ഈഴവര്‍) ആദ്യകാലത്ത് സുസംഘടിതരായ ഒരു വിഭാഗം കര്‍ഷകരായിരുന്നു. (Vol I.P.117).
ബുദ്ധമതത്തിന്റെ ജൈത്രയാത്ര കേരളത്തില്‍ നടക്കുമ്പോള്‍ തീയ്യരായിരുന്നു യഥാര്‍ത്ഥ ഭൂവുടമകള്‍ എന്നത്രേ ഇതിന്റെ അര്‍ഥം. അക്കാലത്ത് ഉത്ഭവിചിട്ടുള്ള സംഘം കൃതികളില്‍ കര്‍ഷക ജനതയായി വിവരിച്ചിരിക്കുന്ന ഉഴവരും തീയ്യരും ഒരേ ജനത തന്നെ എന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തീയ്യരെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ എല്ലാം ഈഴവര്‍ എന്ന് പറയുന്നത് കൊണ്ട് ഇക്കാര്യങ്ങള്‍ തീയ്യരെക്കുറിച്ചു തന്നെയാണ് പറഞ്ഞത് എന്നും അനുമാനിക്കാം.
ബുദ്ധവിഹാരത്തിന്റെയും തീയ്യരുടെയും കൈവശമിരുന്നിരുന്ന കൃഷി ഭൂമികള്‍ ആര്യവല്‍ക്കരണ വേളയിലാണ് നഷ്ടപ്പെട്ടത്. കേരളത്തില്‍ ബ്രഹ്മസ്വം, ദേവസ്വം, ശ്രീപാദം എന്നീ നാമധേയങ്ങള്‍ വഹിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്ത ജന്മിഭൂമികളുടെ ഉത്ഭവത്തിന്റെ സാഹചര്യം ആര്യവല്‍ക്കരണം തന്നെ. അതിനെയാണ് പരശുരാമദത്തമാക്കി ബ്രാഹ്മണര്‍ ഐതിഹ്യം വഹി കേരളത്തിന്റെ ജന്മികളാണെന്ന് വരുത്താന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ബ്രാഹ്മണര്‍ക്ക് അട്ടിപ്പേര് (ജന്മം) ലഭിച്ച ഭൂമികളെ ബ്രഹ്മസ്വം ഭൂമികളെന്നും ക്ഷേത്രങ്ങള്‍ക്ക് അട്ടിപ്പേര്‍ ലഭിച്ച ഭൂമികളെ ദേവസ്വം ഭൂമികളെന്നും ക്ഷത്രിയരായ നാടുവാഴികള്‍ക്ക് അട്ടിപ്പേര്‍ ലഭിച്ച ഭൂമികളെ ശ്രീപാദം ഭൂമികളെന്നും അവര്‍ വിഭജിക്കുകയും ചെയ്തിരിക്കുന്നു.
കേരളത്തിലെ ബുദ്ധമതക്കാരായ കര്‍ഷക ജനത കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്ത ഫലപുഷ്ക്കലമാക്കിത്തീര്‍ത്ത ഭൂമികള്‍ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ഭുജ ബലമുപയോഗിച്ച് കൈവശപ്പെടുത്തി വീതിച്ചെടുത്തത്തില്‍ നിന്നാണ് പരശുരാമന്റെ മഴുവേറും ഈ ജന്മാവകാശവും ഉദയം ചെയ്തിരിക്കുന്നത്.
(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ