തെയ്യവും തീയ്യരും - 3
തീയ്യര്‍ ശ്രീലങ്കയില്‍ നിന്ന്
കേരളത്തിലേക്ക് വന്നപ്പോള്‍ കൊണ്ട് വന്നതാണ് തെങ്ങ് എന്നും അതിനാലാണ് അതിലെ കള്ള്
എടുക്കാനുള്ള അവകാശം അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതെന്നും പറയപ്പെടുന്നു. കള്ള്, ചാരായം എന്നിവ ഇതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു.
കയര്‍, കയറുല്പ്പന്നങ്ങള്‍ എന്നിവയും
ആലപ്പുഴയിലെ തീയ്യരാണ് കൂടുതല്‍ ഉണ്ടാക്കുന്നത്. കള്ള് വ്യവസായത്തിലും തീയ്യരാണ്
മുന്‍പന്തിയില്‍. പ്രമുഖരായ അബ്കാരികള്‍ ഈ സമുദായത്തിനുണ്ട്.
നെയ്ത്ത് തൊഴിലിലും ഇവര്‍ വ്യാപകമായി ഏര്‍പ്പെട്ടിരുന്നു.
കണ്ണൂരിലെ ഹാന്‍ഡ് ലൂം തുണിത്തരങ്ങള്‍ വിശ്വ പ്രസിദ്ധമാണ്. ആലപ്പുഴയിലെ കയര്‍
മേഖലയിലെന്ന പോലെ കണ്ണൂരിലെ നെയ്ത്ത് രംഗത്തും സംഘടിത തൊഴിലാളി വര്‍ഗമാണ് ഇവര്‍.
മലബാറില്‍ ഇവര്‍ ബീഡി തെറുപ്പും നടത്താറുണ്ട്. സംഘടിത ശക്തിയാണ് ഇവരും എന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ? കള്ള്
ചെത്ത് തൊഴിലാളികളും കള്ള് ഷാപ്പിലെ തൊഴിലാളികളും മറ്റൊരു സംഘടിത വിഭാഗമാണ്.
എന്നാല്‍ ഈ മേഖലയാകെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.
വൈദ്യരംഗത്ത് പ്രമുഖരായ തീയ്യരെ ‘വൈദ്യര്‍’
എന്നാണു വിളിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ‘ഹോര്‍ത്തുസ്
മലബാറിക്കയില്‍’ പരാമര്‍ശിക്കപ്പെട്ട പ്രമുഖനായ തീയ്യ
വൈദ്യരാണ് ഇട്ടി അച്യുതന്‍. കോലെഴുത്തിലെഴുതിയ ഇട്ടി അച്യുതന്റെ വൈദ്യകൃതികള്‍
നിലവിലുണ്ട്.
തീയ്യരിലെ അധ്യാപകര്‍ ആശാന്‍ എന്നും
പണിക്കര്‍ എന്നും ഗുരുക്കള്‍ എന്നും അറിയപ്പെടുന്നു.
തീയ്യരുടെ സംസ്ക്കാരത്തിലെക്ക് ഒന്നെത്തി
നോക്കിയാല്‍ സമ്പന്നമായ സംസ്ക്കാരം നമുക്ക് കാണാവുന്നതാണ്.
ഐവര്‍ കളി അഥവാ പാണ്ടവന്‍ കളി കേരളത്തിലെ
പ്രമുഖ അമ്പലങ്ങളില്‍ നടത്തുന്നു.
അര്‍ജുന നൃത്തം അഥവാ മയില്‍പ്പീലി
തൂക്കം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ക്ഷേത്രങ്ങളില്‍
തീയ്യ ജാതിക്കാരായ ആണുങ്ങള്‍ നടത്തുന്ന അനുഷ്ഠാന നൃത്തം. രാത്രി മുഴുവന്‍ നീണ്ടു
നില്‍ക്കുന്ന ഈ നൃത്തം ഒറ്റയായും കൂട്ടായും അവതരിപ്പിക്കുന്നു.
മകചൂട്ട്: തിരുവനന്തപുരത്ത് ഈഴവര്‍
നടത്തുന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് ഇത് നടത്തുന്നത്. കളരിപ്പയറ്റും
നാഗാരാധനയും ഇടകലര്‍ന്ന ഒരു കലയാണിത്.
പരിചമുട്ടുകളി: മലപ്പുറം മുതല്‍
തെക്കോട്ടുള്ള തീയ്യര്‍ കളിക്കുന്ന വാളും പരിചയും ഉപയോഗിച്ചുള്ള നാടന്‍ ആയോധന
കലയാണ് (FOLK
MARSHAL ART) പരിചമുട്ട്
കളി. മറ്റ് സമുദായങ്ങളും ക്രിസ്ത്യാനികളും ഇത് കളിക്കുന്നുണ്ട്.
പൂരക്കളി: മലബാറിലെ ഭഗവതി കാവുകളില്‍
മീനത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) തീയര്‍ നടത്തുന്ന ഒരു നാടോടി നൃത്തമാണ് പൂരക്കളി.
പതിനെട്ടു നിറങ്ങളിലായി ഒരു വിളക്കിനു ചുറ്റും നിന്ന് കളിക്കുന്ന കളിയാണിത്.
കളരിപ്പയറ്റില്‍ പരിശീലനം നേടിയവരും നൃത്തത്തില്‍ പരിശീലനം ലഭിച്ചവരാണ് ഇത്
കളിക്കുന്നത്.
തെയ്യം: തീയ്യരുടെ പ്രധാന തെയ്യങ്ങള്‍
വയനാട്ടു കുലവന്‍, കതിവന്നൂര്‍ വീരന്‍, പൂമാരുതന്‍, മുത്തപ്പന്‍ മുതലായവയാണ്.
പഴയകാലത്ത് തീയ്യര്‍ക്ക് നായരും മറ്റ്
ശൂദ്രരുമായി തൊട്ടുകൂടായ്മ ഇല്ലായിരുന്നു. എന്നാല്‍ ഈഴവര്‍ക്ക് ഉണ്ടായിരുന്നു
താനും. ഈഴവ സ്ത്രീകള്‍ നായര്‍ സ്ത്രീകളെ തമ്പുരാട്ടി എന്ന് വിളിക്കുമ്പോള്‍ തീയ്യ
സ്ത്രീകള്‍ അമ്മാളകന്‍ എന്നാണു വിളിച്ചിരുന്നത്. ഇതില്‍ തുല്യത ഉണ്ടായിരുന്നു.
തീയ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ബഹുമാനത്തോടെ പറയുന്നത് തീയ്യന്ശന്‍
എന്നാണു. എന്റെ തീയ്യന്ശന്‍ വന്നു അല്ലെങ്കില്‍ എന്റെ തീയ്യന്‍ വന്നു എന്നൊക്കെ
പറയും. അണ്ടത്താന്‍ തീയ്യന്‍ എന്ന് പറഞ്ഞാല്‍ ഒന്നിനും വഴങ്ങാത്ത വിട്ടു വീഴ്ച
ചെയ്യാത്തവരെയാണ് പറയുന്നത്.
1860 ല്‍ ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ ഭാര്യ
എഴുതിയത് ഇങ്ങിനെയാണ് ഒരു നായര്‍ക്ക് നമ്പൂതിരി ബ്രാഹ്മണനെ കാണാം. പക്ഷെ തൊടാന്‍
പറ്റില്ല. ചോവന്‍ (തിരുവിതാംകൂറില് ഉള്ളവര്‍) 36 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. പുലയന്‍ 96 സ്റ്റെപ്പ് ദൂരെ നില്‍ക്കണം. ചോവന്‍
നായരില്‍ നിന്ന് 12 സ്റ്റെപ്പും പുലയന്‍ 66 സ്റ്റെപ്പും ദൂരെ നില്‍ക്കണം. പറയന്‍
ഇതിലും കൂടുതല്‍ നില്‍ക്കണം.
സിംഹളം (പഴയ സിലോണ്‍,ഇന്നത്തെ ശ്രീലങ്ക) എന്ന ദ്വീപില്‍
നിന്ന് വന്നവരാണ് തീയ്യര്‍ എന്നും ദ്വീപര്‍ എന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും
പറയുന്നു. ഈഴം ദേശത്ത് നിന്ന് (സിലോണില്‍ നിന്ന്) വന്നവരാണ് ഈഴവര്‍ എന്നും
പറയപ്പെടുന്നു. ചുരുക്കത്തില്‍ ഈഴം ദേശത്ത് നിന്ന് വന്നവര്‍ ആയത് കൊണ്ട് ഈഴവരും
ദ്വീപില്‍ നിന്ന് വന്ന ദ്വീപര്‍ ആയത് കൊണ്ട് തീയ്യര്‍ എന്ന പേരിലും ഇവര്‍
അറിയപ്പെട്ടു എന്നാണ് കരുതുന്നത്.
(തുടരും.....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ