2013, ജനുവരി 29, ചൊവ്വാഴ്ച

ഒടുവില്‍ ഈജിപ്തില്‍ അത് തന്നെ സംഭവിച്ചു...

മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്നു ഭരണമാറ്റം ഉണ്ടായ ഈജിപ്തില്‍ പുരോഗമനശക്തികള്‍ ഭയപ്പെട്ടത് തന്നെ ഒടുവില്‍ സംഭവിച്ചു. 

ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് ഹിത പരിശോധനയില്‍ 63.8 ശതമാനം പേര്‍ ഭരണഘടനയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. ഇസ്‌ലാമിക ശരീയത്താണ് പുതിയ ഭരണഘടനയ്ക്ക് അടിസ്ഥാനം. ഇതോടെ ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം തിരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന ഭരണഘടനാ നിര്‍മാണസഭയാണ് ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കിയത്. ഭരണഘടന നിലവില്‍വന്ന് മൂന്നു മാസത്തിനകം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു നടത്തണം. അതുവരെ അധികാരം പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കായിരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് മുര്‍സിയെ എതിര്‍ക്കുന്ന ഇടതുപക്ഷക്കാരും പുരോഗമന വാദികളും ക്രിസ്ത്യന്‍ വിഭാഗക്കാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടലിന് വഴിവയ്ക്കുന്നതാണ് പുതിയ ഭരണഘടനയെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥകള്‍ പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.

ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മാണ സഭയാണ് ഇസ്‌ലാമിക തത്ത്വങ്ങളിലൂന്നിയ ഭരണഘടന ഉണ്ടാക്കിയത്. ഡിസംബര്‍ 15 നും 22 നും ഇടയ്ക്കായിരുന്നു ഹിതപരിശോധന.

ഇനി ഈജിപ്തിന്റെ നാളുകള്‍ അശാന്തിയുടെതായിരിക്കും. മത ന്യൂനപക്ഷങ്ങല്ക്കെതിരെയുള്ള വേട്ടയാടല് ഒരു തുടര്‍ കഥയാകും. ശരീയത്ത് എല്ലാ മതക്കാര്‍ക്കും ബാധകമാക്കാന്‍ പോയാല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങള്‍ വേറെയും.

ചുരുക്കത്തില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗുണഫലം അനുഭവിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍ ആണ് എന്ന് ചുരുക്കം. ഇനി മറ്റൊരു മുല്ലപ്പൂ വിപ്ലവം ഉണ്ടായാലേ ഇതിനൊരു അറുതി വരൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ