2013, ജനുവരി 29, ചൊവ്വാഴ്ച

ഒ.വി. വിജയനും നോവലുകളും

ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്‍റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് ഒ.വി.വിജയൻ അന്തരിച്ചു.

വിദ്യാഭ്യാസം

ഒ.വി. വിജയൻ
മലബാർ സ്പെഷൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കൻഡ് ഫോറം മുതലേ സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെൻറ്‍ററി സ്കൂളിൽ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു. തേർഡ്‌ഫോറം കൊടുവായൂര്‍ ബോർഡ് ഹൈസ്കൂളിൽ. ഫോർത്ത് ഫോറം മുതൽ സിക്സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ. സിക്സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയാ കോളജിൽ. മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി .

പ്രവർത്തനങ്ങൾ

പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്ക്കിലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട്. ഇക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയൻ. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.

ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്‍റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൌമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.

1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരിൽ അനന്വയനാക്കുന്നു.

കൃതികൾ

നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു.
നോവൽ
ഖസാക്കിന്റെ ഇതിഹാസം (1969)
ധർമ്മപുരാണം (1985)
ഗുരുസാഗരം (1987)
മധുരം ഗായതി (1990)
പ്രവാചകന്റെ വഴി (1992)
തലമുറകൾ (1997).

പുരസ്കാരങ്ങൾ

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.
ഓടക്കുഴൽ പുരസ്ക്കാരം (1970)
1990 - ൽ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് (ഗുരുസാഗരം)
1991 - ൽ വയലാർ അവാർഡ് (ഗുരുസാഗരം)
1992 - ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)
1999 - ൽ എം.പി. പൊൾ അവാർഡ് (തലമുറകൾ)
2001 - ൽ എഴുത്തച്ഛൻ പുരസ്കാരം
2003 - ൽ പത്മഭൂഷൺ

ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.

ഖസാക്കിന്റെ ഇതിഹാസവും മലയാള നോവൽ സാഹിത്യവും

1969-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ, ഈരച്ചൂട്ടുകൾ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോൾഒക്കെ മലയാളി അത് കൌതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കിൽ അവർ കണ്ടു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൌഢവും കുലീനവുമായ ഒരു നോവൽ ഭാഷ ഖസാക്കിൽ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയിൽ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു.
പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തിൽ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാൾ മാരകം. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങൾ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദർശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിൽ പ്രധാനമായും വിരാജിച്ചിരുന്നത്. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാർഗിയായ നായകൻ ധൈര്യപൂർവ്വം കയറിവന്നത്. ആദ്യമൊക്കെ മലയാളസാഹിത്യലോകമപ്പാടെ അന്ധാളിച്ച് പോയി. പുതിയ സത്യങ്ങൾ ഉൾക്കൊള്ളാൻ മടിച്ച്, ഖസാക്കിനെതിരെ, രവിക്കെതിരെ, വിജയനെതിരെ അന്ന് വാളെടുത്തവരിൽ അന്നത്തെ യാഥാസ്തിതികരായ പല സാഹിത്യരാജാക്കന്മാരുമുണ്ടായിരുന്നു. ഖസാക്കിനെ ഉൾക്കൊള്ളാൻ സാഹിത്യസമൂഹവും വായനാസമൂഹവും അൽപ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂർവ്വം സ്വീകരിച്ചു നെഞ്ചേറ്റി. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. വിശകലനത്തിനും വിമർശനത്തിനും ഗവേഷണത്തിനും ഖസാക്ക് ആവർത്തിച്ച് വിധേയമായി. ഖസാക്കിലെ താത്വികചിന്തകൾക്ക് പുതിയ മാനങ്ങൾ കൽപ്പിക്കപ്പെട്ടു. ഖസാക്ക് മാറ്റത്തിന്റെ പതാകയായി മലയാളസാഹിത്യത്തിൽ ഉയർന്നുനിന്നു. അതിന്റെ തണലിൽ പുതിയ എഴുത്തുകാർ ധൈര്യത്തിന്റെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും പുതിയ തുരുത്തുകൾ കണ്ടെത്തി. അങ്ങനെ മലയാളനോവൽ സാഹിത്യം “ഖസാക്ക് പൂർവ്വമെന്നും ഖസാക്കാനന്തരമെന്നും” രണ്ടായി വിഭജിക്കപ്പെട്ടു.
“ഖസാക്കിന്റെ ഇതിഹാസം” പോലെയോ അതിനേക്കാളോ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നോവൽ എഴുതാൻ ഒ.വി.വിജയൻ ഉൾപ്പെടെ ഒരു നോവലിസ്റ്റിനും സാധിച്ചിട്ടില്ലെന്ന് സാഹിത്യനിരൂപകർ സാക്ഷ്യം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഖസാക്ക് മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു

ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. 1977 മുതൽ മലയാളനാടുവാരികയിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് വർഷങ്ങൾക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ 1985-ൽ ആണ്‌.[1]

ഒ.വി. വിജയൻ പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാ‍ലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.

കഥാസംഗ്രഹം

പത്രലേഖകനായ കുഞ്ഞുണ്ണി, കുഞ്ഞുണ്ണിയുടെ മകളായ കല്യാണി, അവരുടെ പരീക്ഷിത്ത് എന്ന പൂച്ച, കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയാ‍യ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകൾ അയക്കുന്ന നൈർമല്യം നിറഞ്ഞ കത്തുകൾ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയിൽ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കൽക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവിൽ കല്യാണിക്ക് കാൻസർ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയിൽ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകൾ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു.

ഒ.വി. വിജയൻ രചിച്ച ഒരു നോവലാണ് തലമുറകൾ. 1997-ലാണ് ഇത് ആദ്യം പ്രസിദ്ധീകൃതമായത്. ജാതീയതയെ പുതിയ കാഴ്ച്ചപ്പാടിൽ സമീപിക്കുന്ന പുസ്തകമാണിതെന്ന് പുറം ചട്ടയിലെ വിവരണം അവകാശപ്പെടുന്നു.

ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിക്കഴിഞ്ഞപ്പോൾ തോന്നുന്ന നിഷ്പ്രയോജനത, കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള അവജ്ഞ എന്നിവ വിവിധ തലമുറകളിലൂടെ പുസ്തകം അവതരിപ്പിക്കുന്നുണ്ടത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ