2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

വിലക്കയറ്റം ആഗോള പ്രതിഭാസം തന്നെ!!!

സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനങ്ങളെങ്ങാനും ഒന്ന് പ്രതികരിച്ചുപോയാല്‍ ഉടന്‍ വരുന്ന ഒരു മറുപടിയാണ് വിലക്കയറ്റം നമ്മുടെ നാട്ടില്‍ മാത്രമല്ല അത് ഒരു ആഗോള പ്രതിഭാസം ആണ് എന്ന്.

ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിച്ചു കൊടുത്താല്‍ തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നുള്ള ചോദ്യം പിന്നെയും അവിടെ പ്രസക്തമാണ്‌?? ഈ ചോദ്യത്തെ നേരിടാനുള്ള കരുത്ത് ഇല്ലാത്തവര്‍ ആണ് ഇത്തരം ഒരു മറുപടിയുമായി പലപ്പോഴും രംഗത്ത് ഇറങ്ങുന്നത്.

ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ മേലെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി വേണ്ടെന്നു വെച്ചാല്‍ അത്രയും വിലകുറക്കാനും ജനങ്ങള്‍ക്ക് അത്രയും ആശ്വാസം നല്‍കുവാനും കഴിയും.

അത് പോലെ ഓണം പോലുള്ള ആഘോഷങ്ങള്‍ മുന്നില്‍ കണ്ടു സംസ്ഥാനത്തിന് വേണ്ടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കാലേക്കൂട്ടി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നേടിയെടുക്കാനും അത് വേര്‍ഹൌസുകളില്‍ ശേഖരിക്കാനും കഴിയും. ഒപ്പം ഇക്കാലയളവില്‍ പൊതുവിതരണം ശക്തിപ്പെടുത്താന്‍ നടപടിയെടുത്താല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ആളുകള്‍ക്ക് വേണ്ടുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില ക്കുറച്ചു നല്‍കാന്‍ കഴിയും. അതിനു സര്‍ക്കാറിന് ഇഛ്ചാശക്തി വേണം. ജനങ്ങളോട് പ്രതിബദ്ധത വേണം. ഇത് രണ്ടും ഉണ്ടായാല്‍ ഈ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ..

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?? എത്ര റെയ്ഡുകള്‍ നടത്തി ?? എന്തൊക്കെ നടപടി സ്വീകരിച്ചു?? പൊതുജനത്തിന് അറിയാന്‍ താല്പര്യമുണ്ട്?? ഉത്തരം നല്‍കാമോ?

വിലക്കയറ്റം ആഗോള പ്രതിഭാസാമാകുമ്പോള്‍ തന്നെ നമുക്ക് ഇവിടെ ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങിനെയാണ് പൊതു മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തി സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്‍ത്തുന്നതും പൊതുവിതരണ ശ്രുംഗല ശക്തിപ്പെടുത്തി സാധാരണക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കുന്നതും. ഇതൊക്കെ ചെയ്യാന്‍ സര്‍ക്കാരിനു കഴിയും. കഴിഞ്ഞിട്ടുണ്ട് എന്ന് മുന്‍ സര്‍ക്കാരുകള്‍ തെളിയിച്ചതുമാണ്.

നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ല അതിനു സമയമില്ല എന്ന് ജനങ്ങള്‍ക്ക് അറിയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു സരിതയെപ്പോലെയുള്ള ക്രിമിനലുകള്‍ക്കും വ്യഭിചാരിണികള്‍ക്കും അനര്‍ഹമായ സൌകര്യങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ആണ് നിങ്ങള്‍ക്ക് താല്പര്യം എന്നുള്ളത് ഇന്ന് അങ്ങാടിപ്പാട്ടാണ്. ജയിലില്‍ കഴിയുന്ന ഒരു ക്രിമിനലിന് സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന പോലീസ് കേരളത്തിലെ കാണൂ.

ഇനിയും തന്നെ എത്രയും പെട്ടെന്ന് പൊതുവിതരണ ശ്രുംഗലയെ ശക്തിപ്പെടുത്തി അത് വഴി സാധാരണക്കാരന്‍ അര്‍ഹിക്കുന്ന സാധനങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ശ്രമിക്കുക. ഒപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരിക.

ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് മനസ്സില്ലെങ്കില്‍ നിങ്ങളെ കൊണ്ട് അത് ചെയ്യിക്കാന്‍ ഇവിടുത്തെ ജനത്തിനറിയാം എന്ന് നിങ്ങള്‍ മനസ്സിലാക്കുക. അത് കൊണ്ട് ആഗോള പ്രതിഭാസം ഒക്കെ മാറ്റി വെച്ച് എത്രയും വേഗം കര്‍മ്മ പരിപാടികളുമായി മുന്നോട്ട് വരിക.....

നിങ്ങള്‍ക്കും നാട്ടിനും നാട്ടാര്‍ക്കും അതാണ്‌ ഗുണം ചെയ്യുക.

മഞ്ചു വാര്യരും ശ്വേതാ മേനോനും, പിന്നെ സുരേഷ് ഗോപിയും

സെലിബ്രിറ്റികളായ നടീ നടിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍, അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ പലപ്പോഴും ആവശ്യത്തിലധികം വാര്‍ത്താ പ്രാധാന്യം നേടുന്ന അവസ്ഥ നാം കാണാറുണ്ട്‌.

ഇത് പലപ്പോഴും നമ്മളില്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്. ജനങ്ങള്‍ അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുമ്പോള്‍ അല്ലെങ്കില്‍ മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ പ്രതികരണം എന്നതില്‍ നിന്ന് മാറി ചിലര്‍ തങ്ങളുടെ അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റാതെ നടത്തുന്ന പ്രതികരണങ്ങളായി ചിലത് മാറുന്നതും നാം കാണാറുണ്ട്‌.

ഇത്തരം വിഷയങ്ങളില്‍ ഓരോ ആളുകളും പ്രതീക്ഷിക്കുന്നത് മാധ്യമങ്ങള്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കണം എന്നാണ്. അത് നടപ്പുള്ള കാര്യമല്ല. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വാര്‍ത്താ പ്രാധാന്യവും വാര്ത്താമൂല്യവും നോക്കി അവര്‍ വാര്‍ത്ത ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്യും. അത് അവരുടെ സ്വാതന്ത്ര്യം. അവരുടെ റേറ്റിങ്ങ് മത്സരത്തിന്റെ പ്രശ്നം.

ഇത് വിത്യസ്ത കാഴ്ചപ്പാടുള്ള നമുക്ക് പൊതുവായി അംഗീകരിക്കാന്‍ കഴിയുന്നതല്ല. കഴിയുകയുമില്ല. എന്നാല്‍ അതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലി നാം സ്വീകരിക്കേണ്ടതുണ്ടോ? തീര്‍ച്ചയായും നമ്മുടെ അനിഷ്ടം പ്രകടിപ്പിക്കാം പക്ഷെ ഒപ്പം മറ്റുള്ളവരെ ബഹുമാനിക്കാന്‍ നാം മറന്നു കൂടാ. പലരും ആ നിലവാരത്തില്‍ നിന്ന് താഴോട്ടു വരുന്നത് കാണാം. അതൊഴിവാക്കേണ്ടതാണ്.

മഞ്ചു വാര്യര്‍ വീണ്ടും സിനിമയിലേക്ക് വരുന്നത് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ ചാനലുകള്‍ കൊടുക്കുന്നത് കാണുമ്പോള്‍ നാം അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അത് അവരുടെ സ്വാതന്ത്ര്യം അത് വക വെച്ച് കൊടുക്കുക. ഒപ്പം ഇക്കാര്യത്തില്‍ ഉള്ള തങ്ങളുടെ നിലപാട് അറിയിക്കുക. ശ്വേതാ മേനോന്റെ പ്രസവ രംഗ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോള്‍ സിനിമ പുറത്ത് വന്നതോടെ മറ്റൊരു രൂപത്തിലേക്ക് വഴി മാറി പോകുകയാണ്.

എന്നാല്‍ സുരേഷ് ഗോപി എന്ന സിനിമാ നടന്‍ നടത്തുന്ന മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മാധ്യമങ്ങള്‍ ആവശ്യത്തില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം കൊടുക്കാറില്ല ഏറ്റവും ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീട് വെച്ച് താക്കോല്‍ദാനം നിര്‍വഹിച്ച വിഷയം അതിനു വാര്‍ത്താ പ്രാധാന്യം നല്‍കിയത് വളരെ കുറവായിരുന്നു. എന്നാല്‍ മമ്മൂട്ടി വയലിലിറങ്ങിയതും മോഹന്‍ ലാല്‍ ഒരു കൈലി ഉടുത്താലും ഒക്കെ വലിയ വാര്‍ത്ത ആക്കുന്നവരാണ് ഈ മാധ്യമങ്ങള്‍. അത് അവരുടെ പക്ഷപാതിത്വം.

ഒരു പക്ഷെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ഇടം പിടിച്ചു ഒടുവില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിയായി തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിക്കൂടെന്നില്ല. സുരേഷ്ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം അത് ഒരു പക്ഷെ സിനിമാ നടന്‍ ജഗദീഷ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമായിരിക്കാം. അത് നമ്മളില്‍ പലര്‍ക്കും സ്വീകാര്യവുമല്ല. അങ്ങിനെ വരുമ്പോള്‍ ആ രാഷ്ട്രീയത്തിന്റെ പേരില്‍ ജനസേവനത്തിന് വന്നാല്‍ അത്തരക്കാരെ സുഖ സുന്ദരമായി തോല്‍പ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ തയ്യാറാവുകയും വേണം. ഒപ്പം അവരുടെ ഇത്തരം മനുഷ്യത്വ പരമായ നിലപാടുകള്‍ അംഗീകരിക്കുകയും വേണം.

സുരേഷ് ഗോപിയുടെക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ പലരും വേണ്ടത്ര പ്രതികരിച്ചു കണ്ടില്ല. കാരണങ്ങള്‍ പലതായിരിക്കാം. അതിനോട് ഒന്നും വിയോജിപ്പുമില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളുടെ കച്ചവട താല്പര്യം മനസ്സിലാക്കി അതിനനുസരിച്ച് അതിനെതിരെ പ്രതികരിക്കുക. വിയോജിപ്പുകള്‍ രേഖപ്പെടുത്തുക. അതിന്റെ കൂട്ടത്തില്‍ വ്യക്തി ഹത്യ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് സെലിബ്രിറ്റികളായ എല്ലാവരുടെ കാര്യത്തിലും ഉണ്ടാകണം. അല്ലാതെ ആര്‍ക്കെങ്കിലും കൂടുതല്‍ ഇഷ്ടമുള്ള നടന്‍റെയോ നടിയുടെയോ കാര്യത്തില്‍ മാത്രം ആവരുത്.

മദ്യാസക്തിയും മലയാളിയും

കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെയും കുടിച്ചു തകരുന്ന കേരളത്തെയും കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ “കുടിയല്ല ജീവിതം” എന്ന പരമ്പരയെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. എന്തായാലും ഈ ചാനല്‍ ചര്‍ച്ചകള്‍ കുറച്ചെങ്കിലും മദ്യാസക്തി കുറയ്ക്കാനും വേണ്ടപ്പെട്ടവരെക്കൊണ്ട് ചില അത്യാവശ്യ നടപടികള്‍ സ്വീകരിപ്പിക്കാനും കഴിഞ്ഞാല്‍ അത് അത്ര കണ്ടു വിജയം എന്ന് പറയാം. 

ഏഷ്യാനെറ്റ് എന്ന ചാനല്‍ ഉയര്ത്തിപിടിക്കുന്ന രാഷ്ട്രീയത്തോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ പുറത്ത് വിടുന്ന ഇത്തരം പരമ്പരകളെ നമുക്ക് സഹര്‍ഷം സ്വാഗതം ചെയ്യാവുന്നതാണ്. അതിനു നമ്മുടെ കക്ഷി രാഷ്ട്രീയം ഒരു തടസ്സമാകരുത്.

മറ്റെല്ലാ അസുഖങ്ങളെയും പോലെ മദ്യാസാക്തിയും ഒരു രോഗമാണ് എന്ന് തിരിച്ചറിഞ്ഞു അത്തരക്കാരെ ഡി.അഡിക്ഷന്‍ സെന്ററില്‍ ചികല്‍സക്ക് എത്തിക്കുകയുമാണ് നാം ചെയ്യേണ്ടത്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ഈ മേഖലയെ സര്‍ക്കാര്‍ അത്ര പെട്ടന്നൊന്നും കൈവിടില്ല എങ്കിലും മദ്യത്തിന്റെ അനിയന്ത്രിത ലഭ്യതയും മദ്യ ഷോപ്പുകളുടെ എണ്ണവും നിയന്ത്രിച്ചു കൊണ്ട് ഈ വഴിയില്‍ ഒരു തുടക്കം കുറിക്കാന്‍ സര്‍ക്കാരിനെ നാം നിര്‍ബന്ധിതരാക്കണം.

കേവലം പന്ത്രണ്ടു വയസ്സ് മുതല്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞു എന്ന് പറയുമ്പോള്‍ ഇതിന്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

കച്ചവടവല്‍കൃത സമൂഹത്തില്‍ മദ്യത്തിനു ലഭിക്കുന്ന സാമൂഹ്യ അംഗീകാരം പലരെയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നുണ്ട്. അത്തരം സാമൂഹ്യ അംഗീകാരത്തെ ബോധപൂര്‍വ്വം നമ്മള്‍ സാമൂഹ്യ തിന്മയായി അവതരിപ്പിച്ചു ജന മനസ്സുകളില്‍ ഇതിനെതിരെയുള്ള ഒരു ബോധവല്‍ക്കരണ പരിപാടി അതി ശക്തിയായി ആരംഭിക്കെണ്ടിയിരിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ കുടി നിര്‍ത്തിക്കാന്‍ പറ്റിയില്ലെങ്കിലും ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ ഇതിന്റെ അളവ് കുറയ്ക്കാനും ക്രമേണ ക്രമേണ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താനും നമുക്ക് ആകും. ഇച്ചാശക്തിയോട് കൂടി ഇതിന് മുന്നിട്ടിറങ്ങാന്‍ ഓരോരുത്തരും തയ്യാറാകുമോ എന്നതാണ് നമ്മുടെ മുന്നിലെ ചോദ്യ ചിഹ്നം??

അമ്പട ഞാനേ!!!

ഞാന്‍ പറയുന്നതും ഞാന്‍ ചെയ്യുന്നതും എല്ലാം ശരി മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും തെറ്റ് എന്ന് പലപ്പോഴും കരുതുന്നവരും, എല്ലായ്പ്പോഴും ഞാന്‍ ചെയ്യുന്നതും പറയുന്നതും മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവരും ആണ് ഇന്ന് നമ്മുടെ ഇടയില്‍ കൂടുതല്‍..

ഞാന്‍ പറയുന്നതിനെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ എതിര്‍ത്താല്‍ അത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ എളുപ്പം എത്തുന്നു. ഈ ഒരു അവസ്ഥയെ നാം അസഹിഷ്ണുത എന്ന് വിളിക്കുന്നു. ഈ അസഹിഷ്ണുത അധികരിച്ചാല്‍ പിന്നെ ഞാന്‍ ചെയ്യുന്നതും പറയുന്നതും എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകില്ല. ഇതാണ് ഇത്തരക്കാരുടെ അവസ്ഥ.

അവിടെ വിവേകം വികാരത്തിനു വഴി മാറി കൊടുക്കുന്നു. പിന്നെ നടക്കുന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ??

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍, ചെയ്ത കാര്യങ്ങള്‍ അല്ലെങ്കില്‍ തനിക്ക് പറ്റിയ തെറ്റ് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത് മേല്‍പ്പറഞ്ഞ ചിന്താഗതിയുടെ ഫലമാണ്. ഇത് മുമ്പത്തേക്കാളുപരി അധികമാണ് നമ്മുടെ ഇന്നത്തെ വ്യക്തികേന്ദ്രീകൃത സമൂഹത്തില്‍.

ഇതിന്റെ പ്രതിഫലനങ്ങള്‍ അവരുള്‍ക്കൊള്ളുന്ന സംഘടനകളിലും പാര്‍ട്ടികളിലും സ്ഥാപനങ്ങളിലും ഒക്കെ ഇന്ന് പ്രകടമായി കാണുകയും ചെയ്യുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറിയും കുറഞ്ഞും ഇന്ന് നാം ഓരോരുത്തരായി അനുഭവിക്കുന്നുണ്ട്.

തനിക്ക് പറ്റിയ തെറ്റുകള്‍ അംഗീകരിക്കാനും അതില്‍ ഖേദം പ്രകടിപ്പിക്കാനും അത് തിരുത്താനും അത് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്താനും ഇന്ന് എത്ര പേര്‍ തയ്യാറാവും?? എന്നാല്‍ മറിച്ച് അവന്‍ എനിക്കിട്ടൊരു പണി തന്നു ഒരു പണി അവനും കൊടുക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍.. തല്‍ഫലമായി സൌഹാര്‍ദ്ദ അന്തരീക്ഷം മാറി സ്പര്‍ദ്ദയുടെ അന്തരീക്ഷം അവിടെ സംജാതമാകുന്നു. വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു.

രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അത് അംഗീകരിക്കുന്ന ചുരുക്കം ചിലരെ കൂട്ടുപിടിച്ചു നേതൃത്വത്തിനെതിരെ ഭൂരിപക്ഷ അഭിപ്രായത്തിനെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ പലരും മടിക്കുന്നില്ല. കേഡര്‍ പാര്‍ട്ടികള്‍, സംഘടനകള്‍ എന്ന് നമ്മള്‍ കരുതുന്നവരില്‍ പോലും ഈ പ്രവണത ഇന്ന് ശക്തമാണ്.

ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴടങ്ങണം എന്ന സംഘടനാ തത്വം പലപ്പോഴും കാറ്റില്‍ പറത്തുകയാണ് ഇത്തരക്കാര്‍.. വിഭാഗീയതയും വിമത പ്രവര്‍ത്തനങ്ങളും പുതിയ പുതിയ സംഘടനകളും തല്‍ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രണ്ടു കുട്ടികള്‍ വീതമുള്ള വീടുകളില്‍ പോലും എല്ലാം എനിക്ക് മാത്രം എന്ന് കരുതുന്ന കുട്ടികള്‍ ആണ് ഇന്നുള്ളത്. അച്ഛന്റെയും അമ്മയുടെയും സ്നേഹമായാലും അവര്‍ കൊണ്ട് വരുന്ന സാധനങ്ങളായാലും എല്ലാം എനിക്ക് മാത്രം!! അത് കഴിഞ്ഞു സഹോദരന് അല്ലെങ്കില്‍ സഹോദരിക്ക്. പങ്കു വയ്ക്കല്‍ വളരെ കഠിനമായ ഒരു പ്രവര്‍ത്തിയായി അവര്‍ക്ക് തോന്നുന്നു.

അണുകുടുംബത്തിലൂടെ വ്യക്തി കേന്ദ്രീകൃതമായ ഒരു സമൂഹം അനുദിനം ശക്തിയാര്‍ജ്ജിച്ചു വരുന്നു. ആഗോളവല്‍ക്കരണവും കച്ചവട താല്പര്യങ്ങളും ഇതിനെ പലപ്പോഴും പരമാവധി പ്രോത്സാഹിപ്പിക്കുന്നു.

ഞാന്‍ ഞാനെന്ന ഭാവം ഇത് ഓരോരുത്തരിലും വളര്‍ത്തിയെടുക്കുന്നു. ഇതിന്റെ പ്രതിഫലനം ഇന്ന് ഓരോ മേഖലയിലും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഫെയ്സ് ബുക്കും അതില്‍ നിന്ന് ഒട്ടും മോചിതമല്ലാത്ത ഒരു ഇടമാണ് !!!

അമ്പട ഞാനേ!!!

ഞാനൊന്ന് കാറി തുപ്പട്ടെ !!!

കേരളത്തിന്റെ മണ്ണില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഒരിക്കലും ഉണ്ടാകരുത് എന്ന് പറഞ്ഞു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നെഞ്ചത്ത് കയറി പൊങ്കാലയിടുകയും അമ്പത്തൊന്നു വെട്ടു വെട്ടുകയും ചെയ്ത മാധ്യമ സിംഹങ്ങളുടെ തനി നിറം അനുദിനം വെളിവായിട്ടും ഇപ്പോഴും ആ ഒരു കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട് കള്ള കേസില്‍ പെടുത്തി ജയിലിലടച്ചവരെ തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വെറുതെ വിട്ടതിനെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിഷ്പക്ഷരെന്നു സ്വയം വിശേഷിപ്പിക്കുന്ന പിതൃശൂന്യ രാഷ്ട്രീയ പ്രവര്‍ത്തനാം നടത്തുന്ന ഹിജഡകളെയും അവരുടെ വാക്ക് കേട്ട് ഇപ്പോഴും ആ ഒരു വധത്തില്‍ മാത്രം സ്വന്തം മനസ്സ് തളച്ചിട്ടു പ്രതികരണം നടത്തുന്ന മന്ദ ബുദ്ധികളുടെയും മുഖത്തേക്ക് ഒന്ന് കൂടി കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുകയാണ് അതിനു ശേഷം നടന്ന നിരവധി കൊലപാതങ്ങള്‍ കണ്ടിട്ടും ഇവര്‍ക്കൊന്നും ഒരു വേദനയും പ്രതികരണവും ഇല്ലാത്തത് കാണുമ്പോള്‍.

അതിലോടുവിലെത്തതാണല്ലോ കാസര്‍ഗോഡ്‌ കൊലപാതകം. എന്തേ ഇവര്‍ക്കൊന്നും ഭാര്യയും അമ്മയും മക്കളും ഒന്നുമില്ലേ? കോണ്ഗ്രസ് കാരന്‍ കൊണ്ഗ്രസുകാരനാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

51 വെട്ടു 27 വെട്ട് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം റിപ്പോര്‍ട്ട് വന്നിട്ടും ഇന്നും 51 വെട്ടു എന്ന് പറഞ്ഞു നടക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാകാത്തവരാണോ വെട്ടു വഴി കവിതകള്‍ എഴുതിയവര്‍?

എന്നിട്ടും ഇതൊന്നും മനസ്സിലായിട്ടും മനസ്സിലായില്ല എന്ന നാട്യത്തില്‍ സി.പി.എം.ന് നേരെ കുതിര കയറാന്‍ വരുന്നവരെ എന്ത് പറയണം? എന്ത് ചെയ്യണം?

സി.പി.എം. എന്തായാലും അഹിംസാവാദികളുടെ പാര്‍ട്ടിയല്ല. അത് കൊണ്ട് തന്നെ തങ്ങളുടെ ഒരു സഖാവ് വെട്ടേറ്റ് മരണപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ കഴിയാത്ത, അറിയാത്ത പാര്‍ട്ടിയല്ല അത്. തിരിച്ചടിക്കുക തന്നെ ചെയ്യും ഈ പാര്‍ട്ടി. അപ്പോള്‍ വെട്ടുകളുടെ എണ്ണം പറഞ്ഞു ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിക്കുവാന്‍ ഒരുത്തനും ഇനി പോയേക്കരുത്.

എത്ര വെട്ടു കൊണ്ട് മരിച്ചാലും സി.പി.എം. കാരന്‍ ഒരുത്തനെയും വെട്ടിക്കൊല്ലരുത്. അത് ഞങ്ങള്‍ സഹിക്കില്ല. എന്നാല്‍ സി.പി.എം.കാരന്‍ എങ്ങിനെ കൊല്ലപ്പെട്ടാലും അവന്‍ കൊല്ലപ്പെടെണ്ടവനാണ് എന്ന നിങ്ങളുടെ ചിന്താഗതി നാട്ടുകാര്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു.

അതു കൊണ്ട് ഇനി ഏതെങ്കിലും ഒരു കൊലപാതകത്തിന്റെ പേരും പറഞ്ഞു സി.പി.എം.നെതിരെ ചര്‍ച്ച ചെയ്യാന്‍ വന്നാല്‍ ജനം നിങ്ങളുടെ മുഖത്തേക്ക് ഒന്ന് കൂടി കാര്‍ക്കിച്ചു തുപ്പും. ആ തുപ്പല്‍ നിങ്ങള്‍ ഏറ്റു വാങ്ങണോ എന്ന് സ്വയം തീരുമാനിക്കുക!!

അസുഖം ഭേദമാകട്ടെ എന്നാശംസിക്കുന്നു

സി.പി.എം.ല്‍ നിന്ന് പുറത്താക്കപ്പെട്ട് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി സഖാവ് എം.വി. രാഘവനെ സി.പി.എം. സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സന്ദര്‍ശിക്കുകയുണ്ടായി. അസുഖ വിവരം തിരക്കി പതിനഞ്ചു മിനുട്ട് സംസാരിച്ച ശേഷമാണ്‌ പിണറായി അവിടുന്നു വിട വാങ്ങിയത്.

ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കുകയുമുണ്ടായി.. അവരെ സബന്ധിച്ചിടത്തോളം സി.എം.പി. യു.ഡി.എഫ് വിട്ടു വരുന്ന കാര്യവും, പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി പിരിച്ചു വിട്ടു സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യവും മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.

എന്നാല്‍ ദീര്‍ഘകാലം സി.പി.എം,.ന്റെ കൂടെ പ്രവര്‍ത്തിച്ചയാളുടെ അസുഖ വിവരം അന്വേഷിക്കാനാണ് സി.പി,.എം. സംസ്ഥാന സെക്രട്ടറി പോയത് എന്ന് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. സി.പി.എം. ന്റെ ഈ മാനുഷിക മുഖത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരു മാധ്യമവും തയ്യാറായി കണ്ടതുമില്ല. എന്തായാലും അത് അവിടെയിരിക്കട്ടെ.

കഴിഞ്ഞ കുറെ നാളുകളായി പാര്‍ക്കിന്‍സന്‍ രോഗത്തിനു അടിമപ്പെട്ട് ചികിത്സയിലാണ് സഖാവ് എം.വി. രാഘവന്‍. പ്രമേഹവും രക്തസമ്മര്‍ദ്ദവും വേറെയുമുണ്ട്. ഇതിനിടയിലാണ് ന്യുമോണിയ ബാധയെ തുടര്‍ന്നു ചൊവ്വാഴ്ച അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സംസാര ശേഷി നഷ്ടപ്പെടുകയും വൃക്കയുടെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ്. മരുന്നുകളോട് നേരിയ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ മന്ദഗതിയിലാണ്. നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞാലെ അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയൂ.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലെ ഒരു വിദഗ്ദ ഡോക്ടര്‍ പരിയാരത്ത് എത്തുന്നുണ്ട്. ഇതിനു പുറമേ പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. എം. അഷ്റഫിന്റെ നേത്രുത്വത്തിലുള്ള വിദഗ്ദ സംഘമാണ് എം.വി.രാഘവനെ ചികിത്സിക്കുനത്.

മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) സി,.പി.എം. പ്രവര്ത്തകരുടെ മനസ്സില്‍ കനല്‍ കോരിയിട്ടത് 1994 ലായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത കൂത്തുപറമ്പ് വെടിവെപ്പ് അഞ്ചു യുവ സഖാക്കളെയാണ് അന്ന് വെടിവെച്ചു കൊന്നത്. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പന്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അതോടൊപ്പം സഖാവ് ഇപി.ജയരാജനെ പാര്‍ട്ടി സമ്മേളനം കഴിഞ്ഞു വരുന്ന വഴി തീവണ്ടിയില്‍ ആന്ധ്രാപ്രദേശില്‍ ഓങ്കോല്‍ എന്ന സ്ഥലത്ത് വെച്ച് സുധാകരനും എം.വി.രാഘവനും ഏര്‍പ്പാട് ആക്കിയ വാടക് ഗുണ്ടകള്‍ മാരകമായി വെടിവച്ചു പരിക്കേല്‍പ്പിച്ചു മരണത്തില്‍ നിന്ന് കഷ്ടിച്ച് രകഷപ്പെട്ടതും സി.പി.എം. പ്രവര്‍ത്തകരുടെ മനസ്സില്‍ ഇന്നും കനലായി തുടരുന്നു. ഇതിനു രാഘവനെ പോലീസ് ഒരു തവണ അറസ്റ്റു ചെയുതുവെങ്കിലും കൊലക്കുറ്റത്തിനു കണ്ണൂര്‍ കോടതിയില്‍ കേസ് നടന്നുവെങ്കിലും കേസ് എവിടേയുമെത്തിയില്ല.

ബദല്‍രേഖ അവതരിപ്പിച്ച് അത് പരാജയപെട്ടതിനു ശേഷവും അതില്‍ ഉറച്ചു നിന്ന് പാര്‍ട്ടിക്ക് വിധേയനാവാതിരുന്നതിനാലാണ് 1986 ല്‍ സഖാവ് എം.വി.രാഘവനെയും ഒരു കൂട്ടം നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ പി.വി.കുഞ്ഞിക്കണ്ണന്‍, സി.പി.മൂസാന്‍ കുട്ടി പുത്തലത്ത് നാരായണന്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും കേരള കൊണ്ഗ്രസുമായി ബന്ധം സ്ഥാപിച്ച് പുതിയ മുന്നണി ഉണ്ടാക്കണം എന്നതായിരുന്നു ആ ബദല്‍ രേഖ. ആദ്യകാലത്ത് ഇതിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന സഖാവ് ഇ.കെ. നായനാര്‍ പാര്‍ട്ടിക്ക് വിധേയനായി ആ നിലപാട് തിരുത്തിയപ്പോള്‍ മറ്റുള്ളവര്‍ അതിനു തയ്യാറായില്ല. സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോലെ പലരും അന്ന് ഈ ബദല്‍ രേഖയെ പിന്തുണച്ചുവെങ്കിലും അവരൊക്കെ തങ്ങളുടെ നിലപാട് തിരുത്തി പാര്‍ട്ടിക്ക് കീഴില്‍ ഉറച്ചു നിന്നു. നായനാര്‍ക്ക് ഇ.എം.എസ്. പാര്‍ടി സെക്രട്ടറി സ്ഥാനം വാഗദാനം ചെയ്തത് കൊണ്ടാണ് നായനാര്‍ ബദല്‍ രേഖയില്‍ നിന്ന് പിന്മാറിയതെന്നും നായനാര്‍ വഞ്ചകനാണെന്നുമായിരുന്നു അന്ന് എം.വി. രാഘവന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ചുണക്കുട്ടന്മാരായ നിരവധി നേതാക്കള്‍ ആയിരുന്നു അന്ന് ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്.

സി.പി.എം.നേ വെല്ലുവിളിച്ചു കൊണ്ട് സി.എം.പി.എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി മനോരമ മാതൃഭൂമി പത്ര മുത്തശ്ശിമാരുടെ പരിലാളനത്തോടെ യു.ഡി.എഫിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്റെ പൊതുയോഗങ്ങളില്‍ വമ്പിച്ച ആള്‍ക്കൂട്ട’മായിരുന്നു അന്നുണ്ടായിരുന്നത്‌. എന്നാല്‍ ഇതിനെതിരെ കേരളമങ്ങോളമിങ്ങോളം ഇ.എം.എസ്. 364 പൊതുയോഗങ്ങളിലാണ് പ്രസംഗിച്ചത് കൂടാതെ നിരവധി ലേഖന പരമ്പരകള്‍ ദേശാഭിമാനിയിലും ചിന്തയിലും ഇ.എം.എസിന്റെതായി വന്നു. എങ്കിലും 1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ അഴീക്കോട് മന്ധലത്തില്‍ നിന്ന് രാഘവന്‍ സി.എം.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. പക്ഷെ ഒരു ബദല്‍ പാര്‍ട്ടിയായി സി.എം.പി.യെ ഉയര്‍ത്തികൊണ്ട് വരാന്‍ രാഘവന് കഴിഞ്ഞില്ല.
മാത്രവുമല്ല അത്തവണ കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗില്ലാത്ത ഒരു മന്ത്രി സഭ സഖാവ് ഇ.കെ. നായനാരുടെ നേത്രുത്വത്തില്‍ വരികയും ചെയ്തു.

തുടര്‍ന്ന്‍ 1991 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ കഴക്കൂട്ടം മന്ധലത്തില്‍ നിന്നും രാഘവന്‍ മത്സരിച്ച് ജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. 26-06-1991 മുതല്‍ 16-03-1995 വരെയും തുടര്‍ന്നു ആന്റണി മന്ത്രി സഭയില്‍ 22-03-1995 മുതല്‍ 09-05-1996 വരെയും അദ്ദേഹം സഹകരണ വകുപ്പ് കൈകാര്യം ചെയ്തു. വീണ്ടും ഏ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ 17-05-2001 മുതല്‍ 29-08-2004 വരെയും പിന്നീട് 31-08-04 മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഭരണം തുടര്‍ന്നു.

രാഘവന്‍ മന്ത്രിയായിരിക്കുന്ന സമയത്താണ് 1993 ല്‍ കണ്ണൂര്‍ തളാപ്പിലെ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി തിരെഞ്ഞെടുപ്പു നടന്നതും അതിന്റെ ഭരണം രാഘവന്‍ പിടിച്ചെടുത്തതും തുടര്‍ന്നു സി.പി..എം.ന് നേരെ നടന്ന അക്രമപരമ്പരകളുടെ പരിണിതഫലമാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ നടന്ന അതിക്രമങ്ങള്‍. അതിന്‍റെ പേരില്‍ ദേശീയ വാര്‍ത്താ മാധ്യമങ്ങളെയും മൃഗ സ്നേഹികളെയും അടക്കം കൂട്ടുപിടിച്ചു സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്‍ പാമ്പ് വളര്‍ത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സഖാക്കളെ 13 വയസ്സിനു മുകളിലുള്ള ആണായി പിറന്നവരെ ഒന്നടങ്കം വേട്ടയാടി പിടിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാത്ത കേസ് എടുത്ത് ജയിലിലടക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് നടത്തിയ നരനായാട്ട് നാട്ടുകാര്‍ക്ക് ഇപ്പോഴും മറക്കാന്‍ കഴിയില്ല. ഈ കേസില്‍ നിന്ന് മോചനം ലഭിക്കുവാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തു. ഒടുവില്‍ കേസില്‍ എല്ലാവരെയും കോടതി വെറുതെ വിട്ടു.

2001 ല്‍ ഈ പാമ്പ്‌ വളര്‍ത്ത് കേന്ദ്രത്തിലെ മൃഗങ്ങളെ വയനാട്, പാലക്കാട് തുടങ്ങിയ വനമെഖലകളില്‍ പുനരധിവസിപ്പിക്കാന്‍ വേണ്ടി പോലീസിന്റെയും വനപാലകരുടെയും സഹായത്തോടെ മൃഗങ്ങളെ ചാക്കിളും മുളന്തണ്ടിലും കെട്ടി അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും തളിപ്പറമ്പ മജിസ്ട്രേറ്റിന്റെ അനുമതി അന്ന് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

1993 ലെ പാമ്പ് വളര്‍ത്ത് കേന്ദ്രം സംഭവം കഴിഞ്ഞ ശേഷമാണ് 1994 ല്‍ കൂത്തുപറമ്പ് സംഭവം നടക്കുന്നത്. ഈ രണ്ടു സംഭവങ്ങളും വഴിതെറ്റിപ്പോയ എം.വി. രാഘവന്‍ എന്ന തങ്ങളുടെ പ്രിയപ്പെട്ട പഴയ നേതാവിനെ അതി കഠിനമായി വെറുക്കാന്‍ കണ്ണൂര്കാരെ പ്രേരിപ്പിച്ചു. അതിന്റെ കനലുകള്‍ ഇന്നും ഓരോ സഖാവിന്റെയും മനസ്സില്‍ കിടന്നു നീറുകയാണ്.

ഇങ്ങിനെയൊക്കെയാണെങ്കിലും എം.വി.രാഘവന്‍ എന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനെ ഇഷ്ടപ്പെടുന്നവര്‍ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. സി.പി.എം.നേ തോല്‍പ്പിക്കാന്‍ യു.ഡി.എഫ്. പാളയത്തില്‍ പോയ പുതിയ രാഘവനോട് പലര്‍ക്കും പുഛ്‌ചഭാവം തന്നെയാണ് ഇപ്പോഴും.

ശങ്കരന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനായി 1933 മേയ് 5ന് പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) ജനിച്ചു. തന്റെ ഒന്നര വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിക്ക് വയസ്സ് രണ്ടര മാത്രം. കൂട്ടു കുടുംബത്തില്‍ കാരണവര്‍ കുഞ്ഞമ്പു നമ്പ്യാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌. കാരണവര്‍ നെയ്ത്ത് തൊഴിലാളിയായിരുന്നു. കൂടാതെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയുമായിരുന്നു. അമ്മൂമ്മയായിരുന്നു അമ്മയേക്കാള്‍ രാഘവനെ ഏറെ സ്വാധീനിച്ച വ്യക്തി. പലപ്പോഴും അമ്മ വഴക്ക് പറയുമ്പോള്‍ രാഘവന് അനുകൂലമായി ഇടയില്‍ കയറി വീഴുന്നതും രാത്രിയില്‍ പുറത്ത് പോയി വരുമ്പോള്‍ ഭക്ഷണം വിളമ്പി വെച്ച് ഉറങ്ങാതെ കാത്തിരിക്കുന്നതും അമ്മൂമ്മയായിരുന്നുവത്രേ.

വീട്ടിലെ സാമ്പത്തിക സ്ഥിതി കാരണം പഠനം പ്രാഥമിക വിദ്യാഭ്യാസത്തോട് കൂടി നിര്‍ത്തേണ്ടി വന്നു. ചേച്ചിയും പഠനം നിര്‍ത്തിയത് ഒന്നിച്ചായിരുന്നു. പാപ്പിനിശ്ശേരി മാനേജ്മെന്റ് എല്‍.പി.സ്കൂളില്‍ ആയിരുന്നു പഠനം. ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ട്. പന്ത്രണ്ടോ പതിനാലോ വയസ്സിലാണെന്ന് തോന്നുന്നു പഠന’ത്തിനു ശേഷം ഒരു നെയ്ത്ത് തൊഴിലാളിയായിമാറി. എന്നാല്‍ ജോലിയില്‍ വലിയ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്തെ ഒരു രൂപ കൂലിക്കുള്ള ജോലി ദിവസം ചെയ്യുമായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. നെയ്ത്ത്ശാല മടുത്തപ്പോള്‍ പിന്നീട് ചേക്കേറിയത് ഒരു പ്ലൈവുഡ്‌ കമ്പനിയില്‍ ആയിരുന്നു. പാപ്പിനിശ്ശേരിയിലെ ഈസ്റ്റെന്‍ പ്ലൈവുഡ്‌സില്‍. ഒന്നോ രണ്ടോ മാസമ അവിടെയും ജോലി നോക്കിയുള്ളൂ. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്കിറങ്ങി.

ഇതിനിടയിലാണ് രാഘവന്‍ രണ്ടു ശീലങ്ങള്‍ കരസ്ഥമാക്കിയത് ഒന്ന് ബീഡി വലിയും മറ്റൊന്ന് വായനയും. ഇതില്‍ ബീഡിവലി അടിയന്തിരാവസ്ഥകാലം വരെ തുടര്‍ന്നിട്ടാണ് നിര്‍ത്തിയത്. വായന തുടര്‍ന്നു. കൂടാതെ ജോലി കഴിഞ്ഞു വന്ന സമയത്ത് നിശാ;പഠനശാലയിലും പോകുമായിരുന്നു. വായനയിലൂടെ’യാണ് ലോക കാര്യങ്ങള്‍ അന്ന് കൂടുതലായി മനസ്സിലാക്കിയത്.

16 വര്‍ഷക്കാലം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി സഖാവ് എം.വി.രാഘവന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‍ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി ചെയര്‍മാന്‍, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം ചെയര്‍മാന്‍, പറശ്ശിനിക്കടവ് പാമ്പ്‌ വളര്‍ത്ത് കേന്ദ്രം. ആയുര്‍വേദ മെഡിക്കല്‍കോളേജ്, സഹകരണ മേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളെജായ പരിയാരം മെഡിക്കല്‍ കോളേജ് ഇവയുടെയൊക്കെ എല്ലാമെല്ലാമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ വികസനത്തിലും മുന്പന്തിയില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പാവപ്പെട്ട നിരവധി സഖാക്കന്മാരുടെ കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഈ സ്ഥാപനങ്ങളിലൊക്കെ ജോലി കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ദ പതിപ്പിച്ചു.

ഏറ്റവും അധികം നിയോജക മന്ധലങ്ങളില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കാര്‍ഡ് എം.വി.രാഘവന് മാത്രമുള്ളതാണ്. സി.പി.എം. ല്‍ ഉണ്ടായിരുന്ന കാലത്ത് 1970ല്‍ മാടായി, 1977ല്‍ തളിപ്പറമ്പ്, 1980;ല്‍ കൂത്ത്പറമ്പ, 1982ല്‍ പയ്യന്നൂര്‍ എന്നിവടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു എം.എല്‍.ഏ. ആയി. സി.എം.പി. രൂപീകരിച്ച ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ 1987ല്‍ അഴീക്കോട്, 1991ല്‍ കഴക്കൂട്ടം 2001ല്‍ തിരുവനന്തപുരം വെസ്റ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.

സി.പി,എം.ല്‍ ഉണ്ടായിരുന്ന സമയത്ത് ശത്രുപക്ഷത്തുള്ളവര്‍ രാഘവനെ “മാടായി മാടന്‍” എന്നായിരുന്നു വിളിച്ചിരുന്നത്‌. മാടായിയില്‍ നിന്നായിരുന്നു രാഘവന്‍ ആദ്യമായി എം.എല്‍.ഏ.ആയി തിരെഞ്ഞെടുക്കപ്പെട്ടത്‌. രാഘവന്റെ അക്കാലത്തെ ചങ്കൂറ്റത്തോടെയുള്ള പ്രവര്‍ത്തനം എതിരാളികളില്‍ പോലും ഭയ ഭക്തി ബഹുമാനം ഉണ്ടാക്കിയിരുന്നു.

രാഘവന്‍റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ എഴുതിയ ആത്മകഥ “ഒരു ജന്മം” ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഖാവ് എം.വി.രാഘവന്റെ കുടുംബവുമായി എനിക്ക് ബന്ധപ്പെടാന്‍ ഇട വന്നത് ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളേജില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1980കളില്‍. അന്ന് രാഘവന്റെ മൂത്ത മകന്‍ അവിടെ പഠിച്ചിരുന്നു. ഗിരീഷ്‌. രാഘവന്റെ അടുത്ത ബന്ധത്തില്‍പ്പെട്ട സഹദേവന്‍ അന്ന് എന്റെ കൂടെയായിരുന്നു പഠിച്ചിരുന്നത്. അങ്ങിനെയാണ് ഗിരീഷിനെയും അത് വഴി അവരുടെ വീട്ടില്‍ പോകാനും അടുത്ത് ഇടപഴകാനും ഉള്ള അവസരം ഉണ്ടായത്. പോരാത്തതിന് രാഘവന്റെ മൂത്ത മകള്‍ ഗിരിജയുടെ ഭര്‍ത്താവ് സഖാവ് ഇ.പി.കുഞ്ഞിരാമന്‍ പഠിപ്പിച്ചിരുന്നതും നമ്മുടെ കോളേജില്‍ ആയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്നു വിഷയം. ഇ.പി.അക്കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ പിറകിലായിട്ടായിരുന്നു അന്ന് അവരുടെ വീട്. ഇ.പി.കൂവോട്ടും. ഓടിട്ട ഒരു സാധാരണ വീട്. ലളിതമായ ജീവിതം. സ്നേഹത്തൊടെയുള്ള പെരുമാറ്റം. കൂട്ടത്തില്‍ പറയാന്‍ വിട്ടത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സി.വി. ജാനകി എന്നാണു. അവിടെ കളിക്കാന്‍ ചെന്നാല്‍ എപ്പഴും വെള്ളവും ചായയും പലഹാരങ്ങളും ഒക്കെ തരുന്ന ജാനകിയേച്ചി. ഒരു മകള്‍.(മൂത്തത്) മൂന്നു ആണ്‍ മക്കള്‍.(ഇളയവര്‍) ഇതില്‍ എം.വി. നികേഷ് കുമാര്‍ ആണ് രാഘവനെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.

സഖാവ് എം.വി.രാഘവന്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ജാനകിയെച്ചിയെയും അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. പിത്താശായ കല്ലിനെ തുടര്‍ന്നുള്ള വയറുവേദനയാണ് പ്രശ്നം. രണ്ടാളുടെയും ആരോഗ്യനില സാമാന്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണു സഖാവ് ഇ.പി.കുഞ്ഞിരാമന്‍ മാസ്റ്ററെ വിളിച്ചപ്പോള്‍ ഇന്ന് അറിയാന്‍ കഴിഞ്ഞത്. മക്കള്‍ എല്ലാവരും അടുത്തുണ്ട് എന്നും പറഞ്ഞു. രണ്ടു പേരുടെയും അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നാശംസിക്കുന്നു

വികസന പ്രിയരും മോദി ഭക്തരും

കഴിഞ്ഞ കുറെ നാളുകളായി കൊര്‍പ്പറെറ്റ് ഭീമന്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ പ്രതീക ചിഹ്നമായി (ഐക്കൊന്‍)) ഗുജറാത്തിലെ നരേന്ദ്ര മോദിയെ ഉയര്‍ത്തി കാട്ടാന്‍ തുടങ്ങിയിട്ട്. വലതു പക്ഷ രാഷ്ട്രീയം എന്ന നാണയത്തിന്റെ ഇരു വശങ്ങളാണ് കോണ്ഗ്രസും ബി.ജെ.പി.യും എന്ന് തിരിച്ചറിയാത്തവര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ട് എന്നത് വസ്തുതയാണ്. അത് കൊണ്ട് തന്നെയാണ് നിലവിലുള്ള കോണ്ഗ്രസ് ഭരണത്തിനെതിരെ അതിശക്തമായ ജനരോഷം എല്ലാ മേഖലയിലും ഉയര്‍ന്നു വരുമ്പോള്‍ അതില്‍ നിന്ന് ഉടലെടുത്തെക്കാവുന്ന പുതിയ ജനമുന്നേറ്റത്തെ തടയിടാനും വഴി തിരിച്ചു വിടാനും തങ്ങളുടെ കാര്യങ്ങള്‍ എന്നും ഭംഗിയായി നടത്താനും വേണ്ടി കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഒരേ സമയം കൊണ്ഗ്രസിനും ബി.ജെ.പി.ക്കും തങ്ങളുടെ സഹായം നല്‍കുന്നത്. 

അവരെ സംബന്ധിച്ചിടത്തോളം കോണ്ഗ്രസ് ആയാലും ബി.ജെ.പി.ആയാലും അവരുടെ കാര്യം നടക്കണം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് താനും. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍ക്കാരിനെതിരെ ജനവികാരം ഉയരുമ്പോള്‍ മറ്റേ പാര്‍ട്ടിയുടെ സര്‍ക്കാരിനെ അവര്‍ അവരോധിക്കും. അങ്ങിനെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് അനുപൂരകമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും എതിരായി ഒരു മൂന്നാം മുന്നണി ബദലായി ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. ഇത്ര സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം നിലനിര്‍ത്തികൊണ്ട് പോകുന്നതിലും അവര്‍ക്ക് വലിയ പങ്കുണ്ട്. അതനുസരിച്ച് പ്രാദേശിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിന്റെ സ്വാദ് ആസ്വദിക്കാന്‍ വേണ്ടി ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ മുന്നണിയില്‍ ചേക്കേറും. ആ സ്ഥിതി മാറ്റി അവരെ ഉള്‍പ്പെടുത്തി കൊണ്ട് മൂന്നാം മുന്നണിയുടെ ഭരണം കാഴ്ച വെക്കാന്‍ നമുക്ക് കഴിയണം. .

തിരെഞ്ഞെടുപ്പിനു മുന്നേ പ്രാദേശിക പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് കൊണ്ഗ്രസിനും ബി.ജെ.പിക്കും ബദലെന്ന രീതിയില്‍ ഒരു മൂന്നാം മുന്നണി തട്ടിക്കൂട്ടാനുള്ള രാഷ്ട്രീയ സാഹചര്യം പരിപക്വമായിട്ടില്ല എന്നാണു ഇടതു പക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ നിലവില്‍ പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്ക് മത്സരിച്ചു കൊണ്ട് തിരെഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മുന്നണി രൂപീകരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് അവര്‍ വിലയിരുത്തുന്നു. ഭരണത്തിനു വേണ്ടി ബി.ജെ.പി.യുടെയോ കൊണ്ഗ്രസിന്റെയോ കൂടെ മാറി മാറി പോകുന്ന ഇന്നത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതു പാര്‍ട്ടികളുമായി കൂട്ട് കൂടി കൊണ്ട് മത്സരിക്കാന്‍ തയ്യാറായാല്‍ ഈ അവസ്ഥക്ക് ഒരു ചെറിയ മാറ്റം വരുത്താന്‍ കഴിയും. അതിനു അവരെ തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്. ഇടതു പക്ഷം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയും ഇത് തന്നെയാണ്.

അഴിമതിയില്‍ മുങ്ങികുളിച്ച് ജനങ്ങളാല്‍ വെറുക്കപെട്ട കോണ്ഗ്രസ് സര്‍ക്കാരിനെ വലിച്ചു താഴെയിടണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ താഴെയിട്ടു കഴിഞ്ഞാല്‍ പിന്നാലെ വരുന്ന ഭരണം ആരുടേതായിരിക്കും? ഇന്നത്തെ നിലയില്‍ അത് ഒരു പക്ഷെ ബി.ജെ.പി.യുടെതായിരിക്കാം. തീവ്ര ഹിന്ദുത്വം ഉയര്‍ത്തിപിടിക്കുന്ന ബി.ജെ.പി. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ മതേതരത്വത്തിനു ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ യു.പി.ലെ മുസഫര്നഗരില്‍ നടത്തിയ വര്‍ഗീയ ലഹളകളില്‍ കൊല്ലപ്പെട്ടത് എത്ര പേരായിരുന്നു. അയോധ്യ പ്രശ്നം കുത്തി പൊക്കി നടത്തിയ സമരവും ഹര്‍ത്താലും എന്തിനു വേണ്ടിയായിരുന്നു? ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു കൊണ്ട് തങ്ങളുടെ അധികാര കസേര ഉറപ്പാക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ തിരെഞ്ഞെടുപ്പിനു മുമ്പായി ഇനി എത്രയെത്ര വര്‍ഗ്ഗീയ ലഹളകളെ നാം നേരിടേണ്ടി വരും എന്നതാണ് നാം കാണാന്‍ പോകുന്നത്. തിരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏതു കിരാത നടപടിക്കും ഇവര്‍ തയ്യാറാവും എന്നുള്ളത് നാം ഭയപ്പാടോടെ ഓര്‍ക്കേണ്ട കാര്യമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുമാണ്.

ആദ്യകാലത്ത് തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന ബി.ജെ.പി. ക്രമേണ ക്രമേണ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കൂട്ടുപിടിച്ചു മുന്നണി ഉണ്ടാക്കി മത്സരിച്ചു അധികാരത്തില്‍ വന്നത് നാം കണ്ടു കഴിഞ്ഞു. അന്ന് കുറെയൊക്കെ മതേതര മുഖമുള്ള വാജ്പേയി ആയിരുന്നു അവരുടെ പ്രധാന മന്ത്രി എങ്കില്‍ പിന്നീട് ആ സ്ഥാനം കയ്യടക്കാന്‍ വേണ്ടി തീവ്ര ഹിന്ദുത്വ നിലപാട് തുടക്കത്തില്‍ സ്വീകരിച്ച അദ്വാനി മുന്നോട്ട് വരുന്ന കാഴ്ചയാണ് നാം കണ്ടത്. വാജ്പേയി രാഷ്ട്രീയ വനവാസം സ്വീകരിച്ച പോലെയുമായി. ഈ അവസരത്തിലാണ് കോണ്ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയത് അതും മറ്റു മുന്നണികളെ കൂട്ടുപിടിച്ചു കൊണ്ടാണെങ്കിലും.

ഇതില്‍ ആദ്യം ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ വേണ്ടി ഇടതു പാര്‍ട്ടികള്‍ കോണ്ഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. അങ്ങിനെയാണ് ഒന്നാം യു.പി.ഏ. മുന്നണി അധികാരത്തില്‍ വന്നതും ബി.ജെ.പി. ഭരണത്തിനു പുറത്തായതും. ഈ മുന്നണി ആണവകാരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിചപ്പോള്‍ കോണ്ഗ്രസ് മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടി ഭരണം തുടരുകയും തുടര്‍ന്നുള്ള തിരെഞ്ഞെടുപ്പില് വീണ്ടും ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഭരണത്തില്‍ എത്തുകയും ചെയ്തു. വീണ്ടും ബി.ജെ.പി.ക്ക് ഭരണം നേടാനായില്ല.

അങ്ങിനെ വാജ്പേയിക്ക് ശേഷം പ്രധാനമന്ത്രി കുപ്പായം തുന്നി കാത്തിരുന്ന അദ്വാനിക്ക് തന്റെ നറുക്ക് വീണതെയില്ല. വീണ്ടും ഒരു തിരെഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സമയത്താണ് നാമിപ്പോള്‍..

ഈ ഒരു അവസരത്തിലാണ് ഗോദ്രാ സംഭവത്തിന്റെ പേരില്‍ ഗുജറാത്തില്‍ അതി നിഷ്ടൂരവും മൃഗീയവുമായ രീതിയില്‍ വംശ ഹത്യകളും കൊലപാതകങ്ങളും നടത്തിയ നരാധമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വികസന വീരന്‍ എന്ന നെറ്റിപ്പട്ടം ചാര്‍ത്തി കോര്‍പ്പറേറ്റുകള്‍ ജനങ്ങളുടെ മുന്നാകെ അവതരിപ്പിക്കുന്നത്‌.

വികസനം എന്ന പദത്തോടുള്ള മധ്യവര്‍ഗ ചിന്താഗതിക്കാരുടെ അഭിനിവേശം പരമാവധി മുതലെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുനത്. യഥാര്‍ത്ഥത്തില്‍ എന്ത് വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്നുള്ള കാര്യത്തില്‍ ഇന്നും രണ്ടഭിപ്രായം നില നില്‍ക്കുന്നു. വികസനത്തോടുള്ള നമ്മുടെ കാഴ്ചപ്പാടില്‍ തന്നെ ഒരു വലിയ അഴിച്ചു പണിയുടെ ആവശ്യം ഉണ്ട്.

കാര്‍ഷിക മേഖലയിലായാലും മറ്റു അടിസ്ഥാന വര്‍ഗങ്ങളുടെ മേഖലയിലായാലും കാര്യമായ ഒരു പുരോഗതിയും മോഡിക്ക് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല. പിന്നെ കൊട്ടിഘോഷിക്കുന്ന ഈ വികസനം ഏതു മേഖലയിലാണ് ഉണ്ടായിരിക്കുന്നത്? അതിന്റെ ഗുണ ഭോക്താക്കള്‍ എത്ര ശതമാനമാണ്? ഇതിലേക്ക് കടക്കുമ്പോഴാണ് മോദിയും കൊര്‍പ്പറെറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കേട്ട് നമ്മുടെ ശ്രദ്ധയില്‍ പെടുക. ഈ അവിശുദ്ധ കൂട്ട് കേട്ട് പടച്ചു വിടുന്ന വികസനമാണ്‌ ഇന്ത്യയൊട്ടാകെ വികസന മന്ത്രമായി തിരെഞ്ഞെടുപ്പ് പ്രചരണമായി അവര്‍ ഉയര്‍ത്തികൊണ്ട് വരാന്‍ പോകുന്നത്.

കൊര്‍പ്പറേറ്റ്കള്‍ പണം വാരിയെറിഞ്ഞു മാധ്യമങ്ങളെ വിലക്കെടുത്ത് നിരന്തരമായി പൊതുജനങ്ങളുടെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.. കൊണ്ഗ്രസിനെ മറിച്ചിട്ട് ബി.ജെ.പി.യെ കൊണ്ട് വരിക നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കൊണ്ട് വരിക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇതാണ് അവര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണം. ഇതില്‍ എത്ര മാത്രം വാസ്തവമുണ്ട്?

നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്നാല്‍ തീരുന്ന പ്രശ്നങ്ങളാണോ ഇവിടെയുള്ളത്? കൊണ്ഗ്രസിന്റെയും ബി.ജെ.പി.യുടെയും നയങ്ങളില്‍ എന്താണ് വിത്യാസം? അതു കൊണ്ട് തന്നെ മോഡിക്ക് വിസ നിഷേധിക്കുന്ന അമേരിക്കക്ക് മോദിയായാലും കോണ്ഗ്രസ് ആയാലും ഒരു പ്രശ്നവുമില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൊണ്ഗ്രസ് ഭരണത്തില്‍ മനം മടുത്ത ജാനങ്ങള്‍ക്ക് ഒരു ഭരണമാറ്റം ആവശ്യമാണു അത് അവര്‍ ബി.ജെ.പി.യെ നല്‍കി കൊണ്ട് നിര്‍വഹിക്കും. അവിടെയും അവരുടെ കാര്യങ്ങള്‍ മുറ പോലെ നടക്കും. ഇതാണ് അവരുടെ കണക്കു കൂട്ടല്‍.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും അമേരിക്കയും ബി.ജെ.പി.ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സാഹചര്യത്തില്‍ രക്തദാഹിയായ ഒരു ഭരണാധികാരിയെ വികസന വീരനായി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു നമ്മുടെ പ്രധാന മന്ത്രിയായി തിരെഞ്ഞെടുക്കാന്‍ നമ്മെ നിര്‍ബന്ധിപ്പിക്കുന്ന ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്ന് നാം നൂറു വട്ടം ആലോചിക്കേണ്ടതില്ല.

ബി.ജെ.പി.യെയും കോണ്ഗ്രസിനെയും പരാജയപ്പെടുത്തുന്നതോടോപ്പം തന്നെ മൂന്നാം മുന്നണി എന്ന സങ്കല്‍പ്പം തിരെഞ്ഞെടുപ്പിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക. അഴിമതിയില്‍ മുങ്ങികുളിച്ച് കിടക്കുന്ന കോണ്ഗ്രസിനെയും ഇന്ത്യയുടെ മതേതരത്വം തന്നെ ഇല്ലാതാക്കുന്ന ബി.ജെ.പി.യെയും അമ്പേ പരാജയപ്പെടുത്തുക. ഇനിയുള്ള നാളുകള്‍ അതിനു വേണ്ടിയുള്ളതായിരിക്കട്ടെ ......