2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

മഞ്ചു വാര്യരും ശ്വേതാ മേനോനും, പിന്നെ സുരേഷ് ഗോപിയും

സെലിബ്രിറ്റികളായ നടീ നടിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍, അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ പലപ്പോഴും ആവശ്യത്തിലധികം വാര്‍ത്താ പ്രാധാന്യം നേടുന്ന അവസ്ഥ നാം കാണാറുണ്ട്‌.

ഇത് പലപ്പോഴും നമ്മളില്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്. ജനങ്ങള്‍ അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുമ്പോള്‍ അല്ലെങ്കില്‍ മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ പ്രതികരണം എന്നതില്‍ നിന്ന് മാറി ചിലര്‍ തങ്ങളുടെ അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റാതെ നടത്തുന്ന പ്രതികരണങ്ങളായി ചിലത് മാറുന്നതും നാം കാണാറുണ്ട്‌.

ഇത്തരം വിഷയങ്ങളില്‍ ഓരോ ആളുകളും പ്രതീക്ഷിക്കുന്നത് മാധ്യമങ്ങള്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കണം എന്നാണ്. അത് നടപ്പുള്ള കാര്യമല്ല. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വാര്‍ത്താ പ്രാധാന്യവും വാര്ത്താമൂല്യവും നോക്കി അവര്‍ വാര്‍ത്ത ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്യും. അത് അവരുടെ സ്വാതന്ത്ര്യം. അവരുടെ റേറ്റിങ്ങ് മത്സരത്തിന്റെ പ്രശ്നം.

ഇത് വിത്യസ്ത കാഴ്ചപ്പാടുള്ള നമുക്ക് പൊതുവായി അംഗീകരിക്കാന്‍ കഴിയുന്നതല്ല. കഴിയുകയുമില്ല. എന്നാല്‍ അതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലി നാം സ്വീകരിക്കേണ്ടതുണ്ടോ? തീര്‍ച്ചയായും നമ്മുടെ അനിഷ്ടം പ്രകടിപ്പിക്കാം പക്ഷെ ഒപ്പം മറ്റുള്ളവരെ ബഹുമാനിക്കാന്‍ നാം മറന്നു കൂടാ. പലരും ആ നിലവാരത്തില്‍ നിന്ന് താഴോട്ടു വരുന്നത് കാണാം. അതൊഴിവാക്കേണ്ടതാണ്.

മഞ്ചു വാര്യര്‍ വീണ്ടും സിനിമയിലേക്ക് വരുന്നത് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ ചാനലുകള്‍ കൊടുക്കുന്നത് കാണുമ്പോള്‍ നാം അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അത് അവരുടെ സ്വാതന്ത്ര്യം അത് വക വെച്ച് കൊടുക്കുക. ഒപ്പം ഇക്കാര്യത്തില്‍ ഉള്ള തങ്ങളുടെ നിലപാട് അറിയിക്കുക. ശ്വേതാ മേനോന്റെ പ്രസവ രംഗ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോള്‍ സിനിമ പുറത്ത് വന്നതോടെ മറ്റൊരു രൂപത്തിലേക്ക് വഴി മാറി പോകുകയാണ്.

എന്നാല്‍ സുരേഷ് ഗോപി എന്ന സിനിമാ നടന്‍ നടത്തുന്ന മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മാധ്യമങ്ങള്‍ ആവശ്യത്തില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം കൊടുക്കാറില്ല ഏറ്റവും ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീട് വെച്ച് താക്കോല്‍ദാനം നിര്‍വഹിച്ച വിഷയം അതിനു വാര്‍ത്താ പ്രാധാന്യം നല്‍കിയത് വളരെ കുറവായിരുന്നു. എന്നാല്‍ മമ്മൂട്ടി വയലിലിറങ്ങിയതും മോഹന്‍ ലാല്‍ ഒരു കൈലി ഉടുത്താലും ഒക്കെ വലിയ വാര്‍ത്ത ആക്കുന്നവരാണ് ഈ മാധ്യമങ്ങള്‍. അത് അവരുടെ പക്ഷപാതിത്വം.

ഒരു പക്ഷെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ഇടം പിടിച്ചു ഒടുവില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിയായി തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിക്കൂടെന്നില്ല. സുരേഷ്ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം അത് ഒരു പക്ഷെ സിനിമാ നടന്‍ ജഗദീഷ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമായിരിക്കാം. അത് നമ്മളില്‍ പലര്‍ക്കും സ്വീകാര്യവുമല്ല. അങ്ങിനെ വരുമ്പോള്‍ ആ രാഷ്ട്രീയത്തിന്റെ പേരില്‍ ജനസേവനത്തിന് വന്നാല്‍ അത്തരക്കാരെ സുഖ സുന്ദരമായി തോല്‍പ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ തയ്യാറാവുകയും വേണം. ഒപ്പം അവരുടെ ഇത്തരം മനുഷ്യത്വ പരമായ നിലപാടുകള്‍ അംഗീകരിക്കുകയും വേണം.

സുരേഷ് ഗോപിയുടെക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ പലരും വേണ്ടത്ര പ്രതികരിച്ചു കണ്ടില്ല. കാരണങ്ങള്‍ പലതായിരിക്കാം. അതിനോട് ഒന്നും വിയോജിപ്പുമില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളുടെ കച്ചവട താല്പര്യം മനസ്സിലാക്കി അതിനനുസരിച്ച് അതിനെതിരെ പ്രതികരിക്കുക. വിയോജിപ്പുകള്‍ രേഖപ്പെടുത്തുക. അതിന്റെ കൂട്ടത്തില്‍ വ്യക്തി ഹത്യ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് സെലിബ്രിറ്റികളായ എല്ലാവരുടെ കാര്യത്തിലും ഉണ്ടാകണം. അല്ലാതെ ആര്‍ക്കെങ്കിലും കൂടുതല്‍ ഇഷ്ടമുള്ള നടന്‍റെയോ നടിയുടെയോ കാര്യത്തില്‍ മാത്രം ആവരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ