2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കെ.ആര്‍. ഗൌരിയമ്മ

“കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.”

ബാലചന്ദ്രൻ ചുള്ളിക്കാട്

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കാരുടെ പ്രിയങ്കരിയായ "കുഞ്ഞമ്മ" എന്ന പേരില്‍ അറിയപ്പെടുന്ന നവതി പിന്നിട്ട കെ.ആര്‍. ഗൌരിയമ്മ (94)
1919 ജൂലായ് മാസം തിരുവോണം നാളില്‍ കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും, ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ് തെരേസാസിലുമായി ബിരുദ പഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ (സ്റ്റുഡന്റ്സ് ഫെഡറെഷന്‍) വഴിയാണ് ഗൌരിയമ്മ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചത് എങ്കിലും തന്റെ മൂത്ത സഹോദരനും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായ സുകുമാരന്റെ സ്വാധീനത്താലാണ് ഗൌരിയമ്മ രാഷ്ട്രീയത്തില്‍ സജീവമായത്.

അക്കാലത്ത് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വളരെ വിരളമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും കര്‍ഷക പ്രസ്ഥാനത്തിലുമായിരുന്നു ആദ്യകാലത്ത് ഗൌരിയമ്മ പ്രവര്‍ത്തിച്ചത്. പല തവണ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസവും ക്രൂര പീഡനവും അനുഭവിച്ചിട്ടുണ്ട്. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന് ഗൌരിയമ്മ സ്വയം പറയുന്നു. അത്രമാത്രം ക്രൂരമായി അവര്‍ ഗൌരിയമ്മയെ പീഡിപ്പിച്ചിരുന്നു.

1952, 1954 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍ നിയമസഭാ കൌണ്‍സിലിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തിനു ഗൌരിയമ്മ മത്സരിച്ചു വിജയിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം നടന്ന 1957 ലെ തിരെഞ്ഞെടുപ്പില്‍ വിജയിച്ചു ഇ.എം.എസ്. മന്ത്രിസഭയില്‍ റവന്യു മന്ത്രിയായി.

അതെ വര്ഷം തന്നെയാണ് ഇ.എം.എസ്. മന്ത്രിസഭയിലുള്ള മറ്റൊരു മന്ത്രി കൂടിയായ സഖാവ് ടി.വി. തോമസിനെ ഗൌരിയമ്മ കല്യാണം കഴിക്കുന്നത്‌.. തീര്‍ത്തും ഒരു മന്ത്രി കല്യാണം.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടി.വി. തോമസ് സി.പി.ഐ.യിലും ഗൌരിയമ്മ സി.പി.എം.ലുമായി. ഇത് അവര്‍ തമ്മിലുള്ള ദാമ്പത്യ ബന്ധത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന്‍ 1967 ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ രണ്ടു പേരും വീണ്ടും മന്ത്രിമാരായി. തൊട്ടടുത്ത ഓഫീസുകളില്‍ ജോലി നോക്കി. അടുത്തടുത്ത മന്ത്രി ബംഗ്ലാവുകളില്‍ താമസിച്ചു.

അക്കാലത്ത് ഈഴവ സമുദായത്തില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ ആദ്യ വനിതയായിരുന്നു ഗൌരിയമ്മ. കമ്മ്യൂണിസ്റ്റ് മന്ത്രി സഭകളില്‍ 1957, 1967, 1980, and 1987 എന്നീ വര്‍ഷങ്ങളിലും കോണ്ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. മന്തിസഭയില്‍ 2001 to 2006 വര്‍ഷങ്ങളിലും മന്ത്രിയായി പ്രവര്‍ത്തിച്ചു.

1957 മുതല്‍ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് ഗൌരിയമ്മ തിരെഞ്ഞെടുക്കപ്പെട്ടു. 1960, ’67, ’70, ’82, ’87, ’91, and 2001. അരൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായി തിരെഞ്ഞെടുക്കപ്പെട്ടു കൊണ്ടിരുന്നത്. ആദ്യം ചേര്‍ത്തലയില്‍ മത്സരിച്ച് ജയിചിരുന്നുവെങ്കിലും.

ഗൌരിയമ്മ മത്സരിച്ച 16 തിരെഞ്ഞെടുപ്പുകളില്‍ ആകെ മൂന്നു തവണ മാത്രമേ പരാജയത്തിന്റെ രുചി അറിഞ്ഞുള്ളൂ അത് 29 വയസ്സില്‍ 1948ല്‍. ആദ്യമായി മത്സരിച്ച സമയത്ത്. പിന്നീട് 1977 ല്‍. ഒടുവില്‍ 2006 ലും. അത് സി.പി.ഐ.യിലെ പി. തിലോത്തമാനോട്. തന്റെ ഭര്‍ത്താവിന്റെ പാര്‍ട്ടിക്കാരനോട്.

ഭൂപരിഷ്കരണമായിരുന്നു ഗൌരിയമ്മയുടെ പ്രധാന നേട്ടം വിപ്ലവകരമായ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ചത് ഗൌരിയമ്മയാണ്.. റവന്യു വകുപ്പ് കൂടാതെ എക്സൈസും ദേവസ്വവും കൂടെ ഉണ്ടായിരുന്നു 1957 ഏപ്രില്‍ മുതല്‍ 1969 ജൂലൈ വരെ മന്ത്രിയായിരുന്നു കുടികിടപ്പുകാരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നത് ഓര്‍ഡിനന്‍സ് വഴി സംസ്ഥാനമോട്ടാകെ നിരോധിക്കുകയും പിന്നീട് നിയമസഭയില്‍ പ്രസിദ്ധമായ Agrarian Relations Bill പാസ്സാക്കുകയും അത് രാഷ്ട്രപതിയുടെ സമ്മതത്തിനായി അയച്ചു കൊടുക്കുകയും ചെയ്തു. വിമോചന സമരത്തെ തുടര്‍ന്ന്‍ നിയമ സഭ പിരിച്ചു വിടുന്നതിനു മുന്നേ ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും രാഷ്ട്രപതി ഇതിനു അംഗീകാരം നല്കിയില്ല.

തുടര്‍ന്ന്‍ 1960-’64 ല്‍ വന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മന്ത്രിസഭ ഭൂപരിഷ്കരണത്തെ തുരങ്കം വയ്ക്കുകയും അതില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 1967 മുതല്‍ ഒക്ടോബര്‍ 1969 വരെയുള്ള ഇ.എം.എസി.ന്റെ രണ്ടാമത്തെ സര്‍ക്കാരില്‍ വീണ്ടും ഗൌരിയമ്മ റവന്യുമന്ത്രിയായി. സെയില്‍സ് ടാക്സ്, സിവില്‍സപ്ലൈസ്‌, സാമൂഹ്യക്ഷമം, നിയമം എന്നീ വകുപ്പുകളും ഗൌരിയമ്മക്ക് ലഭിച്ചു. ഇക്കാലയളവിലാണ് മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ പല വകുപ്പുകളും ഇല്ലായ്മ ചെയ്തു പുതിയത് കൊണ്ട് വന്നത്. ഇതിന്റെ ഫലമായി ജന്മിത്വം അവസാനിക്കുകയും ഏകദേശം നാല്‍പ്പതു ലക്ഷത്തോളം ആളുകള്‍ അവരുടെ ഭൂമിയുടെ ഉടമകളാവുകയും ചെയ്തു. ഒരു ലക്ഷം എക്രയിലധികം സ്ഥലം അധികമായി കണ്ടെത്തിയത് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തതും ഇക്കാലത്ത് തന്നെ.

1980 ജനുവരി മുതല്‍ 1981 ഒക്ടോബര്‍ വരെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ്, സാമൂഹ്യക്ഷേമം, വിജിലന്‍സ്, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987 ലെ നായനാര്‍ മന്ത്രിസഭയിലും ഇതേ വകുപ്പുകള്‍ ഗൌരിയമ്മ കൈകാര്യം ചെയ്യുകയുണ്ടായി. ഈ തിരെഞ്ഞെടുപ്പില്‍ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കിലും ആ സ്ഥാനം ലഭിക്കുകയുണ്ടായില്ല.

തുടര്‍ന്നു 1994 ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു ഗൌരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം. എല്‍ നിന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു പുറത്താക്കപ്പെട്ട ശേഷം 1994 ല്‍ Janathipathiya Samrakshana Samithy (JSS) എന്ന പേരില്‍ ഗൌരിയമ്മ സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കി. യു.ഡി.എഫുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കി മത്സരിച്ച് ജയിച്ച ഗൌരിയമ്മ ഏ.കെ. ആന്റ്നിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി സഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു.

ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഇവരുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്.

ആറു തവണ മന്ത്രി സ്ഥാനത്തിരുന്ന ഗൌരിയമ്മ തുടര്‍ച്ചയായി പന്ത്രണ്ടു നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ തിരെഞ്ഞെടുക്കപ്പെട്ടു. എന്ന റിക്കാര്‍ഡിനുടമയാണ്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന ആള്‍ 16,345 ദിവസങ്ങള്‍ എന്ന റിക്കാര്‍ഡും ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന റിക്കാര്‍ഡും യഥാക്രമം ബേണിജോണിനെയും പി.ആര്‍.കുറുപ്പിനെയും മറികടന്നാണ് സ്വന്തമാക്കിയത്.

2010-ൽ കെ.ആർ.ഗൗരിയമ്മ-ആത്മകഥ എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

ഗൌരിയമ്മ ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

സ്ത്രീകളുടെ പൊതുവായ ഉന്നമനം ലക്ഷ്യമാക്കി പ്രത്യേകിച്ച് നാട്ടുമ്പുറങ്ങളിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കെ.ആര്‍. ഗൌരിയമ്മയുടെ പേരില്‍ K.R. Gouri Amma College of Engineering for Women എന്ന പേരില്‍ ഒരു സ്ഥാപനം തുറവൂരില്‍ വളമംഗലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ എഡ്യുക്കേഷനല് ആന്റ് കള്ച്ചറല്‍ ട്രസ്റ്റ് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇത് നടത്തുന്നത്.

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായി ജെഎസ്എസ് നേതാവ് ഗൌരിയമ്മ എകെജി സെന്‍ററില്‍ 2012 സെപ്തംബര്‍ 6ന് എത്തി. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനത്തിനു പങ്കെടുക്കാന്‍ ആയിരുന്നു എത്തിയത്. അന്ന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ കൂടെ ഗൌരിയമ്മ വേദി പങ്കിട്ടു. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന സിനിമയായിരുന്നു അത്. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ.

സി.പി.എം.ലേക്ക് തിരിച്ചു വരികയാണെങ്കില്‍ ഗൌരിയമ്മയെ സാഗതം ചെയ്യാന്‍ പാര്‍ടി തയ്യാറാണ്. അവരുടെ തിരിച്ചു വരവു ആഗ്രഹിക്കുന്ന ഒരു പാടു കമ്മ്യൂണിസ്റ്റ്കാര്‍ ഉണ്ട്. ശത്രുപാളയത്തില്‍ ചെന്ന് പെട്ടുവെങ്കിലും എം.വി.രാഘവനെപ്പോലെ പാര്ട്ടിക്കെതിരായി പകയോടെ പ്രവര്‍ത്തിക്കാന്‍ ഗൌരിയമ്മ ഒരിക്കലും തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ്കാര്‍ ഗൌരിയമ്മയെ ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ