2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 6

തെയ്യച്ചരിത്രം 6

നീലിയാർ ഭഗവതി (കോട്ടത്തമ്മ, ഒറ്റത്തറ):
കണ്ണൂര്‍ ജില്ലയിലെ മൊറാഴക്കടുത്തുള്ള മാങ്ങാട്ട് പറമ്പ് നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. ഈ അമ്മ ദൈവം കോട്ടത്തമ്മ എന്നും ഒറ്റത്തറ എന്നും കൂടി അറിയപ്പെടുന്നുണ്ട്. മഹാകാളി സങ്കല്‍പ്പമാണ് ഈ ദേവിക്കുള്ളത്. ചെറുകുന്ന്, എരിഞ്ഞിക്കീല്‍, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങള്‍ ഉണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലമാണ് ഭഗവതിയുടെ ആരൂഡം . കര്‍ക്കിടക മാസം രണ്ടു മുതല്‍ പതിനാറ് വരെയുള്ള ദിവസങ്ങളില്‍ ഭഗവതി ഇവിടെയാണ് ഉണ്ടാവുകയത്രേ.
വര്‍ഷത്തില്‍ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ഒറ്റ ചെണ്ടയും കുറച്ചു വാദ്യങ്ങളും മാത്രമേ തെയ്യത്തിനു ഉപയോഗിക്കാറുള്ളൂ. വൈകുന്നേരം സൂര്യാസ്തമന സമയത്താണ് ഈ തെയ്യക്കോലം ഇറങ്ങുക. എല്ലാ മാസ സംക്രമത്തിനും കുടുംബ വകയായും സന്താന സൌഭാഗ്യത്തിനും മഗല്യ ഭാഗ്യത്തിനും ഒക്കെയായി ഭക്തര്‍ ഭഗവതിയെ കെട്ടിയാടിക്കാന്‍ നേര്‍ച്ച നേരാറുണ്ട്
വലിയ മുടി, മുഖത്തെഴുത്ത്‌ എന്നിവയില്‍ ഈ തെയ്യത്തിനു വലിയ തമ്പുരാട്ടി തെയ്യത്തോടു ഏറെ സാദൃശ്യം ഉണ്ട്. മാങ്ങാട്ട് പറമ്പു നീലിയാര്‍ കോട്ടം പത്തൊന്‍പത് ഏക്കര്‍ വിസ്താരമുള്ള ദേവസ്ഥലമാണ്. വര്‍ഷത്തില്‍ സ്ഥിരമായി ഇവിടെ തെയ്യമുള്ളതിനാല്‍ കാവിനുള്ളില്‍ തന്നെ മഴ കൊള്ളാതെ മുഖത്തെഴുതാനും മറ്റുമായി ഒരു ചെറിയ കെട്ടിടമുണ്ട്. അവിടെത്തന്നെയാണ് തെയ്യത്തിന്റെ അണിയലങ്ങള്‍, മുളയില്‍ തീര്‍ത്ത ഇരുപത് അടിയോളം നീളമുള്ള തിരുമുടി എന്നിവയൊക്കെ സൂക്ഷിക്കുന്നത്. കരക്കാട്ടിടം നായനാര്‍ ആചാരം കൊടുത്തവര്‍ക്ക് മാത്രമാണ് ഈ തെയ്യം കെട്ടാന്‍ അനുവാദം. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
കണ്ണൂര്‍ കൊട്ടിയൂരിനടുത്തുള്ള മണത്തണയില്‍ നാട്ടു രാജാവിനാല്‍ അപമൃത്യുവിനിരയായ സുന്ദരിയും തര്‍ക്കശാസ്ത്ര വിടഗ്ദയുമായ താഴ്ന്ന ജാതിയില്‍ പെട്ട നീലി എന്ന സ്ത്രീയാണ് മരണ ശേഷം നീലിയാര്‍ ഭഗവതിയായി മാറിയത് എന്നാണു വിശ്വാസം.
വേറൊരു പുരാവൃത്തം ഉള്ളത് ഇങ്ങിനെയാണ്‌. വ്യഭിചാര ദോഷം ചുമത്തി നീലി എന്നൊരു അടിയാത്തിപ്പെണ്ണിനെ അവളുടെ അപ്പനെ കൊണ്ട് തന്നെ കൊല ചെയ്യിച്ചതും നീലി മരണാനന്തരം നീലിയാര്‍ ഭഗവതിയായി മാറിയതുമായ നാട്ടു പുരാവൃത്തമുണ്ട്.
മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികര്‍ കുളിക്കാനായി ഇല്ലക്കുളത്തില്‍ എത്തുമ്പോള്‍ സുന്ദര രൂപത്തില്‍ നീലിയാര്‍ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്നന്വേഷിക്കുകയും അങ്ങിനെ അരികില്‍ വരുന്നവരെ കൊന്നു ചോര കുറിക്കുകയും ചെയ്യും. അവിടെ കുളിക്കാനായി ചെന്നവര്‍ ആരും തിരിച്ചു വരാറില്ല. ഒരിക്കല്‍ പണ്ഡിതനായ കാളക്കാട്ട് നമ്പൂതിരി അവിടെയെത്തുകായും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോവുകയും ചെയ്തു. അവിടെ മറുകരയില്‍ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിന് നമ്പൂതിരി കാളക്കാട്ട് എന്ന് മറുപടി പറയുകയും മറുചോദ്യത്തിന് കാളി എന്ന് നീലിയും മറുപടി പറഞ്ഞു. പിന്നീട് ഭഗവതി എണ്ണയും താളിയും നല്‍കുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം ആ എണ്ണയും താളിയും കുടിച്ചു. അമ്മ എന്ന് വിളിച്ചതിനാല്‍ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയില്‍ കയറി വന്നു എന്ന് വിശ്വസിക്കുന്നു.
പശുവും പുലിയും ഒന്നിച്ചു സ്നേഹത്തൊടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നു ഭഗവതി പറഞ്ഞുവെന്നും അങ്ങിനെ മാങ്ങാട്ട് പറമ്പില്‍ പശുവും പുലിയും ചേര്‍ന്നു മേയുന്നത് കണ്ടെന്നും അവിടെ കുട ഇറക്കി വെച്ച് വിശ്രമിച്ചു എന്നുമാണ് ഐതിഹ്യം. എന്നാല്‍ ഈ ഐതിഹ്യ കഥയെ പിന്തുണയ്ക്കുന്ന വരികള്‍ തോറ്റം പാട്ടുകളില്‍ കാണാന്‍ ഇല്ലെന്നു എം.വി. വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെടുന്നു.
നീലിയാര്‍ ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=MkxIEXhmeGA
Source: Theyyams from Malabar
കോട്ടത്തമ്മയെന്ന നീലിയാര്‍ ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=IB9ZinyXLW4
കടപ്പാട്: വിനീഷ് പുതിയ പുരയില്‍
അതിരാളൻ ഭഗവതി:
തലശ്ശേരി അണ്ടലൂര്‍ കാവില്‍ വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ അതിരാളാന്‍ ഭഗവതി. ശ്രീരാമ പത്നിയായ സീതാ ദേവിയാണ് അതിരാളന്‍ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ കാണുന്ന മക്കള്‍ തെയ്യങ്ങള്‍ ലവനും കുശനുമാണെന്നാണ് ഐതിഹ്യം. 
എന്നാല്‍ അതിരാളന്‍ കോട്ട ഭരിച്ചിരുന്ന കഞ്ഞിക്കന്നിയുടെ സ്മരണയുണര്‍ത്തുന്നതാണ് അതിരാളന്‍ ഭഗവതിയെന്ന ഒരു വിശ്വാസവും ഉണ്ടത്രേ.
ഈ തെയ്യം കെട്ടുന്ന ആള്‍ തന്നെയായിരിക്കും ദൈവത്താര്‍ തെയ്യവും കെട്ടുക.
അതിരാളാന്‍ ഭഗവതിയും മക്കളും വീഡിയോ കാണാന്‍:
http://www.youtube.com/watch?v=0LNn1i796xc
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
കുട്ടിക്കര ഭഗവതി:
പഴയങ്ങാടിക്കടുത്ത് വെങ്ങരയിലെ മൂലക്കീല്‍ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ്‌ കുട്ടിക്കര ഭഗവതി. വലിയ മുടിയാണ് കുട്ടിക്കര ഭഗവതിയുടെ കോലത്തിനുള്ളത്. മലയാള മാസം മകരം 26 മുതല്‍ കുംഭം 2 വരെയാണ് ഇവിടെ കളിയാട്ടം നടത്താറ്. ആദ്യക്കാലത്ത് നമ്പൂതിരിമാര്‍ ആയിരുന്നു ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ എങ്കില്‍ പില്‍ക്കാലത്ത് അവര്‍ അത് മൂവാരിമാര്‍ക്ക് നല്‍കുകയായിരുന്നു. അങ്ങിനെ മൂവാരി സമുദായക്കാരുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി ഇത് മാറി.
ഏഴിമലക്കടുത്ത കുന്നരു ദേശത്തെ നമ്പൂതിരിമാർ മൂലക്കീൽ പുഴയ്ക്ക് ഇക്കരെ അവരുടെ പരദേവതയായ വെള്ളാർകുളങ്ങര ഭഗവതിയെയും സോമേശ്വരിയെയും ആരാധിച്ചിരുന്നു. ഇല്ലത്തുനിന്ന് ഇക്കരെ ദീപം തെളിയിക്കാൻ ഇല്ലത്തെ ഒരു ബ്രാഹ്മണ ബാലിക പതിവായി വരാറുണ്ടായിരുന്നു. ഒരിക്കൽ വിളക്ക് വയ്ക്കാൻ വന്ന പെൺകുട്ടി കനത്ത പേമാരിയിൽ ആരോരും തുണയില്ലാതെ ഒറ്റപ്പെടുന്നു. താൻ വിളക്ക് കത്തിച്ചാരാധിക്കുന്ന ദൈവങ്ങളെ അവൾ കരഞ്ഞ് വിളിക്കുകയും തായ്പരദേവതമാർ ആ കുട്ടിയെ ശ്രീകോവിലിനുള്ളില്‍ സുരക്ഷിതയാക്കുകയും ജന്മനാ ലക്ഷ്മിചൈതന്യമുള്ള കുട്ടിയെ തങ്ങൾക്കൊപ്പം ഇരിപ്പിടം നൽകി ദൈവമായി അവരോധിക്കുകയും ചെയ്തു.
ഈ സമയം കുട്ടിയെ അന്വേഷിച്ചെത്തിയവർ വിവരമറിയുകയും അക്കരെ കാത്തുനിന്നവരോട് "കുട്ടി ഇക്കരെ " എന്ന് വിളിച്ചു പറയുകയും ചെയ്തുവത്രെ. ആ വാക്യം ലോപിച്ച് പിന്നീട് അത് കുട്ടിക്കര എന്നായി എന്നാണ് ഐതിഹ്യം. വിളക്കു വയ്ക്കാൻ വന്ന പെൺകുട്ടിയെ കുട്ടിക്കര ഭഗവതിയായി കെട്ടിയാടിക്കുന്ന സമയത്ത് തായ്പരദേവതമാരെയും കെട്ടിയാടിക്കുന്നു. ഈ തെയ്യക്കോലങ്ങൾക്കു പുറമേ അനവധി തെയ്യങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.
വെങ്ങര കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ തെയ്യങ്ങളുടെ വീഡിയോ കാണാന്‍:

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ