2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 22

തെയ്യച്ചരിത്രം 22



മന്ത്ര മൂര്‍ത്തികള്‍:  മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപസാന നടത്തുകയും ചെയ്യുന്ന ദേവതകളെയാണ് മന്ത്ര മൂര്‍ത്തികള്‍ എന്ന് പറയുന്നത്. ഭൈരവാദി പഞ്ച മൂര്‍ത്തികള്‍ ഇവരില്‍ പ്രശസ്തരാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍, ഉച്ചിട്ട എന്നിവരാണ് ഈ ദേവതകള്‍.  ഇതിനു പുറമേ കുറത്തിയും മന്ത്രമൂര്‍ത്തിയാണ്. കുഞ്ഞാര്‍ കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, എന്നിങ്ങനെ പതിനെട്ടു തരം കുറത്തിമാരുണ്ടെങ്കിലും ഇതില്‍ ചിലതിനു മാത്രമേ കെട്ടികോലമുള്ളൂ. കണ്ടാകര്‍ണനെയും ചിലര്‍ മന്ത്ര മൂര്‍ത്തിയായി ഉപാസിക്കുന്നുണ്ട്.
കുരുതിക്ക് ശേഷം അഗ്നിയില്‍ ചവിട്ടി  ശരീര ശുദ്ധി വരുത്തുന്ന തെയ്യങ്ങളെ നമുക്ക് കാണാന്‍ കഴിയും. അത് പോലെ കത്തിജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്ന കുണ്ടോറ ചാമുണ്ഡിയുടെ ഇളംകോലവും, തീക്കൊട്ട കയ്യിലേന്തി നൃത്തമാടുന്ന കുട്ടിച്ചാത്തനെയും വെളിച്ചണ്ണ തുള്ളികള്‍ തീത്തുള്ളികളായി കയ്യിലേറ്റ് വാങ്ങുന്ന ഭൈരവനും കത്തുന്ന മേലേരിയില്‍ ഇരിക്കുന്ന ഉച്ചിട്ട തെയ്യവും ഭക്തന്‍മാരില്‍ അതിശയം ജനിപ്പിക്കുന്ന തെയ്യങ്ങളാണ്‌. ഒരാള്‍പൊക്കത്തില്‍ തയ്യാറാക്കിയ കനല്‍ കൂമ്പാരത്തില്‍ നൂറ്റൊന്ന് വട്ടം എടുത്തു ചാടുന്ന ഒറ്റക്കോലവും (തീച്ചാമുണ്ടി) കനലില്‍ കിടന്ന് പരിഹാസ രൂപേണ കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന പൊട്ടന്‍ തെയ്യവും നൂറ്റൊന്ന് കോല്‍ത്തിരികള്‍ തിരുമുടിയിലും പതിനാറ് പന്തങ്ങള്‍ അരയിലും ചൂടി നൃത്തമാടുന്ന കണ്ടാകര്‍ണനെയും ഉലര്‍ത്തി കത്തിച്ച തീ നടുവിലൂടെ പല പ്രാവശ്യം പാഞ്ഞുറയുന്ന കണ്ടനാര്‍ കേളന്‍ തെയ്യവും കൈനഖങ്ങളില്‍ ഓരോന്നിലും തീത്തിരി കത്തിച്ചു കളിയാടുന്ന പുള്ളിഭഗവതിയും എല്ലാം അഗ്നിയുമായി ബന്ധപ്പെട്ട ദൈവങ്ങളാണ്.
ഒടയില്‍ നാല് കൂറ്റന്‍ കെട്ടുപന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ടമുടിയിലും കോല്‍ത്തിരികള്‍ കത്തുന്നത് കാണാം. ഒടയില്‍ കുത്തിനിറുത്തിയ തീപന്തങ്ങളാണ് നരമ്പില്‍ ഭഗവതിക്കും കക്കരപ്പോതിക്കും കുളങ്ങരഭഗവതിക്കും ജ്ഞാന സ്വരൂപിണിയായി പ്രത്യക്ഷപ്പെടുന്ന സമയത്ത് രണ്ടു ചെറുപന്തങ്ങള്‍ കൈയിലേന്തിയാണ് മുച്ചിലോട്ട് ഭഗവതി വരിക. തൊണ്ടച്ചന്‍ തെയ്യത്തിനു മുളഞ്ചൂട്ടും മറ്റു തെയ്യങ്ങളായ ഗുളികന്‍ തെയ്യവും, പൂതം തെയ്യവും കത്തിച്ചു പിടിച്ച ചൂട്ടുകളും ഉപയോഗിക്കുമ്പോള്‍ കരിവെള്ളൂരിലെ തെയ്യങ്ങളായ പൂളോനും പുതിച്ചോനും ഒന്നിലധികം പേര്‍ കത്തിച്ചു പിടിക്കുന്ന പന്നിചൂട്ടുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ കതിവന്നൂര്‍ വീരന്‍, പെരുമ്പുഴയച്ചന്‍ തെയ്യങ്ങള്‍ക്ക് നൂറ്റിയൊന്ന് കോല്‍ത്തിരികള്‍ ചേര്‍ന്നുള്ള  വാഴപ്പോളകള്‍ കൊണ്ട് തീര്‍ത്ത കമനീയമായ കോല്‍ത്തിരി തറകളുണ്ടാവും. കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ ചെമ്മരത്തി തറയും കൂടിയാണിത്.
അഗ്നിയില്‍ നിന്ന് പാതിരാവില്‍ ഉയിര്‍ത്ത് വന്ന എരുവാച്ചിയമ്മയാണ് വേലര്‍ കെട്ടിയാടുന്ന തീയേന്തി നൃത്തമാടുന്ന ചുടല ഭദ്രകാളി.  കണ്ണങ്ങാട്ട് ഭഗവതിയുടെ ഇളംകോലത്തിന്റെ പേര് തന്നെ തീപ്പാറ്റ എന്നാണു. കാവിനു ചുറ്റും ഒരുക്കിയ ചെറിയ ചെറിയ മേലേരിയുടെ മേലെ കൂടി ഒറ്റ ചിലമ്പും കുലുക്കി ഈ തെയ്യം കാവിന് ചുറ്റും പാഞ്ഞോടുകയാണ് ചെയ്യുക.
ഭൈരവന്‍ തെയ്യം:
ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം  യുഗങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിലേക്ക് മാറിയെങ്കിലും ആര്‍ക്കും ജയിക്കാനാവാതെ വന്നതിനു തുടര്‍ന്ന്‍ തര്‍ക്ക പരിഹാരാര്‍ത്തം പരമശിവനെ ചെന്ന് കണ്ടു. കൈലാസത്തിലുള്ള വലിയ ശിവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ ഏതെങ്കിലുമൊന്നു (ശിവശീര്‍ഷം) ആര് ആദ്യം കണ്ടു തിരിച്ചു വരുന്നോ അവരായിരിക്കും വിജയി എന്ന് പറഞ്ഞതിന്‍ പ്രകാരം ഇരുവരും ശിവലിംഗത്തില്‍ കയറി ബ്രഹ്മാവ്‌ ശിവലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു. മന്വന്തരങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും രണ്ടു പേര്‍ക്കും ലക്‌ഷ്യം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ബ്രഹ്മദേവന്‍ ശിവലിംഗത്തിന്റെ മുകളില്‍ നിന്ന് താഴോട്ടു പതിക്കുന്ന കൈതപ്പൂവുമായി സംസാരിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അത് പ്രകാരം ശിവലിംഗത്തിന്റെ മുകളില്‍ നിന്ന് എടുത്തതാണ് കൈതപൂവിനെ എന്ന് ശിവന്‍ ചോദിച്ചാല്‍ ബ്രഹ്മാവിനെപോലെ കൈതപൂവും കളവു പറയണം എന്നു കൈതപൂവുമായി ശട്ടം കെട്ടുകയും ഇരുകൂട്ടരും ശിവന്റെ ചോദ്യത്തിനു മുന്നില്‍ ഇത്തരത്തില്‍ ഒരേ പോലെ കള്ളം പറയുകയും ചെയ്തു.
ഇതില്‍ കുപിതനായ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്ത്എടുക്കുകയും ആരും നിന്നെ പൂജിക്കാതിരിക്കട്ടെ എന്ന് ശാപം നല്‍കുകയും ചെയ്തുവത്രേ. കളവിന് കൂട്ടു നിന്ന കൈതപൂവിനെ ആരും പൂജയ്ക്കെടുക്കാതിരിക്കട്ടെ എന്നും ശപിച്ചു. ഇങ്ങിനെയാണ്‌ ബ്രഹ്മാവ്‌ നാന്മുഖനായതും അത് വരെ പൂജയില്‍ പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരുന്ന വളരെയധികം സുഗന്ധമേറിയ കൈതപൂവ് പൂജയ്ക്കെടുക്കാതെയായതും.
താന്‍ കോപം കൊണ്ട് ചെയ്ത മഹാപരാധത്തിനു പരിഹാരം കാണണമെന്നു തോന്നിയ ശിവന്‍ കപാലവുമേന്തി ഭൈരവ രൂപം ധരിച്ചു ഭിക്ഷക്കിറങ്ങി. ഭിക്ഷയെടുത്ത് ജീവിച്ചു തന്റെ പാപം തീര്‍ത്തു എന്നാണ് ഐതിഹ്യം. നായയാണ്‌ ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്. കാലഭൈരവൻഎന്ന നാമത്തിലും ഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. മറ്റ് ഭൈരവന്‍മാര്‍ ഇവരാണ്. അഗ്നിഭൈരവന്‍, ആദിഭൈരവന്‍, യോഗി ഭൈരവന്‍, കങ്കാള ഭൈരവന്‍, ശാക്തേയ ഭൈരവന്‍, ഈശ്വര ഭൈരവന്‍, കപാല ഭൈരവന്‍ എന്നിവരാണവര്‍.
കയ്യില്‍ മണിയും, കപാലവുമേന്തി (ഭിക്ഷാപാത്രം)പൊയ്ക്കണ്ണണിഞ്ഞ്  ഭിക്ഷയ്ക്കിറങ്ങിയ ശിവന്റെ രൂപമാണ് ഭൈരവന്‍ തെയ്യത്തിന്റെത്. മന്ത്രവാദ പാരമ്പര്യമുള്ള തറവാടുകളില്‍ വിശേഷാല്‍ ആരാധിച്ചു പോരുന്ന തെയ്യക്കോലമാണ് ഭൈരവന്‍ തെയ്യം. ഭൈരവന്‍, ഉച്ചിട്ട തുടങ്ങിയ ഭൈരവാദി പഞ്ചമൂര്ത്തികളില്‍ പ്രധാനിയും ഈ തെയ്യം തന്നെ. വളപട്ടണം പുഴയ്ക്ക് വടക്ക് മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. എന്നാല്‍ വണ്ണാന്‍മാരും വേലന്‍മാരും ഈ തെയ്യം കെട്ടിയാടാറുണ്ട്. യോഗിമാരുടെ തറവാട്ട് മഠങ്ങളിലെ കുല ദൈവമാണ് ഭൈരവന്‍.
എന്നാല്‍ വളപട്ടണം പുഴയ്ക്ക് തെക്ക് ഈ തെയ്യം കെട്ടിയാടുന്നത്‌ പാണന്മാരാണത്രെ.  മുകളില്‍ പറഞ്ഞ തോറ്റം പാട്ടിലും ചലനങ്ങളിലും പ്രതിപാദിച്ചു കാണുന്ന ആദ്യ കഥയല്ല പാണന്മാരുടെ കഥ. പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിലുള്ളവയാണ്. അവരുടെ കഥ പ്രകാരം ചോയിയാര്‍ മഠത്തില്‍ ചോയിച്ചി പെറ്റ ചീരാളനെ യോഗിമാര്‍ക്ക് അറുത്ത് കറിവെച്ചു കൊടുത്തു എന്നും സത്യം മനസ്സിലാക്കിയ യോഗിമാര്‍ ചീരാള എന്ന് വിളിച്ചപ്പോള്‍ ഇലയില്‍ നിന്നും ഇറച്ചി കഷണങ്ങള്‍ തുള്ളികളിച്ചെന്നും ഓരോ ഇറച്ചി കഷണങ്ങളില്‍ നിന്നും ഓരോ ഭൈരവന്‍മാര്‍ ഉണ്ടായി എന്നും പറയപ്പെടുന്നു. എന്നാല്‍ ഈ കഥക്ക് തോറ്റം പാട്ടുകളുടെ പിന്‍ബലമില്ല.
പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ
എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.

ഭൈരവന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം


(തുടരും,,,,)

1 അഭിപ്രായം:

  1. തലക്കെട്ട് നൽകുന്നത് ഉള്ളടക്കത്തെ കുറിച്ചാകട്ടെ....
    ഇപ്പോൾ ആവശ്യമുള്ളവ തലക്കെട്ട് നോക്കി ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുവാ൯ സാധിക്കുന്നില്ല

    മറുപടിഇല്ലാതാക്കൂ