2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 5

തെയ്യച്ചരിത്രം 5

നരമ്പില്‍ ഭഗവതിയും മാഞ്ഞാളമ്മയും:
രയരമംഗലത്തടിയോടിയുടെ പത്നി നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്‍ഭിണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി. ശാട്യം പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്‍ക്ഷണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കരഞ്ഞു കണ്ണീരോടെ ദേവിയെ പ്രാര്‍ഥിച്ചു. സംഹാര രുദ്രയായ ദേവി കൊടുങ്കാറ്റ് പോലെ രയരമംഗലത്തേക്ക് പോയി. രയരമംഗലം ഭഗവതി കോപാന്ധയായ ദേവിയെ അനുനയിപ്പിക്കാന്‍ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു. മുച്ചിലോട്ട് ഭഗവതി മാഞ്ഞാളമ്മയായി അനുനയ വാക്കുകളും ആരാധ്യപദവിയും നല്‍കി കൂടെ കൂട്ടി. ദേവി നരമ്പില്‍ ഭഗവതിയായി കോലസ്വരൂപം നേടി എന്നാണു ഐതിഹ്യം.
വേറൊരു കഥ ഇപ്രകാരമാണ്. അസുരപ്പടയോടു അടരാടിയ മഹാകാളിയുടെ സഹായത്തിനു ചോരയില്‍ പൊടിച്ചുണ്ടായ ദേവത. ഉഗ്രശക്തിയോടു കൂടി പാഞ്ഞു വന്ന ദേവി നാന്തക വാള്‍ കൊണ്ട് അസുരവരന്റെ കരള്‍ കൊത്തിനുറുക്കി ഭൂത ഗണങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തുവത്രെ. കൊടക്കല്‍ തറവാട്ട് നായര്‍ നരമ്പില്‍ കാവില്‍ കുടിയിരുത്തിയതിനാല്‍ നരമ്പില്‍ ഭഗവതിയായി അറിയപ്പെട്ടു. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
നരമ്പില്‍ ഭഗവതിയുടെ വീഡിയോ കാണാന്‍: 
http://www.youtube.com/watch?v=L8U32OR18uE
കടപ്പാട്: പ്രിയേഷ് എം.ബി.
പടമടക്കി തമ്പുരാട്ടി (ഭഗവതി):
കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്‍ ഒരിക്കല്‍ നീലേശ്വരം രാജാവും കൂട്ടരും കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. പ്രാര്‍ത്ഥനയില്‍ സംപ്രീതരായ ദേവന്മാര്‍ തങ്ങളുടെ ഭക്തരുടെ രക്ഷക്കായി പടമടക്കി ഭഗവതിയെ അയച്ചു. ആക്രമണകാരികള്‍ ബോധരഹിതരായി നിലംപതിക്കുകയും ശത്രുക്കള്‍ പിന്മാറുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിച്ചു കൊണ്ടാണ് കോറോത്ത് ക്ഷേത്രത്തില്‍ പടമടക്കി ഭഗവതി തെയ്യം എല്ലാ വര്‍ഷവും കെട്ടിയാടുന്നത്‌. വേറൊരു കഥ ഇപ്രകാരമാണ്:
കോലത്തിരി തമ്പുരാന് എതിരെ കുതിച്ചു വന്ന മായപ്പട നാടും നാട്ടങ്ങാടികളും കീഴടക്കി മുന്നേറിയപ്പോള്‍ കല്ലന്താറ്റ് തണ്ടപ്പുലയന്‍ തന്റെ ഉപാസാന മൂര്‍ത്തിയ തോറ്റിണര്‍ത്തി ആ ഉഗ്രസ്വരൂപിണി പടനടുവിലേക്ക് കൊടുങ്കാറ്റായി പാഞ്ഞു വീണു ശത്രുക്കളെ കൊന്നു തള്ളി. ശേഷിച്ചവര്‍ ജീവനും കൊണ്ടോടി. പട ജയിച്ച ദേവി പടമടക്കി തമ്പുരാട്ടി എന്നറിയപ്പെട്ടു. പുലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
പടമടക്കി ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=VncmI-coPE4
കടപ്പാട്: നന്ദകുമാര്‍ കോറോത്ത്
കക്കര ഭഗവതി:
പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു.
പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം.
ദാരികാസുര വധം കഴിഞു ദേവി മാന്ത്രികനായ കാളകാട്ടു തന്ത്രിയുടെ മന്ത്രമൂര്‍ത്തിയായി. ഒരു നാള്‍ തൊട്ടിലില്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഇതിന്റെ കരച്ചില്‍ നിര്‍ത്താന്‍ ആരുമില്ലേ എന്ന് കയര്‍ത്തപ്പോള്‍ ദേവി കുഞ്ഞിനെ കൊന്നുവത്രേ. ഇതറിഞ്ഞ കാളകാടര്‍ ഭഗവതിയുടെ മുദ്രയായ വെള്ളിവാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകിയെത്തിയ വെള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരി ഭക്തിപൂര്‍വ്വം കയ്യേറ്റു കാവില്‍ പ്രതിഷ്ടിച്ചു. കക്കര കാവില്‍ പ്രതിഷ്ടിച്ചത് കൊണ്ട് കക്കര ഭഗവതിയായി. രൌദ്രമൂര്‍ത്തിയായ ഈ രണദേവത പഴങ്കഥ പാടുന്നതെങ്ങിനെയെന്നു നോക്കൂ:
എടുത്തെറിഞ്ഞതോ എന്റെ കാളകാട്...
വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം
കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.
മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്.
കക്കറ ഭഗവതിയെന്ന കക്കര ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=fflOQKfpQXw
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
http://www.youtube.com/watch?v=a5EJAEQb_CQ
കടപ്പാട്: പി.എം. രാജീവ് നമ്പ്യാര്‍
കക്കരഭഗവതിയെന്ന ധൂളിയങ്ങ ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=xzUTXddMUxs
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
പ്രമാഞ്ചേരി ഭഗവതി:
വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം മഹേശ്വരന്റെ തൃക്കണ്ണില്‍ നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ്. പുറമന്‍ചേരിക്കാവില്‍ ആദ്യം കുടികൊണ്ടതിനാല്‍ പുറമഞ്ചേരി ഭഗവതി എന്നും പിന്നീടത്‌ പ്രമഞ്ചേരി, ബ്രഹ്മഞ്ചേരി എന്നും അറിയപ്പെട്ടു.
ശ്രീ ബ്രഹ്മഞ്ചേരി ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=aJonPCsuwec
Source: Theyyams from malabar

(തുടരും,,,,)

1 അഭിപ്രായം:

  1. പല തെയ്യങ്ങളും കണ്ടിട്ടുണ്ടെങ്കിലും അവക്ക് പിന്നിലെ ഐതിഹ്യങ്ങൾ അറിയില്ലായിരുന്നു. പങ്കു വെച്ചതിനു നന്ദി

    മറുപടിഇല്ലാതാക്കൂ