2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 17

തെയ്യപ്പെരുമ - 17

തെയ്യത്തിന്റെ സൌന്ദര്യം !!
മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്, ചമയങ്ങള്‍, വേഷങ്ങള്‍ എന്നിവ നോക്കിയാണ് തെയ്യങ്ങളെ പരസ്പ്പരം വേര്‍തിരിക്കുന്നത്. 
തെയ്യങ്ങള്‍ക്ക് രൂപ വൈവിധ്യം ഉണ്ടാക്കുവാന്‍ സഹായിക്കുന്നവയാണ് മുഖത്തെഴുത്ത്‌, ആടയാ ഭരണങ്ങള്‍, മുടികള്‍, ഉടയാടകള്‍ എന്നീ ചമയങ്ങള്‍. ഈ ചമയങ്ങളെ തലചമയം, അരചമയം, കാല്‍ചമയം, കൈച്ചമയം എന്നിങ്ങനെ തിരിക്കാം. ഇതില്‍ ലോഹ നിര്‍മ്മിതമായ ചമയങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളതെല്ലാം കോലക്കാരന്‍ തന്നെയാണ് ഉണ്ടാക്കാറ് പതിവ്. തലപ്പാളി, ചെന്നിമലര്‍ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും ചിലമ്പ്, മണിക്കയല്, പറ്റുമ്പാടകം എന്നിവ തെയ്യത്തിന്റെ കാലിലും നിര്‍ബന്ധമാണെന്ന് പറയപ്പെടുന്നു.
മുഖത്തെഴുത്ത്‌, മുഖത്ത് തേപ്പ് എന്നീ രണ്ടു പ്രകാരമാണ് തെയ്യങ്ങളുടെ മുഖാലങ്കരണം നടത്തുന്നത്. അരിപ്പൊടിചാന്ത്, ചുട്ടെടുത്ത നൂറ്, കടും ചുവപ്പ് മഷി, മനയോല, ചായില്യം, മഞ്ഞള്‍പ്പൊടി എന്നിവയാണ് തെയ്യങ്ങളുടെ തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. തെങ്ങോലയുടെ ഈര്‍ക്കില്‍ ചതച്ചാണ് ചായമെഴുത്തിനുപയോഗിക്കുന്നത്. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിറങ്ങളെ ചാലിക്കുന്നത്‌. കോലക്കാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണ രീതിക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും വിത്യാസം ഉണ്ടാകും.
വേലന്‍, കോപ്പാളന്‍ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങള്‍ക്ക് മുഖത്ത് തേപ്പ് മാത്രമേ പതിവുള്ളുവത്രേ. അത് പോലെ വണ്ണാന്‍മാരുടെ മുത്തപ്പന്‍ തെയ്യം, കക്കര ഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോന്‍ തെയ്യം തുടങ്ങിയവക്ക് മുഖത്ത് തേപ്പ് മാത്രമേ കാണാറുള്ളൂ. എന്നാല്‍ മറ്റ് തെയ്യങ്ങള്‍ക്കെല്ലാം മുഖത്തെഴുത്ത്‌ കാണും. തലയ്ക്കല്‍ ഇരുന്നു മുഖത്തെഴുത്തുന്നത് തല തിരിച്ചാണെന്നു അറിയുമ്പോഴാണ് ആ കരചാതുര്യം നമ്മെ വിസ്മയഭരിതരാക്കുന്നത്. മുഖത്തെ മുഖ്യസ്ഥാനമായ കണ്ണിനെ കേന്ദ്രീകരിച്ചാണ് മുഖത്തെഴുത്ത്‌ ആരംഭിക്കുക.
ഓരോ തെയ്യങ്ങള്‍ക്കും വിത്യസ്ത മുഖത്തെഴുത്താണ്. അമ്മ തെയ്യങ്ങള്‍ക്ക് വെളുത്ത നിറവും, രൌദ്ര ഭാവത്തിലുള്ള തെയ്യങ്ങള്‍ക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളില്‍ കരിപ്പിടിപ്പിച്ച് അതില്‍ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുക. ചായങ്ങള്‍ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. ചുവന്ന നിറത്തിന് ചായില്യവും, മഞ്ഞക്ക് മനയോലയും കറുപ്പിന് കരിമശിയും, പച്ചക്ക് കല്ലുമണോലയും നീലയും, ചോക്ക നിറമുണ്ടാക്കാന്‍ മഞ്ഞള്‍പ്പൊടിയും നൂറും (ചുണ്ണാമ്പ്) ചേര്‍ത്താണ് ചായക്കൂട്ടുകള്‍ ഉണ്ടാക്കുന്നത്‌. പാരമ്പര്യമായി കിട്ടിയ അറിവുകള്‍ വെച്ചാണ് മുഖത്തെഴുത്ത്‌ നടത്തുന്നത്.
മലര്‍ന്നു കിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകള്‍ ഭാഗത്തിരുന്നാണ് മുഖമെഴുത്ത് നടത്തുക. നത്തുകണ്ണ്‍ വെച്ചഴുത്ത്, പുലിനഖം വച്ചെഴുത്ത്, കോഴി പുഷ്പ്പം വച്ചെഴുത്ത് തുടങ്ങി പലതരം വച്ചെഴുത്തുകളുണ്ട്. ഇവ അന്യം നില്‍ക്കാതെ നോക്കേണ്ടത് ബന്ധപ്പെട്ടവര്‍ തന്നെയാണ്.
മുഖത്തെഴുത്ത്‌ തന്നെ പല പേരുകളിലാണ് അറിയപ്പെടുന്നത്. കുറ്റി ശംഖും പ്രാക്കും എന്ന മുഖത്തെഴുത്താണ് മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി ദേവിമാരുടെത്. പ്രാക്കെഴുത്ത് എന്ന മുഖത്തെഴുത്ത്‌ വേണ്ടത് വലിയ മുടി വെച്ചാടുന്ന തെയ്യങ്ങള്‍ക്കാണ്. നരിമ്പിന്‍ ഭഗവതി, അങ്കകുളങ്ങര ഭഗവതി എന്നിവര്‍ക്ക് വൈരിദളവും ചെമ്പിലോട്ടു ഭഗവതി, മരക്കലത്തമ്മ എന്നിവര്‍ക്ക് മാന്‍കണ്ണെഴുത്തും ആണ് മുഖത്തെഴുത്ത്‌. എന്നാല്‍ നാഗകന്നിക്ക് മാന്‍കണ്ണും വില്ലുകുറിയുമാണ് മുഖത്തെഴുത്ത്‌. നരിക്കുറിച്ചെഴുത്താണ് പുലിയൂര്‍കാളി, പുള്ളികരിങ്കാളി എന്നീ തെയ്യങ്ങളുടെത്. ഇരട്ടച്ചുരുളിട്ടെഴുത്താണ് കണ്ടനാര്‍ കേളന്‍, വീരന്‍ തുടങ്ങിയവയുടെതെങ്കില്‍, ഹനുമാന്‍ കണ്ണിട്ടെഴുത്താണ് ബാലിതെയ്യത്തിന്റെത്. പൂമാരുതന്‍, ഊര്‍പ്പഴച്ചി, കരിന്തിരി നായര്‍ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത്‌ കൊടുംപുരികം വച്ചെഴുത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ കൊടും പുരികവും കോയിപ്പൂവും മുഖത്തെഴുത്ത്‌ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെതാണ്. വട്ടക്കണ്ണിട്ടെഴുത്ത് വയനാട്ടുകുലവന്‍ തെയ്യത്തിന്റെതാണ്. കുക്കിരിവാല് വച്ചെഴുത്ത് ഉള്ളവയാണ് പുലിക്കണ്ടന്‍,പുലിയൂരുകണ്ടന്‍ എന്നീ തെയ്യങ്ങള്‍. ഇങ്ങിനെ നാല്പ്പതിലതികം മുഖത്തെഴുത്തുകള്‍ പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നു. പേര് വിത്യാസം മാത്രമുള്ള ഒരേ സങ്കല്‍പ്പത്തിലുള്ള ദേവതമാര്‍ക്ക് മുഖത്തെഴുത്ത്‌ ഒന്ന് തന്നെയായിരിക്കും.
മെയ്യെഴുത്ത്‌: കന്നിക്കൊരു മകന്‍, തെക്കന്‍ കരിയാത്തന്‍, കതിവന്നൂര്‍ വീരന്‍ എന്നീ തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ ദേഹത്ത് അരിചാന്ത് തേക്കും. പൂമാരുതന്‍, ബാലി, കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍, പുളളികരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ മഞ്ഞളാണ് തേക്കുക. എന്നാല്‍ അരിചാന്തും മഞ്ഞളും തേക്കുന്ന തെയ്യങ്ങളാണ്‌ മുത്തപ്പനും, തിരുവപ്പനും. പള്ളിക്കരിവേടന്‍ തെയ്യത്തിനു അറിചാന്തും കടും ചുവപ്പും ഉപയോഗിച്ചാണ് മെയ്യെഴുത്ത് നടത്തുന്നത്. അങ്കക്കാരന്‍ തെയ്യം കറുപ്പും ചുവപ്പും ശരീരത്തില്‍ തേക്കുന്നു. വരുന്ത് വാലിട്ടെഴുത്ത് എന്നാണു ഇളം കരുമകന്എന്ന തെയ്യത്തിന്റെ മേയ്യെഴുത്തിനെ പറയുന്നത്. വേട്ടയ്ക്കൊരു മകന്‍, ഊര്‍പ്പഴച്ചി എന്നിവയുടെ ശരീരത്തില്‍ പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്.
ആടയാഭരണങ്ങള്‍ കൊണ്ട് മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ നിറങ്ങള്‍ കൊണ്ട് ചിത്ര പണി ചെയ്യുന്നതിനെയാണ് മെയ്യെഴുത്ത് എന്ന് പറയുന്നത്. പുലിവീരന്മാരായ കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി തുടങ്ങിയ തെയ്യങ്ങള്‍ക്കും ഇളംകോലമായ വെള്ളാട്ടത്തിനും മേനിയില്‍ ഉന്നം (പഞ്ഞി) ഒട്ടിച്ചു വെക്കുകയാണ് പതിവ്.
മുഖച്ചമയത്തിലെ മറ്റൊരിനമാണ്‌ കറുപ്പും വെളുപ്പുമുള്ള താടി മീശകള്‍. കറുത്ത താടി മീശ, വെളുത്ത താടി മീശ, പിടി മീശ, തൂക്കു താടി എന്നിങ്ങനെയാണവ. ഉണ്ടാക്കുന്നതാകട്ടെ വേലിമുണ്ടയുടെ നേര്‍ത്ത നാരുകള്‍ ചീന്തിയെടുത്ത് കമനീയമായി ഉണ്ടാക്കുന്ന വെള്ളത്താടിമീശയാണ് മുത്തപ്പന്‍, വയനാട്ടുകുലവന്‍, പെരുമ്പുഴയച്ഛന്‍, നെടുബാലി, പുലിയൂര്‍ കണ്ണന്‍, പുലിമാരുതന്‍, പുലികണ്ടന്‍, കാളപ്പുലി, അന്തിത്തിറ, ചട്ടിയൂര് ദേവന്‍, ചിറക്കണ്ടന്‍ ദൈവം, കോരച്ചന്‍ തെയ്യം, ചിരുകണ്ടന്‍ തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ക്ക് എങ്കില്‍ കരിങ്കുരങ്ങ്, കറുത്ത ആട് എന്നിവയുടെ രോമം കൊണ്ട് ശ്രദ്ധാപൂര്‍വ്വം മെടെഞ്ഞെടുക്കുന്ന കരിന്താടി മീശയാണ് ഊര്‍പ്പഴശ്ശി, കുരിക്കള്‍ തെയ്യം, കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, വേട്ടയ്ക്കൊരു മകന്‍, വെള്ളൂര്‍ കുരിക്കള്‍, പുലിമറഞ്ഞ തൊണ്ടച്ചന്‍, ഐപ്പള്ളിതെയ്യം, അങ്കക്കാരന്‍, ഇളം കരുമകന്‍, കന്നിക്കൊരു മകന്‍, കരിന്തിരി നായര്‍, കരിക്കുട്ടി ശാസ്തന്‍, കണ്ണമ്മാന്‍ തെയ്യം, കാവില്‍ തെയ്യം, കോയി മമ്മദ്, കോരച്ചന്‍ തെയ്യം, കോലച്ചന്‍ തെയ്യം, ഗുരുദൈവം, പടവീരന്‍, തലച്ചിറോന്‍ ദൈവം, തൂവക്കാരന്‍ ദൈവം, പള്ളിക്കരിവേടന്‍, പാലന്തായി കണ്ണ, പുതിച്ചോന്‍ ദൈവം, പൂതാടി ദൈവം, പൂമാരുതന്‍ ദൈവം, മുക്രിപ്പോക്കര്‍, മൂത്തോര്‍ ദേവന്‍, വണ്ണാന്‍ കൂത്ത്, പുള്ളിവേട്ടയ്ക്കൊരു മകന്‍ തുടങ്ങിയവക്ക്. മേല്‍ച്ചുണ്ടിനു സമാന്തരമായും കീഴ്ച്ചുണ്ടിനു താഴെയും വരുന്ന രീതിയില്‍ നാടയിട്ട്‌ വലിച്ചു കെട്ടുന്ന കറുത്ത് തൂങ്ങി നില്‍ക്കുന്ന താടിയാണു കുട്ടിച്ചാത്തന്‍, ക്ഷേത്രപാലകന്‍, പടക്കെത്തി ഭഗവതി, തിരുവപ്പന തെയ്യങ്ങള്‍ അണിയുന്നത്.
താടി പോലെ ആവശ്യമുള്ളതാണ് ചില തെയ്യങ്ങള്‍ക്ക് പൊയ്മുഖം, പൊയ്ക്കണ്ണ്‍ തുടങ്ങിയവ. മരം, ഓട്, പാള എന്നിവ കൊണ്ടാണ് പൊയ്മുഖങ്ങള്‍ നിര്‍മ്മിക്കാറുള്ളത്. കരിമ്പൂതത്തിന്റെ പൊയ്മുഖം മരം കൊണ്ടുള്ളതും തെക്കന്‍ ഗുളികന്റെത് ഓടു കൊണ്ടുള്ളതുമാണെങ്കില്‍ ഗുളികന്‍, പൊട്ടന്‍ എന്നീ തെയ്യങ്ങളുടെ പൊയ്മുഖം ചായം കൊണ്ട് ചിത്രണം ചെയ്ത പാളയാണ്.
പൊയ്ക്കണ്ണ്‍ ധരിച്ചവര്‍, കമുകിന്‍ പാളയും മറ്റും കൊണ്ട് പൊയ്‌മുഖം അണിഞ്ഞവര്‍, താടിമീശ വെച്ചവര്‍, മുടിയിലും അരയിലും തീ പന്തങ്ങള്‍ വെച്ചവര്‍ ഇങ്ങിനെ തെയ്യങ്ങള്‍ വിവിധ തരത്തിലുണ്ട്. ഓരോ സ്ഥലത്തെയും പ്രാദേശിക സമ്പ്രദായത്തെ മുന്‍നിര്‍ത്തിയാണ് അനുഷ്ഠാനരീതിയും അവതരണ രീതിയും ഉണ്ടാകുക. അത് കൊണ്ട് തന്നെ വാണിയരുടെ കാവില്‍ കെട്ടുന്നത്‌ പോലെയായിരിക്കില്ല തീയ്യരുടെ കാവില്‍ കെട്ടുന്നത്.
സ്ത്രീ ദേവതകള്‍ എകിറുകള്‍ (ദംഷ്ട്രകള്‍)ഉപയോഗിക്കാറുണ്ട്. 
നെറ്റി, ചെവി, കഴുത്ത്, ശിരസ്സിന്റെ ഇരുഭാഗം എന്നീ സ്ഥാനങ്ങളെ സമര്‍ത്ഥമായി മറക്കുന്ന വിധത്തിലാണ് തെയ്യച്ചമയങ്ങള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. മുഖത്തെഴുത്ത്‌ കഴിഞ്ഞാല്‍ ആദ്യം അണിയുന്ന നെറ്റി ചമയമാണ് തലപ്പാളി. വെള്ളിയില്‍ തീര്‍ത്ത 21 കുണുക്കുകള്‍ തൂങ്ങിയാടുന്ന തലപ്പാളി പരമ പവിത്രമായാണ് കരുതപ്പെടുന്നത്. ഇത് ഗുരുപൂര്‍വികരുടെ സ്മരണാര്‍ത്ഥമാണ്‌ അണിയുന്നത്. ഇതിനു മുകളിലായാണ് ചെക്കിപൂക്കള്‍ക്കിടയില്‍ വെള്ളിപൂക്കള്‍ തുന്നിച്ചേര്‍ത്ത ഭംഗിയായ തലത്തണ്ട് അണിയുന്നത്. ഇതിനും മുകളില്‍ വെള്ളോട്ട് പട്ടണിയും. ഒപ്പം കാതുകള്‍ക്കും ചമയങ്ങള്‍ ഉണ്ട്. ഭാഗവ്തിമാര്‍ക്കും മറ്റും കാതുകള്‍ മറച്ചു കൊണ്ട് മനോഹരമായ ഓലക്കാതുകള്‍ കാണാം.
കനം കുറഞ്ഞ മുരിക്കു തടി, ഓട്, വെള്ളി, തെങ്ങിന്റെ തിരിയോല എന്നിവ കൊണ്ട് സ്ഥിരമായതോ താല്‍ക്കാലികമായതൊ ആയിരിക്കും ചമയങ്ങള്‍. ചെക്കിപ്പൂവ്, വര്‍ണ്ണത്തകിടുകള്‍, കോലരക്ക്, അഭ്രക്കല്ല്, ചായങ്ങള്‍ എന്നിവ ചേര്‍ത്താണ് മിക്ക ചമയങ്ങളും ഉണ്ടാക്കുന്നത്‌. തലപ്പാളി, പേക്കാത്, കൊയ്യോല എന്നിവ പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേക തലച്ചമയങ്ങളാണ്. തെയ്യഭേദമനുസരിച്ച് തലച്ചമയങ്ങള്‍ക്ക് വിത്യാസം ഉണ്ടാകും. കൊണ്ടല്‍, തെക്കന്‍കാത്, തലമല്ലിക, ചെന്നിമലര്‍ എന്നിവ മടയില്‍ ചാമുണ്ഡിയുടെതാണെങ്കില്‍ കൂപ്പി, കുട്ടിക്കാത്, ബാല, വഞ്ചി, തലത്തണ്ട, ഒടിച്ചുകുത്തി, തലമല്ലിക എന്നിവ വിഷ്ണുമൂര്‍ത്തിയുടെ തലച്ചമയങ്ങളാണ്.
മാര്‍ച്ചമയങ്ങള്‍:
കഴുത്ത് മുതല്‍ അര വരെയുള്ള ചമയങ്ങള്‍ ആണ് മാര്‍ച്ചമയങ്ങള്‍. മിക്ക തെയ്യങ്ങള്‍ക്കും ഉള്ള ഒരു ആഭരണമാണ് മുരിക്ക് പാളികളില്‍ കാക്കപ്പൊന്നിന്‍ തകിടോ, വര്‍ണ്ണപ്പാളികളോ പതിച്ചുണ്ടാക്കുന്ന കഴുത്തില്‍ അണിയുന്ന കഴുത്തില്‍ കെട്ട്. അനേകം മാലകള്‍ ഒന്നിച്ചു കോര്‍ത്തിണക്കി കൊരലാരം വിഷ്ണുമൂര്‍ത്തി തെയ്യം അണിയുന്ന ഒരു ചമയമാണ്. പെണ്‍കോലങ്ങള്‍ മാറും മുല (മുലകളും, വയറും) പ്രത്യേകം അണിയും. ഇത് വെള്ളോട് കൊണ്ടും പാളയിലും ഉണ്ടാക്കും. ബ്രാഹ്മണ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങള്‍ക്കും ഭൈരവനും ഓല ചീന്ത് കൊണ്ടോ, നൂല് കൊണ്ടോ തീര്‍ത്ത പൂണ് നൂല്‍ ധരിച്ചിരിക്കും. വീര പരിവേഷമുള്ള ചില തെയ്യങ്ങള്‍ക്ക് കഴുത്തില്‍ വെള്ളി കെട്ടിച്ച രുദ്രാക്ഷമാലയുണ്ടാകും. വലിയ മുടിയെന്തുന്ന അമ്മ ദൈവങ്ങള്‍ക്ക് അരിമ്പ് മാലയും മാറും വയറും മൂടുന്ന വിധത്തിലുള്ള എഴിയരം എന്ന ആഭരണവും കാണം, ചില തെയ്യങ്ങള്‍ ശരീരത്ത്ഹില്‍ മലര്‍ ഒട്ടിച്ചു വെക്കും. പുലിക്കണ്ടന് മാറില്‍ ഉന്നമായിരിക്കും (പഞ്ഞി) ഉണ്ടാവുക.
പുതിയ ഭഗവതി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ വട്ട മുടിയുള്ള ഭഗവതിമാര്‍ക്ക് അവരുടെ മാറും വയറും മറയ്ക്കുന്ന വിധത്തിലുള്ള മേലൊടയായിരിക്കും ഉണ്ടാവുക. മാറും വയറും ആഭരണങ്ങള്‍ കൊണ്ട് മറയ്ക്കാത്ത തെയ്യങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചിത്രപണികള്‍ ഉണ്ടാകും.
കൈച്ചമയങ്ങളും കാല്‍ച്ചമയങ്ങളും:
കൈ കാലുകളില്‍ ചായില്യം തേച്ചു അതിനു മേലെയാണ് ചമയങ്ങള്‍ അണിയുക. തണ്ട വള, കൈവള, വിരുത്, ചൂഡകം, പോടിപ്പ്, നഖങ്ങള്‍ എന്നിങ്ങനെയുള്ള ചമയങ്ങള്‍ ആണ് കൈച്ചമയങ്ങള്‍. മുരിക്ക് തടിയില്‍ കമനീയമായി അരിഞ്ഞെടുത്ത് തകിട് ചേര്‍ത്ത് നിറം വരുത്തുന്നവയാണ് തണ്ട വളയും തോള്‍ വളയും. വെള്ളിയില്‍ തീര്‍ക്കുന്ന കയ്യാഭരണമാണ്‌ വിരുത്. തളിരോല മുറിച്ചെടുത്ത് ഈര്‍ക്കിലില്‍ തുന്നിയുണ്ടാക്കുന്ന ചമയമാണ്‌ നഖം.
ചിലമ്പ്, പറ്റുംപാടകം, മണിക്കയല്‍, ഒഡിയാണം എന്നിവയാണ് കാല്‍ച്ചമയങ്ങള്‍. കാല്‍ച്ചമയങ്ങളെല്ലാം കോലക്കാരന്‍ സ്വയം ധരിക്കുന്നതാണ്. നല്ല തരിയിളക്കമുള്ള ചിലമ്പ് തെയ്യാട്ടത്താളത്തിനു കൊഴുപ്പ് കൂട്ടുന്നു. ഇത് കാലില്‍ നിന്ന് ഊരിപോകാതിരിക്കാന്‍ വിരലില്‍ കോര്‍ക്കാന്‍ ഉള്ള നൂലും അതിലുണ്ട്. തെയ്യത്തിന്റെ വരവ് അറിയിക്കാനും ആട്ടം താള നിബിഡമാക്കാനും ചെണ്ടമേളക്കാര്‍ക്ക് താളമാറ്റ സൂചനകള്‍ക്കും ഇതുപയോഗിക്കാറുണ്ട്. വെള്ളികൊണ്ട് ഉണ്ടാക്കിയതും മേലെയും താഴെയും കവിടി തുന്നിച്ചേര്‍ത്തതുമായ ഒരു കാല്‍ച്ചമയമാണ്‌ പറ്റും പാടകം. കിലുകിലെ കിലുങ്ങുന്ന ചെറുമണികള്‍ തുന്നിക്കെട്ടിയ ചമായമാണ് മണിക്കയല്‍.

(തുടരും...)

2 അഭിപ്രായങ്ങൾ: