2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 24

തെയ്യച്ചരിത്രം 24



കണ്‍ഠാ കർണൻ (അഗ്നി കണ്‍ഠാ കർണൻ):
ഭദ്രകാളിയുടെ വസൂരി രോഗം മാറ്റാന്‍ വേണ്ടിയാണ് ശിവന്‍ ഘോര രൂപിയായ ഈ അസുരമൂര്‍ത്തിയെ സൃഷ്ടിച്ചതെന്നു പറയപ്പെടുന്നു. ശിവന്റെ കണ്ഠത്തിലൂടെ ജനിച്ചു കര്‍ണ്ണത്തിലൂടെ ആവിര്‍ഭവിച്ചതിനാലാണ് ഈ പേര് വന്നതെന്നും വിശ്വസിക്കപ്പെടുന്നു.

മലയ സമുദായക്കാര്‍ കെട്ടിയാടുന്ന മന്ത്രമൂര്ത്തികളില്‍ പ്രധാനിയായ ഈ തെയ്യത്തിനു അരയ്ക്ക് താഴെ മനുഷ്യ രൂപവും അരയ്ക്ക് മുകളില്‍ ഭദ്രകാളി രൂപവുമാണ്. ഭദ്രകാളിയുടെ വസൂരി രോഗം മാറ്റിയശേഷം ചെറു മനുഷ്യരുടെ വസൂരി രോഗം മാറ്റാന്‍ ഭൂമിയിലേക്ക് എഴുന്നെള്ളി എന്നാണു വിശ്വസിക്കുന്നത്. മന്ത്രവാദപാരമ്പര്യമുള്ളഗൃഹങ്ങളിലുംഇല്ലങ്ങളിലുമാണ് തെയ്യക്കോലംസാധാരണയായികെട്ടിയാടാറുള്ളത്.

അരയില്‍ പതിനാറ് പന്തങ്ങളോടു കൂടിയ ഈ ഉഗ്രമൂര്‍ത്തിക്ക് തലയില്‍ നെരിപോടും ഇടതു കയ്യില്‍ ചൂട്ടും, ചൂരക്കോലും, കപാലവും, മണിയും, ചീനവാദ്യവും വലതു കയ്യില്‍ കൊടിവിളക്കും ധൂമകുറ്റിയും ഇരുന്നൂറ് തൃക്കണ്ണ്‍കള്‍, ആയിരം മുഖങ്ങള്‍, രണ്ടായിരം കൈകള്‍ മൂന്നു കോടി രോമദ്വാരങ്ങള്‍ ഒക്കെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വളരെയധികം അപകടം പിടിച്ച ഒരു തെയ്യക്കോലമാണിത്.

അഗ്നി കണ്ടാകര്‍ണ്ണന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: ബെന്നി കെ. അഞ്ചരക്കണ്ടി

ഗുളികൻ തെയ്യം:
ശിവ ഭക്തനായ മാര്‍ക്കണ്ടയനെ രക്ഷിക്കുന്നതിനായി പരമശിവന്‍ കാലനെ വധിച്ചപ്പോള്‍ ഭൂമിയിലുണ്ടായത് കാലനില്ലാത്ത ഒരു കാലമായിരുന്നു.  തല്‍ഫലമായി ഭൂമി ദേവി താങ്ങാനാവാത്ത ഭാരം കൊണ്ട് പൊറുതി മുട്ടുകയും ദേവന്മാരോട് പരാതി പറയുകയും ചെയ്തു. ദേവന്മാര്‍ മഹാദേവനോടും പരാതി പറഞ്ഞു. വഴിയുണ്ടാക്കാം എന്ന് പറഞ്ഞ് അവരെ വിട്ട മഹാദേവന്റെ ഇടതു കാലിലെ പെരുവിരല്‍ പൊട്ടി പിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍. തൃശൂലവും കാലപാശവും നല്‍കി ശിവന്‍ ഗുളികനെ കാലന്റെ പ്രവര്‍ത്തി ചെയ്യാന്‍ ഭൂമിയിലേക്കയച്ചു.

ഗുളികന്‍ ജീവജാലങ്ങളുടെ മരണ സമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. കാലന്‍, അന്തകന്‍, യമന്‍, കാലാന്തകന്‍ എന്നീ പേരുകളിലും ഗുളികന്‍ അറിയപ്പെടുന്നു. അര്‍ദ്ധരാത്രിക്ക് ശേഷം കാവുകളില്‍ കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ നടത്തം പൊയ്ക്കാലുകളില്‍ ആണെന്നുള്ളത്‌ ഒരു സവിശേഷതയാണ്.  നാഗ വംശത്തില്‍ പെട്ട രൂപമാണ് ഗുളികന്. പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപ സാദൃശ്യം മുടിയിലും കാണാം.

മലയ സമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയാണ് ഗുളികന്‍. മറ്റാരുടെ പൂജയെക്കാളും  ഇവരുടെ പൂജയില്‍ ആണ് ഗുളികന്‍ പ്രീതനാവുന്നതത്രേ. വെടിയിലും പുകയിലും കരിയിലും നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്റെ വാമൊഴി. അത് കൊണ്ട് തന്നെ ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

കുരുത്തോലയുടെ വഞ്ചിയും കയ്യില്‍ ദണ്ടും കുരുത്തോല കൊണ്ട് കെട്ടിയ ആകോലും അരിചാന്തു പൂശിയ ദേഹത്ത് മൂന്നു കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം. മുഖത്തും ദേഹത്ത് പൊക്കിള്‍ വരെയും അരിചാന്തിടും. ഈര്‍ക്കില്‍ കൊണ്ട് മുഖത്ത് നിന്നും വിരല് കൊണ്ട് ദേഹത്ത് നിന്നും വരകളാവാന്‍ അരിചാന്ത് മാറ്റും. പുരികത്തിനു തൊട്ടു മേലേന്ന് തുടങ്ങി കണ്ണിനു താഴെ വരെ മഷി. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈര്‍ക്കില്‍ കളഞ്ഞ് അരയില്‍ ചുറ്റിക്കെട്ടും. ഇതിനെ കുരുത്തോലവഞ്ചിയെന്നും ഒലിയുടുപ്പു എന്നും പറയും. കാലില്‍ ചിലങ്കയും പിറകില്‍ നിതംബം വരെ മറഞ്ഞു നില്‍ക്കുന്ന ചാമരമുണ്ടാവും.
എല്ലാവരും ദൈവങ്ങളടക്കം ഗുളികനെ നോക്കാന്‍ ഭയപ്പെട്ടിരുന്നു. ഒരിക്കല്‍ ശിവനും പാര്‍വതിയും കൂടെ നടക്കാന്‍ പോയ സമയത്ത് പാര്‍വതി ഇക്കാര്യം പറയുകയും ശിവന്‍ ഗുളികനെ അപ്പോള്‍ തന്നെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തുവത്രേ. ഇത് തെയ്യത്തിന്റെ കളിയാട്ടത്തിനിടയില്‍ അഭിനയിച്ചു കാണിക്കാറുണ്ട്. ഗുളികന്‍ തെയ്യത്തിന്റെ ഏറ്റവും പേര് കെട്ട തെയ്യകാവ് ആണ് നീലേശ്വരത്തിനടുത്തുള്ള ബെങ്കണകാവ്. കാവിന്റെ സമീപ വാസികള്‍ അടക്കം വിശ്വസിക്കുന്നത് ഗുളികന്റെ സാമീപ്യം ഉള്ളത് കാരണമാണ് തങ്ങള്‍ക്ക് ക്ഷേമൈശ്വര്യങ്ങള്‍ ഉണ്ടാകുന്നതെന്നാണ്.
ചില കാവുകളില്‍ ഗുളികന്‍ തെയ്യവും വിഷ്ണുമൂര്‍ത്തിയും ഒന്നിച്ചു ചേര്‍ന്നു ആടുന്ന പതിവുണ്ട്. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രുശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് ഗുളികന്‍ തെയ്യം.

ഗുളികന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: സുരേന്ദ്ര ബാബു പി.പി.

തെക്കന്‍ ഗുളികന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: പ്രിയേഷ് എം.ബി.

കരഗുളികന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
Source: theyyam ritual (vengara.com)


(തുടരും,,,,)

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 23

തെയ്യച്ചരിത്രം 23


ഉച്ചിട്ട:
അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.വടക്കിനകത്തച്ചി എന്നും വിളിപ്പേരുണ്ട്.  മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡങ്ങള്‍. 
ഉച്ചിട്ടയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിത്യസ്ത കഥകള്‍ പ്രചാരത്തിലുണ്ടു. അതിലൊന്ന് കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ്. മറ്റൊന്ന് ശിവപുത്രിയാണ് എന്നുള്ളതാണ്. വേറൊന്നുള്ളത് ഇങ്ങിനെയാണ്‌: അഗ്നി ദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്ന്‍ വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നുവെന്നുമാണ് കഥ. അഗ്നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖ പ്രസവകാരിണിയായ ഈ ദേവി പാര്‍വതി ദേവിയുടെ സങ്കല്പം ആണ്. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു. കംസന്റെ അന്തകന്‍ ഭൂമിയില്‍ പിറന്നുവെന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ദേവി എന്നും ഐതിഹ്യമുണ്ട്.

ഉച്ചിട്ട തെയ്യത്തിന്റെ വീഡിയോ കാണാന്‍:
Source: theyyam ritual (vengara.com)

കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തന്‍ തെയ്യം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ കുടുംബമാണ് കാളകാട്ടു ഇല്ലം. കാളകാട്ടു തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ വൈഷ്ണവംശമുള്ള കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാളകാട്ടു കുട്ടിച്ചാത്തന്‍ എന്നും ഈ തെയ്യത്തെ വിളിക്കാറുണ്ട്. ബ്രാഹ്മണര്‍ (നമ്പൂതിരിമാര്‍) കെട്ടിയാടുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു.

മന്ഥര പർവതത്തിന്റെ ഉയർച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനായി അവതരിച്ചുവെന്നും അതാണ്‌ കുട്ടിച്ചാത്തനെന്നുമാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടുന്ന മലയരുടെ വിശ്വാസം.  അത് കൊണ്ടാണ് തെയ്യത്തിനു വൈഷ്ണവംശം ഉണ്ടെന്നു നേരത്തെ പറഞ്ഞത്.പതിനെട്ട് ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

കേരളത്തിലെങ്ങും വിശ്വാസമുള്ള  ബ്രാഹ്മണരുടെ തെയ്യമായാണ് കുട്ടിശാസ്തനെ പലരും കാണുന്നത്. ശിവന് വിഷ്ണുമായയില്‍ ഉണ്ടായ പുത്രനാണ് കുട്ടിച്ചാത്തന്‍ എന്നും വിശ്വസിക്കുന്നു.  കുട്ടിശാസ്തന്റെ മൂന്നു രൂപങ്ങള്‍ ആണ് പ്രശസ്തമായവ. കരിങ്കുട്ടി ചാത്തന്‍, പൂക്കുട്ടി ചാത്തന്‍, തീക്കുട്ടി ചാത്തന്‍ എന്നിവയാണവ. കുട്ടിച്ചാത്തനെ വര്ഷം മുഴുവന്‍ നീണ്ട  തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെ സംതൃപ്തനാക്കിയാല്‍ തങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കും എന്നാണു പൊതുവേയുള്ള വിശ്വാസം. ഇതിനായി ചാത്തന്‍ സേവ ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വിത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് രണ്ടു മക്കളുണ്ടായി കരുവാള്‍ എന്ന പേരിലും കുട്ടിച്ചാത്തന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവുമായി നെറ്റിയില്‍ പൂവ്, തൃക്കണ്ണ്‍ എന്നിവയുമായാണ് ജനിച്ചത്.   ഇതില്‍ നിന്ന് ശിവ പാര്‍വതി ദമ്പതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും  അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധിയുള്ള കുട്ടിച്ചാത്തന്‍ പഠിപ്പില്‍ ഒന്നാമനായിരുന്നുവെങ്കിലും ഗുരുവിനെ (ശങ്കര പൂ വാര്യരെ) അനുസരിക്കാന്‍ തീരെ തയ്യാറായില്ല. അത് കൊണ്ട് തന്നെ ഗുരുനാഥന്റെ പക്കല്‍ നിന്ന് ശാസനയും പലപ്പോഴും അടിയും കുട്ടിച്ചാത്തന് ലഭിച്ചു. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു. ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ.
ഇതറിഞ്ഞ കാളകാടര്‍ കോപാകുലനാകുകയും വിശന്നു വലഞ്ഞു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. ദ്വേഷ്യം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാള കൂട്ടത്തെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.
വിവരമറിഞ്ഞ കാള കാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.  പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങിനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂപം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

Kuttichathan
Source: Rahul Chandran
Source: Rahul i Dreamz

കരിങ്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
Source: Lal Champad
കരിങ്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം

അന്തിക്കുട്ടി ശാസ്തന്റെ വീഡിയോ കാണാന്‍:
Source: theyyam ritual (vengara.com)

കരുവാളമ്മ:
മന്ത്ര മൂര്‍ത്തി വിഭാഗത്തില്‍ പെടുന്ന ഈ ദേവത ശിവപാര്‍വതിമാര്‍ക്ക് പിറന്ന മകളാണ്. ദേവിക്ക് കുട്ടിച്ചാത്തന്റെ സഹോദരിസ്ഥാനം ചിലയിടങ്ങളില്‍ ഉണ്ട്.

(തുടരും,,,,)

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 22

തെയ്യച്ചരിത്രം 22



മന്ത്ര മൂര്‍ത്തികള്‍:  മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപസാന നടത്തുകയും ചെയ്യുന്ന ദേവതകളെയാണ് മന്ത്ര മൂര്‍ത്തികള്‍ എന്ന് പറയുന്നത്. ഭൈരവാദി പഞ്ച മൂര്‍ത്തികള്‍ ഇവരില്‍ പ്രശസ്തരാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍, ഉച്ചിട്ട എന്നിവരാണ് ഈ ദേവതകള്‍.  ഇതിനു പുറമേ കുറത്തിയും മന്ത്രമൂര്‍ത്തിയാണ്. കുഞ്ഞാര്‍ കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, എന്നിങ്ങനെ പതിനെട്ടു തരം കുറത്തിമാരുണ്ടെങ്കിലും ഇതില്‍ ചിലതിനു മാത്രമേ കെട്ടികോലമുള്ളൂ. കണ്ടാകര്‍ണനെയും ചിലര്‍ മന്ത്ര മൂര്‍ത്തിയായി ഉപാസിക്കുന്നുണ്ട്.
കുരുതിക്ക് ശേഷം അഗ്നിയില്‍ ചവിട്ടി  ശരീര ശുദ്ധി വരുത്തുന്ന തെയ്യങ്ങളെ നമുക്ക് കാണാന്‍ കഴിയും. അത് പോലെ കത്തിജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്ന കുണ്ടോറ ചാമുണ്ഡിയുടെ ഇളംകോലവും, തീക്കൊട്ട കയ്യിലേന്തി നൃത്തമാടുന്ന കുട്ടിച്ചാത്തനെയും വെളിച്ചണ്ണ തുള്ളികള്‍ തീത്തുള്ളികളായി കയ്യിലേറ്റ് വാങ്ങുന്ന ഭൈരവനും കത്തുന്ന മേലേരിയില്‍ ഇരിക്കുന്ന ഉച്ചിട്ട തെയ്യവും ഭക്തന്‍മാരില്‍ അതിശയം ജനിപ്പിക്കുന്ന തെയ്യങ്ങളാണ്‌. ഒരാള്‍പൊക്കത്തില്‍ തയ്യാറാക്കിയ കനല്‍ കൂമ്പാരത്തില്‍ നൂറ്റൊന്ന് വട്ടം എടുത്തു ചാടുന്ന ഒറ്റക്കോലവും (തീച്ചാമുണ്ടി) കനലില്‍ കിടന്ന് പരിഹാസ രൂപേണ കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന പൊട്ടന്‍ തെയ്യവും നൂറ്റൊന്ന് കോല്‍ത്തിരികള്‍ തിരുമുടിയിലും പതിനാറ് പന്തങ്ങള്‍ അരയിലും ചൂടി നൃത്തമാടുന്ന കണ്ടാകര്‍ണനെയും ഉലര്‍ത്തി കത്തിച്ച തീ നടുവിലൂടെ പല പ്രാവശ്യം പാഞ്ഞുറയുന്ന കണ്ടനാര്‍ കേളന്‍ തെയ്യവും കൈനഖങ്ങളില്‍ ഓരോന്നിലും തീത്തിരി കത്തിച്ചു കളിയാടുന്ന പുള്ളിഭഗവതിയും എല്ലാം അഗ്നിയുമായി ബന്ധപ്പെട്ട ദൈവങ്ങളാണ്.
ഒടയില്‍ നാല് കൂറ്റന്‍ കെട്ടുപന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ടമുടിയിലും കോല്‍ത്തിരികള്‍ കത്തുന്നത് കാണാം. ഒടയില്‍ കുത്തിനിറുത്തിയ തീപന്തങ്ങളാണ് നരമ്പില്‍ ഭഗവതിക്കും കക്കരപ്പോതിക്കും കുളങ്ങരഭഗവതിക്കും ജ്ഞാന സ്വരൂപിണിയായി പ്രത്യക്ഷപ്പെടുന്ന സമയത്ത് രണ്ടു ചെറുപന്തങ്ങള്‍ കൈയിലേന്തിയാണ് മുച്ചിലോട്ട് ഭഗവതി വരിക. തൊണ്ടച്ചന്‍ തെയ്യത്തിനു മുളഞ്ചൂട്ടും മറ്റു തെയ്യങ്ങളായ ഗുളികന്‍ തെയ്യവും, പൂതം തെയ്യവും കത്തിച്ചു പിടിച്ച ചൂട്ടുകളും ഉപയോഗിക്കുമ്പോള്‍ കരിവെള്ളൂരിലെ തെയ്യങ്ങളായ പൂളോനും പുതിച്ചോനും ഒന്നിലധികം പേര്‍ കത്തിച്ചു പിടിക്കുന്ന പന്നിചൂട്ടുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ കതിവന്നൂര്‍ വീരന്‍, പെരുമ്പുഴയച്ചന്‍ തെയ്യങ്ങള്‍ക്ക് നൂറ്റിയൊന്ന് കോല്‍ത്തിരികള്‍ ചേര്‍ന്നുള്ള  വാഴപ്പോളകള്‍ കൊണ്ട് തീര്‍ത്ത കമനീയമായ കോല്‍ത്തിരി തറകളുണ്ടാവും. കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ ചെമ്മരത്തി തറയും കൂടിയാണിത്.
അഗ്നിയില്‍ നിന്ന് പാതിരാവില്‍ ഉയിര്‍ത്ത് വന്ന എരുവാച്ചിയമ്മയാണ് വേലര്‍ കെട്ടിയാടുന്ന തീയേന്തി നൃത്തമാടുന്ന ചുടല ഭദ്രകാളി.  കണ്ണങ്ങാട്ട് ഭഗവതിയുടെ ഇളംകോലത്തിന്റെ പേര് തന്നെ തീപ്പാറ്റ എന്നാണു. കാവിനു ചുറ്റും ഒരുക്കിയ ചെറിയ ചെറിയ മേലേരിയുടെ മേലെ കൂടി ഒറ്റ ചിലമ്പും കുലുക്കി ഈ തെയ്യം കാവിന് ചുറ്റും പാഞ്ഞോടുകയാണ് ചെയ്യുക.
ഭൈരവന്‍ തെയ്യം:
ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം  യുഗങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിലേക്ക് മാറിയെങ്കിലും ആര്‍ക്കും ജയിക്കാനാവാതെ വന്നതിനു തുടര്‍ന്ന്‍ തര്‍ക്ക പരിഹാരാര്‍ത്തം പരമശിവനെ ചെന്ന് കണ്ടു. കൈലാസത്തിലുള്ള വലിയ ശിവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ ഏതെങ്കിലുമൊന്നു (ശിവശീര്‍ഷം) ആര് ആദ്യം കണ്ടു തിരിച്ചു വരുന്നോ അവരായിരിക്കും വിജയി എന്ന് പറഞ്ഞതിന്‍ പ്രകാരം ഇരുവരും ശിവലിംഗത്തില്‍ കയറി ബ്രഹ്മാവ്‌ ശിവലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു. മന്വന്തരങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും രണ്ടു പേര്‍ക്കും ലക്‌ഷ്യം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ബ്രഹ്മദേവന്‍ ശിവലിംഗത്തിന്റെ മുകളില്‍ നിന്ന് താഴോട്ടു പതിക്കുന്ന കൈതപ്പൂവുമായി സംസാരിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അത് പ്രകാരം ശിവലിംഗത്തിന്റെ മുകളില്‍ നിന്ന് എടുത്തതാണ് കൈതപൂവിനെ എന്ന് ശിവന്‍ ചോദിച്ചാല്‍ ബ്രഹ്മാവിനെപോലെ കൈതപൂവും കളവു പറയണം എന്നു കൈതപൂവുമായി ശട്ടം കെട്ടുകയും ഇരുകൂട്ടരും ശിവന്റെ ചോദ്യത്തിനു മുന്നില്‍ ഇത്തരത്തില്‍ ഒരേ പോലെ കള്ളം പറയുകയും ചെയ്തു.
ഇതില്‍ കുപിതനായ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്ത്എടുക്കുകയും ആരും നിന്നെ പൂജിക്കാതിരിക്കട്ടെ എന്ന് ശാപം നല്‍കുകയും ചെയ്തുവത്രേ. കളവിന് കൂട്ടു നിന്ന കൈതപൂവിനെ ആരും പൂജയ്ക്കെടുക്കാതിരിക്കട്ടെ എന്നും ശപിച്ചു. ഇങ്ങിനെയാണ്‌ ബ്രഹ്മാവ്‌ നാന്മുഖനായതും അത് വരെ പൂജയില്‍ പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരുന്ന വളരെയധികം സുഗന്ധമേറിയ കൈതപൂവ് പൂജയ്ക്കെടുക്കാതെയായതും.
താന്‍ കോപം കൊണ്ട് ചെയ്ത മഹാപരാധത്തിനു പരിഹാരം കാണണമെന്നു തോന്നിയ ശിവന്‍ കപാലവുമേന്തി ഭൈരവ രൂപം ധരിച്ചു ഭിക്ഷക്കിറങ്ങി. ഭിക്ഷയെടുത്ത് ജീവിച്ചു തന്റെ പാപം തീര്‍ത്തു എന്നാണ് ഐതിഹ്യം. നായയാണ്‌ ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്. കാലഭൈരവൻഎന്ന നാമത്തിലും ഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. മറ്റ് ഭൈരവന്‍മാര്‍ ഇവരാണ്. അഗ്നിഭൈരവന്‍, ആദിഭൈരവന്‍, യോഗി ഭൈരവന്‍, കങ്കാള ഭൈരവന്‍, ശാക്തേയ ഭൈരവന്‍, ഈശ്വര ഭൈരവന്‍, കപാല ഭൈരവന്‍ എന്നിവരാണവര്‍.
കയ്യില്‍ മണിയും, കപാലവുമേന്തി (ഭിക്ഷാപാത്രം)പൊയ്ക്കണ്ണണിഞ്ഞ്  ഭിക്ഷയ്ക്കിറങ്ങിയ ശിവന്റെ രൂപമാണ് ഭൈരവന്‍ തെയ്യത്തിന്റെത്. മന്ത്രവാദ പാരമ്പര്യമുള്ള തറവാടുകളില്‍ വിശേഷാല്‍ ആരാധിച്ചു പോരുന്ന തെയ്യക്കോലമാണ് ഭൈരവന്‍ തെയ്യം. ഭൈരവന്‍, ഉച്ചിട്ട തുടങ്ങിയ ഭൈരവാദി പഞ്ചമൂര്ത്തികളില്‍ പ്രധാനിയും ഈ തെയ്യം തന്നെ. വളപട്ടണം പുഴയ്ക്ക് വടക്ക് മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. എന്നാല്‍ വണ്ണാന്‍മാരും വേലന്‍മാരും ഈ തെയ്യം കെട്ടിയാടാറുണ്ട്. യോഗിമാരുടെ തറവാട്ട് മഠങ്ങളിലെ കുല ദൈവമാണ് ഭൈരവന്‍.
എന്നാല്‍ വളപട്ടണം പുഴയ്ക്ക് തെക്ക് ഈ തെയ്യം കെട്ടിയാടുന്നത്‌ പാണന്മാരാണത്രെ.  മുകളില്‍ പറഞ്ഞ തോറ്റം പാട്ടിലും ചലനങ്ങളിലും പ്രതിപാദിച്ചു കാണുന്ന ആദ്യ കഥയല്ല പാണന്മാരുടെ കഥ. പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിലുള്ളവയാണ്. അവരുടെ കഥ പ്രകാരം ചോയിയാര്‍ മഠത്തില്‍ ചോയിച്ചി പെറ്റ ചീരാളനെ യോഗിമാര്‍ക്ക് അറുത്ത് കറിവെച്ചു കൊടുത്തു എന്നും സത്യം മനസ്സിലാക്കിയ യോഗിമാര്‍ ചീരാള എന്ന് വിളിച്ചപ്പോള്‍ ഇലയില്‍ നിന്നും ഇറച്ചി കഷണങ്ങള്‍ തുള്ളികളിച്ചെന്നും ഓരോ ഇറച്ചി കഷണങ്ങളില്‍ നിന്നും ഓരോ ഭൈരവന്‍മാര്‍ ഉണ്ടായി എന്നും പറയപ്പെടുന്നു. എന്നാല്‍ ഈ കഥക്ക് തോറ്റം പാട്ടുകളുടെ പിന്‍ബലമില്ല.
പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ
എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.

ഭൈരവന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം


(തുടരും,,,,)

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 20

തെയ്യച്ചരിത്രം 20

വയനാട്ടുകുലവൻ അഥവാ തൊണ്ടച്ചന്‍
ഉത്തര മലബാറിലെ തീയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും ആദി ദേവനുമാണ് വയനാട്ടുകുലവന്‍ എങ്കിലും ഈ തെയ്യത്തിനു നായര്‍,നമ്പ്യാര്‍ തറവാടുകളില്‍ സ്ഥാനങ്ങളും കോട്ടങ്ങളും ഉണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ ഈ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കും. തൊണ്ടച്ചന്‍ എന്നാല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നാണ് അര്‍ത്ഥം  വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.  കവുങ്ങിന്‍ പൂവ് പ്രസാദമായി നല്‍കുന്ന ഈ തെയ്യത്തിന് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്നു അവതരണ രീതിയാണുള്ളത്.  കാവുകളെക്കാള്‍ തറവാടുകളിലാണ് ഈ തെയ്യം കൂടുതലായും കെട്ടിയാടുന്നത്‌. കണ്ണ് കാണാത്ത വൃദ്ധ രൂപിയായ ഈ തെയ്യം വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദൈവമാണ് എന്നാണു വിശ്വാസം. പതിഞ്ഞ താളത്തോടെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത ചുവടുകള്‍ കാണേണ്ടത് തന്നെയാണ്.

പരമശിവന്‍ സ്വന്തം ജട പറിച്ചു തന്റെ ഇടത്തെ തുടയില്‍ അടിച്ചപ്പോള്‍ ഉണ്ടായ മകനാണ് വയനാട്ട് കുലവന്‍ എന്നും അതല്ല ഇടത്തെ തുട പൊട്ടിതെറിച്ചു വന്ന മകനാണ് വയനാട്ടുകുലവന്‍ എന്ന തൊണ്ടച്ചന്‍ എന്നും പറയപ്പെടുന്നു.

കൈലാസത്തിലെ മധു വനത്തില്‍ ഉണ്ടായ മൂന്ന് കരിംതെങ്ങുകളുടെ ചുവട്ടില്‍ ദിനവും മധു ഊറി വരാറുണ്ടായിരുന്നു. വേട രൂപം ധരിച്ച പരമശിവന്‍ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോള്‍ ഇത് കാണുകയും മധു കുടിച്ചു മത്ത വിലാസം ശിവ ഭ്രാന്താടുകയും പാര്‍വതി ദേവി ഭയപ്പെട്ടോടുകയും ചെയ്തുവത്രേ.

 തോറ്റം പാട്ടില്‍ ആ ഭാഗം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങിനെയാണ്‌:
വേടരൂപം ധരിച്ചുള്ള കൈലാസ നാഥന്‍
വേട്ടയ്ക്കായെഴുന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധു പൊഴിയും വാനുലോകം പൊഴിയുന്നല്ലോ
അത് കണ്ടു പരമശിവന്‍ അടുത്ത് ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അത് കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി

ദിനവും മദ്യലഹരിയില്‍ എത്തുന്ന പരമശിവന് ഇതെവിടെനിന്ന് ലഭിക്കുന്നു എന്നറിയാന്‍ ശ്രീ പാര്‍വതി അന്വേഷണം തുടങ്ങി. കൈലാസത്തിനടുത്തുള്ള മധുവനത്തില്‍ നിന്നാണ് ദേവന്‍ കുടിക്കുന്നതെന്ന് ദേവി മനസ്സിലാക്കി. ഇത് തടയണമെന്ന് ദേവി മനസ്സിലുറപ്പിച്ചു. അതിന്‍ പ്രകാരം ദേവന്‍ കുടിക്കുന്ന കരിംതെങ്ങുകള്‍ കണ്ടെത്തുകയും അതിന്റെ ചുവട്ടില്‍ നിന്ന് ഊറി വരുന്ന മധു  തന്റെ മന്ത്രശക്തിയാല്‍ തടവി മുകളിലേക്കുയര്‍ത്തുകയും ചെയ്തു.  എന്നാല്‍ പിറ്റേ ദിവസം മധു കുടിക്കാനായി വന്ന ശിവന് മധു തെങ്ങിന്‍ മുകളിലെത്തിയാതായാണ് കാണാന്‍ കഴിഞ്ഞത്. ഇതില്‍ കുപിതനായ പരമശിവന്‍ തന്റെ ജട കൊണ്ട് ഇടത്തെ തുട മേല്‍ തല്ലുകയും അപ്പോള്‍ ദിവ്യനായ ഒരു മകന്‍ ഉണ്ടാകുകയും ചെയ്തു. തെങ്ങില്‍ നിന്ന് മധു എടുക്കുന്ന ജോലിക്കായി അവനെ നിയോഗിക്കുകയും ചെയ്തു.

പതിവായി മധു ശേഖരിക്കുന്ന ദിവ്യനും മധുപാനം ആരംഭിച്ചു. ഇതറിഞ്ഞ പരമശിവന്‍ കദളീ വനത്തില്‍ നായാടരുതെന്നും അവിടത്തെ മധു കുടിക്കരുതെന്നും ദിവ്യനെ വിലക്കി. എന്നാല്‍ വിലക്ക് വക വെക്കാതെ കദളീ വനത്തില്‍ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്ത ദിവ്യന്‍ ശിവകോപത്തിനിരയായി. അവന്റെ കണ്ണുകള്‍ പൊട്ടി അവന്‍ മധുകുംഭത്തില്‍ വീണു. 
മാപ്പിരന്ന മകന് പൊയ്ക്കണ്ണ്‍, മുളംചൂട്ട്, മുള്ളനമ്പ്, മുളവില്ലു എന്നിവ നല്‍കി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു.  എന്നാല്‍ ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോള്‍ പൊയ്ക്കണ്ണ്‍, വിത്തുപാത്രം, മുളം ചൂട്ടു എന്നിവ ദിവ്യന്‍ ദൂരേക്ക് വലിച്ച് എറിഞ്ഞു കളഞ്ഞു. അവ ചെന്ന് വീണത്‌ വയനാട്ടിലെ ആദി പറമ്പന്‍ കണ്ണന്റെ പടിഞ്ഞാറ്റയിലാണത്രെ. കണ്ണും ചൂട്ടും തുള്ളുന്നത് കണ്ടു പേടിച്ച കണ്ണനോട് ഇവ രണ്ടും എടുത്തു അകത്ത് വെച്ചു കൊള്ളാന്‍ ദേവന്‍ ദര്‍ശനം നല്‍കി പറഞ്ഞുവത്രേ. ദിവ്യന്‍ വയനാട്ടില്‍ എത്തിചേര്‍ന്നത്‌ കൊണ്ട് വയനാട്ടുകുലവന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്രേ.  
പൊയ്ക്കണ്ണ്, മുളം ചൂട്ട്, ചെറിയ തിരുമുടി, വട്ടക്കണ്ണിട്ട്മുഖമെഴുത്ത് ഇതൊക്കെയാണ് വേഷവിധാനം. ഒരിക്കല്‍ ഈ ദൈവം വാണവര്‍ കോട്ടയില്‍ എഴുന്നെള്ളിയതായും ദൈവത്തിന്റെ കോലം കെട്ടിയാടണം എന്ന് വാഴുന്നവര്‍ക്ക് സ്വപ്നമുണ്ടായതിന്‍ പ്രകാരമാണ് വയനാട്ടുകുലവന്റെ കോലം കെട്ടിയാടാന്‍ തുടങ്ങിയതത്രെ.   തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ പറയുന്ന ഈ തെയ്യത്തിന്റെ ഉരിയാട്ടം വളരെ രസകരമാണ്. ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്ന സമയത്തൊക്കെ ഇത്തരം വാക്കുകളാണ് പറയുക.
കണ്ണും കാണൂല്ല, ചെവിയും കേക്കൂല്ല തൊണ്ടച്ചന്,
എന്നാല്‍ കരിമ്പാറമേല്‍ കരിമ്പനിരിയുന്നത്‌ കാണാം,
നെല്ലിച്ചപ്പ് കൂപത്തില്‍ വീഴുന്നത് കേള്‍ക്കാം
വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പരിപാവനമായ ഒരു അനുഷ്ഠാനമായി കരുതുന്ന ചടങ്ങാണ് ബോനം കൊടുക്കല്‍. തെയ്യത്തിന്റെ ആട്ടത്തിനൊടുവില്‍ ചൂട്ടു ഒപ്പിച്ച തീയ്യ കാരണവര്‍ തലയില്‍ മുണ്ടിട്ട്  അന്ന് ചെത്തിയ കള്ളു പകര്‍ന്നു നല്‍കുന്ന ചടങ്ങാണിത്‌.  അന്ന് മലനാടിറങ്ങിയ ദൈവം തന്റെ പ്രഭാവം കൊണ്ട് കുഞ്ഞാലി എന്ന മാപ്പിളയെ രക്ഷിക്കുന്നതും ആ ഭക്തന്റെ ഭോജന സമര്‍പ്പണവുമാണ് ഈ അനുഷ്ഠാനത്തിന്റെ കാതല്‍. പ്രമാദമായ കേസില്‍ അകപ്പെട്ടു കുഞ്ഞാലി കഴുമരം കയറേണ്ടി വരുമെന്നറിഞ്ഞു കണ്ണീരോടെ നടന്നു പോകവേ വയനാട്ടുകുലവന്‍ കുഞ്ഞാലിയെ ആശ്വസിപ്പിച്ചുവത്രേ ചിറക്കല്‍ തമ്പുരാന്റെ മനസ്സ് മാറും നീ സന്തോഷത്തോടെ തിരിച്ചു വരും വന്നാല്‍ നിന്റെ കയ്യാല്‍ എനിക്കൊരു ബോനം തരണം കുഞ്ഞാലി സമ്മതിച്ചു. അപ്രകാരം കേസ് ഒഴിഞ്ഞു വന്ന കുഞ്ഞാലിയോട് തനിക്ക് ബോനമായി വേണ്ടത് കള്ളാണ് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ഹറാമായ കള്ളു ആരും കാണാതെ ദൈവത്തിനു നല്‍കി. ആ രഹസ്യ സ്വഭാവം കാണിക്കാനാണ് കാരണവര്‍ തലയില്‍ മുണ്ടിടുന്നത്.
യാത്രാപ്രിയനായ വയനാട്ടുകുലവന്‍ വടക്കോട്ട്‌ യാത്ര ചെയ്ത് കണ്ടനാര്‍ കേളന്റെ വീട്ടിലെത്തിയെന്നും ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളന്‍ വയനാട്ടുകുലവനെ തൊണ്ടച്ചനെന്നു വിളിച്ച് സല്ക്കരിച്ചുവെന്നും അതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍ ചടങ്ങ് എന്നും പറയുന്നു.
തെയ്യം കെട്ടിന്റെ രണ്ടാം നാള്‍ ആര്‍പ്പും ആരവങ്ങളുമായി ഭക്തര്‍ കാട്ടില്‍ വെട്ടയ്ക്കിറങ്ങി പന്നി, മാന്‍, കൂരന്‍ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടി പിടിച്ചു തണ്ടുകളില്‍ കെട്ടി കാവിലേക്ക് കൊണ്ട് വരും. കണ്ടനാര്‍ കേളന്റെ വെള്ളാട്ടം ഉറഞ്ഞാടുന്ന രാത്രിയിലാണ് ഇവര്‍ വരിക. ഇവരെ ആശീര്‍വദിച്ചു നൃത്തം ചെയ്യുന്ന കണ്ടനാര്‍ കേളന്‍ മറയുടെ വടക്ക് വശത്ത് നിരത്തീ വെച്ച ഓല ക്കീറുകളില്‍ മൃഗങ്ങളെ കിടത്തി തന്റെ കയ്യിലെ കന്നിക്കത്തി വീശി ഓരോ മൃഗത്തെയും മൂന്നായി വെട്ടി ക്കീറും. ഈ അനുഷ്ഠാനത്തെയാണ്‌ ബപ്പിടല്‍ എന്ന് പറയുന്നത്. മാംസത്തിലെ കരളും, വലത്തെ തുടയും പ്രത്യേക രീതിയില്‍ വേവിച്ചു (ഓട്ടിറച്ചി, ചുട്ടിറച്ചി, വറുത്തിറച്ചി) വയനാട്ടുകുലവന് നിവേദിക്കുകയും ബാക്കി വരുന്നവ ഭക്തന്മാര്‍ക്ക് പാകം ചെയ്തു പ്രസാദമായി വിളമ്പുകയും ചെയ്യും.
ഈ തെയ്യത്തെ കെട്ടിയാടിക്കുന്ന തറവാട്ടിലെ കാരണവര്‍ തെയ്യത്തിനു സമര്‍പ്പിക്കുന്ന ചൂട്ടു ഈ ദൈവത്തിന്റെ ഉല്പത്തി കഥയുമായി ബന്ധപ്പെട്ടതാണ്.  ഭക്തിപൂര്‍വ്വം ചൂട്ടു നല്‍കുന്ന അനുഷടാനമാണ് ചൂട്ടൊപ്പിക്കല്‍. മുക്കാല്‍ കോല്‍ നീളത്തില്‍ പാല്‍ മുളങ്കുറ്റി നേരിയ ചീളുകളായി ചീന്തിയെടുത്ത് തെങ്ങിന്‍ നാരു കൊണ്ട് മുറുക്കിയാണ് ചൂട്ടു കെട്ടുന്നത്. ഇവ നന്നായി എണ്ണയില്‍ മുക്കി ഒന്നാം പരികര്‍മ്മിയുടെ സഹായത്തോടെയാണ് കാരണവര്‍ ഇത് സമര്‍പ്പിക്കുക. പരമശിവന്റെ പുത്രനായ ദിവ്യന്‍ വിലക്ക് മറന്നു മധുവനത്ത്തില്‍ കയറി മധുപാനം നടത്തിയതിനാല്‍ കണ്ണും രണ്ടും പൊട്ടി പോയതാണ്. മകന്റെ സങ്കടം കണ്ടു പൊയ്ക്കണ്ണ്‍, മുളഞ്ചൂട്ട് എന്നിവ ശിവന്‍ നല്‍കി. എന്നാല്‍ ചൂട്ടു പുകഞ്ഞ് കണ്ണും കണ്ണ് പുകഞ്ഞ് ചൂട്ടും കാണാതായപ്പോള്‍ ദിവ്യന്‍ കണ്ണ് പറിച്ചെറിഞ്ഞു ഒപ്പം ചൂട്ടും. ആ ചൂട്ടു വീണത്‌ വയനാട്ടില്‍ ആദിപറമ്പന്‍ കണ്ണന്റെ വീട്ടു മുറ്റത്തായിരുന്നു. ഇതിനെ അനുസ്മരിക്കുന്ന ചടങ്ങാണ് ചൂട്ടോപ്പിക്കല്‍.
വയനാട്ട് കുലവന്‍ തെയ്യത്തിനു ഭക്തരുടെ മനം കുളിര്‍ക്കും വിധം ഉറഞ്ഞാടാന്‍ വിശാലമായ വയലാണ് ചെത്തിക്കോരി തയ്യാറാക്കുക. പറമ്പിലോ വയലിലോ താല്‍ക്കാലികമായി തെങ്ങോലകള്‍ കൊണ്ട് തയ്യാറാക്കുന്ന പള്ളിയറയാണ് മറ. അതിനകത്താണ് ഭദ്ര ദീപവും, പീഠവും, പള്ളിവാളും ശരക്കോലും പൂജിച്ചു വെക്കുക. വയനാട്ടുകുലവന്‍ തെയ്യം ഉറഞ്ഞാട്ടവും അനുഗ്രഹദാനവും കഴിഞ്ഞു നേരം പാതിരാവോടു അടുക്കുമ്പോള്‍ മറ പിളര്‍ക്കാന്‍ തക്കവണ്ണം ആതം കൊടുക്കട്ടെ എന്നുരിയാടുമ്പോള്‍ തറവാടിലെ ചൂട്ടൊപ്പിച്ച കാരണവരും പ്രധാന കര്‍മ്മിയും അതിനു തയ്യാറാകും. പ്രധാന കര്‍മ്മി ദേവ പ്രാര്‍ത്ഥനയോടെ കത്തികൊണ്ട് മറയുടെ പിന്‍ഭാഗം രണ്ടായി പിളര്ന്നിടും. ഇത് തെയ്യാട്ട സമാപനം കുറിക്കുന്ന ചടങ്ങ് കൂടിയാണ്.
കണ്ണൂര്‍ ജില്ലയിലെ മിക്കയിടങ്ങളിലും വര്ഷം തോറും വയനാട്ടുകുലവന്‍ കെട്ടിയാടുമെങ്കിലും കാസര്‍ഗോഡ്‌ ജില്ലയില്‍ വളരെ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ വയനാട്ടുകുലവന്‍ ദൈവം കെട്ട് ആഘോഷിക്കാറുള്ളൂ. മൂന്നു ദിവസങ്ങളായി നടക്കുന്ന ഇത്തരം ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട്, കൂവം അളക്കല്‍, അടയാളം കൊടുക്കല്‍, കലവറ നിറക്കല്‍ എന്നീ പരിപാടികള്‍ ഉണ്ടാവും. ഇത് കഴിഞ്ഞാല്‍ അനുഷ്ഠാനപരമായ ചടങ്ങുകളോടെ വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോവുകയും കാട്ടുപന്നി പോലുള്ള മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരുകയും ചെയ്യും. നിലവില്‍ മൃഗനായാട്ട് കേരള സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നുവത്രേ. ഇദ്ദേഹം കോമരമായിരുന്നു. ഒരിക്കല്‍ ഇദ്ദേഹം അന്ന് തറവാട്ടില്‍ കെട്ടിയാടിയ തെയ്യത്തോടോപ്പം ഉറഞ്ഞാടുകയും ഇഷ്ടദേവന്റെ വെള്ളികെട്ടിയ മുള്ളമ്പു കൊണ്ട് സ്വന്തം നെഞ്ചില്‍ ആഞ്ഞുകുത്തുകയും ജീവിതം ഉപാസനാമൂര്‍ത്തിയുടെ മുന്നില്‍ അവസാനിപ്പിക്കുകയും ചെയ്തു. നൂറ്റിയറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കതയാണിതത്രേ.  ജീവന്‍ വെടിഞ്ഞ കോരച്ചനെ പിന്നീട്    കോരച്ചൻ തെയ്യമാക്കി കെട്ടിയാടാന്‍ തുടങ്ങി. 
കാരണവര്‍ (കാർന്നോൻ), കോരച്ചൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്.
വയനാട്ടുകുലവന്‍ തെയ്യം കാണുവാന്‍:
കടപ്പാട്: പ്രദീഷ് പള്ളം
കണ്ടനാര്‍ കേളന്‍ :
തന്റെ പതിവ് നായാട്ടു കഴിഞ്ഞു മടങ്ങി വരികയായിരുന്ന വയനാട്ടുകുലവന്‍ വഴിയില്‍ മാറില്‍ രണ്ടു നാഗങ്ങളുമായി വെണ്ണീറായി  കിടക്കുന്ന കേളനെ കാണുകയും തന്റെ പിന്‍കാല് കൊണ്ട് വെണ്ണീറില്‍ തൊഴിക്കുകയും ചെയ്തുവത്രേ. അപ്പോള്‍ ദേവന്റെ പിന്‍കാലു പിടിച്ചു കേളന്‍ മാറില്‍ നാഗങ്ങളുമായി പുനര്‍ജന്മം നേടി ദൈവക്കരുവായി മാറി. ഞാന്‍ കണ്ടത് കൊണ്ട് നീ കണ്ടനാര്‍ കേളന്‍ എന്ന് അറിയപ്പെടും എന്ന് അനുഗ്രഹിച്ച് തന്റെ ഇടതു ഭാഗത്ത് ഇരിക്കാന്‍  പീഠവും കയ്യില്‍ ആയുധവും പൂജയും കല്‍പ്പിച്ചു കൊടുത്തു.
ഉടലില്‍ പാമ്പിണ ചേരും മുകില്‍ വര്‍ണ്ണന്‍
ആത്മപാരിതില്‍ പുകള്‍പെറ്റ കണ്ടനാര്‍ കേളന്‍
എന്നാണു കേളനെക്കുറിച്ച് പറയുന്നത്.

പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്തെ മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് അവരുടെ വയനാട്ടിലെ പൂമ്പുനം എന്ന സ്ഥലത്തെ കാട്ടില്‍ വെച്ച് കളഞ്ഞു കിട്ടിയ കുട്ടിയാണ് കേളന്‍. സ്വന്തം പുത്രനെ പോലെ വളര്‍ത്തിയ കേളന്‍ നല്ല വീര്യവും ആരോഗ്യമുള്ളവനുമായി വളര്‍ന്നു. തന്റെ അമ്മയെ കുന്നരുവിലെ തങ്ങളുടെ കൃഷി സ്ഥലങ്ങള്‍ നല്ല വിളവെടുപ്പോടെ സമ്പല്‍ സമൃദ്ധമാക്കാന്‍ ഏറെ സഹായിച്ചു. ഇതില്‍ സംതൃപ്തയായ ആ മാതാവ് തന്റെ വയനാട്ടിലെ നാല് കാടുകള്‍ കൂടി ചേര്‍ന്ന പൂമ്പുനം എന്ന സ്ഥലം കൃഷിയോഗ്യമാക്കാന്‍ വേണ്ടി കേളനെ നിയോഗിക്കുന്നു. 

അമ്മയുടെ വാക്കുകള്‍ മനസ്സാ വരിച്ച കേളന്‍ തന്റെ ആയുധമായ വില്ലും ശരങ്ങളും ഒപ്പം പൂമ്പുനം വെട്ടി തെളിക്കാന്‍ വേണ്ടിയുള്ള ഉരുക്കും ഇരുമ്പും കൊണ്ടുള്ള പണിയായുധങ്ങളുമായി യാത്ര പുറപ്പെട്ടു. വീട്ടില്‍ വെച്ച കള്ളാവോളം മോന്തിയ കേളന്‍ വഴിയില്‍ വെച്ച് കഴിക്കാനായി ഒരു കുറ്റി കള്ളു കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി കരുതി.
പൂമ്പുനത്തില്‍ എത്തിയ കേളന്‍ നാല്‍ക്കാടുകളും വെട്ടിത്തെളിച്ചു. എന്നാല്‍ നാലാമത്തെ പൂമ്പുനത്തിനു നടുവിലുള്ള കാളിയും കരാളിയുമെന്ന രണ്ടു നാഗങ്ങള്‍ താമസിച്ചിരുന്ന നെല്ലിമരം മാത്രം വെട്ടിയില്ല.
പൂമ്പുനം നാലും തീയിടാന്‍ തീരുമാനിച്ച കേളന്‍ ഓരോ പൂമ്പുനത്തിന്റെയും നാലു മൂലയിലും നാല് കോണിലും തീയിട്ട് അതി സാഹസികമായി അതിനു നടുവില്‍ നിന്ന് പുറത്ത് ചാടി വരികയായിരുന്നു. ഇങ്ങിനെ ഒന്നും രണ്ടും കഴിഞ്ഞപ്പോള്‍ കേളനു അത് വളരെ ആവേശമായി തോന്നി. അങ്ങിനെ മൂന്നാം പൂമ്പുനവും കഴിഞ്ഞു ഒടുവില്‍ നെല്ലിമരം നില്‍ക്കുന്ന നാലാമത്തെ പൂമ്പുനത്തിലും ഇപ്രകാരം തീയിട്ട് പുറത്ത് വരാന്‍ ശ്രമിക്കവേ അഗ്നിയും വായുവും കൊപിച്ചത് കാരണം എട്ട് ദിക്കില്‍ നിന്നും തീ ഒരേപോലെ ആളിപടര്‍ന്നു.  തനിക്ക് പുറത്ത് ചാടാവുന്നതിലും ഉയരത്തില്‍ അഗ്നിപടര്‍ന്നത് കണ്ട് ഇനി നെല്ലി മരം മാത്രമേ തനിക്ക് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കിയ കേളന്‍ അതിന്റെ മുകളിലേക്ക് ചാടി കയറി. അപ്പോള്‍ അതിലുണ്ടായിരുന്ന രണ്ടു നാഗങ്ങളും പ്രാണ ഭയത്താല്‍ കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറുകയും ഇടതു മാറിലും വലതു മാറിലുമായി ആഞ്ഞു കൊത്തുകയും  കേളനും നാഗങ്ങളും കൂടി അഗ്നിയിലെക്ക് വീഴുകയും അവര്‍ ചാരമായി മാറുകയും ചെയ്തു. 
പൂമ്പുനത്തിലെ തീയില്‍ നിന്നും ചാടി പുറത്തേക്ക് ഇറങ്ങുന്നതിനെ കാണിക്കാന്‍ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങും. നാലായി പകുത്ത മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു തീ കത്തിക്കുകയാണ് ചെയ്യുക. ആളുന്ന തീയിലൂടെ ചാടിയിറങ്ങുന്ന കേളന്‍ തെയ്യത്തെ ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചാണ് വീക്ഷിക്കുന്നത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടിയാടുന്നത്‌.
പൂമ്പുനം ചുട്ട കരിമ്പുനത്തില്‍ കാട്ടില്‍
കരുവേല മൂര്‍ഖന്‍ മാറില്‍ വന്നു കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയില്‍ വീണിട്ടുഴലും നേരം മറ്റാരുമില്ല
സഖേയെനിക്ക്
കണ്ടുടന്‍മേലേടത്തമ്മയപ്പോള്‍
വാഴ്ക നീ വളര്‍ക നീ കണ്ടനാര്‍ കേളാ

Kandanar Kelan Vellattam
Source: Pradeesh pallam
Source: Travel Kannur

(തുടരും,,,,)

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 18

തെയ്യച്ചരിത്രം 18


ഭൂത ദേവതകള്‍:  തെയ്യാട്ട രംഗത്തെ ഭൂതാരാധന തെയ്യങ്ങളാണ് വെളുത്ത ഭൂതം, കരിംപൂതം, ചുവന്ന ഭൂതം എന്നീ തെയ്യങ്ങള്‍. ഇവയൊക്കെ ശിവാംശ ഭൂതങ്ങളാണ്. എന്നാല്‍ ദുര്മൃതിയടഞ്ഞ പ്രേത പിശാചുക്കളില്‍ ചിലതും ഭൂതമെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങു ഭൂതം, കാളര്‍ ഭൂതം, വട്ടിപ്പൂതം എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.      
യക്ഷി ദേവതകള്‍:  യക്ഷി  എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണില്ലെങ്കിലും പുരാസങ്കല്‍പ്പ പ്രകാരം ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷി സങ്കല്‍പ്പത്തിലുള്ളവയാണ്. ഉദാഹരണം വണ്ണാന്‍മാര്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ടി. തോറ്റം പാട്ടില്‍ പറയുന്നത് പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവത എന്നാണു. വേലന്‍മാര്‍ കെട്ടിയാടുന്ന പുള്ളിചാമുണ്ഡി ഇതേ സങ്കല്‍പ്പത്തിലുള്ളതാണ്. കരിഞ്ചാമുണ്ടിയുടെ കൂട്ടുകാരിയായ പുള്ളി ഭഗവതിയും യക്ഷി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌. 
കാമന്‍, ഗന്ധര്‍വന്‍ എന്നീ സങ്കല്‍പ്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.

വനമൂര്‍ത്തികള്‍ : മേലേതലച്ചില്‍, പൂതാടി ദൈവം, പൂവിള്ളി, ഇളവില്ലി, വലപ്പിലവന്‍ എന്നീ തെയ്യങ്ങള്‍ വന ദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു.  പള്ളക്കരിവേടന്‍, പുള്ളിപ്പുളോന്‍ എന്നീ ദേവതകള്‍ കാവേരി മലയില്‍ നിന്ന് ഇറങ്ങി വന്നവരാണെന്നു വിശ്വസിക്കുന്നു. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീ ദേവതകളും വന ദേവതാസങ്കല്‍പ്പമുള്ള തെയ്യങ്ങളാണ്‌. 

ചുകന്നമ്മ അഥവാ ചോന്നമ്മ

വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു അമ്മ തെയ്യമാണ്‌ ചുകന്നമ്മ തെയ്യം. ചോന്നമ്മ എന്നും ഈ തെയ്യം അറിയപ്പെടുന്നു. കാഴ്ചയില്‍ തമ്പുരാട്ടി തെയ്യവുമായി രൂപ സാദൃശ്യമുണ്ടെങ്കിലും മുടി അത്രത്തോളം വരില്ല.

തെയ്യത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്‌:

സന്താനങ്ങള്‍ ഇല്ലാത്ത ഈറാവളളി മതിലകത്തെ സ്ത്രീകള്‍ക്ക് കൊടുക്കുവാന്‍ വേണ്ടി കര്‍മ്മി അരി, പൂവ് എന്നിവ കൊണ്ട് മന്ത്രിച്ചു തയ്യാറാക്കി വെച്ച ദിവ്യൗഷധം അവര്‍ക്ക് നല്‍കുന്നതിനു മുന്നേ അവിടെയെത്തിയ ഒരു പെൺമാൻ കഴിക്കാനിടയാകുകയും ആ മാന്‍, മാന്‍കുഞ്ഞിനു പകരം മനുഷ്യകുഞ്ഞിനെ പ്രസവിച്ചതിനാല്‍ അതിനെ അവിടെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. നായാട്ടിനിറങ്ങിയ കാട്ടു ജാതിക്കാര്‍ ഈ പെണ്‍കുഞ്ഞിനെ സന്താനങ്ങള്‍ ഇല്ലാത്ത ഈറാവളളി മതിലകത്തില്‍ ഏല്‍പ്പിക്കുകയും സന്തുഷ്ടരായ ബ്രാഹ്മണ ദമ്പതിമാര്‍ അതിനെ വാണാര്‍ പൈതല്‍ എന്ന് പേര് വിളിക്കുകയും ചെയ്തു.

 

മറ്റ് ബ്രാഹ്മണ കുട്ടികളില്‍ നിന്ന് ഭിന്നമായ സ്വഭാവം വച്ച് പുലര്‍ത്തിയ കുട്ടി ഒരിക്കല്‍ മണ്ണ് വാരിക്കളിക്കുമ്പോള്‍ അച്ഛനും അമ്മയും ശകാരിക്കുകയും അടിക്കുകയും ചെയ്തതിനാല്‍ ദേഷ്യം വന്ന കുട്ടി ഇല്ലം വിട്ടു നടന്നു. എതിരെ വന്ന ആശാരിമാരോടു വഴി ചോദിച്ച കുട്ടിക്ക് അവരില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ മുന്നോട്ടു തന്നെ നടന്നു. എന്നാല്‍ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തങ്ങളോടു വഴി ചോദിച്ച പെണ്‍കുട്ടി ഒരു ദേവ കന്യകയാണോ എന്ന സംശയം ആശാരിമാര്‍ക്ക് ഉണ്ടാവുകയും അവര്‍ അവളെ തിരഞ്ഞു കണ്ടെത്തുകയും ചെയ്യുന്നു. ആശാരിമാരോട് തനിക്ക് ഒരു ആരൂഡം വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അത് പണിത് കൊടുക്കുകയും പെണ്‍കുട്ടി അതില്‍ തന്നെ ഇരുപ്പാവുകയും ചെയ്തു.

 

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞ് ഋതുമതിയായ പെണ്‍കുട്ടി ആചാരങ്ങള്‍ മറന്നു അതിനുള്ളില്‍ തന്നെ ഇരുപ്പായ സമയത്ത് ഇതറിഞ്ഞ് സന്തോഷത്തോടെ മകളെ കാണാന്‍ അവിടെക്ക്  അരി കൊണ്ട് തയ്യാറാക്കിയ പാല്‍ പുങ്കവുമായി വന്ന അച്ഛനെയും അമ്മയെയും കാണാന്‍ കൂട്ടാക്കാതെയിരുന്നു. അച്ഛനും അമ്മയും കരഞ്ഞു കേണപേക്ഷിച്ചിട്ടും അവള്‍ അവരെ കാണാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‍അവര്‍ പാല്‍പുങ്കം അവിടെ വെച്ച് തിരിയേ ഇല്ലത്തേക്ക് യാത്രയായി. അവര്‍ പോയ ശേഷം അച്ഛനമ്മമാരോടുള്ള ദേഷ്യം കാരണം ആ പാല്‍ പുങ്കത്തിനു ഒറ്റച്ചവിട്ടു കൊടുത്തു.   അടിയുടെ ശക്തിയില്‍ തെറിച്ചു പോയ പായസം കുട്ടനാട്ടിലെ കുറുവയലില്‍ പതിച്ചു ചെന്നല്ലായി അവിടെ വളര്‍ന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

 

തുടര്‍ന്നു മാതാപിതാക്കളുടെ കണ്ണീര്‍ വീണ സ്ഥലത്ത് ഇനി ഞാന്‍ താമസിക്കില്ലെന്ന് പറഞ്ഞു ഇറങ്ങിയോടിയ പെണ്‍കുട്ടി ഒരു കരിമ്പനയുടെ മുകളില്‍ കയറിക്കൂടി അവിടെ സ്ഥിരമായി താമസിക്കുവാന്‍ തുടങ്ങി.   അങ്ങിനെയിരിക്കെ നമ്പ്യാര്‍ സമുദായക്കാര്‍ പനകൊണ്ടുള്ള വില്ലു ഉണ്ടാക്കാനായി പെണ്‍കുട്ടി താമസിച്ച പന മുറിക്കാന്‍ വരികയും അവളുടെ കൊത്തല്ലേ, മുറിക്കല്ലേ എന്നുള്ള അപേക്ഷ വക വെക്കാതെ പന മുറിക്കുകയും ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാരത്താല്‍ പനയുടെ കെട്ടു പൊങ്ങാതിരുന്നപ്പോള്‍ അവര്‍ പനയോടു സംസാരിക്കുകയും പെണ്‍കുട്ടിക്ക് ക്ഷേത്രം, നിവേദ്യം പൂജ എന്നിവ ചെയ്ത് കൊടുക്കാമെന്ന് ധാരണയാകുകയും പെണ്‍കുട്ടി അവരോടോന്നിച്ചു പോവുകയും ചെയ്തു.  പിന്നീട് ഈ പെണ്‍കുട്ടിയെ  ചുകന്നമ്മയായി പ്രതിഷ്ഠിക്കുകയും അവര്‍ക്ക് പൂജ ചെയ്യുവാനുള്ള കര്‍മ്മിയെയും കണ്ടെത്തികൊടുക്കുകയും ചെയ്തു.

(തുടരും,,,,)