2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 31

തെയ്യച്ചരിത്രം 31

പൊന്ന്വന്‍ തൊണ്ടച്ചന്‍:
തന്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിര്‍വഹിച്ച പൊന്ന്വന്‍ തൊണ്ടച്ചന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്‌. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ പണ്ഡിതന്‍ അനീതിക്കെതിരെ ആരുടെ മുന്നിലും തുറന്നടിക്കുന്ന തന്റേടക്കാരനുമായിരുന്നു. ഒരിക്കല്‍ കാളകാടു നമ്പൂതിരിയുടെ താന്ത്രിക വിധിയെ ചോദ്യം ചെയ്തതോടെ മേലാളരുടെ കണ്ണിലെ കാരായി. ഒരിക്കല്‍ കാളകാടു നമ്പൂതിരി പൊന്ന്വനെ തന്റെ ഇല്ലത്തേക്ക് വിളിപ്പിച്ചു. വഴി നീളെ പരീക്ഷണങ്ങള്‍ ഒരുക്കിയായിരുന്നു ഈ ക്ഷണം. എന്നാല്‍ അതെല്ലാം മറികടന്നു വീട്ടിലെത്തിയ പൊന്ന്വനെ കാളകാട് അന്തിയാവോളം ചര്‍ച്ചയില്‍ പിടിച്ചിരുത്തി. സന്ധ്യക്ക് തിരിച്ച പൊന്ന്വനെ പയ്യന്‍ എന്നൊരാള്‍ വെടിവച്ചു കൊന്നു. അങ്ങിനെ പൊന്ന്വന്‍ പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യമായി മാറി.
പെരുമ്പുഴയച്ചൻ തെയ്യം:
വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം. വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാള ദേവനും വാരിക്കാ ദേവിയും കുഞ്ഞുങ്ങളില്ലാതെ ശിവ ഭജനം വഴി (വിഷ്ണുവിനെ ഭജിച്ചത് വഴി എന്നും അഭിപ്രായമുണ്ട്) ഒരു വരം ലഭിച്ചുവെന്നും അത് പ്രകാരം അവര്‍ക്ക് ഒരു വീരസന്താനം ജനിക്കുമെന്നും സ്വദേശം വിട്ട് മലനാട്ടില്‍ പോയി ആ സന്താനം ഒരു പരദേവതയായി തീരുമെന്നായിരുന്നു വരം.
അത് പ്രകാരം പിറന്ന മകനെ അവര്‍ വിദ്യകള്‍ പഠിപ്പിച്ചു. ഒരിക്കല്‍ അമ്മാവനായ വടുവ ചെട്ടിയെ കണ്ടു കച്ചവടത്തിന് പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി അമ്മാവന്‍ നല്‍കിയ എരുതുകളുമായി ചങ്ങാതിമാരുടെ കൂടെ പല നാടുകള്‍ ചുറ്റി തിരുനെല്ലിയില്‍ എത്തുന്നു. ചരക്കുകള്‍ ഇറക്കി വെച്ച് വിശ്രമിച്ച ഇവര്‍ തായലെ പെരുമാള്‍ക്ക് വഴിച്ചുങ്കം കൊടുത്തുവെങ്കിലും മീത്തലെ പെരുമാള്‍ക്ക് ചുങ്കം നല്‍കാത്തതിനാല്‍ പെരുമാള്‍ ദ്വേഷ്യപ്പെടുകയും തന്റെ മാന്ത്രിക ശക്തി കൊണ്ട് എരുതുകളെയെല്ലാം കരിങ്കല്‍ കല്ലുകളായി മാറ്റുകയും ചെയ്തു. വെള്ളക്കാളകള്‍ വെങ്കല്ലായും, ചെമ്പന്‍ കാളകള്‍ ചെങ്കല്ലായും കരിംകാളകള്‍ കരിങ്കല്ലായും മാറി. ചരക്കെല്ലാം ചാര്യമായി. സംഘത്തിലെ ആറു പേരും ആപത്തില്‍ പെട്ടു. മാരിപ്പനിയും പെരുന്തലക്കുത്തും പിടിപ്പെട്ടു വായിലും മൂക്കിലും ചോര വാര്‍ന്നു. ദിക്കും ദേശവുമറിയാതെ പരസ്പ്പരംഅകന്ന് മരണമടഞ്ഞു. കല്ലറ കേറിയവന്‍ കല്ലറയച്ചനും, മണിക്കട കേറിയവന്‍ മണിക്കടയച്ചനും, പനക്കട തീണ്ടിയവന്‍ പനക്കടയച്ചനും, മലവഴിക്ക് പോയവന്‍ മലവഴിയച്ചനും, മര്‍മ്മ കാണ്ഡം പോയവന്‍ മര്‍മ്മൊഴിയച്ചനും ആയി മാറി. പെരിയ (വഴി) പിഴച്ച വടുവ ചെട്ടിയുടെ മരുമകന്‍ പെരുമ്പുഴയില്‍ (പെരുമ്പയില്‍) ഇറങ്ങി മരണമടഞ്ഞു. അങ്ങിനെ വള്ളുവന്‍മാര്‍ കണ്ടെത്തി ഒരു ദേവതയായി മാറി, പെരുമ്പുഴയച്ചന്‍ എന്നറിയപ്പെട്ടു. 
പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണോനല്ലോ പെരുമ്പുഴയച്ചന്‍ 
എന്നാണു ഐതിഹ്യം.
എന്നാല്‍ ഇതില്‍ നിന്ന് അല്‍പ്പം വിത്യസ്തമായി ഒരു കഥയുണ്ട്. ചെറുപ്പത്തിലെ സകല വിദ്യകളും പഠിച്ചെടുത്ത ദേവന്‍ കച്ചവടക്കാരായ കാരണവര്‍ പോകുമ്പോള്‍ അവരുടെ കൂടെ കച്ചവടത്തിനു പോകാന്‍ വാശിപിടിക്കുകയും നിനക്ക് കച്ചവടം ചെയ്യാന്‍ അറിയില്ലെന്ന് പറഞ്ഞു അവര്‍ കൂട്ടാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അറിയാതെ അവരെ പിന്തുടര്‍ന്ന ദേവന്‍ സ്വന്തമായി കച്ചവടം നടത്തി പ്രശസ്തനാവുകയും ചെയ്യുന്നു.
ആദ്യം കാലി കച്ചവടം ചെയ്ത ദേവന്‍ പിന്നീട് തുവര, കടല, വെല്ലം, കല്‍ക്കണ്ടം തുടങ്ങിയ പല വ്യജ്ഞനങ്ങള്‍ കച്ചവടം നടത്തി. തന്റെ മായയാല്‍ കടല ചെറുമണി ചരലായും, കല്‍ക്കണ്ടി വെങ്കല്ലായും മറിച്ചു മീത്തലെ വീട്ടില്‍ പെരുമാള്‍ക്ക് ചുങ്കം വീഴ്ത്താന്‍ പണം കയ്യിലുണ്ടായിരിക്കെ വെളുത്തരി കൊണ്ട് ചുങ്കം വീഴ്ത്തി മായ കാണിച്ചു. കച്ചവടം കഴിഞ്ഞു മടങ്ങുന്ന വഴി രാത്രി ഘോരമായ ചെന്നികുത്ത് വന്ന് കയ്യിലുണ്ടായിരുന്ന ചൂട്ടും നഷ്ടപ്പെട്ടു. കണ്ണ് കാണാതായി വഴി പിഴച്ച് പെരുമ്പുഴയാറ്റില്‍ വീണു മരണപ്പെട്ടു. പിറ്റേന്ന് മീന്‍ പിടിക്കാന്‍ പോയ ഒരു വള്ളുവന് ദേവനെ വലയില്‍ കിട്ടി. അതോടു കൂടി വള്ളുവന്റെ വീട്ടില്‍ പല ദൃഷ്ടാന്തങ്ങളും കണ്ടു തുടങ്ങി. ജ്യോത്സരെ വരുത്തി നോക്കിയപ്പോള്‍ ഇതൊരു സാധാരണ മനുഷ്യനല്ലെന്നും കുലം കാക്കാന്‍ പോന്നൊരു ദൈവമാണ് എന്ന് കണ്ടു. അങ്ങിനെ വള്ളുവന്‍മാരുടെ കുലദൈവമായി മാറിയെന്നും അവര്‍ പയംകുറ്റി, ഇറച്ചി, മത്സ്യം എന്നിവ നൈവേദ്യമായി നല്‍കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു ഐതിഹ്യം.
പെരുമ്പുഴയച്ചന്‍ തെയ്യത്തിന്റെ തോറ്റം വീഡിയോ കാണാന്‍:
http://www.youtube.com/watch?v=GnUiNcvy8wg
Source: Priyesh M.B.
പെരുമ്പുഴയച്ചന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=6aWSOVBseaI

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ