2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 14

തെയ്യച്ചരിത്രം 14


ശ്രീ ശൂല കുമാരിയമ്മ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ):
ശ്രീ ശൂലയില്ലത്തെ തിരുവടിത്തങ്ങള്‍ കപ്പലേറി കടല്‍ വാണിഭത്തിനു പോകവേ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ തടസ്സം നിന്നെങ്കിലും കൂട്ടാക്കാതെ യാത്ര  ചെയ്ത് തിരുവാലത്തൂര്‍ എത്തിയ തിരുവടിത്തങ്ങള്‍ അവിടെ ഒരു പട്ടത്തിയെ കല്യാണം കഴിക്കുകയും അതില്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടാകുകയും ചെയ്തു. അവളാണ് ശൂല കുമാരിയെന്ന  ശ്രീശൂലകുഠാരിയമ്മ. മാസങ്ങള്‍ക്ക് ശേഷം ഭാര്യയേയും മകളെയും കാണാതെ കപ്പലില്‍ മടങ്ങിയപ്പോള്‍ മകള്‍ ശൂലകുമാരിയും കപ്പലില്‍ കയറിക്കൂടി. ശ്രീ ശൂലയില്ലത്തെ തിരുവടിത്തങ്ങളുടെ മകന്‍ നിദ്രാഗോപാലന്‍ ഇത് സ്വപ്നത്തില്‍ കാണുകയും കന്യകയെ വിളക്കും തളികയുമായി ചെന്ന് എതിരേല്‍ക്കുകയും ചെയ്തു. കന്യകയെ ശൂലകുമാരിയമ്മ എന്ന പേരില്‍ പിന്നീട് ഇവര്‍ ആരാധിക്കപ്പെട്ടു തുടങ്ങി. ഇവര്‍ മരക്കലത്തമ്മ എന്നും അറിയപ്പെടുന്നു.  എന്നാല്‍ ഇതേ ദേവിയെ തന്നെ തിരുവാര്‍മ്മൊഴിയെന്നും, നരയൂധമാലയെന്നും വിളിച്ചു വരുന്നു.
ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും:
ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ്‌ ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുപേരും ചങ്ങാതികളായി മാറി. എന്നാല്‍ ഇവര്‍ രണ്ടും പേരും ഒരേ ദേവിമാരാണെന്ന അഭിപ്രായവും ഉണ്ട്. ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നാണു ആ അഭിപ്രായക്കാര്‍ പറയുന്നത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.

മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. ഇവര്‍ക്ക് പത്തുകൊറെ നാന്നൂറ് തെയ്യങ്ങളുണ്ട്. നാന്നൂറില്‍ പത്തു കുറഞ്ഞാല്‍ മുന്നൂറ്റി തൊണ്ണൂറ്.  ഇവരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണത്രെ. എല്ലാവര്‍ഷവും കുംഭമാസം പതിനഞ്ചിന് ആരംഭിച്ചു നാലു നാള്‍ നീണ്ടു നില്‍ക്കുന്ന താനത്തെ ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ഇവരുടെ പതിനൊന്ന് മുകയത്താനത്തിന്റെയും കേന്ദ്രം ചെറുവത്തൂരിനടുത്തുള്ള കാടങ്കോടു പുന്നക്കാല്‍ ഭഗവതി താനമാണ്. ആയിറ്റി ഭഗവതി പയ്യക്കാല്‍ ഭഗവതി, പുന്നക്കാല്‍ ഭഗവതി എന്നീ ഗ്രാമ പേരുകളിലും അറിയപ്പെടുന്നുണ്ട്. കൂടാതെ ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്. വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പമാണുള്ളത്‌.
ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായതു. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു.
വീഡിയോ കാണാന്‍:
കടപ്പാട്: തെയ്യം രിച്ച്വല്‍
http://www.youtube.com/watch?v=T9LnL84uhN8
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍

ആര്യക്കര ഭഗവതി:
കോലത്ത് നാടു കാണാന്‍ ആരിയര്‍ നാട്ടില്‍ വന്ന ദേവിയാണ് ആര്യക്കര ഭഗവതി. ആഴികളേറെ കടന്നു വന്ന ദേവി കടിഞ്ഞിക്കടവ് എത്തിയപ്പോള്‍ പൂത്ത പൂചെമ്പകമണത്താല്‍ ആകൃഷ്ടയായി കടവില്‍ ഇറങ്ങി. അള്ളട രാജാവിന്റെ (നീലേശ്വരം രാജാവിന്റെ) ശക്തി പരീക്ഷ മറി കടന്ന ദേവി വസൂരി ബാധിച്ച കണിക്കര അച്ഛനെ മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് രോഗവിമുക്തനാക്കി.  കടിഞ്ഞിക്കടവിലെ പൂചെമ്പകച്ചോട്ടില്‍ ആര്യക്കര ദേവിയായി ഭഗവതി ആരൂഡം നേടി.  ആര്യക്കരയിലും അഞ്ഞൂറ്റമ്പലം കാവിലും പള്ളിപീഠം ലഭിച്ചു. ദേവിയുടെ ഇഷ്ടാര്‍ച്ചന ചെമ്പകപൂക്കളാണ്. അലയാഴിയിലേക്ക് നോക്കിയിരിക്കും വിധം പടിഞ്ഞാറു മുഖമായാണ് ദേവി കുടി കൊള്ളുന്നത്‌. വണ്ണാന്‍ സമുദായമാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ