2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 42

തെയ്യച്ചരിത്രം 42

പുള്ളിവേട്ടയ്ക്കൊരു മകന്‍:
ശിവപുത്ര സങ്കല്‍പ്പത്തിലുള്ള ഈ ദേവന്‍ കാട്ടാള വേഷം പൂണ്ട ശിവന് കാടത്തി വേഷം പൂണ്ട പാര്‍വതിയില്‍ ഉണ്ടായ പുത്രനാണ്. ഭൂമിയിലേക്കിറങ്ങിയ ദേവന്‍ പുള്ളിമനയില്‍ ആദ്യം ആരൂഡം നേടിയതിനാല്‍ പുള്ളിവെട്ടയ്ക്കൊരു മകന്‍ ആയി അറിയപ്പെട്ടുവത്രേ. കുശവരുടെ കുലദേവതയാണ് ഈ തെയ്യം. നീലിയാര്‍ ഭാഗവതിക്കും അവര്‍ ഇതേ സ്ഥാനം നല്‍കുന്നുണ്ട്. കണ്ണൂര്‍ കല്യാശ്ശേരിക്കും പറശ്ശിനിക്കടവിനും ഇടയിലുള്ള ആന്തൂര്‍ ആയിരുന്നു ഇവരുടെ ആദ്യ സങ്കേതം. ജാതി ഭേദമില്ലാതെ ഇവര്‍ ഉണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍ എല്ലാവരും വാങ്ങുമായിരുന്നു. ഇവര്‍ക്ക് നാഗ ക്കാവുകളിലെ ഉണങ്ങിയ മരങ്ങള്‍ കൊണ്ട് പോകാനുള്ള അവകാശം ഉണ്ട്. ഈ സമുദായത്തിന് പയ്യന്നൂര്‍ മുതല്‍ പൈക്ക (കാസര്‍ഗോഡ്‌) വരെ പ്രധാനമായി നാല് കഴകങ്ങള്‍ ഉണ്ട്. പീലിക്കോട്, എരിക്കുളം, കായക്കുളം, മാവിച്ചേരി എന്നിവയാണവ. ഇരുപത്തിയാറോളം തെയ്യക്കാവുകള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്. തെയ്യങ്ങള്‍ ഇവരെ ആന്തൂര്‍ നായര്‍ എന്നാണു സംബോധന ചെയ്യുന്നത്.
പുള്ളിവേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=gPrWk7hdmSw
കടപ്പാട്: ധന്യ എം.
കാരണവർ തെയ്യം:
വണ്ണാന്‍മാര്‍ കെട്ടിയാടുന്ന ഈ തെയ്യത്തിനു മുഖത്ത് ചായില്യവും മനയോലയും ദേഹത്ത് മഞ്ഞള്‍ കിരീടവും വാളും പരിചയും ഉണ്ടാകും. പൊതു ക്ഷേത്രങ്ങളിലും തറവാടുകളിലും കുടുംബ ക്ഷേത്രങ്ങളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
കാരണവര്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=g6YjvyOTxNM
കടപ്പാട്: സുരേന്ദ്ര ബാബു പി.പി.
പനിയൻ തെയ്യം:
മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ശിവാംശഭൂതനായ പനിയന്‍ തെയ്യം സാധാരണയായി രാത്രിയിലാണ് കെട്ടിയാടാറുള്ളത്. തെയ്യങ്ങളിലെ കോമാളിയായാണ് ഈ തെയ്യം അറിയപ്പെടുന്നത്. രണ്ടു തെയ്യങ്ങള്‍ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതല്‍ ഉണ്ടെങ്കില്‍ ആള്‍ക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെട്ടുന്ന തെയ്യമാണ്‌ ഇത്. നിര്‍ബന്ധമായും കെട്ടിയാടെണ്ട തെയ്യമല്ലെന്നു ചുരുക്കം. അതിനാല്‍ തന്നെ നേര്‍ച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിനില്ല.
മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ ചെണ്ടയുംയി സാധാരണ ഗതിയില്‍ ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. ഗുരുക്കള്‍ എന്നാണിയാളെ പനിയന്‍ വിളിക്കുക. ഗഗുരുക്കളും പണിയാനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് ഈ തെയ്യത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്ന്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക. സകലവിധ കോമാളിത്തരങ്ങളും അരങ്ങേറുന്നത് അവിടെയാണ്. 
പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയനേ നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കെട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയനെ കെട്ടിയ കോലക്കാരനും നല്ല നര്‍മ ബോധമുള്ളവരാണെങ്കില്‍ നല്ലൊരു സമയം പോക്കാണ് ഈ തെയ്യം.

കത്തിയമരുന്ന നെരിപ്പോട് ലക്ഷ്യമാക്കി ഞാന്‍ പോയി കനലില്‍ കുളിച്ചിട്ടു വരാം എന്നും പറഞ്ഞു നെരിപ്പോടിനടുത്തെത്തി തിരിച്ചു വരും. തണുത്തിട്ടു വയ്യ എന്ന ന്യായം പറഞ്ഞു ഗുരുക്കളെ ബോധിപ്പിക്കുന്നതും, പിന്നെ കുളിയുടെ മാഹാത്മ്യത്തെപ്പറ്റി പുരാണങ്ങള്‍ ഉദ്ദരിച്ച്‌ വിശദീകരിക്കുകയും മറ്റും ചെയ്തിട്ട് താന്‍ കുളിച്ചിട്ടു ഇന്നേക്ക് മൂന്നു മാസമായി എന്ന് പറയുമ്പോള്‍ ആളുകള്‍ കുടു കുടെ ചിരിക്കും. ഇത് പോലെ സമകാലിക രാഷ്ട്രീയ സിനിമാകാര്യങ്ങള്‍ അടക്കം അറിവും നര്‍മ്മവും ഒക്കെ കോര്‍ത്തിണക്കി കൊണ്ട് പനിയന്‍ സംസാരിക്കും. സൂര്യന് കീഴെയുള്ള എന്തും പറയുന്ന പനിയന്‍ ഗുരുക്കളുടെ കുടവയറും ഭക്തന്റെ കഷണ്ടി തലയും എന്ന് വേണ്ട ഏതിലും തമാശ കണ്ടെത്തി നര്‍മ രസത്തോടെ അവതരിപ്പിക്കും. 
(
തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ