2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യച്ചരിത്രം - 10

തെയ്യച്ചരിത്രം 10

 

മടയിൽ ചാമുണ്ഡി:
പൊതുവാളരുടെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി.  മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാർ. അവരെ വധിച്ചതിനാലാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്‌.  ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൌശികി ദേവിയുടെ അംശാവതാരം. ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ട മുണ്ടന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് മടയില്‍ ചാമുണ്ഡി എന്ന പേര്‍ വന്നത് എന്നും പറയുന്നു. ഇവരെ പാതാളം വരെ പിന്തുടര്‍ന്ന്‍ വധിച്ചതിനാല്‍ പാതാളമൂര്‍ത്തി എന്നും പേരുണ്ട്.

വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്. തെയ്യക്കോലങ്ങളില്‍ ഏറ്റവും സുന്ദരമായ ആടയാഭരണങ്ങള്‍ അണിയുന്ന ഈ തെയ്യം, തെയ്യമെന്ന അനുഷ്ഠാന കലയുടെ എല്ലാ സൌന്ദര്യവും നമുക്ക് കാട്ടി തരുന്നു.    അലന്തട്ട മട വാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.
മറ്റൊരു ഐതിഹ്യം ഇതാണ്:
പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതെയിരിക്കുമ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കെട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ.
എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അത് കെട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത്‌ എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകര മൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറം കാല് കൊണ്ട് തട്ടിയെറിഞ്ഞു. തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്ന് പുറം കാലു കൊണ്ട് എറിയുന്നതും നായാട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന ചടങ്ങുകളാണ്.
മടയില്‍ ചാമുണ്ടിയുടെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം
മൂവാളംകുഴി ചാമുണ്ടി:
തൃക്കണ്ണാട്ട് ക്ഷേത്രത്തിലെ തന്ത്രിമാരായ ഇളയപുരത്ത് തന്ത്രിയും ഇടമന തന്ത്രിയുമാണ് ഒന്നിടവിട്ട മാസങ്ങളില്‍ അവിടെ പൂജാവിധികള്‍ ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ക്രമേണ ശത്രുതയിലാവുകയും രണ്ടു പേരും അന്യോന്യം ദുഷ്ട ശക്തികളെ അയക്കുവാന്‍ തുടങ്ങി. 
എന്നാല്‍ ഒരു തവണ ഇടമന തന്ത്രി തൃകന്യാവ് ദേവിയെ ഇളയപുരത്ത് തന്ത്രി അയച്ചതാണെന്ന് കരുതി പിടിച്ചു ചെമ്പു പാത്രത്തില്‍ അടച്ച് തന്റെ വേലക്കാരോട് ഭൂമിയില്‍ കുഴിച്ചിടുവാന്‍ കല്‍പ്പിച്ചു.

വേലക്കാര്‍ ഈ കൃത്യം നിര്‍വഹിച്ചു വീട്ടില്‍ എത്തുന്നതിനു മുന്നേ ഒരു ഇടിശബ്ദവും മൂര്‍ച്ചയുള്ള ഒരു തിളങ്ങുന്ന വാളും കണ്ടു.  അത് ഭൂമിയെ പിളര്‍ത്തി മൂന്നാള്‍ വലിപ്പത്തില്‍ (മൂവാളം കുഴി) ഒരു കുഴിയുണ്ടാക്കി. ആ കുഴിയില്‍ നിന്ന് തൃക്കന്യാവിനോടൊപ്പം വീണ്ടും മൂന്നു വാളുകള്‍ കൂടി ഉദയം ചെയ്തു. ദേവി ഇടമന തന്ത്രിക്കും കുടുംബത്തിനും നിരവധി ഉപദ്രവങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്ത്രി അയ്യപ്പനെയും തൃക്കന്യാലപ്പനെയും സമീപിച്ചു. എന്നാല്‍ അവര്‍ രണ്ടു പേരും ഈ ദേവതയുടെ പെരുമാറ്റത്തില്‍ സംപ്രീതരായി തങ്ങളുടെ കൂടെ അവര്‍ക്ക് ഒരു സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയും അങ്ങിനെ ചാമുണ്ടിയെ തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തു. ഈ ദേവിയുടെ തെയ്യത്തിന്റെ വൃത്താകാരത്തിലുള്ള വര്‍ണ്ണാഭമായ മുടി ഭക്തരുടെ ഹൃദയം കവരുന്നതാണ്. അസുരവിനാശിനിയായ മഹാകാളിയുടെ സങ്കല്‍പ്പമാണ്‌ ഈ ദേവതക്ക്. ശാലിയരുടെ (ചാലിയരുടെ) കുലദേവതാ സ്ഥാനമാണ് ഈ ദേവതക്കുള്ളത്. കീഴൂര്‍ ധര്‍മ്മശാസ്താവിനെയാണ് ശാലിയര്‍ പ്രധാന ദേവനായി ആരാധിക്കുന്നത്.

മൂവാളം കുഴി ചാമുണ്ടിയുടെ വീഡിയോ കാണാന്‍:
Source: Vinod V

മുണ്ട്യന്‍ പറമ്പ് ചാമുണ്ഡി:
ഐതിഹ്യ പ്രകാരം സപ്തമാതാക്കളില്‍ പെടുന്ന രൌദ്ര മൂര്‍ത്തിയാണ് മുണ്ട്യന്‍ പറമ്പ് ചാമുണ്ഡി. ആളിനെയോ ആനയേയോ കൊന്നു ചോര കുടിച്ചാല്‍ മാത്രം പകയടങ്ങുന്ന ഈ കാളിക്ക് അത് കൊണ്ട് തന്നെ കേട്ടിക്കോലമില്ല. പ്രതി പുരുഷ സങ്കല്‍പ്പത്തില്‍ കോമരം മാത്രമേയുള്ളൂ. കാവിലേക്ക് ഉറഞ്ഞാടി വരുന്ന കാളിയെ ഭക്ത വത്സലയായ രക്തേശ്വരി തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതും സാന്ത്വനിപ്പിച്ചു കാവിലേക്ക് കൂട്ടികൊണ്ട് വരുന്നതുമായ അനുഷ്ഠാനമാണ്‌ വയലാട്ടം. തീപന്തങ്ങള്‍ ദേവിയുടെ കൊപാവസ്ഥയുടെ പ്രതീകങ്ങളാണ്.

മകരം കുംഭം മാസങ്ങളില്‍ തെയ്യാടം തുടങ്ങുമ്പോഴേക്കും മൂവരികഴകത്തിന് താഴെയുള്ള വയല്‍ ഉഴുതു മറിച്ചിട്ടിട്ടുണ്ടാകും. നട്ട പൊരിയുന്ന വെയിലത്ത് ചൂട് അതിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന സമയത്താണ് വയലാട്ടം നടക്കുക. വയലില്‍ നടക്കുന്ന ആട്ടമായത് കൊണ്ടാണ് ഇത് വയലാട്ടം എന്ന പേരില്‍ അറിയപ്പെടുന്നത്. മുണ്ട്യന്‍ പറമ്പില്‍ ചാമുണ്ഡിയുടെ കോമരവും രക്ത്വേശരി കോലവും മുഖത്തോടു മുഖം ചേര്‍ന്ന് നിന്നുള്ള മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിയാട്ടമാണിത്. നാല് വീതം പന്തമുറപ്പിച്ച ഓരോ പന്തക്കോല്‍ മുണ്ട്യന്‍ പറമ്പ ചാമുണ്ഡി കോമരത്തിന്റെ ഇരു കക്ഷത്തിലും ഉറപ്പിച്ചു  കയ്യില്‍ വാളുമായിട്ടാണ് വയലാട്ടം തുടങ്ങുക. ആളും ആരവങ്ങളും ചെണ്ട മേളവും ആട്ടം ഭക്തി നിര്‍ഭരമാക്കും. മുണ്ട്യന്‍ പറമ്പ് ചാമുണ്ടിയുടെ കോപം ശമിപ്പിച്ചു തടഞ്ഞു നിര്‍ത്തുന്ന കഥയാണ് രക്തേശ്വരി വയലാട്ടത്തിലൂടെ പുനരവതരിപ്പിക്കുന്നത്.


(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ