2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 39

തെയ്യച്ചരിത്രം 39

വേട്ടക്കൊരുമകൻ:
വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷണന്റെയും നിര്‍ദ്ദേശ പ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി അര്‍ജ്ജുനന്‍ ശിവനെ തപസ്സ് ചെയ്യുകയും അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വര ന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം. ഉത്തര കേരളത്തില്‍ നായര്‍ സമുദായക്കാരുടെ പ്രധാനപ്പെട്ട തെയ്യങ്ങളില്‍ ഒന്നായ ഈ തെയ്യം അവരില്‍ പലരുടേയും കുടുംബപരദേവതകൂടിയാണ്. ഈ തെയ്യത്തിന്റെ പുരാവൃത്തങ്ങളില്‍ പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴ ചേര്‍ന്ന കഥകള്‍ കാണാം. പൊതുവേ ശാന്ത ശീലനായി കാണപ്പെടുമെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്. വെട്ടേക്കാരന്‍, കിരാത മൂര്‍ത്തി, വേട്ടക്കൊരു സ്വാമി, വേട്ടയ്ക്കരമകന്‍ എന്നെല്ലാം ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് വെട്ടേക്കരുമകന്‍ എന്നാണു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വേട്ടയ്ക്കൊരുമകന്‍ എന്നാണു അറിയപ്പെടുന്നത്. വേട്ടയ്ക്ക് + അര (അരന്റെ = ശിവന്‍) മകന്‍ വെട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനുമായതായായി ആളുകള്‍ വിശ്വസിക്കുന്നു.
ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരു മകന്റെ പ്രധാന ആസ്ഥാനം. നായര്‍മാരുടെ പരദേവത എന്ന് പറഞ്ഞാല്‍ മലബാറില്‍ വേട്ടയ്ക്കൊരുമകനാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീലേശ്വരം, കോട്ടയ്ക്കല്‍, പെരുവല്ലൂര്‍, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും മുന്നിട്ടു നില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രങ്ങള്‍ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ മാത്രമാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യം കെട്ടിയാടുന്നത്‌.
ഇഷ്ടവരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. കാക്കയെപ്പോലെ കണ്ണുള്ളവനും പതുക്കെ നടക്കുന്നവനുമായിരുന്നു വേട്ടയ്ക്കൊരു മകന്‍. ശ്രീ ശാസ്താവിന്റെ അവതാരമായ വേട്ടയ്ക്കൊരു മകന്റെ അമിത പ്രഭാവം കണ്ടു ഭയന്ന ദേവകള്‍ വേട്ടയ്ക്കൊരുമകനെ ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ശിവന്‍ വേട്ടയ്ക്കൊരു മകന് ചുരിക നല്‍കി അങ്ങിനെ ചെയ്യുകയും ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പല ദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പേരുകെട്ട കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ചു അവിടെ താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അതില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു.
ഇവരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട അന്യായമായി കുറുമ്പ്രാന്തിരിമാതിരിമാര്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പോരാളിയായ വേട്ടയ്ക്കൊരു മകന്റെ ആവശ്യാര്‍ത്ഥം അവര്‍ കൊട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാന്തിരിമാര്‍ തടസ്സങ്ങള്‍ വെച്ച്. തന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാന്തിരിയുടെ മുന്നിലെത്തി. അവിടെ വെച്ച് കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു അവിടെ കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകള്‍ നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു. ഇതോടെ വേട്ടയ്ക്കൊരു മകന്റെ ശക്തി മനസ്സിലാക്കിയ കുറുമ്പ്രാതിരി പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തി വെച്ച് ഉടയ്ക്കാറുണ്ട്. വേട്ടയ്ക്കൊരു മകന്റെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ് ഈ തേങ്ങയുടയ്ക്കല്‍. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.
തോറ്റം പാട്ടില്‍ ഇതേ പറ്റി പറയുന്നത് ഇങ്ങിനെയാണ്‌:
നായരായി പുറപ്പെട്ടു നാളികേരം തകര്പ്പാന്‍ 
നാഴികാമൂന്നു ഇരുപതോരായിരം നല്‍തേങ്ങയും 
കുടു കുടാ ഇടിപോലെ തകര്‍ത്താടിവരുന്നവന്‍
കുടുകുടാ ഇടിയും നല്ലിളം ചേകോന്‍ കളിയും
ഓര്‍ത്താലത്ര കീര്‍ത്തിയെഴും 
ബാലുശ്ശേരി കോട്ടയില്‍ വാണ 
വേട്ടയ്ക്കൊരു മകന്‍ തുണക്കേകണം നമുക്ക്
ദേവ ഗായകവൃന്ദ പരമ്പരയില്‍ പെട്ടവരെന്ന് വിശ്വസിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ പുന്നാട് എന്ന പ്രദേശത്ത് കൂടുതലായി താമസിച്ചു വരുന്ന തെയ്യംപാടി നമ്പ്യാന്മാര്‍ ഈ ക്ഷേത്രങ്ങളില്‍ പാട്ടും കളമെഴുത്തും നടത്താറുണ്ട്‌.
നെടിയിരുപ്പ് സ്വരൂപത്തില്‍ ക്ഷേത്രപാലകന്റെ കൂടെയും മറ്റിടങ്ങളില്‍ ഊര്പ്പഴശ്ശിയുടെ കൂടെയും വേട്ടയ്ക്കൊരു മകന്‍ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലകനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ദേഹത്ത് പച്ച നിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യങ്ങളില്‍ ഒന്നാണിത്. വണ്ണാന്‍മാരില്‍ ആചാരപ്പേരു ലഭിച്ചവര്‍ മാത്രം കെട്ടിയാടെണ്ട തെയ്യങ്ങളാണ്‌ വേട്ടയ്ക്കൊരു മകന്‍, ക്ഷേത്രപാലകന്‍, വൈരജാതന്‍ എന്നിവ.
വേട്ടയ്ക്കൊരു മകനെ ശാസ്താവ് എന്ന പേരില്‍ കെട്ടിയാടുന്ന അപൂര്‍വമായ ഒരു കോട്ടമാണ് നരീക്കോടു നടുവലത്ത് കോട്ടം. മറ്റ് സ്ഥലങ്ങളില്‍ ഊര്പ്പഴശ്ശി, വേട്ടയ്ക്കൊരു മകന്‍ എന്നിവര്‍ ഒന്നിച്ചാണ് പുറപ്പാടെങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേക കോലമാണ്. മാത്രമല്ല, ഊര്പ്പഴശ്ശിക്ക് പകരം ശാസ്താവിന്റെ തോഴനായി വരുന്നത് വൈഷ്ണവംശമുള്ള ദേവന്‍ കരിവേടനാണ്. മുഖത്തെഴുത്തിലും ചമയങ്ങളിലും ഈ തെയ്യത്തിനു ഊര്പ്പഴശ്ശിയുമായി നല്ല വിത്യാസമുണ്ട്. കുടകില്‍ ജോലി ചെയ്തിരുന്ന കുന്നുമ്മല്‍ തറവാട്ട് കാരണവരുടെ കൂടെ ഒരിക്കല്‍ കള്ളന്‍മാരുടെയും പുഴയുടെയും മദ്ധ്യേ പെട്ടു രക്ഷപ്പെടാന്‍ അവസരമില്ലാതിരു ന്നപ്പോള്‍ കുടകില്‍ വെച്ച് ആരാധിച്ചിരുന്ന ശാസ്താവീശ്വാരനെ വിളിച്ച് കരഞ്ഞപ്പോള്‍ അദ്ദേഹം കുതിരപ്പുറത്തേറി വന്നു കാരണവരെ രക്ഷിച്ചുവെന്നും പിന്നീട് നരീക്കോടു നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്ത് തോഴനായ കരിവേടന്റെ കൂടെ വന്നു കുടിയിരുന്നുമെന്നാണ് തെയ്യത്തിന്റെ വാമൊഴികളില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്.
വെള്ളൂർ കൊട്ടണചേരിയിൽ വേട്ടയ്ക്കൊരുമകൻ ദൈവം വന്ന കഥ പറയുന്നത് ഇങ്ങിനെയാണ്‌ ബാലുശ്ശേരി കോട്ടാധിപന്‍ വേട്ടയ്ക്കൊരുമകനും കൂട്ടുകാരന്‍ ഊര്പ്പഴശ്ശിയും കൂടെ വടക്കോട്ട്‌ പട നയിച്ച്‌ കുറുമ്പ്രനാടും മറ്റും കീഴടക്കി കോലത്ത് നാട്ടിലെത്തി. അവിടത്തെ ദേശരക്ഷ ചെയ്യുന്ന പ്രമുഖ ദൈവങ്ങളുടെ ശക്തി കണ്ടു അമ്പരന്നുപോയി. അതില്‍ തളിപ്പറമ്പത്തപ്പന്‍, പയ്യന്നൂര്‍ പെരുമാള്‍, ചുഴലി ഭഗവതി, തിരുവര്‍ക്കാട്ട് ഭഗവതി തുടങ്ങിയവര്‍ ഉണ്ട്. അവരെ വണങ്ങി അള്ളട സ്വരൂപം പിടിക്കാന്‍ അങ്ങോട്ട്‌ പോയി. നാട് കീഴടക്കി തിരിച്ചു പോന്നു. സൈന്യത്തെ വിട്ടു ചങ്ങാതിയായ ഊര്പ്പഴശ്ശിയുടെ കൂടെ തെക്കോട്ടേക്ക് നടന്നു.
വഴിയില്‍ (വെള്ളൂരില്‍) യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരുന്ന ഇവരുടെ മുന്നില്‍ വഴിപോക്കനായ തീയ്യന്‍ കൊട്ടന്‍ വരികയും അവന്‍ അവര്‍ക്ക് ദാഹം തീര്‍ക്കാന്‍ ഇളനീര്‍ നല്‍കുകയും ചെയ്തു. ജാതി ഭീകരത നില നില നിന്ന അക്കാലത്ത് നായര്‍ യോദ്ധാക്കന്‍മാരായ വേട്ടയ്ക്കൊരു മകനോട് കൂട്ടുകാരന്‍ ഊര്പ്പഴശ്ശി ഇളനീര്‍ സ്വീകരിക്കേണ്ട എന്ന് വിലക്കിയെങ്കിലും ദാഹം കാരണം വേട്ടയ്ക്കൊരു മകന്‍ അത് വാങ്ങി കുടിക്കാന്‍ തയ്യാറായി. ദ്വേഷ്യവും സങ്കടവും വന്ന ഊര്പ്പഴശ്ശി എന്റെ ചങ്ങാതി കൊട്ടനെ ചാരിയ നീ ഇവിടെ തന്നെ കൂടിക്കോളൂ ഞാന്‍ പോകുന്നു എന്നും കാണാന്‍ പാകത്തില്‍ ആലക്കാട്ട് ഉണ്ടാകും നമുക്ക് മുഖത്തോടു മുഖം കാണാം എന്ന് പറഞ്ഞു വേട്ടയ്ക്കൊരു മകനെ വിട്ടു യാത്രയായി. അങ്ങനെ കൊട്ടനെ ചാരിയ വേട്ടയ്ക്കൊരുമകൻ വെള്ളൂരിലും കൂട്ടുകാരനെ നോക്കികൊണ്ട് ഊര്പ്പഴശ്ശി (ഉർപഴച്ചി) ആലക്കാട്ട് കളരിയിലും നിലകൊണ്ടു
വേട്ടയ്ക്കൊരു മകനും ഊര്പ്പഴച്ചിയും വീഡിയോ കാണുവാന്‍ :
http://www.youtube.com/watch?v=9bdt5o-clFM
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
http://www.youtube.com/watch?v=CV9wAFJLio4
കടപ്പാട്: കേരള ടൂറിസം

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ