2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യചരിത്രം - 4

തെയ്യച്ചരിത്രം 4

പുതിയ ഭഗവതി:
തീയരുടെയും നായരുടെയും ആരാധ്യ ദേവതയാണ് പുതിയോതി എന്ന പുതിയ ഭഗവതിയെന്ന പുതിയോത്ര. ഹോമകുണ്ടത്തില്‍ പൊടിച്ചു വന്ന ഈ ദേവത മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. അങ്ങിനെ കടലരികെകൂടി വന്നു വസൂരി വാരി വിതച്ച ശ്രീ കുറുമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ദേവിയാണത്രേ. 
ശ്രീ മഹാദേവന്റെ പൊന്മകളായി പിറന്ന പുതിയ ഭഗവതിക്ക് രോഗ നിവാരണ ദേവത എന്ന പദവിയും പ്രാധാന്യവും ഉണ്ട്.
തന്റെ ആറു സഹോദരന്‍മാരെ വധിച്ച കാര്‍ത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാന്‍ പോയ ബ്രാഹ്മണനെ പാടാര്‍കുളങ്ങരയില്‍ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിട്ടു കരിച്ച ദേവി തുളുനാട് മുതല്‍ കോലത്ത് നാട് വരെ പീഠങ്ങള്‍ നേടി സര്‍വരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദേവതയായും ഗ്രാമത്തിനു മുഴുവന്‍ അമ്മ ദേവതയായും അനേകം ഭഗവതിമാര്‍ ഉണ്ട് അതിലൊന്നാണ് പുതിയ ഭഗവതി. മറ്റ് ഭഗവതിമാര്‍ മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കക്കറ ഭഗവതി, കൊങ്ങിണിച്ചാല്‍ ഭഗവതി, തോട്ടുങ്ങര ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ പേരുകളില്‍ ഇവര്‍ ധര്‍മ്മദൈവങ്ങളായി പരിലസിക്കുകയാണ്.
അതത് ഗ്രാമത്തിന്റെ ഊര് ഭരണം നടത്തുന്ന ഭഗവതികളായി ഗ്രാമപ്പേര് ചേര്‍ത്തും ഭഗവതിമാരുണ്ട്. അവര്‍ ഇവരാണ്: നരമ്പില്‍ ഭഗവതി, ചെക്കിപ്പാറ ഭഗവതി, പഴച്ചിയില്‍ ഭഗവതി, പയറ്റിയാല്‍ ഭഗവതി, പാടാര്‍കുളം ഭഗവതി, കക്കറ ഭഗവതി, ചട്ടിയൂര്‍ ഭഗവതി, ഒയോളത്തു ഭഗവതി, പടോളി ഭഗവതി, കമ്മാടത്ത് ഭഗവതി, നീലങ്കൈ ഭഗവതി, പുറമഞ്ചേരി ഭഗവതി, ചെക്കിചേരി ഭഗവതി, പാറോല്‍ ഭഗവതി, കാട്ടുചെറ ഭഗവതി, ചെറളത്ത് ഭഗവതി എന്നിങ്ങനെ അമ്പതിലേറെ ഗ്രാമ ഭഗവതിമാര്‍ ഉണ്ടത്രേ!.
ഒടയില്‍ നാല് കൂറ്റന്‍ കെട്ടു പന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ട മുടിയിലും നിറയെ കോല്‍ത്തിരികള്‍ കാണാം. അത് കൊണ്ട് തന്നെ ഈ ഭഗവതിയെ തീ തെയ്യങ്ങളുടെ ഗണത്തിലും പെടുത്താവുന്നതാണ്.
ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണു ചീറുമ്പമാര്‍. രണ്ടു മക്കളും പരമേശ്വരന് വസൂരിക്കുരിപ്പ് നല്‍കി. അതോടൊപ്പം ദേവകുലത്തിനും പട്ടേരി കുലത്തിനും ഇവര്‍ വസൂരി നല്‍കി. ഇനി ആ മക്കളെ മേല്‍ ലോകത്ത് നിര്ത്താനാകില്ല എന്ന സ്ഥിതി വന്നപ്പോള്‍ അവര്‍ക്ക് പൊന്‍ ചിലമ്പും തേരും നല്‍കി അവരെ കീഴ്ലോകത്തേക്ക് അയക്കുകയാണ് പരമേശ്വരന്‍. കുരിപ്പ് വര്‍ദ്ധിച്ച പരമേശ്വരന്‍ പരിഹാരത്തിനായി 40 ദിവസം നീണ്ടു നിന്ന ഹോമം കഴിച്ചു. ഹോമ കുണ്ഡത്തില്‍ നിന്ന് (അഗ്നികുണ്ടം) പൊട്ടിത്തെറിച്ച് ഒരു പൊന്മകള്‍ പൊടിച്ചുയര്‍ന്നു. അതാണ്‌ പുതിയ ഭഗവതിയെന്ന പോതി. തന്നെ ഈവ്വിധം തേറ്റി ചമച്ചത് എന്തിനാണെന്ന് പുതിയ ഭഗവതി പരമേശ്വരനോട് ചോദിച്ചപ്പോള്‍ തന്റെ കുരിപ്പും, വസൂരിയും തടവിപ്പിടിച്ചു മാറ്റുന്നതിനാണ് എന്നായിരുന്നു ഉത്തരം. അതിനാണെങ്കില്‍ ആദ്യം എന്റെ ദാഹം തീര്‍ത്ത് തരണമെന്നായി പുതിയ ഭഗവതി.
അങ്ങിനെ കോഴിയും കുരുതിയും കൊടുത്ത് ദേവിയുടെ ദാഹം തീര്‍ക്കുന്നു. അപ്പോള്‍ ദേവി ശ്രീ മഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും, മാറിടത്തിലെ വസൂരിയും നീക്കി. തുടര്‍ന്ന്‍ ഭൂമിയില്‍ ചീറുമ്പമാര്‍ വസൂരി വാരി വിതറിയതിനാല്‍ അതില്ലാതാക്കാന്‍ വേണ്ടി ദേവിയോട് ഭൂമിയിലേക്ക് പോകാന്‍ പരമേശ്വരന്‍ അപേക്ഷിക്കുകയും അത് പ്രകാരം വാളും ചിലമ്പും, കനകപൊടിയും കയ്യേറ്റു കൊണ്ട് ദേവി ഭൂമിയില്‍ ചെന്ന് വസൂരി രോഗം പിടിപ്പെട്ടവരുടെ രോഗം ഇല്ലാതാക്കി അവരെ രക്ഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനിടെ ദേവിയുടെ സഹായത്തിനായി പരമേശ്വരന്‍ അയച്ച ആറു ആങ്ങിളമാരെയും ദേവിയെ മോഹിച്ചു തനിക്ക് സ്വന്തമാക്കാന്‍ വേണ്ടി വന്ന കാര്‍ത്ത വീര്യാസുരന്‍ യുദ്ധത്തില്‍ വധിച്ചു കളഞ്ഞു. ക്രുദ്ധയായ ദേവി അസുരനെ കൊന്നു തീയിലിട്ട് ചുട്ടുകരിച്ച് അതിന്റെ കരി കൊണ്ട് തിലകം തൊട്ടു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോള്‍ വില്വാപുരം കോട്ട തീയിടുകയും ചെയ്തു. അവിടുന്ന്‍ (തെക്ക് നിന്ന്) വടക്കൊട്ടെക്ക് യാത്ര തിരിച്ച ദേവി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടില്‍ എത്തി. മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും സ്ഥാനവും നല്‍കി. പിന്നീട് കോലത്തിരി മന്നന് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‍ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തില്‍ കെട്ടിയാടിക്കുകയും ചെയ്തു.
തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേല്‍ ഗൃഹത്തിനും ഗുണം വരണേ.. ഗുണം വരണം ഇങ്ങിനെയാണ്‌ പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുന്നത്.
മറ്റൊരൈതിഹ്യം:
പുതിയോതി ഒരു സുന്ദരിയായ അടിയാള പെണ്‍കൊടി ആയിരുന്നു. അവളെ നാട്ടു പ്രമാണി നോട്ടമിട്ടു. അയാളുടെ ഇംഗിതത്തിനു വഴങ്ങാതായപ്പോള്‍ പ്രമാണി അവളെ വ്യഭിചാരക്കുറ്റത്തിന് കള്ള വിചാരണ നടത്തി അറുത്ത് കിണറ്റില്‍ തള്ളി. അന്ന് രാത്രി തന്നെ അവളുടെ പ്രേത്രം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ചെയ്ത കുറ്റത്തിനു പരിഹാരമായി പ്രമാണിയോട് ഭഗവതിയുടെ തെയ്യം കെട്ടിയാടിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന്‍ പ്രേതം പറഞ്ഞുവെന്നും അങ്ങിനെയാണ് വര്‍ഷം വര്ഷം തെയ്യം കെട്ടിയാടിക്കുന്നതെന്നും പറയപ്പെടുന്നു.
നാട്ടു പര ദേവതയായ (ഗ്രാമ ദേവതയായ) പുതിയ ഭഗവതിയെ ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്ത് നാട്ടില്‍ ഉണ്ടാകില്ല. അഗ്നി ദേവതയായ ഈ ദേവിയുടെ തിരുമൊഴി തന്നെ നോക്കുക എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാന്‍ എന്നും പുതിയവളാണ്.
കണ്ണൂരിലെ താളിക്കാവ്, കവിനിശ്ശേരി കൂവപ്രത്ത് കാവ്, മൊറാഴ കൂറുമ്പ കാവ് തുടങ്ങിയവ പുതിയ ഭഗവതിയെ കെട്ടിയാടുന്ന പ്രശസ്ത കാവുകളാണ്.
പുതിയ ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ipClfys9uj4
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
വയല്‍ തിറ കാണാന്‍:
http://www.youtube.com/watch?v=oKaJQgfiV9g
Source: Jithinraj Kakkoth
പാടാര്‍ കുളങ്ങര ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=oUyNTfLSNos
കടപ്പാട്: വേങ്ങര. കോം
പാടാര്‍ കുളങ്ങര വീരന്‍ അഥവാ വീരന്‍ തെയ്യം
പുതിയ ഭഗവതിയുടെ അനുചരവൃന്ദത്തില്‍പ്പെട്ട തെയ്യമാണ്‌ ബ്രാഹ്മണന്‍ ബ്രഹ്മരക്ഷസായി മാറിയ വീരന്‍ തെയ്യം എന്നറിയപ്പെടുന്ന പാടാര്‍ കുളങ്ങര വീരന്‍. ശ്രീ പരമേശ്വരന്റെ ഹോമാഗ്നിയില്‍ പൊടിച്ചുണ്ടായ പുതിയ ഭഗവതി പിതാവിന്റെ കുരിപ്പ് രോഗം തടകിയൊഴിച്ചിട്ട് സുഖം വരുത്തി, പിന്നെ പത്തില്ലം പട്ടേരിമാര്‍ക്കും സൌഖ്യത്തെ കൊടുത്ത് ഭൂമിയിലേക്കിറങ്ങിയപ്പോള്‍ പെരുംതൃക്കോവിലപ്പനെ (തളിപ്പറമ്പത്തപ്പനെ) തൊഴാന്‍ പുറപ്പെട്ട ബ്രാഹ്മണനെ പാടാര്‍കുളങ്ങര കുളക്കടവില്‍ കണ്ട പുതിയ ഭഗവതി അയാളുടെ ചോര കൊതിക്കുകയും അതിനായി അയാളുമായി ചങ്ങാത്തം കൂടുകയും ചെയ്ത ശേഷം അയാളുടെ കഴുത്തറുത്ത് തന്റെ ദാഹം തീര്‍ത്തു. അങ്ങിനെ ബ്രാഹ്മണന്‍ ദൈവക്കരുവായി മാറുകയും പാടാര്‍ കുളങ്ങര വീരന്‍ എന്ന തെയ്യമായി കെട്ടിയാടിക്കുകയും ചെയ്തു തുടങ്ങി.
ഈ കഥയ്ക്ക് മറ്റൊരു വ്യാഖ്യാനം ഉള്ളത് ഇങ്ങിനെയാണ്‌: പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ടു കണ്ടു രസിച്ചു നിന്നുവെന്നും ഇത് മനസ്സിലാക്കിയ ദേവിമാര്‍ യുവാവിനെ തങ്ങളുടെ അരികിലേക്ക് വിളിച്ചു തങ്ങളുടെ കൂടെ നീരാടുന്നോ എന്ന് ചോദിച്ചുവെന്നും അങ്ങിനെ അവിടെ എത്തിയ യുവാവിനോട് ദേവി ഒന്ന് മുങ്ങി നിവരുവാന്‍ ആവശ്യപ്പെട്ടത് പ്രകാരം മുങ്ങി നിവര്‍ന്ന ബ്രാഹ്മണ യുവാവിന്റെ തല അറുത്ത് ദേവി ചോര കുടിച്ചുവെന്നും ദേവിയുടെ കൈ കൊണ്ട് മരിച്ച ബ്രാഹ്മണ യുവാവ് ദൈവക്കരുവായി മാറി എന്നും പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയില്‍ പുതിയ ഭഗവതി, വീരകാളി എന്നിവരോടൊത്ത് സ്ഥാനം കിട്ടിയെന്നും പിന്നീടങ്ങോട്ട് എല്ലാ പുതിയ ഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം പിടിച്ചുവെന്നുമാണ് മറ്റൊരു ഐതിഹ്യം. 
ഈ തെയ്യം പുതിയ ഭഗവതിയുടെ കൂടെ കെട്ടിയാടിക്കുന്ന തെയ്യമാണെങ്കിലും ഇത് പുറപ്പെടുന്നത് പലയിടത്തും രാത്രി പന്ത്രണ്ടു മണിക്കും രണ്ടു മണിക്കും ഇടയിലായതിനാല്‍ പലരും ഈ തെയ്യത്തെ വേണ്ടത്ര ശ്രദ്ധിക്കുകയുണ്ടാവില്ല.
തുടക്കക്കാരായ വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. ആദ്യം ബ്രാഹ്മണനെ പോലെ ഓലക്കുടയും നെയ്യമൃത് കുടവും കയ്യിലേന്തി വരുന്ന തെയ്യം കോഴിയറവ് നടത്തുന്ന സമയത്ത് തന്റെ പൂണൂല്‍ പറിച്ച് എറിഞ്ഞു ബ്രാഹ്മണനല്ലാതായി മാറുകയാണ്. ഈ തെയ്യത്തിന്റെ തോറ്റം മലക്കം മറിയുകയും ഉയര്‍ന്ന് ചാടുകയും ചെയ്ത് കാണികളെ വിസ്മയിപ്പിക്കും. മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ ആദ്യം കെട്ടിയാടുന്ന ഈ വീരന്‍ തെയ്യം പക്ഷെ അത്ര പാധാന്യമുള്ളതായി ആരും കണക്കാക്കുന്നില്ല.
പുതിയ ഭഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ചാത്തിരനാണ് പാടാര്‍ കുളങ്ങര വീരന്‍ എന്ന തെയ്യമായത് എന്നും പറയപ്പെടുന്നു.
മരണശേഷം ദൈവക്കരുവായി മാറിയവരുടെ കൂട്ടത്തിലാണ് വീരന്‍ തെയ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാടാര്‍കുളങ്ങര വീരന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=6QpSIH_Mm_U
കടപ്പാട്: സുജീഷ് ഞാറ്റിയാല്‍
വീരര്‍കാളി അഥവാ വീരാളി
പുതിയ ഭഗവതിയുടെ അനുചര വൃന്ദങ്ങളില്‍ പ്രധാനിയായ ദേവതയാണ് വീരര്‍ കാളി. പാര്‍വതി ദേവിയുടെ അംശാവതാരമായ കാളി തന്നെയാണ് വീരര്‍ കാളി എന്നറിയപ്പെടുന്ന വീരകാളിയമ്മ. വീര്‍പാല്‍ കുളത്തില്‍ വീരകാളിയുടെ നിഴല്‍ കാണാന്‍ പള്ളിമഞ്ചല്‍ കയറി വന്ന പെരിങ്ങളായി കൈമള്‍ക്ക് ദര്‍ശനം കൊടുത്ത ദേവതയാണ് വീരര്‍ കാളി. പടകാളി എന്നും വീരകാളി എന്നും ഈ രണദേവ അറിയപ്പെടുന്നുണ്ട്. 
പതിവ് പോലെ കൈലാസത്തില്‍ കുളിക്കുകയായിരുന്ന ദേവിയെ അനുവാദമില്ലാതെ ശിവകിങ്കരന്‍മാര്‍ ചെന്ന് കണ്ടതില്‍ കുപിതയായ ദേവി തന്റെ കോപാവേശം മൂലമുണ്ടായ വീര്യം കൈലാസത്തെ തന്നെ ഇല്ലാതാക്കും എന്ന് കണ്ടു അവര്‍ മാപ്പിരന്നപ്പോള്‍ ദയ തോന്നി ആ വീര്യം ഗര്‍ഭമായി മക്കളില്ലാത്ത തന്റെ പരമ ഭക്തനായ വീരപാല്‍ പട്ടരുടെ ഭാര്യയ്ക്ക് നല്‍കി അനുഗ്രഹിച്ചപ്പോള്‍ ഉണ്ടായ സന്തതിയാണ് വീരര്‍ കാളി. ചെറുപ്പത്തില്‍ തന്നെ അതിവേഗം വിദ്യകള്‍ എല്ലാം കരസ്ഥമാക്കിയ ദേവി പന്ത്രണ്ടു വയസ്സ് തികയുമ്പോഴേക്കും ലക്ഷണമൊത്ത സുന്ദര രൂപിണിയായി മാറി. തുടര്‍ന്ന്‍ വളര്ത്തച്ചനായ വീര്‍ പാല്‍ പട്ടര്‍ക്ക് താന്‍ ആരെന്നു മനസ്സിലാക്കി കൊടുത്ത ശേഷം ദേവി ദുഷ്ടനിഗ്രഹണാർത്ഥം വടക്ക് നിന്ന് തെക്കോട്ടെക്ക് യാത്ര തിരിച്ചു. 
ഈ യാത്രാവേളയിലാണ് വീരര്‍ കാളി രൌദ്ര രൂപിണിയായി വരുന്ന പുതിയ ഭഗവതിയെ വഴിയില്‍ വെച്ച് കണ്ടു മുട്ടുന്നതും അവര്‍ തമ്മില്‍ പൊരുത്തമാകുന്നതും. ഇരുവരും കൂടിയുള്ള പിന്നീടുള്ള യാത്രയിലാണ് കാര്‍ത്യ വീരാസുരനുമായുള്ള യുദ്ധം ഉണ്ടാകുന്നതും അതില്‍ വീരര്‍ കാളി പുതിയ ഭഗവതി ദേവിയെ സഹായിക്കുന്നതും.
തന്റെ പരമ ഭക്തനായ പെരിങ്ങളായി കൈമള്‍ക്ക് ദേവി സ്വപ്ന ദര്‍ശനം നല്‍കിയത് പ്രകാരം കുളക്കടവിലേക്ക് വന്ന കൈമള്‍ അവിടെ ഒന്നും കാണാത്തതിനാല്‍ ഇവിടെ ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ എനിക്കത് കാണിച്ചു തരട്ടെ എന്ന് പ്രാര്‍ഥിച്ചപ്പോള്‍ കൈമളുടെ മകുട കുട പറന്നു ചെന്ന് വീടിന്റെ പടിഞ്ഞാറ്റയില്‍ ചെന്ന് സ്ഥാനമുറപ്പിക്കുകയും വീര കാളിയുടെ കൂടെ ഉണ്ടായിരുന്ന പുതിയ ഭഗവതി, വീരന്‍, ഭദ്രകാളി എന്നിവര്‍ക്ക് കൂടി പടിഞ്ഞാറ്റയില്‍ സ്ഥാനം നല്‍കുകയും അവരുടെ കോലം സ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവത്രേ.
വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് ഈ തെയ്യക്കോലവും കെട്ടിയാടുന്നത്‌. സാധാരണ ഗതിയില്‍ പുതിയ ഭഗവതിയുള്ള ക്ഷേത്രങ്ങളില്‍ മാത്രമേ ഈ ദേവിയുടെ കോലം ഉണ്ടാകാറുള്ളൂ. അര്‍ദ്ധ രാത്രിയിലാണ് ഈ തെയ്യത്തിന്റെ പുറപ്പാട് എന്നുള്ളത് കൊണ്ട് പലര്‍ക്കും ഈ തെയ്യത്തെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് പകല്‍ സമയത്തും കെട്ടിയാടിക്കാറുണ്ട്. വീരന്‍ തെയ്യത്തെപ്പോലെ വീരാളി തെയ്യവും അത്ര പ്രാധാന്യമുള്ള തെയ്യമായി ആളുകള്‍ കണക്കാക്കുന്നില്ല എന്നഭിപ്രായം ഉണ്ട്. ഇത് രണ്ടും പുതിയ ഭഗവതിയുടെ അനുചര വൃന്ദമാണ്‌.
വീരകാളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=tCiKcLoBss4
Source: theyyam ritual (vengara.com)

(തുടരും,,,,)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ