2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

നൊസ്റ്റാള്‍ജിയയുടെ പിന്നാമ്പുറം

തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് വാചാലരാകാത്തവര്‍ ഇല്ല എന്ന് തന്നെ പറയാം. ഓരോരുത്തര്‍ക്കും ആയിരം നാവായിരിക്കും അതിനെ കുറിച്ച് പറയാന്‍. തങ്ങളുടെ സ്കൂള്‍, കലാലയ ജീവിതങ്ങള്‍, കൂട്ടുകെട്ടുകള്‍, സാമൂഹ്യ അവസ്ഥ തുടങ്ങി നിരവധി അനവധി കാര്യങ്ങള്‍. നിങ്ങള്‍ ഇടപഴകുന്ന ഓരോ ആളുമായി നിങ്ങള്‍ സംസാരിച്ചു നോക്കൂ അപ്പോള്‍ മനസ്സിലാകും നിങ്ങള്‍ക്കിക്കാര്യം. ‘നൊസ
്റ്റാള്‍ജിയ’ എന്ന ഓമനപേരിട്ടു വിളിക്കുന്ന ഈ കാര്യം ഏറ്റവും കൂടുതല്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നത് അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങളാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത്‌ ദൃശ്യമാധ്യമങ്ങളും രണ്ടാം സ്ഥാനത്ത് ശ്രവ്യ മാധ്യമങ്ങളും പിന്നെ അച്ചടി മാധ്യമങ്ങളും,ഇപ്പോള്‍ കൂട്ടത്തില്‍ നവ മാധ്യമമായ ഫെയ്സ്ബുക്കും.

ഇതില്‍ ഫേയ്സ്ബുക്ക് ഒഴികെ മേല്‍പ്പറഞ്ഞ മറ്റു മാധ്യമങ്ങള്‍ ഒക്കെ ഒരു തരം കച്ചവട താല്പര്യത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അതില്‍ അവര്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പഴയ കാല നാടക ഗാനങ്ങള്‍, സിനിമാ പാട്ടുകള്‍, സിനിമകള്‍ ഇവയൊക്കെ കാണുമ്പോള്‍. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആനന്ദം അവര്‍ അങ്ങിനെ മുതലെടുക്കുന്നു.

നിങ്ങളുടെ ഇതേ ‘നൊസ്റ്റാള്‍ജിയ’ (പഴയകാലത്തോടും സംഭവങ്ങളോടും ഉള്ള പ്രത്യേക മമത) എങ്ങിനെ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാം എന്ന് സമര്‍ത്ഥമായി ചിന്തിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്ന ഒരു മാധ്യമ സമൂഹം ഇന്ന് നിലവിലുണ്ട്. അവര്‍ എന്താണ് ചെയ്യുന്നത്?

പഴയ കാല രാഷ്ട്രീയ നേതാക്കന്മാരും അവരുടെ പ്രവര്‍ത്തനങ്ങളും വളരെ നല്ലത്. അവര്‍ ലളിത ജീവിതം നയിച്ചവര്‍, ആദര്‍ശധീരര്‍, പാര്‍ട്ടിക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവര്‍ എന്ന് തുടങ്ങി വിശേഷണങ്ങളും അപദാനങ്ങളും ഏറെ പറയും. എന്നിട്ട് ഒടുവില്‍ ഒരു ചോദ്യവും ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥ എന്താണ്? നേതാക്കന്മാരുടെ അവസ്ഥ എന്താണ്? ശരിയല്ലേ ഇവര്‍ പറയുന്നത് എന്ന് നമ്മള്‍ ഒരു നിമിഷം ചിന്തിച്ചു പോകും...

ഇതേ ആള്‍ക്കാര്‍ ഇതേ നേതാക്കളെ അവര്‍ ജീവിച്ചിരുന്ന കാലത്ത്‌ വെട്ടയാടിയവരാണ് എന്നുള്ള സത്യം മാത്രം അവര്‍ പുറത്ത്‌ പറയില്ല. അത്തരം അപ്രിയമായ നൊസ്റ്റാള്‍ജിയകള്‍ അവര്‍ മൂടി വെക്കും. ജനങ്ങളില്‍ ഭൂരിപക്ഷവും അത് മറക്കുകയും ചെയ്യും. അപ്പോള്‍ ആ ജനത്തെ അക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തേണ്ട ബാധ്യത അവരുടെ പാര്‍ട്ടികള്‍ സ്വയം ഏറ്റെടുക്കേണ്ടിയും വരും. അങ്ങിനെ പാര്‍ട്ടികള്‍ക്കിട്ടു ഒരു പണി കൊടുക്കാന്‍ അവര്‍ക്ക്‌ എളുപ്പത്തില്‍ കഴിയുന്നു.

അടിയന്തിരാവസ്ഥ കാലത്തിനു ശേഷം നടന്ന 1977 ലെ പൊതു തിരെഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടു എണ്ണുന്ന സമയത്ത്‌ പോലും ആശുപത്രി കിടക്കയിലായിരുന്ന എ.കെ.ജി.യെ ക്കുറിച്ച് “കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോവാത്തൂ” എന്ന് ചോദിച്ചവര്‍, എ.കെ.ജി നയിച്ച സമരങ്ങളെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചു നേരിട്ടവര്‍, കള്ള കേസില്‍ കുടുക്കി അറസ്റ്റ്‌ ചെയ്തു ജയിലിലടച്ചവര്‍ മരണത്തിനു ശേഷം മുതലക്കണ്ണീര്‍ വാര്‍ക്കുകയും നല്ലവനെന്നു പറയുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ മഹാ നടന്‍ തിലകന്റെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിക്കുന്നത് നാം കണ്ടു കഴിഞ്ഞല്ലോ?? സഖാവ് ഇ.എം.എസ് ജീവിച്ചിരുന്ന സമയത്ത്‌ അവര്‍ക്ക്‌ കള്ളന്‍ നമ്പൂതിരിയും കക്കന്‍ നമ്പൂതിരിയുമായിരുന്നു. ഇ.എം.സിന്റെ മോളെയും കെട്ടും എം.വി.രാഘവന്റെ ഓളെയും (ഭാര്യ) കെട്ടും, രണ്ടും കെട്ടും നാലും കെട്ടും വേണ്ടി വന്നാല്‍ പത്തും കെട്ടും എന്നാക്ഷേപിച്ചവര്‍ ഇന്ന് ഇ.എം.സിനെക്കുറിച്ച് എന്താണ് പറയുനത്? ഇ.എം.എസ് ശരീയത്തിനെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിനു ശേഷമായിരുന്നു ഈ പ്രകടനങ്ങള്‍. ഇ.കെ. നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ സരസനും താമാശ പ്രിയനുമായിരുന്ന നായനാര്‍ അവര്‍ക്ക് സര്‍ക്കസിലെ കൊമാളിയായിരുന്നു... ഇപ്പോഴോ?? ജീവിച്ചിരിക്കുമ്പോള്‍ മഹത്വം മൂടിവെച്ചു ആക്ഷേപിക്കുന്നവര്‍ മരണശേഷം അതാഘോഷിക്കുന്ന പ്രവണത വളരെ ബോധപൂര്‍വ്വം ഇവിടെ നടക്കുന്നുണ്ട്. അത് നാം തിരിച്ചറിയണം. അതിനു പിന്നിലെ രാഷ്ട്രീയത്തെയും.

പണ്ട് കാലത്ത്‌ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വികസനം ഇന്നത്തെ മാതിരി എത്തി നോക്കാതിരുന്ന സമയത്ത് ദൂരെ ദൂരെ ഇടവിട്ട് ഇടവിട്ട് താമസിച്ചിരുന്ന ഗ്രാമീണരെ കാണാന്‍ കുണ്ടന്‍ ഇടവഴികളും വിജനമായ പാറ പ്രദേശങ്ങളും ഇടതൂര്‍ന്ന കാട്ടു പ്രദേശങ്ങളും ഒക്കെ താണ്ടി വേണമായിരുന്നു അവരുടെ വീടുകളില്‍ എത്താന്‍. അന്ന് ഇന്നത്തെ മാതിരി വെള്ളമോ വെളിച്ചമോ മറ്റു സൌകര്യങ്ങളോ ആവശ്യത്തിനുണ്ടായിരുന്നില്ല അത്തരം ഒരു കാലഘട്ടത്തില്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരുന്നു. കാല്‍ നട ജാഥകളും കുടുംബ യോഗങ്ങളും കട്ടന്‍ കാപ്പിയും പരിപ്പ് വടയും ബീഡിയും, വായില്‍ ചുണ്ടോടു ചേര്‍ത്ത്‌ വെച്ച് ഉച്ചത്തില്‍ വിളിച്ചു പറയുന്ന മേഗഫോണും സൈക്കിളില്‍ വെച്ച് കൊണ്ട് നടക്കുന്ന മൈക്ക്‌ സെറ്റും ഒക്കെ അന്നാവശ്യമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു തലമുറയിരുന്നു അന്ന്. ആവശ്യത്തിനു ജോലിയില്ല, ഉള്ള ജോലിക്ക് തന്നെ കൂലി വളരെ കുറവ്, ഇന്നത്തെ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രികള്‍ എന്നിവ ഇല്ല. അത്തരം ഒരു ജനതയെ സംഘടിപ്പിച്ചു സമൂഹത്തിന്റെ മുഖ്യാധാരയിലെക്ക് എത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. .

എന്നാല്‍ ഇന്ന് സ്ഥിതി മാറി. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി കൈ പിടിച്ചുയര്‍ത്തിയ പലരും ഇന്ന് ജീവിതത്തിന്റെ പല മേഖലകളിലായി. അവരുടെ കുട്ടികള്‍ അല്ലല്‍ അറിയാതെ വളര്‍ന്നു. ആവശ്യമുള്ള വിദ്യാഭ്യാസവും മറ്റു സൌകര്യങ്ങളും അവര്‍ക്ക് കിട്ടി തുടങ്ങി. നാട്ടില്‍ വികസനം പലയിടത്തും എത്തി തുടങ്ങി. ദിവസകൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക്‌ ഇപ്പോള്‍ മാന്യമായ വേതനം കിട്ടാന്‍ തുടങ്ങി. കൂടുതല്‍ സൌകര്യങ്ങള്‍ നേടാന്‍ വേണ്ടി കേരളം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക്‌ ആളുകള്‍ ജോലി തേടി പോയി തുടങ്ങി. അങ്ങിനെ പോയവര്‍ കേരളത്തില്‍ കൂടുതല്‍ വികസനങ്ങള്‍ പല രൂപത്തില്‍ കൊണ്ട് വന്നു. അന്യ സംസ്ഥാനക്കാരായ ആളുകള്‍ ഇന്ന് കൂട്ടത്തോടെ വന്നു കേരളത്തില്‍ ജോലി ചെയ്യുന്ന അവസ്ഥ വന്നു. കേരളം മാറുകയാണ്. കേരളം ഇന്ന് പഴയ കേരളമല്ല. കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല എന്ന പദപ്രയോഗം ഓര്‍മ്മിക്കുക.

ഈ മാറിയ സാഹചര്യത്തില്‍ തീര്‍ച്ചയായും പാര്‍ട്ടികളുടെ പ്രവര്‍ത്തനം പുതിയ രീതിയില്‍ തന്നെ ആയിരിക്കണം. പണ്ട് കാലത്ത്‌ കയര്‍, കൈത്തറി, കശുവണ്ടി, ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചിടത്ത് ഇന്ന് ഐ.ടി. മേഖലയിലെയും നേഴ്സിംഗ് മേഖലയിലെയും തൊഴിലാളികളെ സംഘടിപ്പിക്കേണ്ടി വരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെയും സംഘടിപ്പിക്കെണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് പഴയ തലമുറയുടെയും പുതിയ തലമുറയുടെയും പ്രവര്‍ത്തനങ്ങളെയും നേതാക്കളെയും പലരും താരതമ്യം ചെയ്യുന്നത്. അതും തീര്‍ത്തും വികലമായ രൂപത്തില്‍. അന്നത്തെ നേതാക്കളുടെ ജീവിത രീതി, ലാളിത്യം തുടങ്ങി നിരവധി കാര്യങ്ങള്‍ എടുത്തു ഇന്നത്തെ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രൂപത്തിലേക്ക് ആ ചര്‍ച്ചയെ അവര്‍ വഴി തിരിച്ചു വിടാറുണ്ട്. അതിലൂടെ അവര്‍ ഉന്നം വെക്കുന്നത് ഇന്നത്തെ നേതാക്കള്‍ കൊള്ളരുതാത്തവര്‍ ആണ് എന്ന ഒരു ബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നാണു. ഇവിടെയും നൊസ്റ്റാള്‍ജിയ പൂര്‍ണ്ണ രൂപത്തിലല്ല അവര് ഉപയോഗിക്കുന്നത് എന്നാണു. കാലം മാറുമ്പോള്‍ കാലത്തിനനുസരിച്ച് മാറ്റം വരുമ്പോള്‍ ആ മാറ്റം ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള പ്രവര്‍ത്തന രീതി പാര്‍ട്ടി സ്വീകരിക്കുമ്പോള്‍ അതിലൂടെ പാര്‍ട്ടി മുന്നേറുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ഇവര്‍ പഴയ കാര്യങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായിട്ടുള്ള ഒരു കടന്നാക്രമമായിരുന്നു പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നടന്നത്. ലാവലിന്‍ കേസിന്റെ പേരില്‍ കള്ളനാക്കുക, വീടിന്റെ പേരില്‍ അപവാദ പ്രചരണം നടത്തുക മറ്റു ‘വെറുക്കപ്പെട്ടവരുമായി’ ബന്ധമുണ്ട് എന്നാക്ഷേപിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവര്‍ ഇതിനായി ഉപയോഗിക്കുന്നു. ജീവിച്ചിരിക്കുന്ന പിണറായി വിജയന്‍ ഇന്ന് ഒന്നിനും കൊള്ളരുതാത്ത്തവന്‍. കാരണം ഇപ്പോള്‍ കുറച്ചു കാലമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് സഖാവ് വിജയനാണ്. വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലൂടെ അവര്‍ ലക്‌ഷ്യം വെക്കുന്നത് പാര്‍ട്ടിയെ തന്നെയാണ് എന്ന തിരിച്ചറിവ് പാര്ട്ടിക്കുമുണ്ട്.

മുന്‍പ്‌ കുറച്ചു കാലം സഖാവ് വി.എസ്. ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. അന്ന് വി.എസ്. ഇവരെ സംബന്ധിച്ചിടത്തോളം വികസന വിരോധി, വര്‍ഗ്ഗീയവാദി, വെട്ടിനിരത്തലുകാരന്‍ തുടങ്ങി വി.എസിന് അന്നില്ലാത്ത കുറ്റമില്ലായിരുന്നു. സ്മാര്‍ട്ട് സിറ്റി കാലത്ത്‌ വി.എസിനെതിരെ ഇവര്‍ വ്യക്തിപരമായി ഉന്നയിച്ച നിരവധി കാര്യങ്ങള്‍ ഇന്നും പലരും മറന്നിട്ടില്ല.
അങ്ങിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തോ, ഉത്തരവാദപ്പെട്ട മറ്റു സ്ഥാനത്തോ ഇരുന്നു പാര്‍ട്ടിയെ നല്ല രൂപത്തില്‍ നയിക്കുമ്പോള്‍ അയാള്‍ കള്ളന്‍, കൊള്ളരുതാത്തവന്‍ എന്ന് വേണ്ട എല്ലാ വൃത്തികേടുകളുടെയും മൂര്‍ത്തിമദ്ഭാവം.

എന്നാല്‍ ഇതേ വ്യക്തി തന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് മാറി പാര്ട്ടിക്കെതിരെയോ, പാര്‍ട്ടി സെക്രട്ടറിക്കെതിരെയോ സംസാരിച്ചാലോ അയാളെ പോലെ ഒരു പുണ്യവാളന്‍ പിന്നെ വേറെ കാണില്ല. അപ്പോള്‍ അവരുടെ നിലപാട് വ്യക്തമാണ്. പാര്‍ട്ടിയെ അടിക്കാന്‍ കിട്ടുന്ന വടിയായി ആ വ്യക്തിയെ അതാരായാലും ഉപയോഗപ്പെടുത്തുക. അവര്‍ക്ക് ദിവ്യ പരിവേഷം ചാര്‍ത്തി കൊടുക്കുക അങ്ങിനെ ആ വ്യക്തിയെ അവരുടെ കൈയിലെ ഒരു ഉപകരണമായി മാറ്റിയെടുക്കുക. കണ്ണേ കരളേ എന്ന് ഏറ്റു വിളിക്കുന്ന ഒരു കോറസ് ഗ്രൂപ്പിന്റെ അകമ്പടിയോടെ അവരെ ചാനല്‍ വെളിച്ചത്തിന്റെ വെട്ടത്തില്‍ ക്യാമറകൂട്ടങ്ങള്‍ടയിലൂടെ ഓ.ബി.വാനുകളുടെ അകമ്പടിയോടെ നമ്മുടെ സ്വീകരണമുറിയിലെക്ക് അവര്‍ “ലൈവ്” ആയി എത്തിച്ചു തരും. പിന്നെ അവര്‍ പറയുന്നത് നമ്മള്‍ അങ്ങ് വിഴുങ്ങിയാല്‍ മാത്രം മതി. അപ്പോള്‍ അവരുടെ ഭൂതകാലത്തെക്കുറിച്ചു ഇതേ കൂട്ടര്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ മറക്കാം. അവര്‍ക്ക്‌ ഇഷ്ടപെടത്തെ ആ നൊസ്റ്റാള്‍ജിയ നമുക്കും വേണ്ട. ഇതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലേക്കാണ് അവര്‍ നിങ്ങളറിയാതെ നിങ്ങളെ നയിക്കുന്നത്.

അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ഇന്ന് ഭൂരിപക്ഷവും ഭരണ വര്‍ഗ താല്പര്യം സംരക്ഷിക്കുന്നവയാണ്. പേരെടുത്തു പറയാതെ തന്നെ അവ ഏതൊക്കെയാണെന്ന് ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കോളമിസ്റ്റ്കളും കൂലി എഴുത്തുകാരുമായിരുന്നവര്‍ ഇന്ന് മാധ്യമ ക്വട്ടേഷന്‍ സംഘം ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഈ ക്വട്ടേഷന്‍ സംഘങ്ങള്‍ ചിലപ്പോള്‍ കൂട്ടമായി നമ്മളെ ആക്രമിക്കും ചിലപ്പോള്‍ ഇവര്‍ തമ്മില്‍ തമ്മില്‍ ആക്രമിക്കും. എന്നാലും നക്കാപിച്ച കിട്ടുന്നിടത്ത്‌ ഇവരൊക്കെ ഒറ്റകെട്ടായി നില്‍ക്കും എന്ന് ഫ്ലാറ്റ്‌ വിവാദത്തില്‍ ഏറ്റവും ഒടുവിലായി നമ്മള്‍ കണ്ടു കഴിഞ്ഞു. ഈ ക്വട്ടേഷന്‍ ടീമിനെ ചെറുക്കാതെ നിങ്ങള്‍ക്ക്‌ ഒരടി മുന്നോട്ടു പോവാന്‍ കഴിയില്ല. മാധ്യമ പരിലാളന ഏല്‍ക്കാതെ ജനങ്ങളുടെ പരിലാളന ഏറ്റു കൊണ്ട് മാത്രം പ്രവര്‍ത്തിക്കുക. വിജയം നിങ്ങളുടേത് തന്നെയായിരിക്കും. വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തട്ടി മാറ്റി നമുക്ക്‌ മുന്നേറാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ