2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഇന്റര്‍നെറ്റ്‌ അടിമത്തം അഥവാ ഇന്റര്‍നെറ്റ് അഡിക്ഷന്‍


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് ദിനം പ്രതി കൂടി വരികയാണല്ലോ? സ്വന്തമായി ഇമെയില്‍ വിലാസവും ഫേസ്ബുക്കില്‍ പ്രൊഫൈലോ ഇല്ലാത്തവര്‍ ഇന്ന് വളരെ വിരളമാണ്. ചെറുപ്പക്കാരില്‍ ഭൂരിപക്ഷത്തിനും ഇന്ന് ഇവയൊക്കെ ഉണ്ട്. കുട്ടികളുടെ പഠനാവശ്യത്തിലേക്ക്‌ എന്ന് പറഞ്ഞു വാങ്ങുന്ന കമ്പ്യൂട്ടറുകള്‍ ഇന്ന് കുട്ടികളെ കൂടാതെ മുതിര്‍ന്നവരും ഉപയോഗിക്കാന്‍ ശീലിച്ചു കഴിഞ്ഞു. ചിലര്‍ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു. കൊണ്ട് നടക്കാനുള്ള  സൌകര്യവും സ്വകാര്യതയുമാണ് ഇതിനു പിന്നില്‍. എന്നാല്‍ ചിലരാകട്ടെ മൊബൈല്‍ ഫോണുകളും ഐ ഫോണുകളും ഐ പാഡുകളും ഉപയോഗിക്കുന്നു. കാര്യം എന്തൊക്കെയായാലും ഇവയൊക്കെ ഉപയോഗിച്ച് നോക്കുന്നത് ഇന്റര്‍നെറ്റ്‌ ലോകത്തിലേക്ക് കടക്കാനാണ്.

ഈ അടുത്തകാലത്ത് എല്ലാ ഭയങ്ങളെയും അതിജീവിച്ചു കൂടുതല്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഫാമിലി ഫോട്ടോകളും, വ്യക്തിപരമായ ഫോട്ടോകളും അടക്കും പരസ്യമായി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്. അതിന്റെ ഗുണവും ദോഷവും അറിഞ്ഞു കൊണ്ട് തന്നെയാണ് ചിലരൊക്കെ ഇത് ചെയ്യുന്നത്. ചിലര്‍ അത് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുമ്പോള്‍ വിലപിക്കുകയും ചെയ്യും. എന്നാല്‍ പുതിയ തലമുറ അത്തരം ഭയത്തിനൊന്നും അടിമയല്ല. അങ്ങിനെ ആരെങ്കിലും ദുരുപയോഗപ്പെടുത്തിയാല്‍ അതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും അവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുമുള്ള ചങ്കൂറ്റം അവര്‍ക്കുണ്ട്. അല്ലാതെ അതിന്റെ പേരില്‍ കരഞ്ഞു പിടിച്ചു ഇരിക്കാനോ ആത്മഹത്യ ചെയ്യാനോ അവരെ കിട്ടില്ല എന്ന് ചുരുക്കം. ചുരുക്കം ചില പാവങ്ങള്‍ ഇത്തരം കെണികളില്‍ പെട്ട് ബ്ലാക്ക്മെയിലിങ്ങിനും ഒറ്റപ്പെടലിനും വിധേയരായി ഒടുവില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ ഇന്ന് സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടേണ്ടത് എങ്ങിനെ എന്ന ബോധവല്‍ക്കരണം ഇതിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുന്നുണ്ട്.

നാട്ടുമ്പുറങ്ങളില്‍ അക്ഷയ കമ്പ്യൂട്ടര്‍ സേവനങ്ങളും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിലെ കമ്പ്യൂര്‍ പഠനവും (ഇപ്പോള്‍ പല സര്‍ക്കാര്‍, മാനേജ്മെന്റു സ്കൂളുകളിലും കമ്പ്യൂട്ടറുകള്‍ ഉണ്ട്) മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ സേവനവും എല്ലാം ചേര്‍ന്ന്  നാട്ടുമ്പുറങ്ങളില്‍ അടക്കം ഇന്ന് ഇന്റര്‍നെറ്റ്‌ കാണാത്തവരും  കേള്‍ക്കാത്തവരും ഇല്ല എന്നായിരിക്കുന്നു. പല സര്‍ക്കാര്‍ കാര്യങ്ങളും ഇന്ന് കമ്പ്യൂട്ടറിലൂടെയാണ്  ജനങ്ങളിലെത്തുന്നത്. ബാങ്കുകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈലിലൂടെയും തങ്ങളുടെ സേവനം ജനകീയമാക്കി കഴിഞ്ഞു. ചുരുക്കത്തില്‍ ഒരു സാധാരണക്കാരന് വരെ ഇന്ന് ഇന്റര്‍നെറ്റ് സേവനം അവന്റെ നിത്യജീവിതത്തില്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.

ആദ്യകാലത്ത് നാട്ടില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരുത്താന്‍ ആളുകള്‍ ഇറങ്ങിത്തിരിച്ച പോലെ ഇന്ന് കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ്‌ സാക്ഷരത വരുത്തുവാന്‍ ആളുകള്‍ ഇറങ്ങുകയാണ്.  എതോരു കാര്യത്തിനും  ഗുണവും ദോഷവും ഉണ്ട് എന്നുള്ളത് പോലെ ഇന്റര്‍നെറ്റ്‌ ഉപയോഗം അമിതമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ഇതിന്റെ ദുരുപയോഗങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ഒക്കെ നമ്മള്‍ വിശദമായി മനസ്സിലാക്കുകയും അത്തരം ചതിക്കുഴികളില്‍ ചെന്ന് ചാടാതിരിക്കാനും ശ്രദ്ധിക്കുകയും വേണം.  ഒപ്പം ഇതിന്റെ നിരവധി ഗുണങ്ങള്‍ മനസ്സിലാക്കുകയും അത് വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ പഠിക്കുകയും വേണം.

നിങ്ങളുടെ കയ്യില്‍ ഒരാള്‍ ഒരു കത്തി തന്നാല്‍ അത് കൊണ്ട് വേണമെങ്കില്‍ നിങ്ങള്ക്ക് ഒരാളെ കുത്തികൊല്ലാം അല്ലെങ്കില്‍ അത് കൊണ്ട് പച്ചക്കറി അറിയുകയോ, ഫ്രൂട്ട്സ് മുറിക്കുകയോ ചെയ്യാം. ചെയ്യുന്നത് നിങ്ങളാണ് കത്തി അവിടെ ഉപകരണം മാത്രമാണ്. നിങ്ങളുടെ മനസ്സാണ് നിങ്ങളെ നിയന്ത്രിക്കുന്നത്‌. ആ മനസ്സിന്റെ മേല്‍ നിങ്ങള്‍ക്ക്‌ ഒരു പിടുത്തം (കണ്ട്രോള്‍) ഉണ്ടായാല്‍ നിങ്ങള്ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ അതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. അതു പോലെ തന്നെയാണ് ഇന്റര്‍നെറ്റും. അല്ലാതെ ഇന്റര്‍നെറ്റിനെയോ ഫെസ്ബുക്കിനെയോ പഴിച്ചത് കൊണ്ട് കാര്യമില്ല.

ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  നിങ്ങള്‍ സദാ സമയവും മറ്റു ജോലികളൊന്നും ചെയ്യാതെ ആളുകളോട് സംസാരിക്കാതെ ഇന്റര്‍നെറ്റിനു മുന്നില്‍ തന്നെയാണോ? അതോ ദിവസത്തില്‍ ഒരു നിശ്ചിത സമയം കണക്കാക്കി ആ സമയത്ത്‌ മാത്രം ഇന്റര്‍നെറ്റില്‍ ഇരിക്കുന്ന ആളാണോ നിങ്ങള്‍?

നിങ്ങള്‍ ആദ്യം പറഞ്ഞ കൂട്ടത്തിലാണെങ്കില്‍  വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  നിങ്ങള്‍ ഇന്റര്‍നെറ്റ്‌ അഡിക്ഷന് വിധേയമായിരിക്കുന്നു എന്ന് ചുരുക്കം. ഇത് ഒരു തരം രോഗമാണ്.  മദ്യപാനവും, സിഗരറ്റ്‌ വലിയും എല്ലാം പോലെ തന്നെ. നിങ്ങള്‍ നിങ്ങളുടെ, ജോലി, കുടുംബ ബന്ധം, സമൂഹം, സുഹൃദ്‌ ബന്ധം ഇവയില്‍ നിന്നെല്ലാം അകന്നു ഇന്റര്‍നെറ്റില്‍ അഭിരമിച്ചാല്‍ തകരുന്നത് നിങ്ങളുടെ കുടുംബജീവിതവും സ്വന്തം ഭാവിയും തന്നെയായിരിക്കും. ഫേസ്ബുക്കില്‍ എനിക്ക് അയ്യായിരം കൂട്ടുകാര്‍ ഉണ്ട് എന്ന് വീമ്പ്‌ പറഞ്ഞിട്ട് തൊട്ടടുത്തുള്ള അയല്‍വാസിയെ കണ്ടാല്‍ ഒന്ന് ചിരിക്കാനോ ലോഹ്യം പറയാനോ നമ്മള്‍ തയ്യാറാകുന്നില്ലെങ്കില്‍ ഉറപ്പിക്കാം നമുക്ക് എന്തോ പ്രശ്നം തുടങ്ങി എന്ന്.  അതു നമ്മള്‍ തന്നെ പരിഹരിക്കണം. അല്ലാതെ ഒടുവില്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നമ്മളെ ഒരു ഡോക്ടറുടെയടുത്ത് കൊണ്ട് പോകുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെ വളര്‍ത്തരുത്.

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് നിങ്ങളുടെ നിത്യജീവിതത്തില്‍ ഒരു സമയം നിശ്ചയിക്കുക അതു നിങ്ങള്ക്ക് സൌകര്യ പ്രദമായ സമയമായിരിക്കണം. അതു ദിവസത്തില്‍ ഒരിക്കലോ രണ്ടോ മൂന്നോ തവണയോ ആകാം. പക്ഷെ കൂടുതല്‍ സമയം എടുക്കരുത്. അതു പോലെ തന്നെ ഒരു ദിവസം ഇന്റര്‍നെറ്റ് ഇല്ലാതെ ഇരുന്നാല്‍ അസ്വസ്ഥത ഉണ്ടാകുന്ന രൂപത്തിലേക്ക്‌ കാര്യങ്ങള്‍ പുരോഗമിക്കാന്‍ അനുവദിക്കരുത്. മദ്യപാനത്തിനു അടിമപ്പെട്ടവര്‍ക്ക് അതു ഒരു നേരം കിട്ടിയില്ലെങ്കില്‍ കയ്യോ കാലോ വിറയ്ക്കുന്ന അവസ്ഥ കണ്ടിട്ടില്ലേ അതു പോലെയാകരുത് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍. ഒരു ദിവസമോ രണ്ടു ദിവസമോ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാതിരുന്നാലും നിങ്ങള്‍ക്ക് അതൊരു പ്രശ്നമായി തോന്നാത്ത രൂപത്തിലേക്കുള്ള മാനസികാവസ്ഥ നിങ്ങള്‍ക്കുണ്ടാകണം. അതല്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ എളുപ്പം അടിമപ്പെടുകയായിരിക്കും ഫലം.

വിവാഹിതരെ സംബന്ധിച്ചിടത്തോളം അവര്‍ ഭാര്യയും കുട്ടികളുമായി ഇടപഴകാതെ ഏതു നേരവും ലാപ്‌ടോപ്പില്‍ ചാറ്റിംഗ് നടത്തി സ്വന്തം കുടുംബം താറുമാറാക്കും. മറ്റുള്ളവര്‍  അവരുടെ ഭാര്യയെ സൈബര്‍ വിധവ എന്ന് വിളിക്കും. ഭര്‍ത്താവ് കൂടെയുണ്ടായിട്ടും അയാളില്ലാത്ത അവസ്ഥ. ഇത് തിരിച്ചും ബാധകമാണ്. ഇവിടെ മക്കളുടെ ജീവിതം താളം തെറ്റും. ഇത് പോലെ തന്നെയാണ് ചെറുപ്പക്കാരുടെയും അവസ്ഥ. ഏതു നേരവും ഇതിനടിമപ്പെട്ടു ജീവിതം താളം തെറ്റുന്നവര്‍.  

ഇത്തരക്കാരെ കണ്ടെത്താനും അവരെ തിരുത്താനും കൂടി ഉള്ള ബാധ്യത ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമുക്ക് ഉണ്ട്. നമ്മുടെയിടയില്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയണം. അതും ഒരു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണണം. ജോലി ചെയ്യേണ്ട സമയത്ത്‌ ജോലി ചെയ്യാനും പഠിക്കേണ്ട സമയത്ത് പഠിക്കാനും, കുടുംബത്തോടൊപ്പം ചിലവിടെണ്ട സമയത്ത്‌ അവരോടൊപ്പം ചിലവിടാനും കൂട്ടുകാരോടൊപ്പം ചിരിച്ചു രസിക്കേണ്ട സമയത്ത്‌ അതും ചെയ്യാന്‍ തയ്യാറായില്ലെന്കില്‍  ഇത്തരക്കാര്‍ ഒരു സാമൂഹ്യ ബാധ്യതയായി മാറും. അത്തരം ദുരന്തം സംഭവിക്കുന്നതിനു മുന്നേ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.

നാളെ മുതല്‍ ഞാന്‍ ഒരു നിശ്ചിത സമയം നിശ്ചയിച്ചു ആ സമയത്ത് മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കൂ എന്ന് ആദ്യം മനസ്സില്‍ തീരുമാനമെടുക്കുക. തുടര്‍ന്നു അതു നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക. ആദ്യത്തെ കുറച്ചു ദിവസത്തെ വിഷമം മാറിയാല്‍ നിങ്ങള്‍  അതുമായി പൊരുത്തപ്പെട്ടു തുടങ്ങും. അതിനു ശേഷം ആഴ്ചയില്‍ ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശീലിക്കുക. ഈ രൂപത്തില്‍ ഇതിന്റെ അഡിക്ഷനില്‍ നിന്ന് നമുക്ക്‌ സ്വയം മോചനം കണ്ടെത്താന്‍ കഴിയും. ഒപ്പം ഇത് മൂലമുണ്ടാകുന്ന മറ്റു ആരോഗ്യ കുടുംബ പ്രശ്നങ്ങളില്‍ നിന്നും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ